ദുഷ്‌കര്‍മ്മങ്ങളുടെ ഫലം സല്‍ക്കര്‍മങ്ങള്‍ ചെയ്‌താല്‍ തീരുമെന്നാണോ?
വിപരീതഫലം നല്‍കാന്‍ സാധ്യതയുള്ള പ്രവൃത്തികളെ ദുഷ്‌കര്‍മങ്ങള്‍ എന്ന്‍ വിളിക്കുന്നു, എന്നാല്‍ അവ ദുഷ്‌ക്കര്‍മങ്ങളല്ല. ഓരോ പ്രവൃത്തിക്കും അതിന്‌ അനുയോജ്യമായ ഫലം ലഭിക്കുന്നു എന്നേയുള്ളു
 
 

सद्गुरु

അന്വേഷി: സദ്‌ഗുരോ, അങ്ങ്‌ ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം കഴിഞ്ഞ ജന്മങ്ങളിലെ ദുഷ്‌കര്‍മ്മങ്ങളുടെ ഫലം, ഈ ജന്മത്തില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്‌താല്‍ തീരുമെന്നാണോ?

സദ്‌ഗുരു: കര്‍മങ്ങളെ ഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിച്ചിരുന്നു. ഗുണത്തിന്‍റെ അര്‍ത്ഥം എന്താണ്‌? ഒന്നിന്‍റെ ഗുണം അല്ലെങ്കില്‍ സ്വഭാവം. ഹിന്ദുക്കള്‍ സാധാരണയായി മൂന്നു തരത്തിലുള്ള ഗുണങ്ങളെക്കുറിച്ച്‌ പറയും. ബുദ്ധമതത്തില്‍ ഗുണങ്ങള്‍ ഏഴായി ക്രമപ്പെടുത്തിയിരിക്കുന്നു. നാം ചെയ്യുന്ന ഒരു തരംതിരിക്കല്‍ മാത്രമാണിത്‌. കര്‍മത്തെ `സല്‍ക്കര്‍മം, `ദുഷ്‌ക്കര്‍മം’ എന്ന്‍ തരം തിരിക്കാം. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്‌, സല്‍ക്കര്‍മമായാലും ദുഷ്‌ക്കര്‍മമായാലും, രണ്ടും ബന്ധനമാണ്‌. സുഖമായ ഒരു ജീവിതം മാത്രം ലക്ഷ്യമാക്കിയിട്ടുള്ളവര്‍ക്ക്‌ ഈ തരംതിരിവ്‌ പ്രധാനമാണ്‌. അങ്ങിനെയുള്ള ആളുകള്‍ എപ്പോഴും ചിന്തിക്കുന്നത്‌ സല്‍ക്കര്‍മങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നാല്‍, വരും ജന്മങ്ങളിലും എല്ലാവിധ സൌഭാഗ്യങ്ങളും അനുഭവിക്കാം എന്നാണ്‌. ദ്വൈതചിന്തയുള്ള ഒരാള്‍ക്കു മാത്രമേ ദുഷ്‌ക്കര്‍മവും സല്‍ക്കര്‍മവും ഉള്ളു.

ജനിമൃതികള്‍ക്കപ്പുറം കടന്നുപോവുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്ന ഒരാള്‍ക്ക്‌ ദുഷ്‌ക്കര്‍മംപോലെ പ്രയോജനമില്ലാത്തതാണ്‌ സല്‍ക്കര്‍മവും. അയാള്‍ക്ക്‌ കര്‍മം, കര്‍മം മാത്രം, നല്ലതോ ചീത്തയോ എന്നത് പ്രസക്തമല്ല. ആദ്ധ്യാത്മികതയില്‍ എല്ലാ കര്‍മങ്ങളും ചീത്തയാണ്‌. നല്ലതായാലും, ചീത്തയായാലും ദ്വൈതചിന്തക്കപ്പുറം കടന്ന്‍, പ്രപഞ്ചനിലനില്‍പ്പുമായി ഒന്നായിത്തീരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ നല്ലതും ചീത്തയും ഇല്ല. എല്ലാ കര്‍മങ്ങളും ഒരു മതില്‍കെട്ടാണ്‌; ഭാരമാണ്‌. എല്ലാ ഭാരങ്ങളും ഇറക്കി വെയ്ക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. "നിങ്ങള്‍ എനിക്ക്‌ സ്വര്‍ണം തന്നാല്‍ നൂറു കിലോ വേണമെങ്കിലും ഞാന്‍ ചുമക്കാം, എന്നാല്‍ അത്രയും ചവറാണെങ്കില്‍ ചുമക്കാന്‍ കഴിയില്ല എന്ന രീതിയിലുള്ള ചിന്തയല്ല ഇത്‌. യഥാര്‍ത്ഥ അന്വേഷിക്ക്‌ സ്വര്‍ണമായാലും ചവറായാലും, ഭാരം ഭാരം തന്നെയാണ്‌. അതുകൊണ്ട് ‌ അദ്ദേഹം ഭാരം ഒഴിവാക്കുന്നു. എന്നാല്‍ വിഡ്‌ഢികളായ ആളുകള്‍ സ്വര്‍ണം ചുമക്കുന്നത്‌ മഹാ കാര്യമായി കരുതുന്നു. അതിന്‍റെ വ്യത്യാസം മനസ്സിലാവുന്നുണ്ടല്ലോ. ബുദ്ധിയുള്ളവര്‍ അത്‌ മനസ്സിലാക്കും, എന്നാല്‍ ഇപ്പോള്‍ ചവറു ചുമന്നു നടക്കുന്നവന്‍ വിചാരിക്കും, സ്വര്‍ണം ചുമക്കാന്‍ പറ്റിയാല്‍ എത്ര നല്ലതായിരുന്നു എന്ന്‍.

ചവറു ചുമന്നു നടക്കുന്നവന്‍ വിചാരിക്കും, സ്വര്‍ണം ചുമക്കാന്‍ പറ്റിയാല്‍ എത്ര നല്ലതായിരുന്നു എന്ന്

അന്വേഷി: സദ്‌ഗുരോ, പ്രവൃത്തികള്‍ മാത്രമല്ല, ചിന്തകളും കര്‍മത്തെ ബാധിക്കുമോ?

സദ്‌ഗുരു: നോക്കൂ, നിങ്ങള്‍ നല്ല ചിന്തകള്‍, നല്ല പ്രവൃത്തി, ചീത്ത പ്രവൃത്തി എന്നെല്ലാം പറയുമ്പോള്‍, ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നയാള്‍ ചീത്തയാളാവുന്നു, ശരിയല്ലേ? ഞാന്‍ നല്ലവന്‍, നിങ്ങള്‍ ചീത്ത, അത്‌ വ്യക്തമാണ്‌. നല്ലതും ചീത്തയും കണ്ടുപിടിച്ചവര്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ്‌ വില്‍പനക്കാരാണ്‌. ഒരിക്കല്‍ ഒരു പുരോഹിതന്‍ പഴയ നിയമത്തിലെ വിധി നിര്‍ണയത്തിന്‍റെ ദിവസത്തെ സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ബൈബിളില്‍ നിന്നും ഉദ്ധരിക്കുവാന്‍ അദ്ദേഹം താല്‍പര്യം കാട്ടിയിരുന്നു. "ഓ, എന്‍റെ ഹൃത്തുക്കളേ" അദ്ദേഹം മൊഴിഞ്ഞു, "ദൈവസന്നിധിയില്‍നിന്ന്‍ നരകത്തിന്‍റെ ഇരുട്ടറയിലെ എരിതീയിലേക്ക്‌ എടുത്തെറിയപ്പെടുന്ന പാപികളുടെ ദയനീയസ്ഥിതി ഒന്ന്‍ ആലോചിച്ചു നോക്കൂ. പ്രിയപ്പെട്ടവരേ, ആ സമയത്ത്‌ അവര്‍ ഉറക്കെ നിലവിളിച്ച്‌ കരയുകയും, പല്ലു കടിക്കുകയും ഒക്കെ ചെയ്യും."

ഇതു കേട്ട ഇടവകയിലെ വൃദ്ധനായ ഒരാള്‍ ഇടക്ക്‌ കയറി ചോദിച്ചു, "എന്നാല്‍ പിതാവേ, ആശയറ്റ ഈ പാപികളില്‍ ഒരുവന്‌ പല്ലുകള്‍ ഒന്നുപോലും ഇല്ലെങ്കിലോ?”

മേശപ്പുറത്ത്‌ മുഷ്‌ടി ചുരുട്ടി ഇടിച്ചുകൊണ്ട് ‌പാതിരി പറഞ്ഞു, "സുഹൃത്തേ, എല്ലാം അറിയുന്ന സര്‍വശക്തനായ ഈശ്വരന്‍ തീര്‍ച്ചയായും അയാള്‍ക്ക്‌ പല്ലുകള്‍ നല്‍കിയിരിക്കും, സംശയം വേണ്ട.” ഇത്തരത്തിലുള്ള ആളുകളാണ്‌ നല്ലതും ചീത്തയും കണ്ടുപിടിച്ചത്‌.

ഇവിടെ പ്രശ്‌നം നല്ലതോ ചീത്തയോ എന്നതല്ല, വിവേകത്തോടെ നിങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്‌. നിങ്ങള്‍ക്ക്‌ താങ്ങാനാവാത്ത കല്ല്‌ പൊക്കാന്‍ ശ്രമിക്കാതിരിക്കുക

ഏത്‌ പ്രവൃത്തിക്കും ഒരു അനന്തരഫലമുണ്ട് ‌. ഞാന്‍ പ്രവൃത്തി എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ ശരീരംകൊണ്ടുള്ള പ്രവൃത്തി മാത്രമല്ല, ചിന്തകളും വികാരങ്ങളും ഊര്‍ജവും അതില്‍ ഉള്‍പ്പെടും. വിപരീതഫലം നല്‍കാന്‍ സാധ്യതയുള്ള പ്രവൃത്തികളെ ദുഷ്‌കര്‍മങ്ങള്‍ എന്ന്‍ വിളിക്കുന്നു, എന്നാല്‍ അവ ദുഷ്‌ക്കര്‍മങ്ങളല്ല. ഓരോ പ്രവൃത്തിക്കും അതിന്‌ അനുയോജ്യമായ ഫലം ലഭിക്കുന്നു എന്നേയുള്ളു. മനുഷ്യനെന്ന നിലയില്‍ നിങ്ങളുടെ ജോലി ഇത്രമാത്രം, നമുക്കെല്ലാം ഇത്‌ ചെയ്യാനുള്ള ബുദ്ധിശക്തിയുമുണ്ട്. നിങ്ങള്‍ വേണ്ടത്ര ഉണര്‍വോടെ നോക്കുകയാണെങ്കില്‍, ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഒരു ഫലമുള്ളതായി കാണാം. ഫലം എന്തുതന്നെയാണെങ്കിലും, അത്‌ സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഏതു പ്രവൃത്തിവേണമെങ്കിലും ചെയ്‌തുകൊളളൂ, എന്നാല്‍ ഇന്നെന്തെങ്കിലുമൊക്കെ ചെയ്‌തിട്ട്‌ അതിന്‍റെ ഫലം വരുമ്പോള്‍ കരയാനാണ്‌ ഭാവമെങ്കില്‍, ദയവായി നിങ്ങളുടെ പ്രവൃത്തിയും ചിന്തകളും വികാരങ്ങളും എല്ലാം നിയന്ത്രിച്ചുകൊള്ളുക. നിങ്ങള്‍ക്ക്‌ കൈകാര്യം ചെയ്യാന്‍ കഴിയാത്തതൊന്നും തുടങ്ങാതിരിക്കുക. ഇവിടെ പ്രശ്‌നം നല്ലതോ ചീത്തയോ എന്നതല്ല, വിവേകത്തോടെ നിങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്‌. നിങ്ങള്‍ക്ക്‌ താങ്ങാനാവാത്ത കല്ല്‌ പൊക്കാന്‍ ശ്രമിക്കാതിരിക്കുക, അത്രമാത്രം. നിങ്ങള്‍ക്ക്‌ കൈകാര്യംചെയ്യാന്‍ പറ്റുന്നകാര്യം മാത്രം ചെയ്യുക. എല്ലാ പ്രവൃത്തിയും അതുപോലെയാണ്‌. നിങ്ങള്‍ ഉണര്‍വോടെ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍, നല്ലതോ ചീത്തയോ എന്ന ചിന്തയില്ലാതെ, ഉചിതമായ രീതിയില്‍, സന്ദര്‍ഭത്തിനനുസരിച്ച്‌ വേണ്ടത്‌ ചെയ്യുന്നു – കുറവോ കൂടുതലോ ഇല്ലാതെ.

 
 
  0 Comments
 
 
Login / to join the conversation1