सद्गुरु

സത്യം മനസ്സിലാക്കാന്‍ ആദ്യത്തെ ചുവട് എവിടെയാണ് വയ്ക്കേണ്ടത്? നിങ്ങള്‍ അടുത്ത തെരുവിലേക്കു പോകാന്‍ ആഗ്രഹിച്ചാലും ശരി, ചന്ദ്രനിലേക്ക് പോകാന്‍ ആഗ്രഹിച്ചാലും ശരി, നിങ്ങളുടെ യാത്ര എവിടെനിന്നു തുടങ്ങണം? ഇപ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്തുനിന്നല്ലേ തുടങ്ങാന്‍ പറ്റൂ? അവിടെ നിന്നും ആദ്യത്തെ ചുവട്, പിന്നെ അടുത്ത ചുവട് എന്നല്ലേ യാത്ര തുടങ്ങാന്‍ പറ്റൂ?

ആദ്ധ്യാത്മിക യാത്രയ്ക്കായി, ഇരിക്കുന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റു നിന്ന ഉടന്‍തന്നെ സ്വര്‍ഗ്ഗവാതിലില്‍ നില്‍ക്കുന്നതായി നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുന്ന ഒരു സങ്കല്‍പമായി മാത്രം യാത്ര അവസാനിക്കും. നിങ്ങള്‍ക്ക് അറിയാത്ത കാര്യം അറിയില്ല എന്ന് ധൈര്യപൂര്‍വ്വം സമ്മതിക്കുക. വേദാന്ത ദര്‍ശനങ്ങള്‍ മനസ്സിലായതായി വെറുതെ സങ്കല്‍പ്പിക്കാതിരിക്കുക.

ഏതു നിറമാണ് ധരിക്കേണ്ടത്, ഏതു തരം സ്വഭാവമാണ് കാണിക്കേണ്ടത്, ഏതു വാക്കുകളാണ് ഉപയോഗിക്കേണ്ടത്, ഏത് ഉയരത്തെയാണ് തൊടേണ്ടത് എന്നു തുടങ്ങി നിങ്ങളുടെ പല കാര്യങ്ങളേയും നിങ്ങളുടെ ആഗ്രഹമാണ് തീരുമാനിക്കുന്നത്. ആഗ്രഹസാഫല്യം കിട്ടിയാല്‍ ആഘോഷിക്കും. അല്ലെങ്കില്‍ വേദാന്തം പറയുമോ?

ശങ്കരന്‍പിള്ള വേദാന്ത ക്ലാസുകള്‍ക്ക് തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. "എല്ലാം മായയാണ്. നീയെന്നും ഞാനെന്നും അവനെന്നും വ്യത്യാസമൊന്നുമില്ല. എല്ലാം ഒന്നു തന്നെ. നീയാണ് ഞാന്‍, ഞാന്‍ തന്നെയാണ് നീ"എന്നൊക്കെ കേട്ടു കേട്ട് തനിക്ക് എല്ലാം മനസ്സിലായി എന്നു ശങ്കരന്‍പിള്ള കരുതി. റോഡില്‍ നടക്കുമ്പോള്‍ ഒരു വേദാന്തിയാണെന്ന് സ്വയം ഭാവിച്ച് തലയല്‍പം ഉയര്‍ത്തിപ്പിടിച്ച് അയാള്‍ നടക്കുമായിരുന്നു.

ആരു വന്നാലും, ആരു പോയാലും നിങ്ങള്‍ വളരാന്‍ മുതിരാതെ ഇരിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തെ ആര്‍ക്കും മാറ്റാന്‍ സാധിക്കില്ല.

ഒരു ദിവസം അയാള്‍ ഹോട്ടലില്‍ കയറി ആവശ്യമുള്ളതെല്ലാം വാങ്ങിക്കഴിച്ചു, ഏമ്പക്കവും വിട്ടു. ക്യാഷില്‍ ഇരുന്ന ആളെ നോക്കി. 'അവന്‍ തന്നെയാണ് ഞാന്‍. ഞാന്‍ തന്നെയാണല്ലോ അവന്‍' എന്നു വിചാരിച്ച് കാശു കൊടുക്കാതെ ഇറങ്ങി നടന്നു. ഹോട്ടലിലെ ആള്‍ക്കാര്‍ അയാളെ പിടിച്ചുകൊണ്ടു വന്നു, കോടതിയില്‍ ഹാജരാക്കി. "ബഹുമാനപ്പെട്ട നീതിപതിയെ! എല്ലാം ഞാനാണ്. ഒന്നും ഞാനല്ല. നിങ്ങളും എന്നോടൊപ്പം വേദാന്ത ക്ലാസ്സുകളില്‍ വന്നിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലായിരിക്കും ഇങ്ങനെയുള്ള കേസുകള്‍ തന്നെ ഉണ്ടാവില്ല. ഞാന്‍ ഭക്ഷണം കഴിച്ചതിനു വേണ്ടി എനിക്കു ഞാന്‍ തന്നെ എന്തിനു കാശു കൊടുക്കണം?" എന്നു ശങ്കരന്‍പിള്ള ചോദിച്ചു.

ശങ്കരന്‍പിള്ള വെറുതെ കുഴപ്പമുണ്ടാക്കുന്നു എന്നു പറഞ്ഞു പത്തു ചാട്ടവാറടി കൊടുക്കാന്‍ നീതിപതി വിധിച്ചു. ചാട്ടവാറു കൊണ്ടുള്ള അടി കൊണ്ടപ്പോള്‍ ശങ്കരന്‍പിള്ള വേദനകൊണ്ട് നിലവിളിച്ചു. നിങ്ങള്‍ക്കു വേദാന്തം മനസ്സിലാകുന്നില്ലേ. ചെയ്യാത്ത തെറ്റിന് എന്നെ എന്തിനാണ് ശിക്ഷിക്കുന്നത്." എന്ന് വിലപിച്ചു. "നിങ്ങളെ ആരാണ് അടിച്ചത്. ചാട്ടവാറുകൊണ്ടടിക്കുന്നവനും നിങ്ങളും ഒന്നുതന്നെയല്ലേ? അയാള്‍ സ്വയം ശിക്ഷിക്കുകയാണ്" എന്നു പറഞ്ഞു, നീതിപതി. "അല്ല, ഞാന്‍ വേദാന്തിയല്ല. ഞാന്‍ ഭക്ഷണത്തിനുള്ള കാശു കൊടുത്തേക്കാം. എന്നെ ശിക്ഷിക്കരുത്." എന്ന് അപേക്ഷിച്ചു, ശങ്കരന്‍പിള്ള.

ഇങ്ങനെ മനസ്സ് മങ്ങലില്ലാതെ വയ്ക്കാന്‍ അറിയാത്തവര്‍, തങ്ങളുടെ ചിന്തകള്‍, സങ്കല്‍പങ്ങള്‍, ശ്രദ്ധ, ഉറക്കം, ഓര്‍മ്മ, പഠിച്ചത്, മനസ്സിലായത്, മനസ്സിലാകാത്തത് ഒക്കെ മനസ്സിലിട്ട് കുഴച്ചു മറിക്കുന്നു. ഈ ഭൂമിയില്‍ ഈശ്വരന്‍ ഒമ്പതു പ്രാവശ്യം അവതരിച്ചിട്ടുണ്ടെന്നു നാം പറയുന്നു. എന്നാല്‍ നിങ്ങളുടെ ചുറ്റിലും ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഈശ്വരന്‍റെ വരവു കൊണ്ട് എന്തെങ്കിലും പ്രത്യേക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?

ആരു വന്നാലും, ആരു പോയാലും നിങ്ങള്‍ വളരാന്‍ മുതിരാതെ ഇരിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തെ ആര്‍ക്കും മാറ്റാന്‍ സാധിക്കില്ല. മഹാന്മാര്‍ വന്നതു കൊണ്ടു മാത്രം പൂര്‍ണ്ണാവബോധം ഉണ്ടാകുമെന്നു പറയാന്‍ പറ്റില്ല. നിങ്ങള്‍ സ്വയം ആഗ്രഹിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ തന്നെ ജീവിക്കാന്‍ പഠിച്ചില്ലെങ്കില്‍ പത്താമത്തെ പ്രാവശ്യം ഈശ്വരന്‍ അവതരിച്ചാലും പ്രയോജനമില്ല, പതിനായിരം പ്രാവശ്യം മഹാന്മാര്‍ വന്നാലും പ്രയോജനമില്ല.

ദൈവത്തിനു വേണ്ടി കാത്തിരിക്കരുത്. ആരോ പറഞ്ഞിട്ടുപോയ വേദാന്തങ്ങളെ അങ്ങനെ തന്നെ വിശ്വസിക്കണ്ട. മഹാന്മാരെപ്പറ്റിയുള്ള ഗ്രന്ഥങ്ങളാണെങ്കിലും അവയെ ഒരു ചാലക ശക്തിയായി മാത്രം കരുതുക, അല്ലാതെ അവയൊക്കെ നിങ്ങളുടെ പഠനഗ്രന്ഥങ്ങളായി കരുതാതിരിക്കുക. അനാവശ്യമായി കൂട്ടിവയ്ക്കപ്പെട്ടിട്ടുള്ള ചവറുകളെ മാറ്റി വൃത്തിയാക്കിയാലേ അവിടെ നിധി സൂക്ഷിക്കാന്‍ പറ്റൂ. അറിയില്ല എന്നു പറഞ്ഞാല്‍ മാത്രമേ അഹങ്കാരം ഒഴിഞ്ഞു മാറി, അറിയാനുള്ള അവസരം ലഭിക്കുകയുള്ളൂ.