"ധനമാണ് സര്‍വ്വവും"
പണം കൊണ്ട് നമ്മള്‍ നേടുന്നത് ബാഹ്യമായ മോടിയും, സുഖസൌകര്യങ്ങളും മാത്രമാണ്. സമാധാനത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചാല്‍ മറ്റുള്ളവരുമായി താരതമ്യത്തിന് പുറപ്പെടേണ്ടതില്ല, അവനവന്റെ പരിമിതികളെ കുറിച്ച് ഖേദവും വേണ്ട.
 
 

सद्गुरु

ഇന്നത്തെ ലോകം 'ധനമാണ് സര്‍വ്വവും' എന്ന ചിന്താഗതിയിലാണ് മുമ്പോട്ടു പോകുന്നത്. സമ്പത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നമ്മള്‍ നശിപ്പിക്കുന്നത് നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമിയെ തന്നെയാണ് എന്ന് മിക്കവരും മറന്നുപോകുന്നു.

സദ്‌ഗുരു : കൂടുതല്‍ പണം സമ്പാദിക്കുക, കൂടുതല്‍ സ്വത്ത് സമ്പാദിക്കുക – ജീവിതത്തില്‍ അതു മാത്രം മതിയോ? സമ്പത്തിന്റെ കൂടെ സുഖവും സമാധാനവും കൂടി നമുക്കാവശ്യമുണ്ട്. ജീവിതം സന്തോഷപൂര്‍ണമാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്ന് മാത്രമാണ് ധനസമ്പാദ്യം. പണം കൊണ്ട് നമ്മള്‍ നേടുന്നത് ബാഹ്യമായ മോടിയും, സുഖസൌകര്യങ്ങളും മാത്രമാണ്. ഇന്നത്തെ ലോകം 'ധനമാണ് സര്‍വ്വവും' എന്ന ചിന്താഗതിയിലാണ് മുമ്പോട്ടു പോകുന്നത്. ധനസമ്പാദനം അവരുടെ മതവും വിശ്വാസവുമായി തീര്‍ന്നിരിക്കുന്നു. അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നമ്മള്‍ നശിപ്പിക്കുന്നത് നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമിയെ തന്നെയാണ് എന്ന് മിക്കവരും മറന്നുപോകുന്നു. ഒരു മൊട്ടുസൂചിയായാലും, കാറായാലും, കമ്പ്യുട്ടറായാലും അതിന്റെ നിര്‍മ്മാണത്തിനാവശ്യമായ പലതും നാം ഈ ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്നതാണ്. എവിടെ നിന്ന് എത്രത്തോളം കുഴിച്ചെടുക്കാം, അത് തീരുമാനിക്കാന്‍ നമ്മള്‍ തന്നെ തയ്യാറാകണം. അതിനൊക്കെ ഒരു പരിധി വേണ്ടേ? ഇതിനെ കുറിച്ചു നമ്മള്‍ ബോധവാന്മാരല്ല എങ്കില്‍, പണം വാരികൂട്ടാനുള്ള തത്രപ്പാടില്‍ ഈ ഭൂമിയെ തന്നെ നമ്മള്‍ പാടെ നശിപ്പിച്ചു കളയും.

ഇന്നത്തെ ലോകം 'ധനമാണ് സര്‍വ്വവും' എന്ന ചിന്താഗതിയിലാണ് മുമ്പോട്ടു പോകുന്നത്. അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നമ്മള്‍ നശിപ്പിക്കുന്നത് നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമിയെ തന്നെയാണ് എന്ന് മിക്കവരും മറന്നുപോകുന്നു

ധനം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? അതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഓരോ വ്യക്തിക്കുമുണ്ടായിരിക്കണം. കൂടുതല്‍ കെട്ടിടങ്ങളും, കൂടുതല്‍ കാറുകളും, കൂടുതല്‍ സുഖസൌകര്യങ്ങളുമോക്കെയാണോ ധനം എന്നതുകൊണ്ട്‌ നമ്മള്‍ ഉദ്ദേശിക്കുന്നത്? എല്ലാം ഉള്ളതിനേക്കാള്‍ കുറച്ചു കൂടി മുന്തിയതു വേണം എന്ന ചിന്ത. അമേരിക്കയിലെ പോലെ അതിസമ്പന്ന രാജ്യങ്ങളിലുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ വിഷാദരോഗത്തിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നവരാണ്. നിത്യേന അതിനുവേണ്ടി ഗുളികകള്‍ കഴിക്കുന്നത്‌ ശീലമാക്കിയിരിക്കുന്നവര്‍. അത്തരം മരുന്നുകളില്‍ എതെങ്കിലുമൊന്ന് കമ്പോളങ്ങളില്‍ നിന്നും പിന്‍വലിച്ചാല്‍, അമേരിക്കക്കാരില്‍ സാരമായൊരു ഭാഗം ചിത്തരോഗാശുപത്രികളില്‍ ചെന്നുചേരും. അതാണോ ജീവിത സൌഖ്യം എന്നുപറയുന്നത്? അമേരിക്കയില്‍, വെറും ഒരു സാധാരണക്കാരനുപോലും നമ്മള്‍ സ്വപ്നം കാണുന്ന എല്ലാ ജീവിത സൌകര്യങ്ങളുമുണ്ട്. ധനത്തിന്റെ യാതൊരു കുറവുമില്ല. കുറവുള്ളത് മനോസുഖവും സമാധാനവുമാണ്.

അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചെന്ന് ഞാന്‍ അവരോട്, “നിങ്ങള്‍ എന്തുകൊണ്ടാണ് യോഗക്കും ധ്യാനത്തിനുമൊക്കെ സമയം മാറ്റിവക്കാത്തത്? എന്ന് ചോദിച്ചാല്‍ സാമാന്യമായ മറുപടി,

"ഞങ്ങള്‍ക്ക് ലോണുകള്‍ അടച്ചു തീര്‍ക്കേണ്ടേ?”എന്നായിരിക്കും.

അതിനര്‍ത്ഥം ജീവിതച്ചിലവുകള്‍ നിര്‍വഹിക്കാന്‍ പണം വേണ്ടേ? അത് സമ്പാദിക്കാനുള്ള തത്രപ്പാടില്‍ ധ്യാനിക്കാന്‍ എവിടെയാണ് സമയം എന്നാണ്. ഞാന്‍ വീണ്ടും ചോദിക്കുന്നു, “ജീവിതകാലം മുഴുവന്‍ ലോണുകളടച്ചുകൊണ്ടിരുന്നാല്‍ മതിയോ? എന്തിനാണ് ഇത്രയധികം ബില്ലുകളും ലോണുകളും വാരിക്കൂട്ടുന്നത്? ലോണുകളുടെ എണ്ണം കുറച്ച്, കൂടുതല്‍ സമാധാനത്തോടെ ജീവിച്ചുകൂടെ? ലോണുകള്‍ അടച്ചു തീര്‍ക്കാന്‍ വേണ്ടി ജീവിതം മുഴുവന്‍ ഇങ്ങനെ പാടുപെടുന്നതിന്റെ അര്‍ത്ഥമെന്താണ്?”

"ഞങ്ങള്‍ മാത്രമല്ല ഇവിടെ എല്ലാവരും അത് തന്നെയാണ് ചെയ്യുന്നത്" മറുപടി എവിടെയും ഒന്നുതന്നെ, വീടിന്റെ ലോണ്‍, കാര്‍ ലോണ്‍, വിദ്യാഭ്യാസ ലോണ്‍.

തന്നാലാവുന്നത് നന്നായി ചെയ്യാന്‍ ശ്രമിക്കുക. അതാണ്‌ സമാധാനത്തിന്റെ വഴി. മറ്റുള്ളവരുമായി മത്സരിക്കാന്‍ തുനിയമ്പോഴാണ്‌ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്

ആരോ പിന്നില്‍ നിന്നും തള്ളി നീക്കുന്നത് പോലെയാണ് എല്ലാവരും പെരുമാറുന്നത്. അവനവനെ നിയന്ത്രിക്കാനും, നയിക്കാനുമുള്ള സ്വബോധം ഓരോരുത്തര്‍ക്കും ഉണ്ടാവണം. എവിടംവരെ എന്ന തീരുമാനവും സ്വന്തം വിവേകത്തില്‍ നിന്നും ഉടലെടുക്കണം. ഒരാള്‍ക്ക്‌ ഒരു ദിവസം പ്രയാസം കൂടാതെ ഒരായിരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരിക്കും. നിങ്ങള്‍ക്ക് സാധിക്കുക രണ്ടോ മൂന്നോ കാര്യങ്ങള്‍ മാത്രമാകാം. താരതമ്യത്തിന് പുറപ്പെടേണ്ട. അവനവന്റെ പരിമിതികളെ കുറിച്ച് ഖേദവും വേണ്ട. തന്നാലാവുന്നത് നന്നായി ചെയ്യാന്‍ ശ്രമിക്കുക. അതാണ്‌ സമാധാനത്തിന്റെ വഴി. മറ്റുള്ളവരുമായി മത്സരിക്കാന്‍ തുനിയമ്പോഴാണ്‌ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

സാമാന്യമായി നോക്കുമ്പോള്‍ ആരും സമാനരല്ല. ബുദ്ധിയിലും, കഴിവുകളിലും, കാര്യശേഷിയിലും എല്ലാം വ്യത്യസ്ത നിലവാരമായിരിക്കും. അയല്‍ക്കാരന്റെത് കൊട്ടാര സദൃശമായ വീടാകാം, ഇപ്രത്തുള്ളവര്‍ക്ക് നാല് കാറുണ്ടാകാം, ഇനിയൊരാള്‍ ആഴ്ചയില്‍ നാല് പാര്‍ട്ടി നത്തുന്നുണ്ടാകാം. അവനവന് എന്തെല്ലാം എത്രത്തോളം വേണമെന്ന് നിശ്ചയിക്കേണ്ടത് അവനവന്‍ തന്നെയാകണം. മറ്റുള്ളവരെ എല്ലാ കാര്യങ്ങളിലും വീണ്ടുവിചാരമില്ലാതെ അനുകരിക്കാന്‍ ശ്രമിക്കുക എന്നതു വലിയ ബുദ്ധിമോശമായിരിക്കും. നമ്മുടെ ജീവിതം നമ്മുടെതാണ്. അതിനെ സുഖകരയും സന്തോഷകരമായും മുന്നോട്ടു കൊണ്ടുപോവുക നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. തനിക്കോ സമൂഹത്തിനോ കോട്ടം തട്ടാത്ത വിധത്തില്‍ പെരുമാറുക. അകത്തും പുറത്തും ശാന്തിയും സന്തോഷവും നിലനില്‍ക്കുന്ന വിധത്തില്‍ പ്രവൃത്തിക്കുക. അതായിരിക്കണം നമ്മുടെ വഴി.

Photo credit to : https://i.ytimg.com/vi/lLDV-yw6pMk/maxresdefault.jpg

 
 
  0 Comments
 
 
Login / to join the conversation1