എല്ലാ അനുഭവങ്ങളുടെയും ഉറവിടം ഉള്ളില്‍ തന്നെയാണ്
മനുഷ്യശരീരത്തിന് ഈ ലോകത്തെ എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കുന്നു? എന്താണ് ആ അറിവിന്‍റെ ഉറവ?
 
 

ഉത്തരം സുവ്യക്തമാണ്. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണു ശരീരം ലോകവുമായി ബന്ധം സ്ഥാപിക്കുന്നതും ലോകത്തെ അറിയുന്നതും.

ഈ ലോകത്തെക്കുറിച്ചും നിങ്ങളെക്കുറിച്ചും നിങ്ങള്‍ക്കറിവുള്ളതൊക്കെയും ഈ അഞ്ച് ഇന്ദ്രിയങ്ങളിലൂടെ സംഭരിച്ച വസ്തുതകള്‍ മാത്രം. കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും അറിഞ്ഞവ. ഈ ഇന്ദ്രിയങ്ങള്‍ നിഷ്‌ക്രിയമാവുകയാണെങ്കില്‍ നിങ്ങള്‍ ലോകത്തെക്കുറിച്ചോ നിങ്ങളെക്കുറിച്ചോ പിന്നെ ഒന്നും അറിയുകയില്ല. എല്ലാ ദിവസവും രാത്രി നിങ്ങള്‍ ഉറങ്ങുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ അപ്രത്യക്ഷരാകുന്നു. ലോകം അപ്രത്യക്ഷമാകുന്നു; എന്തിന്, നിങ്ങള്‍തന്നെ അപ്രത്യക്ഷമാകുന്നു. പക്ഷേ, നിങ്ങള്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചുറ്റുമുള്ളവര്‍ ജീവിച്ചിരിപ്പുണ്ട്. പക്ഷേ, നിങ്ങളുടെ അനുഭവമണ്ഡലത്തില്‍ എല്ലാം മാഞ്ഞുപോകുന്നു. കാരണം പഞ്ചേന്ദ്രിയങ്ങള്‍ ജോലി നിര്‍ത്തിവെച്ചിരിക്കുകയാണപ്പോള്‍.

എല്ലാ ദിവസവും രാത്രി നിങ്ങള്‍ ഉറങ്ങുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ അപ്രത്യക്ഷരാകുന്നു. ലോകം അപ്രത്യക്ഷമാകുന്നു; എന്തിന്, നിങ്ങള്‍തന്നെ അപ്രത്യക്ഷമാകുന്നു. പക്ഷേ, നിങ്ങള്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചുറ്റുമുള്ളവര്‍ ജീവിച്ചിരിപ്പുണ്ട്. പക്ഷേ, നിങ്ങളുടെ അനുഭവമണ്ഡലത്തില്‍ എല്ലാം മാഞ്ഞുപോകുന്നു. കാരണം പഞ്ചേന്ദ്രിയങ്ങള്‍ ജോലി നിര്‍ത്തിവെച്ചിരിക്കുകയാണപ്പോള്‍.

ഈ ഇന്ദ്രിയങ്ങള്‍ പരിമിതങ്ങളാണ്. ഭൗതികമായവ മാത്രമേ അവയ്ക്ക് അറിയാന്‍ സാധിക്കൂ. ഈ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയുള്ള അറിവില്‍ സ്വയം പരിമിതപ്പെടുന്നുവെങ്കില്‍, സ്വാഭാവികമായും നിങ്ങളുടെ ജീവിതത്തിന്‍റെ വ്യാപ്തിയും ഭൗതികതയില്‍ പരിമിതപ്പെട്ടിരിക്കും. മാത്രവുമല്ല, ഈ ഇന്ദ്രിയങ്ങള്‍ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്തി മാത്രമേ എന്തും അറിയുകയുള്ളൂ. ഒരു ലോഹക്കഷണം സ്പര്‍ശിക്കുകയാണെങ്കില്‍ എന്‍റെ വിരലുകള്‍ക്കു തണുപ്പ് അനുഭവപ്പെടുന്നു. കാരണം എന്‍റെ ശരീരതാപം അതിനെക്കാള്‍ മേലെയാണ് എന്നതു മാത്രം. എന്‍റെ താപനില താഴ്ത്തിയശേഷം അതേ വസ്തുവിനെ സ്പര്‍ശിക്കുന്നുവെന്നിരിക്കട്ടെ. അതു ചൂടുള്ളതായി എനിക്കനുഭവപ്പെടും.

ഇന്ദ്രിയങ്ങളിലൂടെയുള്ള ഈ അറിവു തീര്‍ച്ചയായും മനുഷ്യന്‍റെ നിലനില്‍പിന് അവശ്യം വേണ്ട അദ്ഭുതകരമായ ഉപകരണങ്ങള്‍ തന്നെ. പിറക്കുന്ന സമയത്തുതന്നെ അവ പ്രവര്‍ത്തനക്ഷമമാകുന്നു. കാരണം, ഈ ലോകത്തു ജീവിക്കാന്‍ അവ കൂടിയേ കഴിയൂ. എന്നാല്‍ ജീവിക്കുക എന്ന ഭൗതികാസ്തിത്വത്തിനപ്പുറമായി എന്തെങ്കിലും നിങ്ങള്‍ അന്വേഷിക്കുന്നുവെങ്കില്‍, അവ മാത്രം പോര. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തികച്ചും വക്രീകരിക്കപ്പെട്ട ധാരണയാണ് അവ നിങ്ങള്‍ക്കു പകരുന്നത്. കാരണം മറ്റെന്തിനോടെങ്കിലും ആപേക്ഷികമായി മാത്രമേ അവയ്ക്ക് എന്തും അറിയാന്‍ കഴിവുള്ളൂ.

ജീവിതത്തെ അതിന്‍റെ ആഴത്തിലും വൈപുല്യത്തിലും അറിയാന്‍ നിങ്ങള്‍ക്കു ശരിക്കും താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഉള്ളിലേക്കു തന്നെ നോക്കണം, പുറത്തേക്കല്ല. അതെന്തു കൊണ്ടെന്നാല്‍ ജീവിതത്തിന്‍റെ മൗലികപ്രകൃതം, ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഭൗതികമോ മനശ്ശാസ്ത്രപരമോ ആയ ആവിഷ്‌കാരത്തിലല്ല കുടികൊള്ളുന്നത്. അത് അവയുടെ പ്രഭവകേന്ദ്രത്തിലാണ്. എന്നാല്‍ ഉള്ളിലേക്കു നോക്കുക എന്നത് എളുപ്പത്തില്‍ സംഭവിക്കുന്നില്ല. അതിനു സാധന വേണം. ഉള്ളിലേക്കു നോക്കാനുള്ള സംവിധാനം വികസിക്കണം. മനുഷ്യാവസ്ഥയുടെ വൈരുദ്ധ്യം ഇതാണ്. അനുഭവങ്ങളുടെ ഉറവിടം ഉള്ളില്‍ത്തന്നെയുണ്ട്. എന്നാല്‍ അറിയാനുള്ള ഉപകരണങ്ങളെല്ലാം പുറത്തേക്കുള്ളവയും.

അതുകൊണ്ടാണ് അകവും പുറവും തമ്മിലുള്ള വലിയ വിച്ഛേദം ഉണ്ടായിരിക്കുന്നത്. പുറത്തുള്ളത് എന്തൊക്കെയെന്ന് കാണാന്‍ സാധിക്കും. അകത്തുള്ളത് എന്താണെന്നു കാണാന്‍ കഴിയുന്നില്ല. ഒരാള്‍ പതുക്കെ സംസാരിച്ചാലും നിങ്ങള്‍ക്കതു കേള്‍ക്കാം. പക്ഷേ, കേള്‍ക്കാനുള്ള ഈ കഴിവിനപ്പുറത്തൊരു ശേഷി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരുറുമ്പ്, തൊലിപ്പുറത്തു കൂടെ അരിച്ചു നടന്നാല്‍ നിങ്ങള്‍ക്ക് ഉടനെ അറിയാം. പക്ഷേ ഉള്ളിലെ ധമനികളിലൂടെ സദാ ഒഴുകുന്ന രക്തത്തെക്കുറിച്ചു നിങ്ങള്‍ അറിയുന്നില്ല. ബാഹ്യ അനുഭവങ്ങളായ കാഴ്ചയും ശബ്ദവും ഗന്ധവും രുചിയും സ്പര്‍ശവും ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാനാവും. എന്നാല്‍ സമസ്ത അനുഭവങ്ങളുടെയും ഉറവിടം ഉള്ളിലാകുന്നു. ഒരു ബാഹ്യപ്രേരണകൊണ്ട് ഒരനുഭവം ഉളവാകാം. എന്നാല്‍ അതിന്‍റെ ഉറവിടം എപ്പോഴും ഉള്ളില്‍ത്തന്നെ. പലപ്പോഴും ബാഹ്യപ്രേരണ കൂടാതെയും അതേ അനുഭവം ജനിപ്പിക്കാന്‍ സാധിക്കും.

പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്ത് അനുഭവങ്ങളുടെ തീവ്രത വളര്‍ത്തുക എന്നതാണ് യോഗയുടെ അടിസ്ഥാന ലക്ഷ്യം. പഞ്ചേന്ദ്രിയങ്ങളിലൂടെ ആര്‍ജിക്കുന്ന അറിവുകള്‍ക്കപ്പുറത്തൊരു തലമുണ്ട്. വ്യത്യസ്തമായൊരു മാനമുണ്ട്. അതിനെ നിങ്ങള്‍ക്ക് എന്തു പേരിട്ടും വിളിക്കാം. ആത്മാവെന്നോ ദിവ്യത്വമെന്നോ ദൈവമെന്നോ, എന്തും വിളിക്കാം. അതു നിങ്ങള്‍ക്ക് ഇഷ്ടാനുസരണം തീരുമാനിക്കാം.

പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്ത് അനുഭവങ്ങളുടെ തീവ്രത വളര്‍ത്തുക എന്നതാണ് യോഗയുടെ അടിസ്ഥാന ലക്ഷ്യം. പഞ്ചേന്ദ്രിയങ്ങളിലൂടെ ആര്‍ജിക്കുന്ന അറിവുകള്‍ക്കപ്പുറത്തൊരു തലമുണ്ട്. വ്യത്യസ്തമായൊരു മാനമുണ്ട്. അതിനെ നിങ്ങള്‍ക്ക് എന്തു പേരിട്ടും വിളിക്കാം. ആത്മാവെന്നോ ദിവ്യത്വമെന്നോ ദൈവമെന്നോ, എന്തും വിളിക്കാം.

ദിവ്യത്വമോ, ആത്മാവോ ഒന്നും നിങ്ങള്‍ അന്വേഷിക്കുന്നില്ലെങ്കിലും, അറിവിന്‍റെ ഈ ഉദാത്തവത്കരണം ജീവിതത്തില്‍ സന്തുഷ്ടാവസ്ഥ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.

നിങ്ങള്‍ ഡോക്ടറോ പോലീസുകാരനോ എന്‍ജിനീയറോ കലാകാരനോ വീട്ടുകാരിയോ വിദ്യാര്‍ഥിയോ, ആരുമായിക്കൊള്ളട്ടെ - ഈ ജീവിതാനുഭവത്തിന്‍റെ നിലവാരമാണ് നിങ്ങള്‍ എത്രമാത്രം വിജയിക്കുന്നു, ഫലപ്രദമാവുന്നു, ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുന്നു എന്നൊക്കെ നിര്‍ണയിക്കുന്നത്. നിലവിലുള്ള അതിര്‍ത്തികള്‍ക്കപ്പുറത്തേക്കുള്ള അനുഭവത്തിന്‍റെ വികാസം വഴി അദ്ഭുതകരമായ ഫലങ്ങള്‍ ഉണ്ടാകും. അത്യന്തം നവീനവും ഇന്ദ്രജാല സമാനമായ മാനങ്ങള്‍ നിങ്ങളുടെ ജീവിതത്തിനു കൈവരും.

സാധാരണ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്. 'എന്‍റെ അനുഭവസീമ വികസിപ്പിക്കാന്‍ അത്രയേറെ പ്രയാസമാണോ?' ഉള്ളിലേക്കു തിരിയണമെങ്കില്‍ ഞാന്‍ ഏതെങ്കിലും ഹിമാലയന്‍ ഗുഹയിലേക്ക് പോകണമോ?'

തീര്‍ച്ചയായും ആവശ്യമില്ല. ഏതെങ്കിലും പര്‍വതമുകളിലേറി ഇരുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല ഈ സാധ്യത. അത് ഉള്ളില്‍തന്നെയാണല്ലോ. നിങ്ങള്‍ക്ക് അതു വഴങ്ങാതിരിക്കുന്നതിന് ഒരു കാരണമേയുള്ളൂ. നിങ്ങള്‍ക്കു തിരക്കാണ്. മറ്റു പലതും ചെയ്യാനുണ്ട്. പുറമേ നടക്കുന്ന കാര്യങ്ങളില്‍ വ്യാപൃതരാണ്. മനസ്സില്‍ നടക്കുന്ന നാടകങ്ങളില്‍ മുഴുകിയിരിപ്പാണ്. ഉള്ളില്‍ എന്തുണ്ടെന്നു കണ്ടെത്താന്‍ കഴിയാത്തതിനുള്ള കാരണം ആളുകള്‍ക്കു ശ്രദ്ധചെലുത്താന്‍ സാധിക്കുന്നില്ല എന്നതു മാത്രമാകുന്നു.

അകത്തേക്കു തിരിയുക എന്നാല്‍ ചിന്തകളെ നിയന്ത്രിക്കുകയെന്നല്ല അര്‍ഥം. ആശയങ്ങളോടും അഭിപ്രായങ്ങളോടും തത്ത്വചിന്തകളോടും ഇതിനു ബന്ധമൊന്നുമില്ല. മനോവ്യാപാരങ്ങളുമായും ഒരു ബന്ധവുമില്ല. നിങ്ങളുടെ അനുഭവം - അറിയല്‍ - ഉദാരവത്കരിക്കുക എന്നതിനര്‍ത്ഥം, ജീവിതത്തെ അങ്ങനെതന്നെ സ്വീകരിക്കാനുള്ള കഴിവു വളര്‍ത്തുകയെന്നാണ്. ഓരോ ദിവസവും ഏതാനും നിമിഷങ്ങള്‍ ഇതിനായി നീക്കിവെക്കുമെങ്കില്‍ ഈ മാറ്റം നിങ്ങള്‍ക്കു മനസ്സിലാക്കാനാവും. ആന്തരികപ്രകൃതിക്ക് അല്‍പം കൂടി ജാഗ്രതാപൂര്‍വമുള്ള ശ്രദ്ധ കൊടുക്കുന്ന പ്രക്രിയ, നിങ്ങളുടെ ജീവിതത്തിന്‍റെ സ്വഭാവത്തെത്തന്നെ പരിവര്‍ത്തനപ്പെടുത്തിക്കളയും.

 
 
 
 
  0 Comments
 
 
Login / to join the conversation1