അടുത്ത തലമുറയ്ക്കായി നമുക്ക് വിട്ടിട്ടു പോകാൻ കഴിയുന്ന ഏറ്റവും വിലയേറിയ കാര്യം വ്യാപാരമോ പണമോ സ്വർണ്ണമോ അല്ല. അടുത്ത തലമുറയ്ക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പട്ട കാര്യം സമ്പന്നമായ ഭൂമിയും ഒഴുകുന്ന നദികളുമാണ്.

 

ഈ രണ്ട് വശങ്ങൾക്കും, മരങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. മണ്ണ് സമൃദ്ധമായിരിക്കണമെങ്കിൽ രണ്ട് ഉറവിടങ്ങൾ മാത്രമേയുള്ളൂ: മരങ്ങളിൽ നിന്നുള്ള ഇലകൾ, മൃഗങ്ങളുടെ മാലിന്യങ്ങൾ. മരങ്ങൾ വളരെക്കാലം മുമ്പേ നഷ്ടമായി മൃഗങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്നു . അപ്പോൾ നാം ഏത് വസ്തുവാലാണ് മണ്ണിനെ സമ്പുഷ്ടമാക്കാൻ പോകുന്നത്? മരങ്ങളും മൃഗങ്ങളും ഇല്ലാതെ, ശരിക്കും ഒരു പരിഹാരവുമില്ല.

 

അതുപോലെ തന്നെ വെള്ളത്തിന്റെ കാര്യത്തിൽ മിക്ക ആളുകളുടെയും മനസ്സിലുള്ള തെറ്റിദ്ധാരണ, ഒരു നദി ജലസ്രോതസ്സാണ് എന്നതാണ്. അല്ല, ഒരു ഉഷ്ണമേഖലാ രാജ്യത്ത്, ഒരു നദിയോ കുളമോ തടാകമോ ജലസ്രോതസ്സല്ല, അത് ജലത്തിന്റെ ലക്ഷ്യസ്ഥാനമാണ്. ഒരേയൊരു ജലസ്രോതസ്സ് മാത്രമേയുള്ളൂ, അത് കാലവർഷത്തെ മഴയാണ്.

 

കാർഷികവനവത്കരണം, ജലവും മണ്ണും പുനരുജ്ജീവിപ്പിക്കാൻ.

 

മൃഗങ്ങളെയും മരങ്ങളെയും ഭൂമിയിൽ തിരികെ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ ദശകത്തിൽ ഞങ്ങൾ ഒരു നിശ്ചിത തോതിൽ നടപ്പിലാക്കി വരുന്ന കാര്യമാണിത്. പരമ്പരാഗത വിളകളിൽ നിന്ന് കാർഷികവനവത്കരണത്തിലേക്കു മാറുന്നതിന് 69,760 കർഷകരെ ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്.

 

പരമ്പരാഗത വിളകൾക്കൊപ്പം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതിയാണ് കാർഷിക വനവത്കരണം . ഇത് മണ്ണിന്റെയും ജലത്തിന്റെയും അവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല, കർഷകന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു. അവരുടെ വരുമാനം അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ മൂന്ന് മുതൽ എട്ട് മടങ്ങ് വരെ വർദ്ധിക്കും.

 

83,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാവേരി തടത്തിൽ കാർഷിക വനവത്കരണം കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഭൂമിയുടെ മൂന്നിലൊന്ന് വൃക്ഷത്തിന്റെ തണലിൽ ആയാൽ , കാവേരി തീർച്ചയായും ഒഴുകും, കാരണം നട്ടുപിടിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും പ്രതിവർഷം 3800 ലിറ്റർ വെള്ളം മണ്ണിൽ നിലനിർത്താൻ കഴിയുമെന്നാണ് വസ്തുതകൾ പറയുന്നത്.

എന്ത് മരങ്ങൾ നടണം?

 

മൂന്നര വർഷം, ഏഴ് വർഷം, പന്ത്രണ്ട് വർഷം, പതിനഞ്ച് വർഷം എന്നിങ്ങനെ വിവിധ ഇനം മരങ്ങൾ വിവിധ ഘട്ടങ്ങളിൽ വിളവെടുക്കാൻ അനുവദിക്കുന്ന ഒരു രീതി കാർഷിക വനവത്കരണത്തിന് ഉണ്ട്. ഞങ്ങളുടെ കാർഷിക വനവത്കരണമാതൃകയിൽ , സാമ്പത്തികമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത ഇനങ്ങളെ ഞങ്ങൾ ഉപേക്ഷിച്ചു. ഈ പ്രദേശത്ത് വളരുന്ന തദ്ദേശീയ ഇനങ്ങളെ തിരഞ്ഞെടുക്കുന്നതിലും ഞങ്ങൾ ശ്രദ്ദിച്ചിട്ടുണ്ട് .

 

ഞങ്ങൾ ഈ ശ്രദ്ധ കൊടുത്തതിനു കാരണം ,ഉദാഹരണത്തിന് കേരളത്തിലെ വയനാട് പ്രദേശത്ത് നിരവധി കർഷകർ യൂക്കാലിപ്റ്റസ് മരങ്ങൾ നട്ടുപിടിപ്പിച്ചു. യൂക്കാലിപ്റ്റസ് ഭൂമിക്ക് വലിയ നാശനഷ്ടമുണ്ടാക്കുന്നു. അതിനാൽ, ഭൂമിയുമായി നന്നായി പോകുന്ന ഇനങ്ങൾ മാത്രമാണ് ഞങ്ങളുടെ ശുപാർശകളുടെ ഭാഗമെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

 

കാർഷിക വനവത്കരണം ഒരു വനത്തോളം മികച്ചതല്ല, അത് ഒരിക്കലും ആകാൻ പോകുന്നില്ല . കൃഷിക്കാരനോട് തന്റെ ഭൂമി ഒരു വനമാക്കി മാറ്റാൻ പറയാൻ നിങ്ങൾക്ക് കഴിയില്ല, കാരണം അത് അയാളുടെ ഉപജീവനമാർഗമാണ്. എന്നാൽ പരമ്പരാഗത വിളകൾക്കായി ചെയ്യേണ്ടി വരുന്ന ഓരോ മൂന്നുമാസം കൂടുമ്പോഴും ഭൂമി ഉഴുന്നതിനേക്കാൾ കാർഷികവനവത്കരണം ആണ്‌ കൃഷിക്കാരന് നല്ലത് .

 

കാർഷിക വനവത്കരണം എന്നത് പരസ്പരം പ്രയോജനം ചെയ്യുന്ന വ്യത്യസ്ത ഇനം വളർത്തുന്നതിനുള്ള വളരെ സങ്കീർണ്ണമായ മാർഗ്ഗമാണ്. വ്യക്തിഗത കൃഷിക്കാർ കാർഷികവനവത്കരണം നടത്തിയാൽ , അവരുടെ ഭൂമി പത്ത് ഏക്കറിലധികം ആണെങ്കിൽ, നമുക്ക് അത് കൂടുതൽ സങ്കീർണ്ണമായ രീതിയിൽ ചെയ്യാൻ കഴിയും. ഭൂമി ഒന്ന് മുതൽ മൂന്ന് ഏക്കർ വരെയാണെങ്കിൽ വളരെയധികം സങ്കീർണ്ണത സാധ്യമല്ല. നിങ്ങൾ ഇത് കുറച്ചുകൂടി ലളിതമായി ചെയ്യണം, പക്ഷെ അതു നടത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമല്ല ഇത്. എന്നാൽ നിങ്ങൾ ആദർശത്തിനായി നോക്കുകയാണെങ്കിൽ, നിങ്ങൾ ഒരിക്കലും ഒന്നും ചെയ്യില്ല. ഇത് ഇപ്പോൾ നടത്താൻ പറ്റുന്ന രീതിയിൽ നിങ്ങൾ അത് ചെയ്യണം. അല്ലാത്തപക്ഷം ഒന്നും സംഭവിക്കില്ല, നമ്മൾ അതിനെക്കുറിച്ച് എന്നെന്നേക്കുമായി വെറുതെ സംസാരിച്ച്‌ കൊണ്ടിരിക്കും. പദ്ധതി

 

കാവേരി തടത്തിൽ 242 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഇപ്പോൾ ഞങ്ങൾ കർഷകരെ പിന്തുണയ്ക്കുന്നു. കർഷകർ ഇത് ഒരു സാമ്പത്തിക പ്രവർത്തനമായി ഏറ്റെടുക്കാൻ പോകുന്നു. ആളുകൾ നൽകിയ സംഭാവനകളിൽ നിന്നാണ് തൈകൾ വരാൻ പോകുന്നത് - ഇവിടെയാണ് ഞങ്ങൾക്ക് ആളുകളുടെ പിന്തുണ ആവശ്യമുള്ളത്.

 

ഇതുകൂടാതെ, ഒരു കർഷകനെ സാധാരണ മൂന്നോ നാലോ മാസത്തെ വിളവെടുപ്പിൽ നിന്ന് വൃക്ഷാധിഷ്ഠിത വിളകളിലേക്ക് മാറ്റാൻ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, ഇത് ദീർഘകാല നിക്ഷേപമാണ്. കൃഷിക്കാർ സ്വയം കൊല്ലുകയോ കടക്കെണിയിൽ അകപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഇൻഷുറൻസാണിത്. എൺപത്തിമൂന്ന് ശതമാനം തമിഴ്‌നാട് കർഷകരും കടത്തിലാണ്. കർണാടകയിൽ എഴുപത്തിയേഴ് ശതമാനവും കടത്തിലാണ്. അവരിൽ ഭൂരിഭാഗത്തിനും അവർ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ മാർഗമില്ല. അതുകൊണ്ടാണ് എല്ലാവരും വായ്പ എഴുതിത്തള്ളലിനെക്കുറിച്ച് സംസാരിക്കുന്നത്.

 

വാസ്തവത്തിൽ, വായ്പ എഴുതിത്തള്ളൽ നമുക്കെതിരായി പ്രവർത്തിക്കും, കാരണം വായ്പ എഴുതിത്തള്ളിയാൽ, അടുത്ത തവണ ഒരു കർഷകന് വായ്പ ആവശ്യമായി വരുമ്പോൾ, ഒരു ബാങ്കും അദ്ദേഹത്തിന് വായ്പ നൽകാൻ പോകുന്നില്ല. 1970 കളിൽ ഇന്ത്യയിൽ നടന്ന ബാങ്കുകളുടെ ദേശസാൽക്കരണം, ഗ്രാമീണ ജനതയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കി. ആ വിപ്ലവം മുഴുവൻ ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവർഷം എഴുപത് ശതമാനം വരെ പലിശ ഈടാക്കുന്ന പ്രാദേശിക പണമിടപാടുകാരുടെ കൈകളിലേക്ക് ഗ്രാമീണ ജനതയെ വീണ്ടും നമ്മൾ തള്ളിവിടുന്നു .

 

കൃഷിയെ വളരെ ലാഭകരമായ പ്രക്രിയയാക്കിയില്ലെങ്കിൽ, ഈ രാജ്യത്തിന്റെ ഭാവിയെ നമ്മൾ പല തരത്തിൽ ഭീഷണിപ്പെടുത്തുന്നു. നിങ്ങൾ ഇപ്പോൾ ഒരു സർവേ നടത്തി അവരുടെ കുട്ടികളിൽ എത്രപേർ കാർഷിക മേഖലയിലേക്ക് കടക്കണമെന്നു അവർ ആഗ്രഹിക്കുന്നുണ്ട് എന്ന് കർഷകരോട് ചോദിച്ചാൽ, അവരിൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ മാത്രമേ അവരുടെ കുട്ടികൾക്കായി ഇത് ആഗ്രഹിക്കൂ.

 

ഇതിനർത്ഥം അടുത്ത ഇരുപത് മുതൽ ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ, ഈ തലമുറ കടന്നുപോകുമ്പോൾ, ഭക്ഷ്യ കൃഷിക്കുള്ള എല്ലാ കഴിവും നമുക്ക് നഷ്ടപ്പെട്ടിരിക്കും . 130 കോടി ആളുകൾ നമുക്കുള്ളപ്പോൾ, ഭക്ഷണം കൃഷി ചെയ്യാനുള്ള കഴിവ് നഷ്‌ടപ്പെടുകയാണെങ്കിൽ, ഈ രാജ്യത്ത് നമ്മൾ വരുത്താൻ പോകുന്ന ദുരന്തത്തെക്കുറിച്ച് നിങ്ങൾക്ക് ഊഹിക്കാനാകും. അതുകൊണ്ടാണ് റാലി ഫോർ റിവേഴ്‌സ് , ഇപ്പോൾ കാവേരി കോളിംഗും . നിങ്ങൾക്കെല്ലാവരും ഏതെങ്കിലും വിധത്തിൽ, നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ അതിന്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.