ചിന്തകളുടെ ഉറവിടം

 

ഇത്തവണ സദ്ഗുരു സംസാരിക്കുന്നത് ചിന്തകളുടെ ഉത്ഭവത്തേയും, നിലനില്‍പ്പിനേയും, പരിണാമത്തേയും കുറിച്ചാണ്:

ചോദ്യം : സദഗുരോ! ചിന്തകള്‍ പൊട്ടിപ്പുറപ്പെടുന്നത് എവിടെനിന്നാണ്?

സദ്ഗുരു : ചിന്തകളുടെ ഉറവിടം എന്നു പറയുന്നത്, പഞ്ചേന്ദ്രിയങ്ങളിലൂടെ നിങ്ങളിലെത്തിച്ചേരുന്ന അറിവുകളുടെ സഞ്ചയം തന്നെയാണ്. എന്നാല്‍ അതെന്താണെന്ന് ചോദിച്ചാല്‍, ഓരോ ചിന്തയും ഓരോ സ്പന്ദനമാണെന്നായിരിക്കും ഉത്തരം. അതിന് നമുക്ക് ഇഷ്ടമുള്ള രൂപം നല്‍കാം. ആ സ്പന്ദനങ്ങള്‍ ഇടവിടാതെ തുടരുമ്പോള്‍ ആ പ്രക്രിയക്കും ആക്കം കൂടുന്നു. ധ്യാനത്തിലൂടെ ആ സ്പന്ദനങ്ങളെ ഒതുക്കാനും, നിശ്ചലമാക്കാനും സാധിക്കും. ഇന്ന്‍ നമ്മള്‍ ചിന്ത എന്നു മനസ്സിലാക്കുന്നത്, പരിണാമത്തിന്റെ താഴേ തലത്തില്‍ വെറും ജന്മസാസന മാത്രമായിരിക്കും. യഥാര്‍ത്ഥത്തില്‍ ചിന്തയും ജന്മവാസനയും ഒന്നല്ല. ചിന്തയേക്കാള്‍ വ്യക്തത കൂടുതലുള്ളത് ജന്മ വാസനയിലാണ്.

ഏതുവഴിക്കും ചിന്തകള്‍ കടന്നുവരാം, അതിനു കൃത്യമായ ഒരു അടിസ്ഥാനമില്ല, ചിലപ്പോള്‍ പരസ്പര വിരുദ്ധമായിട്ടുള്ളതും ആകാം. എന്നാല്‍ ജന്മ വാസന അങ്ങനെയല്ല, അതിനു കൃത്യമായ സ്വഭാവമുണ്ട്. പരിണാമത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന ജീവികളെ നോക്കൂ - സ്വന്തം കാര്യം വേണ്ടവിധം നോക്കാന്‍ മനുഷ്യരേക്കാള്‍ അവയ്ക്ക് മിടുക്കും കഴിവും കൂടും, കാരണം അവയുടെ ജന്മവാസനയുമായി ഇഴചേര്‍ന്നു പോകുന്നതാണ് അവയുടെ സ്പന്ദനവും. അവയെ സംബദ്ധിച്ചിടത്തോളം ആത്മരക്ഷക്കാണ് ഏറ്റവും കൂടുതല്‍ മുന്‍‌തൂക്കം. ഏറ്റവും ചെറിയ പുഴുവിനുപോലും അതിനു പോകേണ്ട വഴിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്, കാരണം അതു അതിന്റെ ജന്മവാസനയെ ബലമായി പിന്തുടരുന്നു.


പരിണാമത്തിനിടയില്‍ ജീവജാലങ്ങളുടെ രൂപത്തില്‍ വന്ന മാറ്റങ്ങളോടോപ്പം അവയുടെ ജന്മവാസനകളിലും മാറ്റം സംഭവിച്ചു. അങ്ങനെയാണ് ജന്മവാസനകളില്‍ നിന്നും ചിന്തകള്‍ പരിണമിച്ചത്.

ജന്മവാസന ചിന്തയുടെ മൂലരൂപമാണെന്ന് പറയാം. ജന്മവാസനയില്‍നിന്നും മേലെയാണ് ചിന്തയുടെ സ്ഥാനമെന്നും ഉറപ്പിക്കാം. അതു നിങ്ങളുടെ ഇഷ്ടം. ഒരു കാര്യം തീര്‍ച്ച - ജന്മവാസനക്ക് ഒരു നിശ്ചിത പരിധിയുണ്ട്. തൊട്ട ചുറ്റുവട്ടത്തെ മാത്രമേ അത് കണക്കിലെടുക്കുന്നുന്നുള്ളൂ. ചിന്തകള്‍ക്ക് പരിധിയില്ല. എന്തിലും ഏതിലും അവ ചെന്നെത്തും. ഏതു ലോകത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം. അതുകൊണ്ടാണല്ലോ നമ്മളെ ഒരുതരത്തിലും ബാധിക്കാത്ത പല അസംബന്ധങ്ങളും നമ്മുടെ ചിന്തക്ക് വിഷയമാകുന്നത്. സ്വര്‍ഗ്ഗവും നരകവും നമ്മുടെ ചിന്തകളില്‍ കടന്നുവരുന്നു. ഒരായിരം കൊല്ലങ്ങള്‍ക്ക് മുമ്പും ഒരായിരം കൊല്ലം കഴിഞ്ഞും ഉള്ള കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നു. ചിന്തകള്‍ ഏതു വഴി തിരിയുമെന്നു ആര്‍ക്കും പറയാനാവില്ല.

പരിണാമത്തിനിടയില്‍ ജീവജാലങ്ങളുടെ രൂപത്തില്‍ വന്ന മാറ്റങ്ങളോടോപ്പം അവയുടെ ജന്മവാസനകളിലും മാറ്റം സംഭവിച്ചു. അങ്ങനെയാണ് ജന്മവാസനകളില്‍ നിന്നും ചിന്തകള്‍ പരിണമിച്ചത്. ചിന്ത ഒരു സ്വാതന്ത്ര്യമാണ്. ജീവിതത്തെ കൂടുതലറിയാന്‍ അത് അവസരമൊരുക്കുന്നു. അതേ സമയം മനുഷ്യമനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ചിന്തകള്‍ കാരണമാകുന്നു. ചിന്തകളുടെ ഗതി നിയന്ത്രിക്കാനാവാത്തതാണ് പലപ്പോഴും ദുഃഖങ്ങള്‍ക്ക് ഇടവരുത്തുന്നത്. ജന്മവാസനയെ മാത്രമാണ് ആശ്രയിക്കുന്നത് എങ്കില്‍ ഏതു വഴി, എങ്ങനെ പോകണം എന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ജീവിതം വളരെ ലളിതമായിരിക്കും, എന്നാല്‍ പരിമിതവുമായിരിക്കും. ആത്മരക്ഷക്കപ്പുറത്തേക്ക് മനസ്സ് കടന്നുകയറുകയില്ല.

ജന്മവാസനകള്‍ ചിന്തകളായി രൂപാന്തരം പ്രാപിച്ചതിനുശേഷം, ചിന്തകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകാന്‍ തുടങ്ങി. അതോടെ എല്ലാ തരത്തിലുള്ള സംഘര്‍ഷങ്ങളും ജിവിതത്തില്‍ സ്ഥാനം പിടിച്ചു, കാരണം ചിന്തകള്‍ താനേ പൊട്ടിമുളക്കുന്നതാണ്, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഉണ്ടാകുന്നതല്ല. ചുറ്റുപാടുകളില്‍നിന്നും നമ്മുടെ ഉള്ളിലേക്ക് എത്തിച്ചേരുന്ന അറിവുകളാണ് ചിന്തകള്‍ക്കാധാരം. ചിന്തകള്‍ പലര്‍ക്കും ഒരു പ്രശ്നമായിത്തീരുന്നത്,അവ വെറും സ്പന്ദനങ്ങള്‍ ആണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ്. ആ ചിന്തകള്‍ പല ഭാവരൂപങ്ങള്‍ കൈകൊള്ളുന്നു. നമ്മളറിയാതെ അവയുടെ പിടിയില്‍ പെട്ടുപോവുകയും ചെയ്യുന്നു. ബോധപൂര്‍വം ശ്രമിച്ചാല്‍ അവയെ വെറും സ്പന്ദനങ്ങളായി മാത്രം കാണാന്‍ കഴിയും.... ഒന്നിനുപുറകെ ഒന്നായി അതിന്റെ വഴിയെ അത് വന്നുപോയ്ക്കൊള്ളും. നമ്മള്‍ അതില്‍ ഇടപെടേണ്ടതില്ല.


മനുഷ്യന്റെ ദുരിതങ്ങള്‍ക്ക് പ്രധാന കാരണം അവന്റെ ചിന്തകള്‍ ശരിയായ വഴിക്ക് തിരിയുന്നില്ല എന്നതാണ്.

ശൂന്യധ്യാനം ഇതാണ് ലക്ഷ്യമാക്കുന്നത്. നിങ്ങളിലെ സ്പന്ദനങ്ങള്‍ നിലച്ചു എന്നതിനര്‍ത്ഥമില്ല, നിങ്ങള്‍ അതുമായി ഇടപെടുന്നില്ല എന്നു ധരിച്ചാല്‍ മതി. അതിന്റെ രൂപഭാവങ്ങളില്‍ പെടാതെ സ്വന്തം മനസ്സ് ഒഴിഞ്ഞുനില്‍ക്കുന്നു. അതിന് സാധിച്ചാല്‍ത്തന്നെ അത് വലിയൊരു സ്വാതന്ത്ര്യമാണ്. അങ്ങനെ നിങ്ങള്‍ക്ക് മനസ്സിന്റെ പഴയകാല ശേഷിപ്പുകളില്‍നിന്നും മോചനം നേടാം. ആദ്ധ്യാത്മഭാഷയില്‍ പറയുകയാണെങ്കില്‍ അത് നിങ്ങളെ കര്‍മബന്ധങ്ങളില്‍ നിന്നും മുക്തനാക്കുന്നു. കാരണം, നിങ്ങള്‍ ചിന്തകളുമായി ഒട്ടിപ്പിടിക്കുന്നില്ല, അവയുടെ വഴിയെ സഞ്ചരിക്കുന്നില്ല. നിങ്ങള്‍ സ്വയം ഒരു സാക്ഷി മാത്രമാണ്.

ഈശയുടെ ലക്ഷ്യംതന്നെ ഇതാണ് - ഇശായോഗത്തിലൂടെ ചിന്തകളുടെ വഴിയില്‍നിന്നും ഒഴിഞ്ഞുമാറി സഞ്ചരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുക, സ്പന്ദനങ്ങള്‍ക്ക് അര്‍ത്ഥവും രൂപവും നല്‍കി അവയുമായി ഒട്ടാതിരിക്കാന്‍ നിങ്ങളെ പരിശീലിപ്പിക്കുക. നിങ്ങളുടെ ഒരു ചിന്ത ഒരു സ്പന്ദനമാണ്. കുറച്ചുകൂടി കടന്നു ചിന്തിച്ചാല്‍, നിങ്ങളുടെ 'ഞാന്‍' എന്ന വിചാരവും ഒരു സ്പന്ദനം മാത്രമാണ്. ജീവിതം തന്നേയും ഒരു സ്പന്ദനമാണ്. ആധുനീക ഭൌതീക ശാസ്ത്രവും തെളിയിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെ - ഊര്‍ജത്തിന്റെ പ്രത്യേക രീതിയിലുള്ള ഒരു സ്പന്ദനമാണ്ഈ പ്രപഞ്ചം. പ്രപഞ്ചത്തിന്റെ തന്നെ പലവിധ സ്പന്ദനങ്ങളാണ് ഉടലായും, വിചാരവികാരങ്ങളായും, മറ്റെല്ലാമായും രൂപപ്പെട്ടിട്ടുള്ളത്. മനുഷ്യരില്‍ ഈ സ്പന്ദനങ്ങള്‍ കേവലം ജന്മവാസന എന്ന നിലയില്‍നിന്നും ചിന്തകളായി പരിണാമം പ്രാപിച്ചിരിക്കുന്നു. അത് മനുഷ്യന് ജീവിതത്തെ ആഴത്തിലറിയാനുള്ള അധിക സ്വാതന്ത്ര്യം അനുവദിച്ചു തരുന്നു. എന്നാല്‍ ചിന്തകളെ ബോധപൂര്‍വം മനസ്സിലാക്കിയില്ലെങ്കില്‍ അവ ജീവിതത്തിന്റെ സുഖവും സ്വസ്ഥതയും നഷ്ടപ്പെടുത്തുകയും ചെയ്യും. മനുഷ്യന്റെ ദുരിതങ്ങള്‍ക്ക് പ്രധാന കാരണം അവന്റെ ചിന്തകള്‍ ശരിയായ വഴിക്ക് തിരിയുന്നില്ല എന്നതാണ്.