सद्गुरु

ആത്മീയതയില്‍ ഏര്‍പ്പെടുന്നതില്‍ ഒരു ബ്രഹ്മചാരിക്കും ഒരു ഗൃഹസ്ഥനും എന്തു വ്യത്യാസമാണ്‌?

ഒരിക്കല്‍ ഒരു മനുഷ്യന്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അന്ന്‍ അയാളുടെ ഇരുപത്തഞ്ചാമത്തെ വിവാഹ വാര്‍ഷികമാണ്‌. അയാള്‍ സങ്കടപ്പെട്ടു കരയുന്നതു കണ്ട്‌ അയാളുടെ ഭാര്യ കാര്യമെന്താണെന്നു ചോദിച്ചു. അപ്പോള്‍ അയാള്‍, ‘ഞാന്‍ നിന്‍റെ കൂടെ ചുറ്റി നടക്കുന്നതു കണ്ട്‌, ജഡ്‌ജിയായ നിന്‍റെ അച്ഛന്‍ ഞാന്‍ നിന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഏതെങ്കിലും കേസില്‍ കുടുക്കി 25 കൊല്ലത്തെ തടവുശിക്ഷ വിധിക്കും’ എന്നു പറഞ്ഞു. അതങ്ങനെതന്നെ സംഭവിച്ചിരുന്നെങ്കില്‍ പോലും, ഇന്നു മുതല്‍ എനിക്കു സ്വാതന്ത്ര്യമായി കഴിയാന്‍ സാധിക്കുമായിരുന്നു. അതോര്‍ത്തു കരഞ്ഞു പോയതാണ്‌’ എന്നു പറഞ്ഞു.

എവിടെയോ ഒരു തെറ്റു പറ്റി, അതുകൊണ്ട്‌ ഒരായുസ്സു മുഴുവനും പശ്ചാത്തപിച്ചിട്ടു കാര്യമുണ്ടോ? വിവാഹമേ തെറ്റ്‌ എന്ന്‍ ഇതിനര്‍ത്ഥമില്ല. വിവാഹം എന്ന് പറയുന്നത്, സ്‌ത്രീയും പുരുഷനും പരസ്‌പരം പങ്കിട്ടുകൊണ്ടുള്ള ജീവിതത്തിന്‍റെ തുടക്കമാണ്. പക്ഷേ ഒരാള്‍ മറ്റൊരാളെ ഉപയോഗിച്ചുകൊണ്ട്‌ ജീവിക്കാം എന്നു കരുതുന്നതാണ്‌ പ്രശ്‌നം. ഇവിടെയാണ്‌ പരാജയം സംഭവിക്കുന്നത്‌. `എല്ലാവരും വിവാഹിതരാകുന്നു, ഞാനും’ എന്ന മട്ടില്‍ വിവാഹ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിവാഹത്തോടനുബന്ധിച്ച്‌ വരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പലര്‍ക്കും വിമുഖതയുണ്ടാകുന്നു. വിവാഹ ജീവിതം ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌, ബ്രഹ്മചര്യം കൊടുത്താല്‍ അവര്‍ക്കതു നരകമാകും. വിവാഹ ജീവിതം വേണ്ടാത്തവരെ വിവാഹത്തിന്‌ നിര്‍ബന്ധിച്ചാല്‍ അതവര്‍ക്ക്‌ നരകം. ഇതില്‍ ഏതാണു ശരി? ഏതാണു തെറ്റ്‌?

ചില ഭാര്യാഭര്‍ത്താക്കന്മാര്‍ മാനസികമായി അകന്നാണു ജീവിക്കുന്നതെങ്കിലും, സമൂഹത്തില്‍ അവര്‍ ഒരുമയോടെ കഴിയുന്നതായി അഭിനയിക്കുന്നു. ഇതില്‍പരം ഭോഷത്വം വേറൊന്നില്ല

ഇതില്‍ ശരിയും തെറ്റും കണ്ടുപിടിക്കാന്‍ പറ്റില്ല. ഓരോരുത്തരും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം നയിക്കണം. ചില ഭാര്യാഭര്‍ത്താക്കന്മാര്‍ മാനസികമായി അകന്നാണു ജീവിക്കുന്നതെങ്കിലും, സമൂഹത്തില്‍ അവര്‍ ഒരുമയോടെ കഴിയുന്നതായി അഭിനയിക്കുന്നു. ഇതില്‍പരം ഭോഷത്വം വേറൊന്നില്ല. പ്രണയിക്കുമ്പോള്‍ സ്‌ത്രീയും പുരുഷനും ഒരാള്‍ ജനിച്ചതുപോലും മറ്റൊരാള്‍ക്കു വേണ്ടിയാണെന്നു കരുതും. മാതാപിതാക്കളുടെ എതിര്‍പ്പ് വകവക്കാതെ വിവാഹിതരാകും. പരസ്‌പര മോഹത്തോടുകൂടി സന്തോഷപൂര്‍വം തുടങ്ങുന്ന അവരുടെ ജീവിതം, നാലഞ്ചു വര്‍ഷങ്ങള്‍ക്കകം തന്നെ മടുപ്പിലേക്കു നീങ്ങുന്നു. ദുരിത പൂര്‍ണമാകുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌?

വിവാഹബന്ധത്തെ ഒരു മൂലധനമാക്കാന്‍ നോക്കുമ്പോഴാണു ജീവിതം അര്‍ത്ഥശൂന്യമാണെന്നു തോന്നുന്നത്‌. ഒരു ബ്രഹ്മചാരിക്ക് സ്വന്തം തീരുമാനപ്രകാരം ആത്മസാധനയില്‍ ഏര്‍പ്പെടാന്‍ സാധിക്കും. പക്ഷേ ഒരു ഗൃഹസ്ഥന്‌ കുടുംബാംഗങ്ങളുടെ അനുവാദം വേണം. ചില പരിശീലനങ്ങള്‍ ഗൃഹസ്ഥാശ്രമത്തിലുള്ള ആള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും. അതിനാവശ്യമായ സാഹചര്യം ഒരുക്കിയെടുക്കാന്‍ സാധിച്ചെന്നു വരില്ല. അങ്ങനെയാണെങ്കില്‍ യാഥാര്‍ത്ഥ്യമറിയാന്‍ വേണ്ടി എല്ലാവരും ബ്രഹ്മചാരിയാകണമെന്നാണോ പറയുന്നത്‌ എന്ന്‍ ഒരു ചോദ്യം ഉയരാം.

ആവശ്യമില്ല. അകമേയുള്ള സത്യത്തെ അറിയാന്‍ ബാഹ്യ സാഹചര്യം എങ്ങനെ ഇരുന്നാലെന്താണ്‌? അതുകൊണ്ട്‌ വിവാഹം എന്നത്‌ ഒരു പൊതുവായ ഘടകമായി കരുതാന്‍ പറ്റില്ല. ആവശ്യമാണോ അല്ലയോ എന്ന്‍ തീരുമാനിച്ചു ഭവിഷ്യത്തുകളെ നേരിടാന്‍ തയാറാണോ എന്ന്‍ ആലോചിച്ച്‌ സംസാരസാഗരത്തില്‍ ഇറങ്ങാന്‍ തയാറെടുക്കണം.