ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടി
കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഒട്ടേറെയുണ്ട് പുതിയ തലമുറയ്ക്ക്, പുതിയ ആശയങ്ങള്‍ കൊണ്ടുവരാനുള്ള വെമ്പല്‍, പഴയവര്‍ക്ക് പുതിയതിനെ നേരിടാനുള്ള സങ്കോചം. പരസ്‌പരധാരണയ്ക്കും വിശ്വാസത്തിനും ഇത് കോട്ടം തട്ടുന്നില്ലേ?
 
 

सद्गुरु

പ്രശസ്‌തനായ പത്രപ്രവര്‍ത്തന്‍ ചാള്‍സ്‌ അസീസി ബിസിനസ്സ്‌ സംബന്ധമായ പല കാര്യങ്ങളെക്കുറിച്ചും സദ്‌ഗുരുവുമായി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി, പ്രത്യേകിച്ചും ഇന്ത്യയുടെ പാശ്ചാലത്തില്‍.

ചാള്‍സ്‌ അസീസി: കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഒട്ടേറെയുണ്ട്. എന്നാല്‍ തലമുറകള്‍ മാറുമ്പോള്‍ ആദ്യമുണ്ടായിരുന്ന പരസ്‌പര ധാരണക്കും വിശ്വാസത്തിനും കോട്ടം തട്ടുന്നില്ലേ? യുവതലമുറക്ക്‌ ആവശ്യം “ഗൂഗിള്‍” സംസ്‌കാരമാണ്‌, എന്നാല്‍ മുതിര്‍ന്നവര്‍ അത്‌ തങ്ങളുടെ മേഖലയിലേക്കുള്ള ഒരു കടന്നുകയറ്റമായി കാണുന്നു. ഈ വിടവ്‌ എങ്ങനെയാണ്‌ നികത്താനാവുക?

സദ്‌ഗുരു: വിശ്വാസത്തെ ഈ വിഷയവുമായി ഞാന്‍ കൂട്ടി ഇണക്കുകയില്ല. യുവതലമുറയ്ക്ക്‌ പാരമ്പര്യമായി കൈവന്ന ബിസിനസ്‌, അത്‌ പ്രത്യേകം ചില രീതികളിലൂടെ വിജയം നേടിയിട്ടുള്ളതാണ്‌. മുതിര്‍ന്നവര്‍ അവകാശപ്പെടുന്നു, അവരുടെ രീതികൊണ്ടാണ്‌ തങ്ങളുടെ വ്യാപാരം വിജയിച്ചതെന്ന്‍. പ്രായം ചെല്ലുന്തോറും, മാറ്റങ്ങള്‍ അംഗീകരിക്കാന്‍ മനസ്സ്‌ വിസമ്മതിക്കുന്നത്‌ സ്വാഭാവികം. അതിനു കാരണം വയസ്സു കൂടുന്തോറും ബുദ്ധിയുടേയും ശരീരത്തിന്റെയും ഊര്‍ജസ്വലത നഷ്‌ടമായി വരുന്നു എന്നതാണ്‌.

മറ്റാരുടെയെങ്കിലും നേട്ടങ്ങള്‍ മാതൃകയാക്കി അതിനെ അംഗീകരിക്കാനുള്ള ഒരു പ്രവണത ചെറുപ്പക്കാരില്‍ കാണാം. താങ്കള്‍ ഗൂഗിളിനെപറ്റി പറഞ്ഞല്ലോ, അതില്‍ നര്‍മ്മവും പരിഹാസവുമൊക്കെ പുറമെ മാത്രമാണ്‌, അകത്തേക്കു കടന്നാല്‍ എല്ലാം കാര്യമാത്ര പ്രസക്തം. ഗൂഗിളില്‍ "ജോളി ഗുഡ്‌ ഫെല്ലൊ” എന്നൊന്നുണ്ട്, വളരെ രസമായി പലതും പറയും. ജോലിയെപറ്റിയൊന്നും മിണ്ടുകയേ ഇല്ല. ഗൌരവമേറിയ വിഷയങ്ങളിലേക്കു കടക്കുംമുമ്പേ മനസ്സിനെ ഒന്നു മയപ്പെടുത്തുകയാണ്‌ ഉദ്ദേശ്യം.

ഒന്നിനെകുറിച്ചും ചൂടാവാതിരിക്കുക എന്നതാണ്‌ ഇന്നത്തെ രീതി, എന്നുവെച്ചാല്‍ ക്ഷോഭിക്കേണ്ട കാര്യമില്ല എന്ന്‍. അമേരിക്കയിലെ അതാതു കാലത്തെ സമ്പ്രദായങ്ങളാണ്‌ നമ്മുടെ നാട്ടിലും പരിഷ്‌കാരങ്ങളായി കണക്കാക്കപ്പെടുന്നത്‌. അമേരിക്കയിലുള്ളത്‌ “ദൈവത്തിനു നന്ദി. ഇന്നു വെള്ളിയാഴ്‌ചയാണല്ലോ” എന്ന മനോഭാവമാണ്. എന്നുവെച്ചാല്‍ അതിനുമുമ്പുള്ള അഞ്ചു പ്രവര്‍ത്തിദിവസങ്ങള്‍ അവര്‍ക്കൊരു ഭാരമാണ് എന്ന്‍. അവരുടെ നോട്ടത്തില്‍ വാരാന്ത്യമാണ്‌ സുഖകരം, ശേഷിച്ച ദിവസങ്ങള്‍ ഒരു ഉപദ്രവമാണ്‌. ഇത്‌ അവരുടെ സമൂഹമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള ഒരു മനോഭാവമാണ്‌. അതേ സമ്പ്രദായം നമ്മുടെ നാട്ടിലും വേരുപിടിച്ചു തുടങ്ങിയിരിക്കുന്നു.

മാറ്റത്തിനു മാത്രമായൊരു മാറ്റം. യുവതലമുറയുടെ ആ മനസ്ഥിതി നല്ലതിനല്ല. പക്ഷെ, നല്ല നേട്ടങ്ങള്‍ ഉറപ്പുവരുത്താന്‍, നല്ല മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചാല്‍, മുതിര്‍ന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം

മാറ്റത്തിനു മാത്രമായൊരു മാറ്റം. യുവതലമുറയുടെ ആ മനസ്ഥിതി നല്ലതിനല്ല. അതുകൊണ്ട് ദോഷങ്ങള്‍ പലതുമുണ്ടാകും, പക്ഷെ നല്ല നേട്ടങ്ങള്‍ ഉറപ്പുവരുത്താന്‍, നല്ല മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചാല്‍, മുതിര്‍ന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം. അവര്‍ ഒന്നുകില്‍ സ്വയം മാറും, അല്ലെങ്കില്‍ മാതാപിതാക്കളെ മാനസാന്തരപ്പെടുത്തും, അതുമല്ലെങ്കില്‍ പാരമ്പര്യ ബിസിനസ്സിന്‌ നേരെ പുറംതിരിഞ്ഞ്‌ അവനവന്റേതായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തും.

ചാള്‍സ്‌ അസീസി: മുതിര്‍ന്നവര്‍ക്കായി അങ്ങേക്ക്‌ കൊടുക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ എന്തായിരിക്കും, വിശേഷിച്ചും കുടുംബ വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌?

സദ്‌ഗുരു: വിജയത്തിനായി ഒരൊറ്റമൂലി ഇല്ല. ഒരു സാഹചര്യത്തില്‍ ഒരാള്‍ക്ക്‌ ഫലപ്രദമായത്‌ അതുപോലൊരു സാഹചര്യത്തില്‍ ഇനിയൊരാള്‍ക്ക്‌ ഗുണം ചെയ്‌തു എന്നുവരില്ല. ഒരു വ്യവസായ സംരഭകന്‍ എന്ന നിലയില്‍ സ്വന്തം വ്യവസായത്തില്‍ മാത്രം താല്‍പര്യം കാണിച്ചാല്‍ പോരാ, എല്ലാ കാര്യങ്ങളിലും താല്‍പര്യമുണ്ടായിരിക്കണം. തന്റെ ചുറ്റുപാടും നടക്കുന്ന എല്ലാ കാര്യങ്ങളിലും നല്ലൊരു കണ്ണുണ്ടാവണം. തന്റെ ചുറ്റുപാടും നടന്നതൊന്നും “ഞാനറിഞ്ഞില്ല” എന്നു പറയാന്‍ ഇട വരുത്തരുത്‌, പ്രത്യേകിച്ചും തന്റേതായ ഒരു സ്ഥാപനം പടുത്തുയര്‍ത്തണം എന്ന ആഗ്രഹമുണ്ടെങ്കില്‍.

ഒന്നിനെകുറിച്ചും മുന്‍വിധികള്‍ വേണ്ട. ശ്രദ്ധയുടെ കാര്യത്തില്‍ ‘ഇതെന്റേത്‌, അത്‌ അന്യന്റേത്‌’ എന്ന ചിന്ത കടന്നുകൂടിയാല്‍ അത്‌ വലിയ നഷ്‌ടമാകും. നല്ല ഒരു സംരംഭകന്‍ തീര്‍ച്ചയായും ബോധപൂര്‍വം വളര്‍ത്തിക്കോണ്ടു വരേണ്ട ഒരു ശീലമാണിത്‌, അതായത് ശ്രദ്ധ. ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. വേറെ ചിലത്‌ അത്രതന്നെ ശ്രദ്ധിക്കേണ്ടതായിരിക്കില്ല എന്നത് ശരിയാണ്. എന്നാലും നിങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെ ശ്രദ്ധാര്‍ഹമായിരിക്കണം. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ജീവിതം എന്നെന്നും ഒരു വിജയഗാഥയായിരിക്കും.

ചാള്‍സ്‌ അസീസി: കുടുംബ ബിസിനസ്സിന്റെ കാര്യത്തില്‍ തനതായ ഒരു ഇന്ത്യന്‍ സമീപനം എന്നൊന്നുണ്ടോ?

സദ്‌ഗുരു: പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപാര കൈമാറ്റം ആദ്യത്തെ തലമുറയില്‍നിന്ന്‍ ഉദ്യോഗസ്ഥന്മാരുടെ കൈയ്യിലേക്കാണ്‌. എന്നാല്‍ ഇന്ത്യയില്‍ വേറെ ഒരു രീതിയിലാണ്‌, അത്‌ ഒരു തലമുറയില്‍നിന്ന്‍ അടുത്ത തലമുറയിലേക്ക്, സ്വന്തം രക്തത്തെ രക്ഷിക്കാനുള്ള ശ്രമം. ഇതൊക്കെ വേറെ ചില പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നു.

മൂന്നു മക്കളുണ്ടെങ്കില്‍ അതില്‍ മികച്ചവനെ തിരഞ്ഞെടുത്ത്‌ ചുമതല ഏല്‍പിക്കാം, എന്നാല്‍ കുറെയധികം പേരെ പരീക്ഷിച്ച്‌ അതിലേറ്റവും യോഗ്യനായ ആളെ തിരഞ്ഞെടുക്കുക പ്രയാസമുള്ള പണി തന്നെയാണ്

ഒരാള്‍ക്ക്‌ മൂന്നു മക്കളുണ്ടെങ്കില്‍ അതില്‍ മികച്ചവനെ തിരഞ്ഞെടുത്ത്‌ ചുമതല ഏല്‍പിക്കാം, എന്നാല്‍ കുറെയധികം പേരെ പരീക്ഷിച്ച്‌ അതിലേറ്റവും യോഗ്യനായ ആളെ തിരഞ്ഞെടുക്കുക പ്രയാസമുള്ള പണി തന്നെയാണ്‌. ആദ്യകാലങ്ങളില്‍ കുടുംബത്തില്‍ത്തന്നെ ആണ്‍കുട്ടികള്‍ക്ക്‌ അതിനുവേണ്ട പരിശീലനം നല്‍കുക പതിവായിരുന്നു. ഏഴെട്ടു വയസ്സാകുമ്പോഴേ കണക്കെഴുത്ത്‌, ജോലിക്കാരുടെ മേല്‍നോട്ടം, വസ്‌തുക്കളുടെ ഗുണനിലവാരം അങ്ങനെ പലതും അവരെ പഠിപ്പിച്ചു തുടങ്ങും. എന്നാല്‍ പതിനെട്ട്‌ വയസ്സു തികയും വരെ പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കാറില്ല. അത്രയെങ്കിലും പ്രായമായലേ വ്യാപാരത്തിന്റെ ഉള്ളുകള്ളികള്‍ അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയു. ഇതൊന്നും പുസ്‌തകം നോക്കി പഠിക്കാന്‍ കഴിയുന്ന വിദ്യകളല്ല. ഇന്ത്യയിലെ ഓരോ കച്ചവടത്തിനും അതിന്റേതായ ഗൂഢതന്ത്രങ്ങളുണ്ട്‌. അതെല്ലാം പക്ഷെ ഇപ്പോള്‍ പതുക്കെ മാറി വരികയാണ്‌. വ്യാപാരങ്ങളും വ്യവസായങ്ങളുമൊക്കെ കൂടുതല്‍ കൂടുതല്‍ സംഘടിതമായ അവസ്ഥയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണല്ലോ.

ചാള്‍സ്‌ അസീസി: കുടുംബവ്യാപാരം നടത്തുന്നവര്‍ അങ്ങയുടെ അടുത്തേക്ക്‌ വിദഗ്ധോ പദേശം ആരാഞ്ഞു വന്നാല്‍, എന്തായിരിക്കും അങ്ങയുടെ ഉപദേശം?

സദ്‌ഗുരു: മുതിര്‍ന്ന തലമുറയിലുള്ള ധാരാളം പേരെ ഞാന്‍ കണ്ടിട്ടുണ്ട്‌. ജീവിതം മുഴുവന്‍ നന്നായി അദ്ധ്വാനിച്ച്‌ ഒരു നിലയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളവര്‍. ആഢംബരങ്ങളിലേക്കും, സുഖസൌകര്യങ്ങളിലേക്കും പിറന്നുവീണ പുതിയ തലമുറയുടെ ചിന്താഗതിയല്ല അവരുടേത്‌. “ഓരോന്നും ഞാന്‍തന്നെ സൃഷ്‌ടിച്ചെടുത്തതാണ്‌”, എന്നു ദൃവിശ്വാസമുള്ളവര്‍. അതുകൊണ്ട് ന്യായമായും അവരതിനെ കാണുന്നത്‌, സമീപിക്കുന്നത്‌ മറ്റൊരു രീതിയിലായിരിക്കും.

മുതിര്‍ന്ന തലമുറയും പുത്തന്‍ തലമുറയും വിവേകപൂര്‍വ്വം പരസ്‌പരം മനസ്സിലാക്കാനും സഹകരിക്കാനും ശ്രമിക്കേണ്ടതാണ്

മുതിര്‍ന്ന തലമുറയും പുത്തന്‍ തലമുറയും വിവേകപൂര്‍വ്വം പരസ്‌പരം മനസ്സിലാക്കാനും സഹകരിക്കാനും ശ്രമിക്കേണ്ടതാണ്‌. പരാജയപ്പെട്ടാലോ എന്ന ഭീതി സ്വാഭാവികമാണ്‌, എന്നാല്‍ തങ്ങള്‍ ബിസിനസ്സുതുടങ്ങിയ സമയത്തും ഇതേ ആശങ്ക ഉണ്ടായിരുന്നല്ലോ എന്ന കാര്യം മുന്‍തലമുറ മറക്കരുത്‌. എന്നിട്ടും തങ്ങള്‍ക്കു വിജയിക്കാന്‍ സാധിച്ചു. അതുപോലെ വെല്ലുവിളികളെ നേരിടാന്‍ ചെറുപ്പക്കാര്‍ക്ക്‌ അവസരം കൊടുക്കൂ. നിങ്ങള്‍ പറയുന്നതെന്താണെന്ന്‍ അനുഭവത്തില്‍നിന്നും അവര്‍ പഠിച്ചുകൊള്ളും. അപ്പോള്‍മാത്രമേ അവര്‍ ശരിയായ അര്‍ത്ഥത്തില്‍ സംരഭകരായിത്തീരുകയുള്ളു. അല്ല എങ്കില്‍, അവര്‍ വെറും മുതലാളിമാരായിരിക്കും. എപ്പോഴും ഉത്സാഹത്തോടെ അവനവന്റെ ജോലികളില്‍ വ്യാപൃതരാവണം. തലമുറകളുടെ തുടര്‍ച്ചയിലേക്കാണ്‌ എലാവര്‍ക്കും നോട്ടം. അവര്‍ അതിന്‌ യോഗ്യരാണൊ അയോഗ്യരാണൊ എന്ന്‍ ആരും വിലയിരുത്താറില്ല. യോഗ്യരായ ഉദ്യോഗസ്ഥന്‍മാരെ കണ്ടുപിടിച്ച്‌ തങ്ങളുടെ സ്ഥാപനം മെച്ചപ്പെടുത്താന്‍ സാധാരണയായി ആരും മിനക്കെടാറില്ല എന്നതാണ്‌ വാസ്‌തവം. അന്യരെ മേലുള്ള വിശ്വാസക്കുറവ്‌, സ്വന്തം രക്തത്തെ മാത്രമേ വിശ്വസിക്കാനാവുകയുള്ളു എന്ന സ്ഥിതി. കാലും നീട്ടി പുറംചാഞ്ഞിരിക്കുന്നവര്‍ ഒരു കാലത്തും നല്ല സംരഭകരാവില്ല.

 

 
 
  0 Comments
 
 
Login / to join the conversation1