സദ്ഗുരു: ഞാന്‍ എപ്പോഴും ആദിയോഗി ശിവനെക്കുറിച്ച് എന്തിനാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്? ആളുകള്‍ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. ദൈവീകമായതിന് മാനവരൂപം കൊടുക്കാനല്ല ഞാനിതു ചെയ്യുന്നത്. ഏതെങ്കിലും കുടിലമായ പേഗന്‍ ആരാധനാരീതി തിരിച്ചു കൊണ്ടു വരാനല്ല. പൌരസ്ത്യമായ മതവിശ്വാസത്തെ പിന്തുടരാനുമല്ല.

ഞാന്‍ അദ്ദേഹത്തെ പറ്റി പറയുന്നത് അദ്ദേഹത്തിന് ഈ കാലഘട്ടത്തില്‍ പ്രാധാന്യമുള്ളതു കൊണ്ടാണ്. ഈ കാലത്തില്‍ മാനവ അവബോധം ഉണര്‍ത്തുകയെന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല. അതു കൊണ്ടാണ് അദ്ദേഹം പ്രാധാന്യമര്‍ഹിക്കുന്നത്. നമുക്ക് ഈ ലോകം ഒരു സ്വര്‍ഗമാക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യകളുമുണ്ട്. ഇതൊരു നരകമാക്കാനും ഈ ലോകം തന്നെ നശിപ്പിക്കാനും ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കഴിയും. മാനവ അവബോധം ഉണര്‍ത്തിയില്ലെങ്കില്‍ നമ്മുടെ തന്നെ ബുദ്ധിയും കഴിവുകളും നമുക്കെതിരെ തിരിയുന്ന കാലം എത്തിച്ചേര്‍ന്നിരിക്കുകയാണ്. സ്വയം നശീകരണത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഈയൊരവസ്ഥയില്‍ നാമെങ്ങനെ അകപ്പെട്ടു? ഈയൊരവസ്ഥക്ക് കാരണം നമ്മുടെ ആന്തരികതയെ ശ്രദ്ധിക്കാതെ നാം നമ്മുടെ ബുദ്ധിയെ മാത്രം വികസിപ്പിച്ചതാണ്.

കത്തി കൊണ്ടുള്ള തുന്നല്‍

മനസ്സിന്‍റെ ഭാഗങ്ങളിലൊന്നു മാത്രമാണ് ബുദ്ധി. അതു മാത്രമാണ് എല്ലാമെല്ലാം എന്നാണ് നാം കരുതുന്നത്. ബുദ്ധി ബൃഹത്തായ ഒരുപകരണമാണ്‌. ബുദ്ധി, ഒറ്റയ്ക്ക് ഒരു വലിയ പരാജയമാണ്. മനസ്സിന്‍റെ മറ്റു തലങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ ബുദ്ധിക്ക് വിഭജിക്കാന്‍ മാത്രമേ സാധിക്കൂ. ഏതെങ്കിലും ഒന്നുമായി ഒന്നിച്ചു ചേരാന്‍ ബുദ്ധി അനുവദിക്കില്ല.

അവബോധത്തിന്‍റെ പ്രകൃതം തന്നെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളലാണ്. അവബോധമെന്നാല്‍ പ്രപഞ്ചത്തെ മുഴുവനായും ആശ്ലേഷിക്കലാണ്.

അവബോധത്തിന്‍റെ പ്രകൃതം തന്നെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളലാണ്. അവബോധമെന്നാല്‍ പ്രപഞ്ചത്തെ മുഴുവനായും ആശ്ലേഷിക്കലാണ്. അധികാരത്തിലിരിക്കുന്ന ഒരാള്‍ക്ക് ഈയൊരനുഭവം ഇല്ലെങ്കില്‍ അയാള്‍ ലോകത്തെ മുഴുവനും നശിപ്പിക്കും. പൗരസ്ത്യ ലോകത്തില്‍ ഒരു ചൊല്ലുണ്ട്. ആളുകള്‍ പ്രസരിപ്പ് അധികമായ ഒരു ബുദ്ധിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയാണെങ്കില്‍ അവര്‍ സര്‍വ്വനാശത്തിലേക്കാണ് നീങ്ങുന്നത്‌.

ബുദ്ധി എപ്പോഴും വിഭജിച്ചു കൊണ്ടിരിക്കുന്നു. ബുദ്ധിക്ക് അതിനെ തന്നെ വിവിധ കഷ്ണങ്ങളായി മുറിക്കാന്‍ സാധിക്കും. ഇന്നത്തെ ലോകത്ത് ഐക്യത്തിന് വേണ്ടി വലിയ പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ബുദ്ധി കൊണ്ട് എല്ലാം ഒരുമിച്ചു ചേര്‍ക്കാനാണ് നാം ശ്രമിക്കുന്നത്. ഒരു കത്തി കൊണ്ട് ലോകം മുഴുവന്‍ തുന്നി ചേര്‍ക്കാന്‍ ശ്രമിക്കുന്നതു പോലെയാണത് – കീറിപ്പറിഞ്ഞ സാധനങ്ങളേ ബാക്കിയുണ്ടാകൂ.

നഷ്ടപ്പെട്ടു പോയ ഘടകം

സുപ്രധാനമായ ഘടകമായ, യോഗയില്‍ ചിത്തം എന്നു വിളിക്കുന്ന മനസ്സിന്‍റെ ആഴമേറിയ തലത്തിന്‍റെ അഭാവം ലോകം ഇന്നു നേരിടുകയാണ്. ഓര്‍മ്മയാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ഈ വിവേകം നിങ്ങളെ സൃഷ്ടിയുടെ ഉറവിടത്തെ സ്പര്‍ശിക്കാന്‍ സഹായിക്കുന്നു. ചിത്തം എന്നാല്‍ അവബോധമാണ്, ഈ അസ്തിത്വത്തിന്‍റെ തന്നെ വിവേകമാണ്, ഈ പ്രപഞ്ചം തന്നെ അടങ്ങിയിരിക്കുന്ന ജീവനുള്ള മനസ്സാണ്. യോഗപാരമ്പര്യ പ്രകാരം, നിങ്ങള്‍ നിങ്ങളുടെ നിര്‍ബന്ധപ്രേരണകളില്‍ നിന്നും, പാരമ്പര്യവും കര്‍മ്മത്തിലും അധിഷ്ടിതമായ ഓര്‍മ്മകളില്‍ നിന്നും, സ്വാര്‍ത്ഥതയില്‍ നിന്നും, ബുദ്ധിയുമായി താദാത്മ്യം പ്രാപിക്കുന്നതില്‍ നിന്നും അകലുകയാണെങ്കില്‍ നിങ്ങള്‍ ചിത്തം എന്ന തെളിഞ്ഞ അവബോധത്തെ സ്പര്‍ശിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ നിങ്ങളുടെ ജീവിതം നിര്‍മ്മലവും, സചേതനവും, പുതുമയുള്ളതുമായി തീരും. അപ്പോള്‍ പരമമായതിനു കൂടി നിങ്ങളെ സേവിക്കാനേ കഴിയുകയുള്ളൂ.

സുപ്രധാനമായ ഘടകമായ, യോഗയില്‍ ചിത്തം എന്നു വിളിക്കുന്ന മനസ്സിന്‍റെ ആഴമേറിയ തലത്തിന്‍റെ അഭാവം ലോകം ഇന്നു നേരിടുകയാണ്. ഓര്‍മ്മയാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ഈ വിവേകം നിങ്ങളെ സൃഷ്ടിയുടെ ഉറവിടത്തെ സ്പര്‍ശിക്കാന്‍ സഹായിക്കുന്നു.

ആദിയോഗിയെ പോലെ ലോകത്തിന് അറിവു നല്‍കിയ മറ്റൊരാളും ഈ ഭൂമിയിലുണ്ടായിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ആദിയോഗി വളരെയധികം പ്രസക്തനാകുന്നത്. മനുഷ്യന്‍റെ ആത്മാന്വേഷണത്തിനു വേണ്ടി, അവന്‍റെ പൂര്‍ണമായ സാധ്യതകളെ പ്രാപിക്കുവാന്‍ വേണ്ടി, വളരെ ഗഹനവും സമഗ്രവുമായ 112 മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. മറ്റൊരാളും ഇതിനേക്കാള്‍ വലിയ സംഭാവന ലോകത്തിനു നല്‍കിയിട്ടില്ല.

അറിയുകയെന്നാല്‍ അറിവുകളല്ല

ആദിയോഗി ജീവിതത്തെ അറിഞ്ഞത് അതിനോടൊന്നു ചേര്‍ന്നാണ്. മസ്തിഷ്കപരമായല്ല, അനുഭവപരമായാണ് അദ്ദേഹം ജീവിതത്തെ അറിഞ്ഞത്. അദ്ദേഹം മുഴുവന്‍ പ്രപഞ്ചവുമായുമുള്ള ഐക്യത്തെ അനുഭവിച്ചറിഞ്ഞു. ആദിയോഗി പ്രതിനിധാനം ചെയ്യുന്നത് അറിയുകയെന്നതാണ്, അറിവുകളല്ല.

അറിവുകള്‍ ബുദ്ധിപരമായ ശേഖരണമാണ്. അറിയുകയെന്നാല്‍ ബുദ്ധിപരമായതല്ല, ശേഖരിക്കാന്‍ പറ്റുന്നതുമല്ല. നിങ്ങള്‍ പുഷ്പിച്ചു നില്‍ക്കുന്ന ഒരു ചെടിയുടെ അടുത്തു കൂടി പോവുമ്പോള്‍ അതിന്‍റെ സുഗന്ധത്തിന്‍റെ രസതന്ത്രത്തെപ്പറ്റി നിങ്ങള്‍ക്കറിയാമെങ്കില്‍, അത് അറിവിന്‍റെ ഒരു തലമാണ്. ആ സുഗന്ധത്തിന്‍റെ ഉന്മാദവും അനുഭവവും നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് അറിവിന്‍റെ വേറൊരു തലമാണ്. അറിയുകയെന്നാല്‍ നിങ്ങളാ സുഗന്ധം തന്നെയായിത്തീരുകയാണ്. നൂറു ശതമാനം അനുഭവപരമായ, നൂറു ശതമാനം സചേതനമായ, ഇപ്പോള്‍ ഇവിടെയുള്ള, അറിയുകയെന്ന തലത്തെയാണ് ആദിയോഗി പ്രതിനിധാനം ചെയ്യുന്നത്. അതു കൊണ്ടു തന്നെയാണ് നിരവധി ഉദ്യമങ്ങളുണ്ടായിട്ടും ഒരു വിശുദ്ധ ഗ്രന്ഥത്തിനോ, തത്വശാസ്ത്രത്തിനോ അദ്ദേഹത്തിനെ നിര്‍വചിക്കാന്‍ കഴിയാത്തത്.

പ്രകൃതി മനുഷ്യനു വേണ്ടി ചില നിയമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദിയോഗി വിഭാവനം ചെയ്ത ആത്മീയ പ്രക്രിയ, ചാക്രികമായ ഭൗതിക നിയമങ്ങളെ തകര്‍ക്കുന്നതിനെക്കുറിച്ചാണ്. ആയൊരര്‍ത്ഥത്തില്‍ യോഗയെന്ന ശാസ്ത്രം കുറ്റവാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. ഇതു തന്നെയാണ് ആദിയോഗി പ്രതിനിധാനം ചെയ്യുന്നതും – പരമമായ കുറ്റവാളി.