सद्गुरु

ചുമതലകള്‍ക്ക് അതിരുകള്‍ ഇല്ല തന്നെ. പക്ഷെ പ്രവര്‍ത്തനത്തിന് പരിധിയുണ്ട്.

നിങ്ങളൊരു സൂപ്പര്‍മാനായിരുന്നാലും നിങ്ങളുടെ പ്രവര്‍ത്തനത്തിനു പരിധിയുണ്ട്. ചുമതലവേറെ, പ്രവൃത്തി വേറെ. ഈ വ്യത്യാസം മനസ്സിലാക്കാത്തവരാണ് ചുമതലയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പിരിമുറുക്കം കൊള്ളുന്നത്.

നിങ്ങളുടെ പ്രവര്‍ത്തനക്ഷമത സ്വന്തം കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ആ കഴിവുകള്‍ക്ക് ഒരു നിശ്ചിത പരിധിയുണ്ട്. നിങ്ങള്‍ക്ക് ഒരിക്കലും മറ്റൊരാളെപ്പോലെ പ്രവര്‍ത്തിക്കാനാവില്ല. കാരണം ഓരോരുത്തരുടെ കഴിവുകളും വ്യത്യസ്തങ്ങളാണ്. പ്രവര്‍ത്തനക്ഷമതക്ക് അടിസ്ഥാനമായി പല ഘടകങ്ങള്‍ ഉണ്ട്. നിങ്ങളുടെ ബുദ്ധി, ചുറ്റുപാടുകള്‍, സാമര്‍ത്ഥ്യം തുടങ്ങിയവയാണ് ആ ഘടകങ്ങള്‍. ഉത്തരവാദിത്വം നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ ഇഷ്ടപ്രകാരമല്ലേ, അതിനു തടസ്സങ്ങളൊന്നുമില്ലല്ലോ?

ചുമതല എന്നാല്‍ പ്രവൃത്തി എന്നു ധരിച്ചിരിക്കുന്നതുകൊണ്ടാണ് അതിത്ര ഭാരമുള്ളതായി തോന്നുന്നത്.
നിങ്ങളെക്കൊണ്ട് എല്ലാം ചെയ്യാനാവുമോ?പലപ്പോഴും ഒന്നും ചെയ്യാതിരിക്കുന്നതും ഒരു ചുമതലയല്ലേ.
പക്ഷെ പരിധികളില്ലാത്ത ചുമതലാബോധത്തോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ പ്രവൃത്തി സ്വാഭാവികമായിത്തന്നെ വികസ്വരമാവുന്നു; ഒരു രീതിയിലുള്ള മടിയോ, പരിഭ്രമമോ ഇല്ലാതെ.
റോഡില്‍ കളിച്ചുകൊണ്ടിരുന്ന സ്വന്തം കുഞ്ഞു വീണപ്പോള്‍ ഓടിപ്പോയി അതിനെ എടുത്ത് ആശ്ലേഷിച്ചപ്പോള്‍ മടിതോന്നിയോ? ഇല്ലല്ലോ? എന്നാല്‍ അയല്‍ക്കാരന്‍റെ കുട്ടി വീണപ്പോള്‍ ചിലര്‍ക്കുതോന്നി അതിനെ എടുക്കേണ്ടത് സ്വന്തം കടമയല്ല എന്ന്.


ഇത് എന്‍റെ ചുമതലയല്ല എന്നു കരുതുന്നവര്‍ തങ്ങളെക്കൊണ്ട് പറ്റുന്ന പ്രവൃത്തിപോലും ചെയ്യുകയില്ല.

ചുമതലാബോധം ഉണരുമ്പോള്‍ സന്ദര്‍ഭത്തിനനുസരിച്ച് ബുദ്ധിപൂര്‍വ്വം നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കും.ഇങ്ങനെ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. ചുമതലകളുടെ പരിധികള്‍നീക്കിക്കളഞ്ഞാല്‍ നിങ്ങളെക്കൊണ്ട് ആവുംവിധം നിങ്ങള്‍ പ്രവര്‍ത്തിക്കും. പറ്റാത്ത കാര്യങ്ങള്‍ ചെയ്യാനാവില്ല, ശരിതന്നെ. പക്ഷെ ചെയ്യാന്‍ പറ്റുന്നകാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കും. ഇത് എന്‍റെ ചുമതലയല്ല എന്നു കരുതുന്നവര്‍ തങ്ങളെക്കൊണ്ട് പറ്റുന്ന പ്രവൃത്തിപോലും ചെയ്യുകയില്ല. ഇത്തരക്കാര്‍ ജീവിച്ചിരുന്നിട്ടെന്തു കാര്യം?

ഇവിടെ പറഞ്ഞതൊന്നും നിങ്ങള്‍ വിശ്വസിക്കേണ്ടതില്ല. സ്വജീവിതത്തില്‍ പരീക്ഷിച്ചു നോക്കിയാല്‍ മാത്രം മതി.
"ഉത്തരവാദിത്വത്തിന് അതിരുകളില്ല", ഈ പറയുന്നത് ഒരു തത്വമോ, ഉപദേശമോ അല്ല, അടിസ്ഥാനമായ പരമാര്‍ത്ഥം തന്നെയാണ്. ഈ സത്യം നിങ്ങള്‍ക്കു സ്വയം പരീക്ഷിച്ചറിയാം. ഇതുശരിക്കുംപ്രാവര്‍ത്തികമാണോ അല്ലയോ എന്നു പരിശോധിക്കാം. പ്രാവര്‍ത്തികമാണെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുക. മറിച്ചാണെങ്കില്‍ ഉപേക്ഷിക്കാം.

ഇപ്പോള്‍ മുതല്‍ക്കുള്ള ഇരുപത്തിനാലു മണിക്കൂറുകള്‍ നിങ്ങള്‍ എവിടെയാണെങ്കിലും "എന്‍റെ ചുമതലകള്‍ക്ക് പരിധി ഇല്ല" എന്ന് അനുഭവപൂര്‍ണ്ണമായി ചിന്തിക്കുക. ഓരോ കാര്യങ്ങള്‍ക്കും വൈകാരികമായി, ഉള്ളുണര്‍വോടെ പ്രതികരിക്കുക.

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധയോടെ പ്രതികരിക്കുക, ശ്വസിക്കുന്ന കാറ്റിനും, വഴിയില്‍ കാണുന്ന മരത്തിനും, കുറുമ്പുകാട്ടുന്ന കുഞ്ഞിനും, എല്ലാറ്റിനും ഞാന്‍ തന്നെയാണ് ചുമതലക്കാരന്‍, അതുകൊണ്ട് എന്‍റെ ചുമതലകള്‍ക്ക് അതിരുകളില്ല എന്നു ചിന്തിക്കുക.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ നിങ്ങളില്‍ പല വ്യതിയാനങ്ങള്‍ വരുന്നു. ഇത്തരത്തില്‍ ചിന്തിച്ചു പല പ്രശ്നങ്ങളില്‍ നിന്നും രക്ഷപെട്ടവരെ എന്‍റെ അനുഭവത്തില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പരിശീലനം കൊണ്ടല്ല ഇപ്രകാരം സംഭവിച്ചത്. മാനസികമായും വൈകാരികമായും പരിധിയില്ലാത്ത ചുമതലകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനാവുമ്പോള്‍ അതിശയിക്കത്തക്ക മാറ്റങ്ങള്‍ ശരീരത്തിനും മനസ്സിനും സംഭവിക്കുന്നു. ഒരു സര്‍ജറിക്കായി തയ്യാറെടുപ്പു നടത്തിക്കൊണ്ടിരുന്നവര്‍ പോലും അതില്ലാതെ ശാരീരിക സൗഖ്യം ലഭിച്ച അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇപ്രകാരം നിങ്ങളുമൊന്നു ചിന്തിച്ചുനോക്കു. അപ്പോള്‍ നിങ്ങള്‍ക്കും സ്വന്തം അനുഭവത്തിലൂടെ അറിയാനാവും ഈ ചിന്തകൊണ്ട് എന്തെല്ലാം ഗുണകരമായ മാറ്റം ശരീരത്തില്‍ ഉണ്ടായെന്ന്. ഇത്തരം ചിന്ത ഉള്ളില്‍ ഉണര്‍ന്നു വളര്‍ന്നു നിറഞ്ഞു കഴിയുന്ന ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രക്തസമ്മര്‍ദ്ദം കുറയും, മനസമാധാനം കൂടും, സ്നേഹം പെരുകും, സന്തോഷവും ഒപ്പം വളരും. ഇതെല്ലാം നിങ്ങള്‍ക്ക് സ്വയം അനുഭവിച്ച് അറിയാനും ആവും.
ഇങ്ങനെ ഒരു അതിശയകരമായ സുഖജീവിതത്തിന്‍റെ അടിത്തളം ഉറപ്പിക്കാന്‍ ഇനി വൈകണ്ട.വരൂ.സ്വയം ഉണര്‍ന്ന്, വിടര്‍ന്നു വിലസൂ.

ജീവന്‍റെ ആധാരവേരുകള്‍

നിങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങളുടെയെല്ലാം ഉത്ഭവം നിങ്ങളില്‍ നിന്നാണ്. ഏതൊരനുഭവവും നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് രൂപം കൊള്ളുന്നത്. നിങ്ങളുടെ സ്നേഹത്തിന്‍റെ ബാഹ്യമായ അനുഭവങ്ങള്‍ പലരീതിയില്‍ രൂപംകൊണ്ടിരിക്കാം. പക്ഷെ ഈ സ്നേഹത്തിന്‍റെ അടിവേരുകള്‍ നിങ്ങളില്‍ തന്നെയാണ്. അതുപോലെ തന്നെ സ്വന്തം സ്വസ്ഥതയുടെ ആധാര രൂപവും നിങ്ങളുടെ അന്തര്‍ഗതത്തില്‍ നിന്നുതന്നെയാണ് പുറപ്പെടുന്നത്. നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യവും ഇപ്രകാരം തന്നെയാണ്. സന്തോഷത്തിന്‍റെ ഉറവിടവും സ്വന്തം ഉള്ളില്‍നിന്നു തന്നെയാണ് ഊറ്റെടുക്കുന്നത്. ഇങ്ങനെവരുമ്പോള്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ആകെയുള്ള പരിണാമ പരിമാണങ്ങളുടെ അടിവേരുകളും നിങ്ങളില്‍നിന്നു തന്നെയാണ് മുളപൊട്ടുന്നത് എന്ന് അറിയാനാവും.