എങ്ങിനെ കൂടുതല്‍ ഊര്‍ജസ്വലനാകാന്‍ കഴിയും?
അമ്പേഷി : സദ്‌ഗുരു, എനിക്ക്‌ പലപ്പോഴും വിരസതയും മന്ദതയും അനുഭവപ്പെടുന്നു. എങ്ങിനെ കൂടുതല്‍ ഊര്‍ജസ്വലനാകാന്‍ കഴിയുമെന്നു പറയാമോ?
 
 

सद्गुरु

അമ്പേഷി: സദ്‌ഗുരു, എനിക്ക്‌ പലപ്പോഴും വിരസതയും മന്ദതയും അനുഭവപ്പെടുന്നു. എങ്ങിനെ കൂടുതല്‍ ഊര്‍ജസ്വലനാകാന്‍ കഴിയുമെന്നു പറയാമോ?

സദ്‌ഗുരു: അതിനു വിവിധ കാരണങ്ങളുണ്ട്. ഊര്‍ജത്തിന്‍റെ ഒരു തലം, കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, ലഭിക്കുന്ന സൂര്യപ്രകാശം എന്നിവയാണ്‌. ഇവയെല്ലാം ശരീരത്തില്‍ ഊര്‍ജമായി മാറുന്നു. ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ഈ ഊര്‍ജത്തിന്‍റെ പരിധി പലര്‍ക്കും പലതരത്തിലാവും. മറ്റൊരു തലത്തില്‍ ഇതിനെ വീക്ഷിച്ചാല്‍, ‘ജീവിതം’ എന്നു പറയുന്നതും, ‘ഞാന്‍’ എന്നു പറയുന്നതും ഊര്‍ജം തന്നെയാണ്‌. ഒരാള്‍ എത്രത്തോളം സജീവമായിരിക്കുന്നുവോ, എത്രത്തോളം ഉണര്‍വോടെയിരിക്കുന്നുവോ, അത്രത്തോളം ഊര്‍ജസ്വലനുമായിരിക്കും. കഴിക്കുന്ന ആഹാരത്തേയും, കുടിക്കുന്ന വെള്ളത്തേയും, ശ്വസിക്കുന്ന വായുവിനേയും, സജീവവും ഉത്‌പാദനക്ഷമവുമായ ഊര്‍ജമാക്കി മാറ്റുന്നതിനുള്ള കഴിവ്‌ ഓരോരുത്തര്‍ക്കും വ്യത്യസ്‌തമാണ്‌.

‘ജീവിതം’ എന്നു പറയുന്നതും, ‘ഞാന്‍’ എന്നു പറയുന്നതും ഊര്‍ജം തന്നെയാണ്‌. ഒരാള്‍ എത്രത്തോളം സജീവമായിരിക്കുന്നുവോ, എത്രത്തോളം ഉണര്‍വോടെയിരിക്കുന്നുവോ, അത്രത്തോളം ഊര്‍ജസ്വലനുമായിരിക്കും.

ഇത്‌ ദഹനത്തിന്‍റെയും സ്വാംശീകരണത്തിന്‍റെയും മാത്രം കാര്യമല്ല. ഊര്‍ജത്തിന്‌ മാറ്റം സംഭവിക്കുന്നത്‌ പല അവസ്ഥകളിലാണ്‌. ഒരു വ്യക്തിയുടെ ഊര്‍ജം എത്രത്തോളം സജീവവും ഉണര്‍വോടുകൂടിയതുമാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്‌. ചില ആദ്ധ്യാത്മിക ക്രിയകള്‍ അഭ്യസിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍, അത് ഊര്‍ജത്തിന്‍റെ തോതില്‍ പൂര്‍ണമായും വ്യത്യാസം വരുത്തും. ഉണര്‍വ്വോടെയിരിക്കാനുള്ള ശേഷി, അലസത തോന്നാതിരിക്കാനുള്ള ശേഷി, തുടങ്ങി ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള നിങ്ങളുടെ എല്ലാ കഴിവുകളും മെച്ചപ്പെടും. ദിവസേന ഈ ക്രിയകള്‍ അഭ്യസിക്കുന്ന ഒരാള്‍ക്ക്‌, ഒരു ദിവസം അത്‌ ചെയ്യാതിരുന്നാല്‍, ഉന്മേഷക്കുറവ് പ്രകടമായും അനുഭവിച്ചറിയാന്‍ കഴിയും. ആദ്ധ്യാത്മിക ക്രിയകളും, ധ്യാനവും ഊര്‍ജത്തെ അടിസ്ഥാനപരമായി കൂടുതല്‍ ഉണര്‍വുള്ളതാക്കുന്നു. ആദ്ധ്യാത്മികമെന്ന്‍ പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത്‌ ക്രിയയും (ഹഠയോഗ, പ്രാണായാമം) ധ്യാനവുമാണ്‌.

നമ്മള്‍ സംസാരിക്കുന്നത്‌ കുണ്ഡലിനിയെക്കുറിച്ചായാലും, ഇംഗ്ലീഷ്‌ ഭാഷയിലെ ലളിതവും ലഘുവുമായ energy യെക്കുറിച്ചായാലും അടിസ്ഥാനപരമായി ഊന്നല്‍ കൊടുക്കുന്നത്, ഉന്നതമായ ഊര്‍ജതലത്തിലേക്ക്‌ നമ്മെ ഉയര്‍ത്തുന്നതിനെക്കുറിച്ചാണ്‌. ജീവന്‍ എന്ന്‍ നാം വിവക്ഷിക്കുന്നതുതന്നെ ഊര്‍ജമാണ്‌. ഉന്നതമായ തലങ്ങളില്‍ വിഹരിക്കണമെങ്കില്‍ ഉയര്‍ന്നനിലയിലുള്ള, ഉയര്‍ന്ന ഗുണനിലവാരമുള്ള ഊര്‍ജം അത്യന്താപേക്ഷിതമാണ്‌. അതിനെ സ്വായത്തമാക്കാന്‍ പല വഴികളുമുണ്ട്‌. അവയില്‍ ലഘുവായ ചില മാര്‍ഗങ്ങള്‍ നിങ്ങളില്‍ മിക്കവരും ഹഠയോഗയിലൂടെയും, പ്രാണായാമത്തിലൂടെയും അഭ്യസിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

ഒരു വ്യക്തിയെ ഊര്‍ജസ്വലനാക്കാന്‍ മറ്റു വഴികളുമുണ്ട്‌, അതില്‍ ചിലത് കുറച്ചു നാടകീയവുമാണ്‌. നാടകീയമായ രീതിയില്‍ ഊര്‍ജസ്വലനാകാന്‍, ശരിയായ തയ്യാറെടുപ്പും ജീവിതത്തിന്‍മേല്‍ സമതുലനവും നിയന്ത്രണവും ആവശ്യമാണ്‌. അതിന്‌ ഒരു വ്യക്തിക്ക്‌ അയാള്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചും, എന്തു ചെയ്യുന്നില്ല എന്നതിനെക്കുറിച്ചും കൂടുതല്‍ അവബോധം ആവശ്യമാണ്‌. മിക്കവര്‍ക്കും, ആദ്ധ്യാത്മികപാതയിലാണെന്ന്‍ പറയുന്നവര്‍ക്കുപോലും, തൊണ്ണൂറ്റിയെട്ട് ശതമാനം സമയവും, തങ്ങളുടെ ഉള്ളില്‍ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു അടിസ്ഥാനജ്ഞാനവും ഇല്ല. സ്വന്തം ശരീരത്തേയും ഊര്‍ജത്തേയും കുറിച്ചാണെങ്കില്‍, ഒന്നുംതന്നെ അറിയില്ല, അവരുടെ മനസ്സിനെയും വികാരത്തെയും കുറിച്ചുപോലും അവര്‍ അജ്ഞരാണ്‌.

മിക്കവര്‍ക്കും, ആദ്ധ്യാത്മികപാതയിലാണെന്ന്‍ പറയുന്നവര്‍ക്കുപോലും, തൊണ്ണൂറ്റിയെട്ട് ശതമാനം സമയവും, തങ്ങളുടെ ഉള്ളില്‍ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു അടിസ്ഥാനജ്ഞാനവും ഇല്ല.

ഇപ്പോള്‍ ഇവിടെ ഇരിക്കുമ്പോള്‍ ഒരു പ്രത്യേക വികാരം ചെറിയ രീതിയിലെങ്കിലും നിങ്ങളില്‍ വികസിച്ചു വരുന്നുണ്ടാവാം. പക്ഷെ, നിങ്ങള്‍ അതിനെക്കുറിച്ച്‌ എടുത്തുപറയത്തക്ക വിധത്തില്‍ ബോധവാനല്ല. അതേ സമയം, ആരെങ്കിലും വന്ന്‍ ‘വിഡ്‌ഢി’ എന്നു മുഖത്തുനോക്കി വിളിച്ചാല്‍, നിങ്ങള്‍ പൊട്ടിത്തെറിക്കും. കോപം, ആ വികാരം, കോപിഷ്‌ഠനായി എന്ന വസ്തുത നിങ്ങള്ക്ക് വ്യക്തമായി തിരിച്ചറിയാം. ദിവസങ്ങളോളം, ആഴ്‌ചകളോളം, മാസങ്ങളോളം, ഈ വികാരം മനസ്സില്‍ കിടന്നു പുറ്റുപിടിക്കുകയാണ്. പക്ഷെ നിങ്ങളുടെ താഴ്ന്ന ഊര്‍ജസ്ഥിതി കാരണം നിങ്ങളുടെ ബോധമണ്ഡലത്തില്‍ ഇത് തെളിയുന്നില്ല. പകരം ഇതിന്റെ വിപരീതപ്രഭാവം നിങ്ങളുടെ പെരുമാറ്റത്തിലും, മാനസികാരോഗ്യവ്യവസ്ഥയിലും, ശാരീരികാരോഗ്യ വ്യവസ്ഥയില്‍ പോലും തെളിഞ്ഞു കാണാന്‍ കഴിഞ്ഞേക്കും.

എന്തു സംഭവിക്കുന്നു എന്നത്‌ നിങ്ങളുടെ ബോധമണ്ഡലത്തിലില്ലാത്തതിനു പല ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. അങ്ങിനെ സചേതനമല്ലാത്ത ഒരു നിത്യജീവിതം നയിക്കുമ്പോള്‍, എല്ലാ പ്രക്രിയകളും യാദൃശ്ചികമായിത്തീരുന്നു. നിങ്ങളുടെ ഉള്ളില്‍ നിലവിലുള്ള ഊര്‍ജവും യാദൃശ്ചികമാണ്‌! ഇങ്ങനെ അവബോധമില്ലാതെ ജീവിതം നയിക്കുമ്പോള്‍, ഒരുദിവസം നിങ്ങള്‍ ഊര്‍ജസ്വലനായിരിക്കും, പിറ്റേദിവസം മന്ദഗതിയിലാകും - ഇതാണ് സംഭവിക്കുന്നത്‌.

മാനസികമായി സന്തുഷ്‌ടനായിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലനായിരിക്കുന്നതായി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, സന്തുഷ്‌ടനല്ലാത്ത ദിവസം ഊര്‍ജസ്വലനല്ലതാനും. ഇതാണ്, എല്ലായ്പോഴും ശാന്തനും സന്തോഷവാനും ആയിരിക്കണമെന്ന്‍ നിരന്തരം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനു പിന്നിലെ കാരണം. ഒരു മനുഷ്യന്‍ ശാന്തനും സന്തോഷവാനുമായിരുന്നാല്‍ മാത്രമേ, അയാളുടെ ഊര്‍ജം ഒരു പ്രത്യേക രീതിയില്‍ സജീവമാകുകയുള്ളു, അല്ലെങ്കില്‍ ശാരീരികവ്യവസ്ഥകള്‍ തടസ്സപ്പെട്ടുപോവും. ഊര്‍ജം സജീവമായാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ അതിനെ ഉയര്‍ന്ന സാധ്യതകളിലേക്ക്‌ ചലിപ്പിക്കാനാവുകായുള്ളു.

ഊര്‍ജസ്വലനായിരിക്കുന്നതിനെക്കുറിച്ച്‌ നിങ്ങള്‍ പറയുമ്പോള്‍ അത്‌ വ്യക്തിഗതമാണ്‌ എന്നോര്‍ക്കണം. ഓരോരുത്തരും ഓരോ തരത്തിലാവും അതിനെ കാണുന്നത്‌. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഊര്‍ജസ്വലനായിരിക്കുക എന്നു പറഞ്ഞാല്‍ സ്‌കൂളില്‍ പോവുക, പഠിക്കുക, കളിക്കുക, വീട്ടില്‍ മടങ്ങിയെത്തുക, ഉറങ്ങുക എന്നെല്ലാം ആണ്‌. തെരുവിലെ ഒരു തൊഴിലാളിയ്ക്കാണെങ്കില്‍, അയാളുടെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിയുക എന്നതാണ്‌, ഒരു എക്‌സിക്യൂട്ടീവിനെ സംബന്ധിച്ചിടത്തോളം അല്‍പം ഉറങ്ങുക, കൂടുതല്‍ യാത്ര ചെയ്യുക, ബിസിനസ്സിലെ ഉത്‌പാദന ക്ഷമത വര്‍ധിപ്പിക്കുക ഇതെല്ലാമാണ്‌. ഒരു യോഗിയെ സംബന്ധിച്ചടത്തോളം, അദ്ദേഹം ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ പോലും ആഗ്രഹിക്കുന്നില്ല. പ്രപഞ്ചശക്തിയുമായിട്ടുള്ള തന്‍റെ സമ്പര്‍ക്കത്തില്‍ മതിമറന്ന്, ഒന്നിലും ശ്രദ്ധ ചെലുത്താതെ, ഊണും ഉറക്കവും ഇല്ലാതെ - ആ നിലയില്‍ എത്ര ദിവസം വേണമെങ്കിലും കഴിയാന്‍ അദ്ദേഹം തയ്യാറാണ്‌.

ഊര്‍ജസ്വലനായിരിക്കുക, വിവിധ മേഖലകളില്‍ വ്യത്യസ്‌ത ജീവിതവീക്ഷണമുള്ള ആളുകള്‍ക്ക് വ്യത്യസ്‌ത രീതിയിലായിരിക്കും അത് പ്രതിനിധാനം ചെയ്യുന്നത്. നിങ്ങളുടെ ദൈനംദിന വൃത്തികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യുക എന്നാണ്‌ `ഊര്‍ജസ്വലന്‍’ എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കില്‍, അതിന്‌ ഇപ്പോള്‍ നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ക്രിയകള്‍ ധാരാളം മതി. അതുപോരെങ്കില്‍ കുറെക്കൂടി മെച്ചപ്പെടുത്താനും വഴിയുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം ഊര്‍ജസ്വലനായിരിക്കുക എന്നുവച്ചാല്‍, ഒരാള്‍ ഇവിടെ ഇരിക്കുമ്പോള്‍ അയാളുടെ ഭൌതികശരീരം ഒരു പരിമിതിയേ ആകരുത്. ഊര്‍ജം യഥാര്‍ത്ഥത്തില്‍ സജീവമാണെങ്കില്‍, ഭൌതികശരീരം ഒരിക്കലും ഒരു പരിമിതിയാകുകയില്ല. ഇപ്പോള്‍ ബാഹ്യലോകവുമായിട്ടുള്ള നിങ്ങളുടെ സംസര്‍ഗം, പ്രധാനമായും ശരീരം, മനസ്സ്‌, വികാരം എന്നിവയില്‍ കൂടിയാണ്. അങ്ങിനെയാണ്‌ നിങ്ങള്‍ ആശയവിനിമയം നടത്തുന്നതും പുറംലോകവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും. ശരീരം കൊണ്ടും മനസ്സുകൊണ്ടും നിങ്ങള്‍ക്കൊരാളെ സ്‌പര്‍ശിക്കാനാവും, മാനസികമായും, വൈകാരികമായും നിങ്ങള്‍ക്ക്‌ ആശയവിനിമയം നടത്താനുമാകും.

ഊര്‍ജം യഥാര്‍ത്ഥത്തില്‍ സജീവമാണെങ്കില്‍, ഭൌതികശരീരം ഒരിക്കലും ഒരു പരിമിതിയാകുകയില്ല

ഇതിനെല്ലാം അപ്പുറത്തുള്ള ഒരു ആശയവിനിമയമുണ്ട്. ഊര്‍ജത്തില്‍കൂടിയുള്ള സംസര്‍ഗം, അതാണ് ശ്രേഷ്ടമായത്. ഉത്തുംഗമായ രീതിയില്‍ ഊര്‍ജസ്വലനായിക്കഴിഞ്ഞാല്‍, അതായത് പ്രപഞ്ചത്തിലെ സര്‍വസ്വവുമായും ഊര്‍ജാടിസ്ഥാനത്തില്‍ ആശയവിനിമയം ആരംഭിക്കുമ്പോള്‍, `അത്‌’ `ഇത്‌’ എന്ന വ്യത്യാസം ഉണ്ടാവില്ല. ഒരിക്കല്‍ അതിര്‍വരമ്പുകള്‍ ഭേദിച്ചുകഴിഞ്ഞാല്‍, പിന്നെയുള്ളത്‌ ആത്യന്തികമായ പ്രകൃതി മാത്രം. ഒരു ആദ്ധ്യാത്മിക പ്രക്രിയ ആരംഭിക്കുമ്പോള്‍, ഊര്‍ജസ്വലനായി ഇരിക്കുക എന്നതിനര്‍ത്ഥം എല്ലാ പരിമിതികള്‍ക്കും അതീതമായിരിക്കുക എന്നതാണ്‌, എന്തെന്നാല്‍ ഊര്‍ജത്തില്‍ ഏകത്വമുണ്ട്‌. ഭൌതികശരീരത്തില്‍ ഒരിക്കലും ഏകത്വം ഉണ്ടാവില്ല.

ഏകത്വത്തെക്കുറിച്ച്‌ നാം സംസാരിക്കും, വൈകാരികമായി നാം ഒന്നാണ്‌ എന്നൊക്കെ മനസ്സില്‍ സ്ഥിതീകരിക്കും, പക്ഷെ സാധാരണ ഗതിയില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക്‌, നാം ഒന്നല്ല, നാമെപ്പോഴും രണ്ടാണ്. രണ്ടുപേര്‍ക്ക്‌ ഒരിക്കലും ഒരേപോലെ ചിന്തിക്കാനോ അനുഭവിക്കാനോ കഴിയുന്നില്ല. അത്യാവശ്യം ഗ്രഹണശേഷി ഉള്ളവര്‍ക്ക്, ചുരുങ്ങിയ കാലയളവില്‍തന്നെ അത്‌ അങ്ങിനെയല്ല എന്ന്‍ ബോധ്യപ്പെടും. ചിലര്‍ക്കിത്‌ മനസ്സിലാകാന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും. രണ്ടുപേര്‍ ഒരിക്കലും ശാരീരികമായും മാനസികമായും വൈകാരികമായും ഒരു പോലെയാവില്ല എന്ന പരമാര്‍ത്ഥം, എന്നെങ്കിലും ഒരിക്കല്‍ ഓരോരുത്തര്‍ക്കും ബോധ്യമാവും എന്നതാണ്‌ സത്യം.

ഈ പറഞ്ഞതിനെല്ലാം വിഭിന്നമായി - ഒരിക്കല്‍ നിങ്ങള്‍ ശരിക്കും ഊര്‍ജസ്വലനായി കഴിയുമ്പോള്‍, ഏകത്വം എന്നത്‌ തികച്ചും സ്വഭാവികം മാത്രമാകും. അതാണതിന്റെ രീതി!

Photo credit to : https://pixabay.com/en/girl-leaping-rock-924903/

 
 
  0 Comments
 
 
Login / to join the conversation1