എനികെന്തു കിട്ടും എന്ന ചിന്ത ഉപേക്ഷിക്കുക
 
 

सद्गुरु

"ഈശാ യോഗാകേന്ദ്രം ഗ്രാമങ്ങളുടെ മുന്നേറ്റത്തിന് ഇത്രയധികം പാടുപെടുന്നല്ലോ. അതില്‍ രാഷ്ട്രീയ ലക്ഷ്യം വല്ലതുമുണ്ടോ?" എന്ന് ഒരു യുവാവ് എന്നോടു ചോദിച്ചു. ആ ചോദ്യം ആദ്യം തമാശപോലെ തോന്നിച്ചുവെങ്കിലും പിന്നീട് എന്നെ ശരിക്കും വേദനിപ്പിക്കുകയാണ് ചെയ്തത്.

വീട്ടില്‍ ചെന്ന് സ്വന്തം അമ്മയോടു ചോദിക്ക്. നിങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തിയതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്ന്. ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ എനിക്കും ഉദ്ദേശമുണ്ട്.
അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്തെങ്കിലും കിട്ടാതെ, സ്വാര്‍ത്ഥലാഭേച്ഛ ഇല്ലാതെ ഒന്നും ചെയ്യാന്‍ തയ്യാറാകാത്തവരെക്കൊണ്ട് ഈ സമുദായം നിറഞ്ഞിരിക്കുന്നു. ഓരോനിമഷവും പൂര്‍ണ്ണമായും അനുഭവിച്ചു ജീവിക്കണമെങ്കില്‍ കുറവുകളില്ലാത്ത സ്നേഹം നല്‍കൂ. അതിനുപകരം ജീവിതം വെറും കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയ ആയാല്‍ നിങ്ങളുടെ സ്വസ്ഥത ഇല്ലാതെയാവും.

എന്തുചെയ്താലും തനിക്ക് എന്ത് ആദായം കിട്ടും എന്ന് അന്വേഷിച്ചു നടന്നാല്‍ മനസ്സില്‍ ചെകുത്താനെ കുടിയിരുത്തിക്കഴിഞ്ഞു എന്നാണ് അര്‍ത്ഥം.
പള്ളിയില്‍ ദിവസേന പ്രാര്‍ത്ഥനാസമയത്ത് സ്നേഹത്തിന്‍റെ മഹത്വത്തെപ്പറ്രി പ്രസംഗിക്കുന്ന ഒരു പുരോഹിതന്‍ വഴിയിലൂടെ നടന്നു പോവുകയായിരുന്നു. വഴിയില്‍ ഒരാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതു കണ്ടു. ഓടിച്ചെന്ന് അയാളെ ഉയര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി. കാരണം അത് ചെകുത്താനായിരുന്നു.
പുരോഹിതന്‍ പെട്ടെന്നു പിന്‍വാങ്ങി.

എന്തെങ്കിലും കിട്ടാതെ, സ്വാര്‍ത്ഥലാഭേച്ഛ ഇല്ലാതെ ഒന്നും ചെയ്യാന്‍ തയ്യാറാകാത്തവരെക്കൊണ്ട് ഈ സമുദായം നിറഞ്ഞിരിക്കുന്നു. ഓരോനിമഷവും പൂര്‍ണ്ണമായും അനുഭവിച്ചു ജീവിക്കണമെങ്കില്‍ കുറവുകളില്ലാത്ത സ്നേഹം നല്‍കൂ.

"എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ" സാത്താന്‍ കെഞ്ചി. 'എന്ത് നിന്നെ രക്ഷിക്കാനോ? നിന്നെ ഇവിടെനിന്നു വിരട്ടിയോടിക്കാനല്ലേ ഞങ്ങളെപ്പോലുള്ള പുരോഹിതന്‍മാര്‍ പോരാടിക്കൊണ്ടിരിക്കുന്നത്"

"ശത്രുവിനേയും സ്നേഹിക്കണം എന്നല്ലേ യേശു പറഞ്ഞിരിക്കുന്നത്. അതുമറന്നോ?" "സാത്താന്‍ വേദമോതട്ടെ. അതു കേട്ട് വിഡ്ഢിയാവാന്‍ ഞാനില്ല." പുരോഹിതന്‍ മുന്നോട്ട് വേഗത്തില്‍ നടന്നു. "എനിക്ക് വേണ്ടിയല്ല നിങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് ഞാനിതു പറയുന്നത്. സാത്താന്‍ എന്ന ഒന്നില്ലെങ്കില്‍ പിന്നെ നിങ്ങളെ തേടി ആരെങ്കിലും വരുമോ?" സാത്താന്‍ പിറകില്‍ നിന്നും ചോദിച്ചു. പുരോഹിതന് മനസ്സു പതറാന്‍ തുടങ്ങി.

"ഒന്ന് ആലോചിക്കണം. പള്ളിയിലേക്ക് ആളുകള്‍ ആരും വന്നില്ല എങ്കില്‍ നിങ്ങള്‍ എങ്ങനെ ജീവിക്കും?" പിന്നെ പുരോഹിതന്‍ ഒട്ടും താമസിച്ചില്ല. സാത്താനെയും കൊണ്ട് ആസ്പത്രിയിലേക്ക് തിരിച്ചു.

ശ്രദ്ധിക്കൂ! പുരോഹിതനെപ്പോലും കൊടുക്കല്‍ വാങ്ങല്‍ തന്ത്രം ഉപയോഗിച്ചു വശത്താക്കാന്‍ സാത്താന് കഴിഞ്ഞു. ഇങ്ങനെ ഒരു കൊടുക്കല്‍ വാങ്ങല്‍ രീതിയിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ സാത്താന്‍റെ സഹവാസത്തിലാണ് അതു പോകുന്നത്, അപ്പോള്‍ എല്ലായിടവും നരകം തന്നെ, എപ്പോഴും പോരാട്ടം തന്നെ.
ശങ്കരന്‍പിള്ളയടെ ധാന്യപ്പുരയില്‍ തീപിടിത്തമുണ്ടായി.മുഴുവന്‍ ധാന്യവും വെന്തുനശിച്ചു.
പിള്ള എല്ലാ ദു:ഖവും മറക്കാന്‍ മദ്യശാലയിലെത്തി.

പിള്ളയുടെ ഭാര്യയോ, ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് പോയി. മാനേജരുടെ മുറിയില്‍ ചെന്ന് "ഞങ്ങളുടെ ധാന്യപ്പുര അഞ്ചുലക്ഷം രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുകയാണ്. ആ പണം ഉടന്‍ മേശപ്പുറത്തു വരണം" എന്ന് ക്ഷോഭിച്ചു പറഞ്ഞു.

"അമ്മാ, നിങ്ങള്‍ എത്ര രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നു എന്നതല്ല കാര്യം. നശിച്ചുപോയതിന് എത്രയാണ് യഥാര്‍ത്ഥമതിപ്പ് എന്നു പരിശോധിച്ചിട്ടേ ഞങ്ങള്‍ പണം തരികയുള്ളൂ എന്നായി മാനേജര്‍.
പിള്ളയുടെ ഭാര്യ അല്പനേരം ചിന്തിച്ചു. "അതാണ് നിയമമെങ്കില്‍ എന്‍റെ ഭര്‍ത്താവിന്‍റെ പേരില്‍ ഞാന്‍ എടുത്തിരിക്കുന്ന പോളിസി റദ്ദു ചെയ്തേക്കണം!"

നിങ്ങളുടെ യഥാര്‍ത്ഥ മൂല്യം വിലയിരുത്തപ്പെടുന്നത് ബാഹ്യമായി വിജയത്തില്‍നിന്നല്ല. മറിച്ച് മാനസികമായ ഔന്നത്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങള്‍ മതിക്കപ്പെടുന്നത്.
തനിക്കു ലാഭമുണ്ട് എന്നു കരുതി മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആ വേലത്തരങ്ങള്‍ കൊണ്ടു നിങ്ങള്‍ സ്വയം എരിഞ്ഞുതീരുകയാണ് ചെയ്യുന്നത്.

നിങ്ങള്‍ ഏതു തൊഴില്‍ ചെയ്താലും അത് മറ്റുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുന്നതാവണം. അന്യനോട് നിങ്ങള്‍ക്കുള്ള താല്പര്യം അതുവഴി പ്രകടമാവണം.
ഉള്ളിലെ സ്നേഹത്തിന്‍റെ വെളിപാടായി അതിന്‍റെ രൂപം മാറ്റണം. അപ്പോള്‍ വിജയത്തോടൊപ്പം സമാധാനവും സന്തോഷവും നിങ്ങളെ തേടിവരും.

 
 
 
 
  0 Comments
 
 
Login / to join the conversation1