സദ്ഗുരു: - ഭാരതത്തിനു പുറത്തുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയെല്ലാം ധാരാളം ക്ഷേത്രങ്ങള്‍ കാണാറുണ്ട്, ഓരോ ക്ഷേത്രത്തിലും പല വിധത്തിലുള്ള മൂര്‍ത്തികളും ഉണ്ടാകാറുണ്ട്. ഈ ക്ഷേത്രങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് അതാതിടങ്ങളില്‍ പാര്‍ക്കുന്ന ഇന്ത്യക്കാര്‍ തന്നെ. സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളും, നഷ്ടബോധവുമായിരിക്കണം ഇതിന്‍റെ പുറകിലുള്ളത്. സ്വന്തം സംസ്‌കാരത്തിന്‍റെ ഒരു ഭാഗം അവിടേയും പ്രകടമാക്കണം എന്ന വികാരം. വലിയൊരു ക്ഷേത്രത്തില്‍ എല്ലാ ദേവീ- ദേവന്‍മാരും ഒരു സ്ഥലത്തു തന്നെ. അങ്ങനെയല്ല പുരാതന ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ പണിതിരുന്നത്.

വിവേകമതിയായ ഊര്‍ജ്ജം, വികാരപരമായ ബന്ധം

ഈശ്വരന് നിവേദനമര്‍പ്പിക്കാനുള്ള സ്ഥലമല്ല ക്ഷേത്രം. നമ്മുടെ സംസ്‌കാരത്തില്‍ അങ്ങനെയൊരു സമ്പ്രദായമേ ഇല്ല. നമ്മുടെ നിവേദനങ്ങള്‍ സ്വയം വായിക്കാനോ, മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചു കേള്‍ക്കാനോ ഉള്ള സംവിധാനമൊന്നും ദൈവത്തിന്‍റെ പക്കലില്ല. സാന്ദ്രമായ ഊര്‍ജ്ജത്തിന്‍റെ... ജ്ഞാനത്തിന്‍റെ ഉറവിടമാണ് ഓരോ ക്ഷേത്രവും. ഒരു പ്രത്യേക സ്ഥാനത്ത് ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഊര്‍ജ്ജം ഉത്പാദിച്ച് സംഭരിച്ചുവെക്കുക. പ്രതിഷ്ഠ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.

സാന്ദ്രമായ ഊര്‍ജ്ജത്തിന്‍റെ... ജ്ഞാനത്തിന്‍റെ ഉറവിടമാണ് ഓരോ ക്ഷേത്രവും. ഒരു പ്രത്യേക സ്ഥാനത്ത് ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഊര്‍ജ്ജം ഉത്പാദിച്ച് സംഭരിച്ചുവെക്കുക. പ്രതിഷ്ഠ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.

ആരംഭകാലത്ത് ക്ഷേത്രനിര്‍മ്മാണവും, പ്രതിഷ്ഠയും വളരെ ഗഹനമായ ഒരു ശാസ്ത്രത്തിന്‍റേയും അതുപോലെത്തന്നെ മഹത്വമേറിയ ഒരു സാങ്കേതികവിദ്യയുടേയും കൂടിച്ചേരലായിരുന്നു. എന്നാല്‍ ഇന്ന് അത് തികച്ചും വൈകാരികമായൊരു തലത്തിലേക്ക് വഴുതി വീണിരിക്കുന്നു. നിങ്ങളുടെ വികാരങ്ങള്‍ക്കു സ്ഥാനമില്ല എന്നല്ല അതിനര്‍ത്ഥം. തീര്‍ച്ചയായും അതിനു പ്രാധാന്യമുണ്ട്. കാരണം മനസ്സും വികാരവും ഒന്നാണ്. എവിടെ മനസ്സുണ്ടൊ അവിടെ വികാരമുണ്ടായിരിക്കും, അതുപോലെ തിരിച്ചും. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ടീച്ചര്‍ എന്താണ് പഠിപ്പിച്ചതെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഓര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടാകും അതുകൊണ്ടാണല്ലോ പരീക്ഷകള്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. അവനവന് താല്പര്യമില്ലാത്ത വിഷയങ്ങള്‍ ഓര്‍ത്തെടുക്കുക പ്രത്യേകിച്ചും പ്രയാസമുള്ള കാര്യമാണ്.

ആരോ നിങ്ങളുടെ മനസ്സില്‍ കയറിക്കൂടി എന്നു സങ്കല്‍പ്പിക്കാം. അതായത് നിങ്ങള്‍ ഒരാളെ പ്രണയിക്കാന്‍ തുടങ്ങി. അവന്‍/അവര്‍ പറയുന്ന ഓരോ വാക്കും നിങ്ങളുടെ ഓര്‍മ്മയില്‍ പറ്റിനില്‍ക്കും. അവര്‍ പറയുന്നതു ശുദ്ധ വിഡ്ഢിത്തമാകാം.... അര്‍ത്ഥമില്ലാത്ത കൊഞ്ചല്‍... എന്നാലും അതു നിങ്ങള്‍ മറക്കില്ല. കാരണം നിങ്ങള്‍ വൈകാരികമായി ആ വ്യക്തിയോട്, വാക്കുകളോട് ബന്ധപ്പെട്ടിരിക്കുന്നു.

ഇതുതന്നെയാണ് ആരാധനയുടെ സിദ്ധാന്തവും. നിങ്ങളുടെ മനസ്സില്‍ വികാരം മുറ്റി നില്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സും ഊര്‍ജ്ജവും. നിങ്ങള്‍ക്കു വൈകാരികമായി ബന്ധമുള്ള വ്യക്തിയിലേക്കോ വസ്തുവിലേക്കോ സ്വാഭാവികമായി ചെന്നു ചേരുന്നു. അതുകൊണ്ട് മനസ്സില്‍ ഭക്തി.... ആരാധന ഭാവമുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍, അത് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനോ അപേക്ഷിക്കാനോ ഉള്ള ഇടമല്ല. അത് അങ്ങേയറ്റം സാന്ദ്രമായ ജ്ഞാനശക്തിയുടെ സ്ഥാനമാണ്. നിങ്ങള്‍ അവിടെച്ചെന്ന് അതുമായി ബന്ധപ്പെടുമ്പോള്‍ അദൃശ്യമായ ഒരു ശക്തി പ്രഭാവം നിങ്ങള്‍ക്കു പകര്‍ന്നു കിട്ടുന്നു.

മാര്‍ഗ്ഗത്തില്‍ നിന്നുള്ള വ്യതിചലനം

ഓരോ ക്ഷേത്രവും ഓരോരോ മട്ടിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭയമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ഒരു പ്രത്യേകം ക്ഷേത്രത്തിലേക്കാണ് നിങ്ങള്‍ പോകേണ്ടത്. ഐശ്വര്യമാണ് വേണ്ടതെങ്കില്‍ അതിനായുള്ള ക്ഷേത്രത്തില്‍ പോകണം. ആത്മസാക്ഷാത്കാരമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനുമുണ്ട് വിശേഷിച്ചൊരു ക്ഷേത്രം. ജീവിതത്തിലുണ്ടാവുന്ന പ്രത്യേകം താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാന്‍ അതിനനുയോജ്യമായ ഉപകരണങ്ങള്‍.... എന്നാല്‍ കാലക്രമത്തില്‍ ആ സ്ഥിതിക്കു മാറ്റം വന്നു... എല്ലാം കുഴഞ്ഞുമറഞ്ഞു.

ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും അഞ്ച് അടിസ്ഥാനതത്വങ്ങളെ വശപ്പെടുത്താനായി അഞ്ചു വ്യത്യസ്ത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍ക്കായി അഞ്ചു ക്ഷേത്രങ്ങള്‍. ഈ അഞ്ച് ഊര്‍ജ്ജ കേന്ദ്രങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പം.

ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും അഞ്ച് അടിസ്ഥാനതത്വങ്ങളെ വശപ്പെടുത്താനായി അഞ്ചു വ്യത്യസ്ത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍ക്കായി അഞ്ചു ക്ഷേത്രങ്ങള്‍. ഈ അഞ്ച് ഊര്‍ജ്ജ കേന്ദ്രങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പം. ഈ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ യഥാവിധി നിര്‍വഹിച്ചാല്‍ അതാതു പ്രദേശത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും സമാധാനവും, ഐശ്വര്യവും കൈവരും എന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇന്ന് ഈ അഞ്ചു ക്ഷേത്രങ്ങളും വെവ്വേറെ സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. തമ്മില്‍ തമ്മില്‍ യാതൊരു വിധ ബന്ധവുമില്ലാത്ത വിധത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്. പഞ്ചഭൂതങ്ങള്‍ ഒരുമിച്ച് നമ്മുടെ ഉള്ളില്‍ വാഴുന്നു എന്നിരിക്കേ, പുറമേ അവര്‍ക്കു തമ്മില്‍ ബന്ധമൊന്നുമില്ലെന്നു വാദിക്കുന്നത് കേവലം ബുദ്ധിശൂന്യതയല്ലേ?

ഒരു കാറുണ്ടാകുന്നതുപോലെയാണ് ഇത്. നിങ്ങള്‍ തന്നെ ഓടിച്ചിരുന്ന കാലത്ത് നല്ല സുഖമായിരുന്നു. ഒരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ അടുത്ത തലമുറ ഏറ്റെടുത്തപ്പോള്‍... അഞ്ച് ആണ്‍മക്കളുണ്ടായിരുന്നു. നാലുപേര്‍ ഓരോരോ ചക്രമൂരിയെടുത്തു. അഞ്ചാമന്‍ സ്റ്റിയറിങ്ങ് വീലും കൈക്കലാക്കി. അതോടെ കാറ് എന്നൊന്നില്ലാതായി. എന്നാലും അഞ്ചുപേര്‍ക്കും ആശ്വാസം. കാറിന്‍റെ ഒരു ഭാഗം സ്വന്തം കൈയ്യിലുണ്ടല്ലൊ. തല്‍ക്കാലം ആ സ്ഥിതിയിലാണ് നമ്മളും. നമുക്ക് സ്വയം നിര്‍വഹിക്കാനാവാത്ത മഹത്തായ ഒരു ദൗത്യം നിര്‍വഹിക്കാനാണ് നമ്മുടെ പൂര്‍വീകന്‍മാര്‍ ആ ക്ഷേത്രങ്ങള്‍ പണിതത്. അവരുടെ മനസ്സില്‍ വിശേഷിച്ചൊരു സങ്കല്പമുണ്ടായിരുന്നു... എല്ലാവരും സുഖമായിരിക്കണം.

ഉപകരണത്തിന്‍റെ ശക്തി

മനുഷ്യരാശിയുടെ മുഴുവന്‍ നന്മക്കും വേണ്ടിയുള്ള ഒരു ഉപാധിയാണ് ക്ഷേത്രങ്ങള്‍. അവ വളരെയധികം ശക്തിയുള്ളതുമാണ്. മനുഷ്യനു സ്വന്തം താല്‍പര്യങ്ങള്‍ നേടാന്‍ വേണ്ടി പലതരം ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവുണ്ട്. പ്രധാനമായും ഈ ഒരു കഴിവാണ് മനുഷ്യനെ ഇതര ജീവികളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഈ കഴിവില്ലായിരുന്നുവെങ്കില്‍ ഒരു കൂട്ടം ഉറുമ്പുകള്‍ക്ക് മനുഷ്യനെ നിഷ്പ്രയാസം കീഴടക്കാന്‍ കഴിയുമായിരുന്നേനെ. മേശമേല്‍ പുറത്തേക്കുന്തി നില്‍ക്കുന്ന ഒരു സ്‌ക്രൂ ആണി. അതിനെ വെറും കൈയ്യോടെ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍.... അധികം കഴിയും മുമ്പേ പത്തു വിരല്‍ നഖങ്ങളും നിങ്ങള്‍ക്കു നഷ്ടപ്പെട്ടുവെന്നു വരാം. എന്നാലും ആണി ഊരി മാറ്റാനാവില്ല. പകരം ഒരു സ്‌ക്രൂ ഡ്രൈവര്‍ കൈയ്യില്‍ തന്നാലോ? എത്ര എളുപ്പത്തിലാണ് നിങ്ങള്‍ കാര്യം നടത്തുക. ഇതാണ് ഉപകരണങ്ങളുടെ ശക്തി.

സ്‌ക്രൂ ഡ്രൈവറും, പിക്കാക്‌സുമൊക്കെ വളരെ സാധാരണമായ ഉപകരണങ്ങളാണ്. അതിനേക്കാള്‍ എത്രയോ മടങ്ങ് പ്രവര്‍ത്തനശേഷിയുള്ളതും അതിസൂക്ഷ്മവുമായ എത്രയോ ഉപകരണങ്ങളുണ്ട്. ഭൗതിക ലോകത്തില്‍ അവ നമുക്ക് വിലമതിക്കാനാവാത്ത സഹായം ചെയ്യുന്നു. ഞാന്‍ പറഞ്ഞുവരുന്നത് ക്ഷേത്രങ്ങള്‍ എന്ന ഉപകരണങ്ങളെ കുറിച്ചാണ്. ഉപകരണങ്ങളായിത്തന്നെ നമ്മള്‍ അവയെ കണ്ടറിയണം... പ്രയോജനപ്പെടുത്തണം... നിര്‍ഭാഗ്യവശാല്‍ ക്ഷേത്രങ്ങള്‍ക്ക് ഇപ്പോള്‍ അവയുടെ യഥാര്‍ത്ഥ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. അടുത്ത തലമുറകള്‍ക്കുവേണ്ടിയെങ്കിലും കാലോചിതമായ ക്ഷേത്രങ്ങള്‍ സ്ഥാപിക്കണമെന്നാണ് എന്‍റെ ആഗ്രഹം. എല്ലാ മനുഷ്യര്‍ക്കും പ്രയോജനകരായ വിധത്തിലുള്ള, സ്ഥലകാല പ്രസക്തിയുള്ള ഉപകരണങ്ങള്‍. അങ്ങനെ മനുഷ്യര്‍ക്കെല്ലാവര്‍ക്കും സ്വസ്ഥവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ അവസരമുണ്ടാകണം.