ഭൂതകാലത്തെ ഉപേക്ഷിക്കാനാകണം
ശരീരം കൊണ്ടും മനസ്സുകൊണ്ടും നിങ്ങള്‍ക്കൊരാളെ സ്‌പര്‍ശിക്കാനാവും, മാനസികമായും, വൈകാരികമായും നിങ്ങള്‍ക്ക്‌ ആശയവിനിമയം നടത്താനുമാകും. ഇതിനെല്ലാം അപ്പുറത്തുള്ള ഒരു ആശയവിനിമയമുണ്ട്. ഊര്‍ജത്തില്‍കൂടിയുള്ള സംസര്‍ഗം, അതാണ് ശ്രേഷ്ടമായത്.
 
 

सद्गुरु

ഞാന്‍’ എന്ന്‍ നാം വിളിക്കുന്നത്‌ മനസ്സിന്‍റെ സൃഷ്‌ടിയായ ഒന്നിനെയാണ്‌, ഭൂതകാലത്തില്‍ കൂടിയാണ്‌ നാം ജീവിക്കുന്നത്. ഭൂതകാലത്തെ മാറ്റി നിര്‍ത്തിയാല്‍ മിക്കവരും വഴിയറിയാതെ കുഴഞ്ഞുപോകും

 

സദ്‌ഗുരു : അറിഞ്ഞോ, അറിയാതെയോ ജീവിതം എന്ന പ്രക്രിയയിലൂടെ ഓരോ മനുഷ്യനും തന്റേതു മാത്രമായ ഒരു വ്യക്തിത്വം അല്ലെങ്കില്‍ ഒരു പ്രതിഛായ മെനഞ്ഞെടുക്കുന്നുണ്ട്‌. സ്വയം മെനഞ്ഞെടുത്ത ഈ പ്രതിച്ഛായയ്ക്ക്‌ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. നിങ്ങളുടെ അന്തരാത്മാവുമായൊ, സഹജസ്വഭാവവുമായൊ അതിനൊട്ടുംതന്നെ ചേര്‍ച്ചയുണ്ടാവില്ല. ആകസ്മികമായി വാര്‍ത്തെടുത്ത ഒരു പ്രതിബിംബമാകാനാണ്‌ കൂടുതല്‍ സാദ്ധ്യത. അധികംപേരും ഇത്‌ ചെയ്യുന്നത്‌ ബാഹ്യമായ സാഹചര്യങ്ങള്‍ക്കും പ്രേരണകള്‍ക്കും വശംവദരായാണ്‌. ബോധപൂര്‍വം, അവനവന്‍റെ ഇച്ഛയ്ക്കനുസരിച്ച്‌ സ്വന്തമായൊരു വ്യക്തിത്വം വാര്‍ത്തെടുക്കാന്‍ സാധിക്കും. വേണ്ടത്ര വിവേകവും വിവരവുമുണ്ടെങ്കില്‍, ഇന്നുള്ള നിങ്ങളെ പൂര്‍ണമായും ഉടച്ചുകളഞ്ഞ്‌, പുതിയൊരു നിങ്ങളെ സൃഷ്‌ടിച്ചെടുക്കാനാകും. അതിനൊന്നേ ചെയ്യേണ്ടതുള്ളൂ – പഴയ നിങ്ങളെ പൂര്‍ണമായും ഉപേക്ഷിക്കുക. പക്ഷെ, ഇത്‌ വെറും നാട്യത്തിലൊതുങ്ങരുത്‌. അല്ലെങ്കില്‍, അരങ്ങറിയാത്ത നാട്യത്തിനു പകരം അറിഞ്ഞുംകൊണ്ടുള്ള നാട്യമാവട്ടെ!

‘ഞാന്‍’ എന്ന്‍ നാം വിളിക്കുന്നത്‌ മനസ്സിന്‍റെ സൃഷ്‌ടിയായ ഒന്നിനെയാണ്‌, ഭൂതകാലത്തില്‍ കൂടിയാണ്‌ നാം ജീവിക്കുന്നത്. ഭൂതകാലത്തെ മാറ്റി നിര്‍ത്തിയാല്‍ മിക്കവരും വഴിയറിയാതെ കുഴഞ്ഞുപോകും. ഒരു കാര്യം മനസ്സിലാക്കുക – നമ്മള്‍ കൊണ്ടുനടക്കുന്ന ഞാന്‍ എന്ന വ്യക്തിത്വം മരിച്ചു കഴിഞ്ഞതാണ്‌. അധികനേരം ചുമന്നുകൊണ്ടു നടന്നാല്‍ അതിന്‍റെ ദുര്‍ഗന്ധവും സഹിക്കേണ്ടിവരും. വ്യക്തിവൈഭവം കൂടുംതോറും ദുര്‍ഗന്ധവും കൂടുതലായിരിക്കും. ഭൂതകാലത്തെ ഉപേക്ഷിച്ചാല്‍ മാത്രമേ ജീവിതത്തില്‍ സുഗമമായി മുന്‍പോട്ടുപോകാന്‍ സാധിക്കൂ. അതു പാമ്പ്‌ പടം പൊഴിക്കുന്നതുപോലെയാകണം. പാമ്പ്, അതിന്‍റെ ശരീരത്തിന്‍റെ ഭാഗമായിരുന്നതിനെ പൊഴിച്ചുകളഞ്ഞിട്ട്‌, തിരിഞ്ഞുനോക്കാതെയാണ് മുന്‍പോട്ടിഴഞ്ഞു പോവുന്നത്. ഇതേ രീതിയില്‍ പെരുമാറാനായാല്‍, ജീവിതത്തില്‍ എളുപ്പത്തില്‍ വളര്‍ച്ചയുണ്ടാകും.

ഭൂതകാലത്തെ ഉപേക്ഷിച്ചാല്‍ മാത്രമേ ജീവിതത്തില്‍ സുഗമമായി മുന്‍പോട്ടുപോകാന്‍ സാധിക്കൂ. അതു പാമ്പ്‌ പടം പൊഴിക്കുന്നതുപോലെയാകണം.

‘എല്ലാ തുറകളിലും പ്രാപ്തി തെളിയിക്കാനുള്ള പ്രബലത ഉണ്ടാക്കിയെടുക്കാനാര്‍ക്കും കഴിയും. അതിനായി പ്രധാനമായും ശാരീരികമായ ആരോഗ്യം നിലനിര്‍ത്തണം, മനസ്സ് എല്ലായ്പ്പോഴും ഉണര്‍ന്നിരിക്കണം, ഊര്ജ്ജത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തണം, ഈശ്വരാനുഗ്രഹത്തിന് കടന്നുവരാന്‍ സ്വയം പാത്രമാകുകയും വേണം.

ശാരീരികമായ സൌഖ്യം – അതിനു പല തലങ്ങളുണ്ട് സാമാന്യമായ ആരോഗ്യം, കാര്യക്ഷമത, ഊര്‍ജ്ജ്വസ്വലത, മാനസികവും, ആദ്ധ്യാത്മികവുമായ വികാസം തുടങ്ങിയവയൊക്കെ അതിലുള്‍പെടുന്നു. ഊര്‍ജം സജീവമായാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ ജീവിതത്തിനെ ഉയര്‍ന്ന സാധ്യതകളിലേക്ക്‌ ചലിപ്പിക്കാനാവുകായുള്ളു. ഊര്‍ജം സജീവമാണെങ്കില്‍, ഭൌതികശരീരം ഒരിക്കലും ഒരു പരിമിതിയാകുകയില്ല. ജീവന്‍ എന്ന്‍ നാം വിവക്ഷിക്കുന്നതുതന്നെ ഊര്‍ജമാണ്‌, ‘ഞാന്‍’ എന്നു പറയുന്നതും ഊര്‍ജമാണ്. ഇപ്പോള്‍ ബാഹ്യലോകവുമായിട്ടുള്ള നിങ്ങളുടെ സംസര്‍ഗം, പ്രധാനമായും ശരീരം, മനസ്സ്‌, വികാരം എന്നിവയില്‍ കൂടിയാണ്. ശരീരം കൊണ്ടും മനസ്സുകൊണ്ടും നിങ്ങള്‍ക്കൊരാളെ സ്‌പര്‍ശിക്കാനാവും, മാനസികമായും, വൈകാരികമായും നിങ്ങള്‍ക്ക്‌ ആശയവിനിമയം നടത്താനുമാകും. ഇതിനെല്ലാം അപ്പുറത്തുള്ള ഒരു ആശയവിനിമയമുണ്ട്. ഊര്‍ജത്തില്‍കൂടിയുള്ള സംസര്‍ഗം, അതാണ് ശ്രേഷ്ടമായത്.

ചില ആദ്ധ്യാത്മിക ക്രിയകള്‍ അഭ്യസിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍, ഊര്‍ജത്തിന്‍റെ തോതില്‍ പൂര്‍ണതോതിലുള്ള വ്യത്യാസം വരുത്താനാകും

ചില ആദ്ധ്യാത്മിക ക്രിയകള്‍ അഭ്യസിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍, ഊര്‍ജത്തിന്‍റെ തോതില്‍ പൂര്‍ണതോതിലുള്ള വ്യത്യാസം വരുത്താനാകും. മാത്രമല്ല, കൃത്യനിഷ്ഠത, അച്ചടക്കം, ശാരീരികമായ വ്യക്തിവൈഭവം, മാനസികമായി എല്ലായ്പോഴും ഉണര്‍വോടെയിരിക്കാനുള്ള ശേഷി, തുടങ്ങി ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള നിങ്ങളുടെ എല്ലാ കഴിവുകളും മെച്ചപ്പെടും. അതേപോലെ തന്നെ നമ്മെ അടിക്കടി അലട്ടുന്ന ശാരീരികവും മാനസികവുമായ അലസതയേയും ഒഴിച്ചുനിര്‍ത്താനാകും. നമ്മള്‍ സംസാരിക്കുന്നത്‌ കുണ്ഡലിനിയെക്കുറിച്ചായാലും, ഇംഗ്ലീഷ്‌ ഭാഷയിലെ ലളിതവും ലഘുവുമായ energy യെക്കുറിച്ചായാലും അടിസ്ഥാനപരമായി ഊന്നല്‍ കൊടുക്കുന്നത്, ഉന്നതമായ ഊര്‍ജതലത്തിലേക്ക്‌ നമ്മെ ഉയര്‍ത്തുന്നതിനെക്കുറിച്ചാണ്‌.

ജീവിതത്തില്‍ വ്യത്യസ്ഥമായ അനുഭവങ്ങളിലൂടെയാണ്‌ ഓരോ ദിവസവും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്‌. ഓരോ അനുഭവത്തിനേയും ഉള്‍ക്കൊള്ളുന്നത്‌ വിഭിന്നമായ മനോഭാവങ്ങളോടെയാണ്‌. അതിനു തക്കവണ്ണം നമ്മുടെ സ്വത്വത്തിലും മാറ്റങ്ങളുണ്ടാവുന്നു. ബലം പിടിച്ചു നിന്നിട്ടു കാര്യമില്ല. ഒട്ടൊക്കെ അയഞ്ഞ മനസ്സാണ്‌ നമ്മുടേതെങ്കില്‍, സാഹചര്യങ്ങളോട്‌ നീതി പുലര്‍ത്താന്‍ നമുക്കു പ്രയാസമുണ്ടാവില്ല. എന്നാല്‍, പാറപോലെ ദൃഢമായ മനസ്സ്‌, അങ്ങോട്ടോ ഇങ്ങോട്ടോ ചായാന്‍ കൂട്ടാക്കാത്ത മനോഭാവം, അവനവന്‍ ഇഷ്‌ടപ്പെടാത്തതൊന്നും പൊറുക്കുകയില്ല എന്ന വാശി, മാറിമാറി വരുന്ന സാഹചര്യങ്ങളോട്‌ ഇണങ്ങിച്ചേരാനുള്ള വിസമ്മതം, ഇങ്ങനെയുള്ള പിടിവാശികള്‍ കൊണ്ട് ഗുണമൊന്നും നേടാനാവില്ല, മറിച്ച് ദോഷവും ക്ലേശവും ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഈ മനസ്ഥിതി മാറ്റിയെടുത്താല്‍ മാത്രമേ മുന്നോട്ടു പോകാനാവൂ. അതത്ര പ്രയാസമുള്ള കാര്യമല്ല. മനസ്സിന്‌ പിടിയ്ക്കാത്ത ഒരാളുമായി കൂട്ടുകൂടുക, അതുപോലെ ഇഷ്‌ടമില്ലാത്ത വസ്‌തുക്കളുമായി വീണ്ടും വീണ്ടും സമ്പര്‍ക്കത്തിലാവുക. വ്യക്തിയായാലും, വസ്‌തുവായാലും പിറുപിറുപ്പില്ലാതെ സന്തോഷത്തോടുകൂടെ കഴിയുക. പതുക്കെ പതുക്കെ അതൊരു ശീലമാവും, അനിഷ്‌ടങ്ങളെ മറി കടക്കാന്‍ ക്രമേണ പഠിക്കും, ജീവിതം സ്വൈര്യമായി അതിന്റെ ഒഴുക്കു തുടരും.

 
 
  0 Comments
 
 
Login / to join the conversation1