सद्गुरु

ദുശ്ശീലങ്ങളുടെ ആ വിഷമവൃത്തത്തെ എന്നെന്നേക്കുമായി എങ്ങിനെ മുറിച്ചുമാറ്റാം എന്നാണ് സദ്ഗുരു ഇവിടെ വിവരിക്കുന്നത്.

അവനവന്‍റെ ദുശ്ശീലങ്ങള്‍ ഒഴിവാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട് എന്നാല്‍ അധികം പേരും ആ ശ്രമങ്ങളില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. "പല കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നത് അതൊരു ശീലമായതുകൊണ്ടാണ്. എന്നാല്‍ അതില്‍ നിങ്ങളുടെ ബോധത്തിനു പങ്കില്ല. എന്നുവച്ചാല്‍ നിങ്ങള്‍ മനസ്സറിഞ്ഞു ചെയ്യുന്ന ഒരു പ്രവൃത്തിയല്ല അത്. അതു കൊണ്ടു തന്നെ അത് നിങ്ങളുടെ വളര്‍ച്ചക്ക് സഹായകമാവുന്നില്ല"

സാധാരണയായി പുതുവര്‍ഷാരംഭത്തില്‍ പ്രത്യേകിച്ചും, മിക്കവരുടേയും മനസ്സിലുയരുന്നൊരു ചോദ്യമാണ് - ദുശ്ശീലങ്ങളെ എങ്ങനെ ഒഴിവാക്കാം? നല്ലശീലം ചീത്തശീലം എന്ന് വകതിരിവുകളില്ല, എല്ലാ ശീലങ്ങളും ചീത്തയാണ്. ശീലം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുതന്നെ മനസ്സറിയാതെ യാന്ത്രികമായി ചെയ്യുന്ന പ്രവര്‍ത്തികള്‍ എന്നാണ്. ഉദാഹരണത്തിന്, നമുക്ക് രണ്ടുരീതിയില്‍ പല്ലുതേക്കാം. ഒന്ന് ബോധപൂര്‍വമുള്ളതാണ്. എത്രനേരം ഏതുമാതിരി പല്ലുതേക്കണം എന്ന് ഒരാള്‍ തീരുമാനിക്കുന്നു. അതുപോലെ ചെയ്യുന്നു. അങ്ങനെയാണ് പല്ലു തേക്കേണ്ടത്. അതല്ല എങ്കില്‍ എന്നും ഒരുപോലെ പല്ലുതേക്കാം. ആദ്യത്തേത് ശരീരത്തിന്‍റെ ആവശ്യം അനുബന്ധമനുസരിച്ച് ചിട്ടപ്പെടുത്തിയുട്ടുള്ളതാണ്. രണ്ടാമത്തേതില്‍ ബോധപൂര്‍വമുള്ള കണക്കും കാര്യവുമില്ല. പല്ലിന് കേടുപറ്റിയാലും മൂന്നുമിനിറ്റു തേച്ചുകൊണ്ടിരിക്കും. അതാണ് ശീലിച്ചത്. ഓരോദിവസവും ശരീരത്തിന്‍റെ ആവശ്യവും അവസ്ഥയുമനുസരിച്ച് ഉണ്ണുന്നതും ഉറങ്ങുന്നതുമാണ് ബോധപൂര്‍വ്വമുള്ള രീതി. എല്ലാ കാര്യങ്ങളും അതാതുസമയത്തെ ആവശ്യത്തിനനുസരിച്ച് ചെയ്യുക. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പലതും ഒരു പതിവനുസരിച്ച് അല്ലെങ്കില്‍ മുന്‍ നിശ്ചയമനുസരിച്ചു ചെയ്യുന്നതാണ്. എത്രമണിക്കുണരണം എത്ര മണിക്കു കിടക്കണം, എന്തു കഴിക്കണം, ഏതു ഭക്ഷണം ഒഴിവാക്കണം തുടങ്ങീ പലതും നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. അങ്ങനെവരുമ്പോള്‍ അതൊരു വിധേയത്വമായിത്തീരുന്നു. നിങ്ങള്‍ ആ നിശ്ചയത്തിന് അടിമയായിത്തീരുന്നു. ആ കുറിപ്പുകൈ പറ്റുന്നത് ഒരു ഡോക്ടറില്‍ നിന്നാവാം. അല്ലെങ്കില്‍ നിങ്ങളുടെ യജമാനനില്‍നിന്നുമാവാം. അവനവന് അതാതുസമയത്ത് വേണ്ടതെന്താണെന്ന് സ്വയം അറിയാനാവണം, അതറിയാതിരിക്കുന്നത് ബോധമില്ലായ്മയയുമാണ്.


ഞാന്‍ പറയുന്നതു കൊണ്ടു മാത്രമാണ് നിങ്ങള്‍ ഏതെങ്കിലും അദ്ധ്യാത്മിക സാധന അനുഷ്ഠിക്കുന്നത് എങ്കില്‍ അത് എന്നോടു ചെയ്യുന്ന അപരാധമായിരിക്കും. ആ തെറ്റ് നിങ്ങള്‍ ചെയ്യരുത്.

നല്ല ശീലം, ചീത്തശീലം എന്നു വേര്‍തിരിവ്. നല്ല ബോധം ചീത്ത ബോധം എന്ന് വേര്‍തിരിക്കുന്നതിനു തുല്യമാണ്. ഇന്നത് നല്ല ശീലമാണ് എന്നു പറയുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്, അത് അയാള്‍ ബോധപൂര്‍വ്വമാണ് ചെയ്യുന്നത് എന്ന് നല്ലമട്ടില്‍ ചൂണ്ടിക്കാട്ടുകയാണ്. പൂര്‍ണ്ണബോധമുള്ള അവസ്ഥ, തികച്ചും ബോധമില്ലാത്ത അവസ്ഥ. ജീവിതത്തിനു മരണത്തിനും തമ്മിലുള്ള പ്രാഥമിക വ്യത്യാസം ഇതാണ്. ഭാഗികമായ അബോധാവസ്ഥ ഭാഗികമായ മരണമാണെന്നു പറയാം. ഒരു ശീലത്തിലും ഉറച്ചുനില്‍ക്കേണ്ട. ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും. ഒരാള്‍ വരുന്നതിന്‍റെ പ്രധാന ഉദ്ദേശം തന്നെ ഇതാണ്. ഇതുപോലെയുള്ള അദ്ധ്യാത്മിക കേന്ദ്രങ്ങളിലെ അന്തരീക്ഷം, ശീലങ്ങളില്‍നിന്ന് യാന്ത്രികമായി എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ നിന്ന് പിന്‍വലിയാന്‍ നിങ്ങളെ സഹായിക്കുന്നു. ഓരോ കാര്യവും ബോധപൂര്‍വ്വം ചെയ്യാനുള്ള പ്രേരണ നല്കുന്നു. പതിവുകള്‍ എന്നതില്‍നിന്നുമാറി, ശരീര മനോ ബുദ്ധി വികാരങ്ങളുടെ അതാതുസമയത്തുള്ള ആവശ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയുന്നു. ജീവിതത്തിന്‍റെ സ്വാഭാവികമായ ആവശ്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കി തുടങ്ങുന്നു. അതിനെകുറിച്ചുള്ള ബോധമില്ലായ്മ നിങ്ങള്‍ സ്വന്തം ജീവിതത്തോടു ചെയ്യുന്ന അപരാധമാണ്. ഞാന്‍ പറയുന്നതു കൊണ്ടു മാത്രമാണ് നിങ്ങള്‍ ഏതെങ്കിലും അദ്ധ്യാത്മിക സാധന അനുഷ്ഠിക്കുന്നത് എങ്കില്‍ അത് എന്നോടു ചെയ്യുന്ന അപരാധമായിരിക്കും. ആ തെറ്റ് നിങ്ങള്‍ ചെയ്യരുത്.

അബോധാവസ്ഥയെ നിശ്ശേഷം വിട്ടുകളഞ്ഞാലേ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാനാവൂ എന്ന് കരുതരുത്. ഒരു വാക്കിനുമുമ്പില്‍ "അ" എന്ന ഉപസര്‍ഗ്ഗം ചേര്‍ക്കുന്നതുതന്നെ ഇല്ല എന്നതിന്‍റെ സൂചനയാണ്. ബോധം ഉള്ളതാണ്. അതില്ലാത്ത അവസ്ഥയാണ് അബോധാവസ്ഥ ഇല്ലാത്ത ഒരു സംഗതിയെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഉപേക്ഷിക്കാനാവുക? ഉദാഹരണമായി മുറിയില്‍ ഇരുട്ടാണെന്നു സങ്കല്പിക്കു. ഇരുട്ടിനെ അകറ്റാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. വിളക്കു കത്തിക്കുകയേ വേണ്ടൂ. ഇരുട്ട് പോയ്ക്കൊള്ളും. ഇരുട്ടിന് തനതായ ഒരുനിലനില്‍പ്പില്ല. വെളിച്ചമില്ലാത്ത അവസ്ഥമാത്രമാണ് ഇരുട്ട്. അതുപോലെത്തന്നെയാണ് അബോധാവസ്ഥയും. തനതായ നിലനില്‍പ്പില്ല. ബോധമില്ലാത്തതുകൊണ്ടുമാത്രം ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് അബോധാവസ്ഥ. ബോധമുണ്ടാകുന്നതോടെ അബോധാവസ്ഥ ഇല്ലാതാവുന്നു. അതോടെ ആ അവസ്ഥയില്‍ ഉറച്ചുപോയ ശീലങ്ങളും ഇല്ലാതാകുന്നു. ബോധത്തെ വളര്‍ത്തിക്കൊണ്ടുവരിക. അത്രയേ ഒരാള്‍ ചെയ്യേണ്ടതുള്ളൂ. ഓരോ സംഗതിയും ബോധപൂര്‍വ്വം ചെയ്യുക. അതുതന്നെയാണ് ജീവിതത്തിന്‍റെ സാരം. നിങ്ങള്‍ക്ക് സാമാന്യബോധമുണ്ട്. അതുകൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നത്.

ബോധത്തെ തെളിവുറ്റതാക്കാന്‍ എന്താണ് ചെയ്യേണ്ടത്? പ്രാണചൈതന്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണം. ഞങ്ങള്‍ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. നിങ്ങളുടെ ശരീരത്തിനെ ഒരു തരം ജഡത്വം ബാധിച്ചിരിക്കുന്നു. അത് നീക്കാന്‍ വേണ്ടിയുള്ളതാണ് രാവിലത്തെ ഹഠയോഗ. നിങ്ങളുടെ മനസ്സ് പതിവുശീലങ്ങളില്‍ ഉറച്ചുപോയിരിക്കുന്നു. അതിനുവേണ്ടി ഒരുക്കിയിട്ടുള്ളതാണ് ആന്തരിക നിര്‍മ്മാണത്തിന്‍റെയും ധ്യാനത്തിന്‍റേയും ക്ലാസ്സുകള്‍. നിങ്ങളുടെ ഊര്‍ജ്ജം അതിന്‍റേതായ ഒരു വഴിയില്‍ ഒതുങ്ങികിടക്കുകയാണ്. അതിന് ചൈതന്യം പകര്‍ന്നു കൊടുക്കാന്‍ വേണ്ടിയാണ് സാധനകള്‍ അനുഷ്ഠിക്കുന്നത്. ഇതിന്‍റെയെല്ലാം ലക്ഷ്യം അബോധാവസ്ഥ എന്ന വലയം ഭേദിച്ച് ബോധാവസ്ഥയെ പ്രകാശപൂര്‍ണ്ണമാക്കുക എന്നതാണ് ബോധാവസ്ഥയിലേക്കുണരുമ്പോള്‍, ആരംഭഘട്ടത്തിലെങ്കിലും താന്‍ അപരിചിതമായൊരു മേഖലയില്‍ പ്രവേശിക്കുന്നതായി തോന്നിയേക്കാം ചില പന്തികേടുകള്‍, പ്രയാസങ്ങള്‍ പതിവുശീലങ്ങള്‍ യാന്ത്രികമായി പിന്‍തുടരുമ്പോള്‍ ആരും ഈ പ്രയാസം നേരിടുന്നില്ല. എല്ലാം എളുപ്പമാണ്. മനസ്സറിയാതെ ചെയ്യുന്നതാണ്. അതുകൊണ്ട് വികസനത്തിനുള്ള അവസരമില്ല.

കോയമ്പത്തൂര്‍ ജയിലില്‍ ഞാന്‍ ആദ്യമായി ഒരു പരിപാടി നടത്താന്‍ പോയി. ഏതാണ്ട് ഇരുപത്തിയഞ്ചുകൊല്ലം മുമ്പാണ്. ഒരു കാര്യം എനിക്കു സ്പഷ്ടമായി. വളരെയധികം ആളുകള്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരിടമാണിത്. ഇവിടെ മാത്രം ഒരാള്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി ഒരു വാതില്‍ തുറക്കാനും അടക്കാനും കാത്തുനില്‍ക്കുന്നു. അവര്‍ നിങ്ങള്‍ക്കുവേണ്ടി വിളക്കു കൊളുത്തുന്നു, കെടുത്തുന്നു. കൃത്യസമയത്ത് നിങ്ങള്‍ക്കുള്ള ഭക്ഷണം നിങ്ങളുടെ മുമ്പിലെത്തുന്നു. ഇതാണല്ലോ അധികം പേരും ജീവിതത്തില്‍ ആഗ്രഹിയ്ക്കുന്നത്. ഈ ചിട്ട വട്ടങ്ങളും, അച്ചടക്കവും, കൃത്യനിഷ്ഠയും, കാര്യക്ഷമതയും പ്രശ്നമൊന്നേയുള്ളൂ. ഇതെല്ലാം നിങ്ങളുടെ മേല്‍ചുമത്തപ്പെടുന്നതാണ്. അതുകൊണ്ടാണ് ജയില്‍ജീവിതം യാതനയായി മാറുന്നത്. ജയിലിലേക്കു കടക്കുമ്പോള്‍ത്തന്നെ ആ അന്തരീക്ഷത്തില്‍ യാതന നിറഞ്ഞുനില്‍ക്കുന്നതായി തോന്നും. പല ജയിലുകളിലും ഞാന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍പോലും ഒരിടത്തുനിന്നും കണ്ണുനനയാതെ ഞാന്‍ പുറത്തേക്കു വന്നിട്ടില്ല. അവരുടെ ദു:ഖങ്ങളും ദുരിതങ്ങളും ആര്‍ക്കം സഹിക്കാനാവില്ല. സുഖസൗകര്യങ്ങളുടെ കുറവൊ, പണമില്ലായ്മയോ ഒന്നുമല്ല മനുഷ്യനെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. സ്വതന്ത്ര്യമില്ലായ്മയാണ് അവന്‍റെ ഏറ്റവും വലിയ സങ്കടം.


സുഖസൗകര്യങ്ങളുടെ കുറവൊ, പണമില്ലായ്മയോ ഒന്നുമല്ല മനുഷ്യനെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. സ്വതന്ത്ര്യമില്ലായ്മയാണ് അവന്‍റെ ഏറ്റവും വലിയ സങ്കടം.

പറഞ്ഞുവരുമ്പോള്‍ ജോലിക്കു പോകുന്നതിനേക്കാള്‍ എളുപ്പമാണ് ജയില്‍ജീവിതം. ഗതാഗതകുരുക്കുപോലെയുള്ള ദൈനംദിന പ്രശ്നങ്ങളൊന്നും നേരിടേണ്ട. തടവുകാരന്‍ സര്‍ക്കാരിന്‍റെ അതിഥിയാണ്. അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത, ചിട്ടപ്പടിയായുള്ള ഒരു ജീവിതമാണ് നിങ്ങള്‍ ആശിക്കുന്നതെങ്കില്‍ ജയില്‍ അതിനുപറ്റിയ ഇടമാണ്. എത്രനിസ്സാരമായ സംഭവവും നിങ്ങളുടെ മനസ്സിന്‍റെ താളം തെറ്റിക്കുന്നു. എത്ര നിസ്സാരമായ സംഗതിയും നിങ്ങളില്‍ പിരിമുറുക്കവും സമ്മര്‍ദ്ദവുമുണ്ടാക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ജയില്‍വാസമാണ് ഏറ്റവും യോജിച്ചത്. ഇവിടെ ഒരത്ഭുതവും സംഭവിക്കുന്നില്ല. എല്ലാം ചിട്ടപടി നടക്കുന്നു. അടുത്ത ആഴ്ചക്കുള്ള ആഹാരക്രമം ഓരോ ദിവസമായി വേര്‍തിരിച്ച് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. അതനുസരിച്ചുള്ള ഭക്ഷണമാണ് ഓരോ സമയത്തും നിങ്ങള്‍ക്കു കിട്ടുക. സ്ഥലവും സമയവും തെറ്റി അവിടെ ഒന്നും സംഭവിക്കുന്നില്ല. എല്ലാം സ്വസ്ഥം ശാന്തം, യഥാക്രമം എന്നാലും മനുഷ്യമനസ്സ്, സ്വാതന്ത്ര്യമില്ല എങ്കില്‍ അങ്ങേയറ്റം ആകുലമായിപ്പോകുന്നു. ശീലങ്ങള്‍ എന്നുപറയുമ്പോള്‍, നിങ്ങള്‍ നിങ്ങള്‍ക്കായി ഒരു തടവറ പണിതിരിക്കുന്നതുപോലെയാണ്. അവസാനം അതു തന്നെ നിങ്ങള്‍ക്കു ദു:ഖകാരണമാകുന്നു. തുടക്കത്തില്‍ വളരെ കാര്യക്ഷമമെന്നു തോന്നാം. കുറച്ചു കഴിയുമ്പോള്‍ ഒരു തടവറക്കകത്താണെന്ന തോന്നലുളവാകും കാര്യക്ഷമതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്, സാധാരണനിലയില്‍ നോക്കുമ്പോള്‍ ഒരു ജയില്‍. എന്നാല്‍ ജീവിതം ആഗ്രഹിക്കുന്നത് കാര്യക്ഷമതയല്ല. യഥേഷ്ടം വളരാനും വികസിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജീവിതത്തിനാവശ്യം. ആ ആവശ്യം നിഷേധിക്കപ്പെടുമ്പോള്‍ ജീവിതം അന്തമറ്റതും, വിരസവുമായിത്തീരുന്നു. ബാക്കി എന്തെല്ലാം, കാര്യക്ഷമത ഉള്‍പ്പെടെ ഉണ്ടെങ്കിലും. ജീവിതത്തിന്‍റെ നിറവും തെളിച്ചവും കെട്ടുപോകുന്നു.


ചിട്ടപടിവളര്‍ത്തുന്ന ഒരുദ്യാനത്തില്‍നിന്നു, പരസഹായമില്ലാതെ സ്വാഭാവികമായി നിലനില്‍ക്കുന്ന ഒരു വനമായി രൂപാന്തരപ്പെടുക, ജ്ഞാനോദയം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതാണ്.

എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്, യു.എസ്സില്‍ വെച്ച് പ്രസിദ്ധനായ ഒരു മാനേജ്മെന്‍റ് വിദഗ്ദ്ധനുമായി ഉണ്ടായ സംവാദമാണ്. വളരെ കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി താന്‍ ആവിഷ്ക്കരിച്ചിട്ടുള്ള മാനേജ്മെന്‍റ് സിദ്ധാന്തങ്ങള്‍ അദ്ദേഹം എനിക്കായി വിശദീകരിച്ചു. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍വേണ്ടി ഏറ്റവും താഴെത്തട്ടിലുള്ള സംഗതികൂടി അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. എനിക്കു തോന്നിയത്. അത് ഒരു തടവറപോലെയണെന്നാണ്. ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. പൂര്‍ണ്ണശ്രദ്ധയോടെ മോടിയിലൊരുക്കിയിട്ടുള്ള ചില ഉദ്യാനങ്ങള്‍ കാണാം. കുറ്റമറ്റത് എന്നുതന്നെ പറയാം. അതേസമയം കാടുകളൊ. അവിടെ ഒരു തരത്തിലുള്ള ക്രമവുമില്ല. എല്ലാം അതാതുമട്ടില്‍ എന്നായിരിക്കും. ചിട്ടയില്‍ നിര്‍മ്മിച്ച ഉദ്യാനം ഒരു മാസം വേണ്ടതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അതാകെ താറുമാറാകും. എന്നാല്‍ കാടുകളെ സംബന്ധിച്ച് ആ പ്രശ്നമില്ല. സഹസ്രാബ്ദങ്ങളായി അവ അവയുടേതായ രീതിയില്‍ നിലനിന്നുപോരികയല്ലേ? അങ്ങനെ നോക്കുമ്പോള്‍ കാടുകള്‍ക്കാണ് കൂടുതല്‍ ചിട്ടയും, കാര്യക്ഷമതയുമുള്ളതെന്നു തോന്നുന്നില്ലേ? ഈ ഉദാഹരണത്തെകുറിച്ച് അല്പംകൂടി കടന്നു ചിന്തിച്ചു നോക്കൂ, ചിട്ടപടിവളര്‍ത്തുന്ന ഒരുദ്യാനത്തില്‍നിന്നു, പരസഹായമില്ലാതെ സ്വാഭാവികമായി നിലനില്‍ക്കുന്ന ഒരു വനമായി രൂപാന്തരപ്പെടുക, ജ്ഞാനോദയം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതാണ്. ആരും നനക്കേണ്ട, വളമിടേണ്ട, കള പറിക്കേണ്ട, വെട്ടിവെടിപ്പാക്കേണ്ട. എല്ലാം അതാതു സമയത്ത് താനെ സംഭവിക്കുന്നു. ആ ചിട്ടയില്ലായ്മയിലുമുണ്ട് ഒരു ചിട്ട. അതുകൊണ്ടുതന്നെ അത് സ്വാഭാവികമായി നിലനിന്നു പോകുന്നു.

നമ്മുടെ യുക്തിഭദ്രമായ ചിന്തക്ക് വഴങ്ങാത്ത ഒരവസ്ഥ. അതിനെയാണ് നമ്മള്‍ സാധാരണയായി ഒരു ചിട്ടയുമില്ലാത്തത് എന്നു പറയുന്നത്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ശീലങ്ങള്‍ക്ക് ഒരു യാന്ത്രിക സ്വഭാവം കൈവരുന്നു. ഓരോന്നും നിങ്ങള്‍ മനസ്സറിയാതെ ചെയ്ത പോകുന്നു. എന്നാല്‍ ശീലങ്ങള്‍ വേണ്ടെന്നുവെക്കണമെങ്കില്‍ നിങ്ങള്‍ ബുദ്ധിമുട്ടി മനസ്സിരുത്തുക തന്നെ വേണം. മനസ്സിരുത്തിചെയ്താല്‍ അത് ശീലമാവില്ല. ശരിയും തെറ്റും തിരിച്ചറിഞ്ഞ് സമയവും സന്ദര്‍ഭവും നോക്കിയാണ് ഓരോ കാര്യവും ചെയ്യുക. ഉദ്ദേശമുണ്ടായതു കൊണ്ടു മാത്രം മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. അതുണ്ടാകണമെങ്കില്‍ ബോധപൂര്‍വമുള്ള പ്രയത്നം വേണം.