ചിന്തകള്‍ സ്പര്‍ശിക്കാത്ത ജ്ഞാനം
അറിവും ‘അറിയലു’മായി ഒന്നു വേര്‍തിരിക്കാം. അറിവെന്നതു സ്വരൂപിച്ച വിവരങ്ങളാണ്. വിവരങ്ങളെല്ലാം തന്നെ വാഴ്‌വിന്‍റെ ഭൗതിക തലവുമായി മാത്രം ബന്ധപ്പെട്ടതാണു താനും. എന്നാല്‍ അറിയല്‍ എന്നതു സജീവമായ ബുദ്ധിയാകുന്നു.
 
 

നിങ്ങള്‍ എപ്പോഴെങ്കിലും ഒരു തേനീച്ചക്കൂടു സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുണ്ടോ! ലോകത്തിലെ എത്ര ഉന്നതനിലവാരത്തിലുള്ള എന്‍ജിനിയറിങ്ങ് പഠിച്ചാലും പിന്നെയും കാണും ഒരു തേനീച്ചക്കൂട്ടില്‍നിന്നു പുതിയതെന്തെങ്കിലും അറിയാന്‍. എത്ര വിസ്മയകരമായ നിര്‍മിതി! നിങ്ങള്‍ക്കു സങ്കല്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച പാര്‍പ്പിടസമുച്ചയമാണത്. അതീവ കൃത്യതയോടെ ഡിസൈന്‍ ചെയ്തു പണികഴിച്ചത്. മികച്ച പ്രയോജനക്ഷമതയും കരുത്തുമുണ്ട് അതിന്. ഏതെങ്കിലും കാലാവസ്ഥയില്‍ ഒരു തേനിച്ചക്കൂട് മരത്തില്‍നിന്ന് അടര്‍ന്നുവീഴുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഇത്ര വിശിഷ്ടമായ നിര്‍മ്മിതിക്കു വേണ്ട എന്‍ജിനിയറിങ് പ്ലാന്‍ തേനീച്ചയുടെ ബുദ്ധിയിലുണ്ടോ? ഇല്ല. ഈ പ്ലാന്‍ അവയുടെ ഉടലിലാണ്. ഈ കൂടിന്‍റെ നിര്‍മ്മാണപദ്ധതിയുടെ പ്രാഥമികരൂപരേഖ (ബ്‌ളൂപ്രിന്‍റ്) അവയുടെ ശരീരഘടനയില്‍ മുദ്രണം ചെയ്തിരിക്കുന്നതിനാല്‍ എന്താണു ചെയ്യേണ്ടതെന്ന് അവയ്ക്കു കൃത്യമായറിയാം. ആത്മീയജ്ഞാനം അഥവാ അറിയല്‍ എന്നതും എപ്പോഴും ഈ വിധത്തിലാണു സംവേദനം ചെയ്തു വരുന്നത്. ചിന്ത കൊണ്ടോ വാക്കുകൊണ്ടോ അല്ല, കൂടു നിര്‍മിക്കുന്നതെങ്ങനെ എന്ന അറിവ്, തേനീച്ചകള്‍ തലമുറകളിലേക്ക് ഏതുവിധം പകര്‍ന്നുകൊടുക്കുന്നുവോ അതേവിധം ഈ അറിയല്‍ ഉള്ളിലേക്കു ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍- അഥവാ സംവേദനം ചെയ്തുകഴിഞ്ഞാല്‍- പിന്നെ അറിയേണ്ടതൊക്കെയും ഉള്ളില്‍ ആയിക്കഴിയുന്നു. കംപ്യൂട്ടറിലേക്ക് ഒരു പ്രത്യേകതരം സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, അത് എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്ന വിശദമായ അറിവു നമുക്കില്ല. സോഫ്റ്റ്‌വെയറില്‍ എഴുതപ്പെട്ടിരിക്കുന്ന ഓരോ വാക്കും നാം മനസ്സിലാക്കേണ്ടതില്ല. ഒരു കീ അമര്‍ത്തുമ്പോള്‍ ഒരുതരത്തിലുള്ള ഫലം സ്‌ക്രീനില്‍ ഉണ്ടാകുന്നു; മറ്റൊരു കീ കൊണ്ട് മറ്റൊരു ഫലം. പെട്ടെന്നു നിങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസം കാണുന്നു. അറിവും 'അറിയലു'മായി ഒന്നു വേര്‍തിരിക്കാം. അറിവെന്നതു സ്വരൂപിച്ച വിവരങ്ങളാണ്. വിവരങ്ങളെല്ലാം തന്നെ വാഴ്‌വിന്‍റെ ഭൗതിക തലവുമായി മാത്രം ബന്ധപ്പെട്ടതാണു താനും. എന്നാല്‍ അറിയല്‍ എന്നതു സജീവമായ ബുദ്ധിയാകുന്നു. നിങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതുണ്ട്. നിങ്ങള്‍ക്ക് ഒന്നുകില്‍ അതിലുള്‍പ്പെടാം; അല്ലെങ്കില്‍ അതിനു പുറത്താകാം. അതുമാത്രമേ നിങ്ങള്‍ക്കു തിരഞ്ഞടുക്കാന്‍ കഴിയൂ.

മനുഷ്യ മസ്തിഷ്‌കത്തെപ്പോലും അതിന്‍റെ മഹത്തായ സങ്കീര്‍ണതകളോടും പൂര്‍ണശേഷിയോടും കൂടി സഷ്ടിച്ചെടുക്കുന്ന എന്തോ ഒന്നു നിങ്ങള്‍ക്കുള്ളിലുണ്ട്. ആ 'എന്തോ ഒന്ന്', തികച്ചും വ്യത്യസ്തമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്.

മുന്‍പു പറഞ്ഞതുപോലെ, കഴിക്കുന്ന ഭക്ഷണത്തെ സ്വന്തം ശരീരത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ കെല്പുള്ള ഒരു സഹജമായ ബുദ്ധി നിങ്ങള്‍ക്കുള്ളിലുണ്ട്. മനുഷ്യമസ്തിഷ്‌കമെന്ന അതിവിശിഷ്ടമായ ഉപകരണമുള്‍പ്പെടെ എല്ലാം സൃഷ്ടിച്ചത് ഈ ബുദ്ധിയാകുന്നു. മസ്തിഷ്‌കത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ അതാണു ബുദ്ധി എന്നു കരുതുന്നു. മനുഷ്യ മസ്തിഷ്‌കത്തെപ്പോലും അതിന്‍റെ മഹത്തായ സങ്കീര്‍ണതകളോടും പൂര്‍ണശേഷിയോടും കൂടി സഷ്ടിച്ചെടുക്കുന്ന എന്തോ ഒന്നു നിങ്ങള്‍ക്കുള്ളിലുണ്ട്. ആ 'എന്തോ ഒന്ന്', തികച്ചും വ്യത്യസ്തമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ഞാന്‍ ചിന്തിക്കുന്നത് എന്‍റെ മസ്തിഷ്‌കം കൊണ്ടല്ല, ശരീരത്തിലെ ഓരോ കോശം കൊണ്ടുമാണ്. ഇത് എന്‍റെ ചിന്താപ്രക്രിയയെ മൗലികവും തടസ്സമില്ലാത്തതും സമഗ്രവുമാക്കുന്നു. അതില്‍ വലിയൊരളവിലുള്ള ഏകീകരണമുണ്ട്. കാരണം, അതില്‍ ഞാന്‍ പൂര്‍ണമായുമുണ്ട്. എന്‍റെ മനസ്സില്‍ അധികം ചിന്തകളൊന്നുമില്ല, ചിന്തിക്കണമെന്നു ഞാന്‍ തീരുമാനിച്ചാല്‍ ചിന്തിക്കുമെന്നേയുള്ളൂ.

ഈ വാഴ്‌വില്‍ ഒന്നുംതന്നെ ഒരിക്കലും അസ്ഥാനത്തായിട്ടില്ല. മനുഷ്യസമൂഹത്തില്‍ മാത്രമേ പലതും അസ്ഥാനത്താകുന്നുള്ളു. ജീവന്‍റെ ഈ അംശവും ആ അംശവും തമ്മില്‍ താരതമ്യമുണ്ടാകാം. . എന്നാല്‍ സര്‍വജീവനും ആധാരമായ ആ മഹാബുദ്ധിക്കു താരതമ്യപ്പെടുത്തലില്ല; അതിനുള്ള സാഹചര്യമില്ല, കാരണം അവിടെ മറ്റൊന്നില്ല. ഇതു സ്ഥാനത്താണോ അസ്ഥാനത്താണോ എന്നു പറയാനാവില്ല. കാരണം, അത് എപ്പോഴും സ്വസ്ഥാനത്താണ്. അതിനങ്ങനെയാകാതെ വേറെ വഴിയില്ല.

യോഗയുടെ ഉദ്യമം ഇതു മാത്രമാണ്: ഈ കൊച്ചു മസ്തിഷ്‌കത്തിലടങ്ങുന്ന വിവരങ്ങളില്‍ നിന്നു ബുദ്ധിയുടെ പ്രപഞ്ചത്തിലേക്കു നീങ്ങുക. മനുഷ്യമസ്തിഷ്‌കത്തിന്‍റെ പരിമിതിയെ, അപാരമായ അറിയലിന്‍റെ പ്രപഞ്ചത്തെക്കാള്‍ സ്വീകാര്യമാക്കുമ്പോള്‍ മനുഷ്യര്‍ എത്ര പരിതാപകരമായ തീരുമാനമാണ് കൈക്കൊള്ളുന്നത്!

 
 
 
  0 Comments
 
 
Login / to join the conversation1