ഭോജ്പൂരിലെ അപൂര്‍ണ്ണമായ ധ്യാനലിംഗം
 
 

सद्गुरु

ഭോപ്പാലിനടുത്ത് ഭോജ്പൂരില്‍ മറ്റൊരു ധ്യാനലിംഗം ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് സദ്ഗുരു നമ്മോടു വിവരിക്കുന്നു.

അന്വേഷി: ഭോപ്പാലില്‍ ഏകദേശം പൂര്‍ണമായ ഒരു ധ്യാനലിംഗമുണ്ടെന്ന് അങ്ങു പറഞ്ഞു. എന്തുകൊണ്ടാണത് പൂര്‍ണമാക്കുവാന്‍ കഴിയാത്തത്, സദ്ഗുരോ?
സദ്ഗുരു: ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ധ്യാനലിംഗം പ്രതിഷ്ഠിക്കാനുളള ശ്രമം ഭോപ്പാലില്‍ നിന്നും ഇരുപത്തിയഞ്ച്, മുപ്പത് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഭോജ്പൂര്‍ എന്ന സ്ഥലത്ത് നടന്നുവെങ്കിലും, അവസാന നിമിഷം അത് ഉപേക്ഷിക്കേണ്ടിവന്നു. തൊണ്ണൂറു ശതമാനത്തോളം പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് അങ്ങിനെ സംഭവിച്ചത്. അത് സൃഷ്ടിച്ച പരിണത പ്രജ്ഞനായ യോഗി ഏഴു സ്ത്രീകളേയും, ഏഴ് പുരുഷന്മാരേയും, അതായത് ഏഴ് ഈഡയും ഏഴ് പിംഗളയും തയ്യാറാക്കി. വളരെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുക്കലിനൊടുവിലാണ് അവരുടെ ഊര്‍ജസ്ഥിതി വേണ്ട രീതിയില്‍ എത്തിയത്. അദ്ദേഹത്തിന് അവിടുത്തെ രാജാവിന്‍റെ സഹായമുണ്ടായിരുന്നതിനാല്‍ ധ്യാനലിംഗത്തിന് ചുറ്റും ഒരു ആഭരണംപോലെ മനോഹരമായ ക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞു. പകുതി നിര്‍മ്മാണം പൂര്‍ത്തിയായ അത് ഇന്നും അവിടെ നിലനില്‍ക്കുന്നു.

അവിടെ ഇപ്പോഴും പറഞ്ഞുവരുന്ന അതിന്‍റെ കഥയുണ്ട്. പ്രതിഷ്ഠയുടെ അവസാന കര്‍മങ്ങള്‍ ഒരു ദിവസം വൈകുന്നേരം ആരംഭിച്ചു. പിറ്റേദിവസം നേരം വെളുക്കുന്നതിനു മുന്‍പ് അത് തീരേണ്ടതായിട്ടുണ്ടായിരുന്നു. എന്നാല്‍ വെളുപ്പിന് കോഴികൂവുന്ന സമയത്ത് അത് തീര്‍ന്നിട്ടില്ലായിരുന്നതിനാല്‍ അത് അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു. എ.ഡി. 992)മാണ്ടിലാണ് ഇത് സംഭവിച്ചത്. അന്ന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇന്നും പാലിക്കപ്പെടുന്നു. ഭോജ്പൂരില്‍ ഇന്നും ആ ലിംഗത്തിന് പൂജകള്‍ ചെയ്യുന്നില്ല. ആളുകള്‍ പൂക്കളും നാളികേരവും സമര്‍പിക്കുന്നു. നാളികേരം ക്ഷേത്രത്തിനുളളില്‍ ഉടയ്ക്കുന്നില്ല. വിളക്കുകളുമില്ല. ധ്യാനലിംഗത്തോളം തന്നെ വലിപ്പമുളളതാണ് ആ ലിംഗവും. എന്നാല്‍ ഗൗരിപീഠം ഇവിടുത്തേതില്‍ നിന്ന് വളരെ വലുതാണ്. പതിനെട്ടടിയില്‍ കൂടുതല്‍ അതിന് പൊക്കമുണ്ട്. ക്ഷേത്രം പകുതിയോളം നിര്‍മിച്ചതിനുശേഷമാണ് ധ്യാനലിംഗ പ്രതിഷ്ഠ തുടങ്ങിയത്. പ്രതിഷ്ഠാ കര്‍മങ്ങള്‍ ഏകദേശം തീരാറായപ്പോള്‍ അതില്‍ പങ്കെടുത്ത സിത്രീകളില്‍ ഒരാള്‍ ദേഹം വെടിഞ്ഞു. ശരീരവുമായി നേരിയ ബന്ധംമാത്രം നിലനില്‍ക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയൊരു ശ്രമം മാത്രം മതി ദേഹം വെടിയാന്‍. പരിപൂര്‍ണ ലയനത്തിനുളള അവസരമാണത്.


വര്‍ഷങ്ങളായുളള പ്രയത്നത്തിന്‍റെ പരിസമാപ്തിയോടു കൂടിയായിരുന്നു പ്രതിഷ്ഠാ കര്‍മങ്ങളില്‍ പങ്കെടുത്തിരുന്ന ഒരു സ്ത്രീ ദേഹം വെടിഞ്ഞത്. അതോടെ കാര്യങ്ങള്‍ അവതാളത്തിലായി. യോഗി തന്‍റെ ഈഡയും പിങ്ഗളയും ഉപയോഗിച്ച് സ്ത്രീയുടെയും പുരുഷന്‍റേയും ഭാഗം സ്വയം ചെയ്യാന്‍ തീരുമാനിച്ചു.

കോയമ്പത്തൂര്‍ നിന്ന് ബോംബയിലേക്ക് ഹൈവേയിലൂടെ നിങ്ങള്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതുക. ഏകദേശം മുപ്പതു മണിക്കൂര്‍ ഓടിച്ചു കഴിയുമ്പോള്‍ ബോംബേ നഗരം കാണാന്‍ തുടങ്ങും. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ വെച്ചാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുക. “ഓ, നമ്മളെത്തിക്കഴിഞ്ഞു”, ഈ ചിന്ത നിങ്ങളുടെ ഉണര്‍വില്‍ അയവു വരുത്തുന്നു. ഹൈവേയില്‍ അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഇത്തരത്തിലാണ്. ഇതുപോലെയാണ് ഭോജ്പൂരിലും സംഭവിച്ചത്. പ്രതിഷ്ഠയുടെ തൊണ്ണൂറു ശതമാനവും കഴിഞ്ഞിരുന്നു. അനേക വര്‍ഷങ്ങളിലെ കഠിന ശ്രമങ്ങള്‍ സഫലമാവുന്ന മുഹൂര്‍ത്തമടുക്കാറായപ്പോള്‍ ആളുകള്‍ ഉന്മാദത്തിലായിരുന്നു. അതോടൊപ്പം ശരീരം വെടിയാനുളള പ്രവണതയും കൂടുതലായിരുന്നു. ഭൗതിക ശരീരവുമായി നേരിയ ബന്ധം മാത്രം നിലനിര്‍ത്തിക്കൊണ്ടു ജീവിക്കാനുളള പ്രാവീണ്യം അവര്‍ക്ക് കൈവന്നിരുന്നു. ചെറിയ ഒരു വ്യതിയാനം ശരീരം വെടിയാന്‍ കാരണമാകും.

വര്‍ഷങ്ങളായുളള പ്രയത്നത്തിന്‍റെ പരിസമാപ്തിയോടുകൂടിയായിരുന്നു പ്രതിഷ്ഠാ കര്‍മങ്ങളില്‍ പങ്കെടുത്തിരുന്ന ഒരു സ്ത്രീ ദേഹം വെടിഞ്ഞത്. അതോടെ കാര്യങ്ങള്‍ അവതാളത്തിലായി. യോഗി തന്‍റെ ഈഡയും പിങ്ഗളയും ഉപയോഗിച്ച് സ്ത്രീയുടെയും പുരുഷന്‍റേയും ഭാഗം സ്വയം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അത് ശരീരവ്യവസ്ഥകളെ കടുത്ത സമ്മര്‍ദത്തിലാക്കും. ശേഷിച്ച ഭാഗം വളരെ കുറവായിരുന്നതിനാല്‍ അദ്ദേഹത്തിന് അത് പൂര്‍ത്തികരിക്കാന്‍ കഴിയുമായിരുന്നു എന്നാല്‍ ആ സമയത്ത് അവിടെയുണ്ടായ കലാപത്തില്‍പ്പെട്ട് അദ്ദേഹത്തിന്‍റെ ഇടത്തേ കാല്‍പ്പത്തി നഷ്ടപ്പെട്ടു. അതോടുകൂടി അദ്ദേഹത്തിന്‍റെ ഈഡ പ്രവര്‍ത്തിക്കാതായി പിങ്ഗള മാത്രമേ പ്രവര്‍ത്തിച്ചുളളു. ഇരട്ട വേഷം സാധ്യമല്ലാതെ വന്നപ്പോള്‍ കാര്യങ്ങള്‍ വീണ്ടും സന്ദിഗ്ധാവസ്ഥയിലായി. ഒടുവില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയതിനുശേഷം, സ്ത്രീയും യോഗിയും കൂടെ മറ്റൊരു സ്ത്രീയും തങ്ങളുടെ ശരീരമുപേക്ഷിച്ചു ലിംഗത്തില്‍ ലയിച്ചുചേര്‍ന്ന് പ്രതിഷ്ഠ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ഊര്‍ജത്തെ പൂട്ടുവാന്‍ മറ്റൊരു യോഗിക്ക് പരിശീലനം നല്‍കി.

പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് രണ്ട് ഭാഗങ്ങളാണുളളത്. ആദ്യം ഊര്‍ജ പ്രഭാവത്തെ അതിന്‍റെ ഉച്ചസ്ഥായിയിലാക്കുന്നു. അടുത്തതായി അതിനെ ബന്ധിക്കുന്നു (പൂട്ടുന്നു). അങ്ങിനെ ബന്ധിച്ചില്ലെങ്കില്‍ ഊര്‍ജം അവിടെ നില്‍ക്കാതെ ഒലിച്ചുപോവും. ഈ രണ്ടുപേര്‍ക്ക് ലിംഗത്തില്‍ ലയിച്ച് ഊര്‍ജ പ്രഭാവമാകാന്‍ കഴിഞ്ഞെങ്കിലും അതിനെ പൂട്ടുവാന്‍ നിയുക്തനായ യോഗിക്ക് അതു സമയത്തു ചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്നതിനപ്പുറമായിരുന്നു അവിടുത്തെ അവസ്ഥ. നിങ്ങളുടെ ശ്വാസവും പ്രാണനുമായ ഗുരുനാഥന്‍ നിങ്ങളുടെ മുന്‍പില്‍ വച്ച് ശരീരം വെടിയുന്നു!


നിങ്ങള്‍ സംവേദനക്ഷമതയുളള ആളാണെങ്കില്‍ അവിടെ ഇരുന്നാല്‍ വേദന തോന്നും, കണ്ണീര്‍ വാര്‍ക്കും, ലിംഗത്തിനുണ്ടായ കോട്ടം ഊര്‍ജത്തിലും പ്രതിഫലിക്കുന്നിനാലാണ് വേദന തോന്നുന്നത്.

അത് നിങ്ങള്‍ക്ക് നോക്കിക്കൊണ്ടിരിക്കേണ്ടി വരുന്ന ആ സമയത്ത് തന്നെ ഊര്‍ജത്തെ പൂട്ടേണ്ടിയിരുന്നു. അദ്ദേഹത്തിനത് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നതിനാല്‍ ഊര്‍ജത്തെ വേണ്ട വിധത്തില്‍ ബന്ധിക്കാനായില്ല. അതേ നിമിഷത്തില്‍ മൂന്ന് നാലിഞ്ച് വരുന്ന നെടുനീളത്തിലുള്ള ഒരു പൊട്ടല്‍ ലിംഗത്തിലുണ്ടായി. ആ പൊട്ടലില്‍ സിമന്‍റു പൂശിയിരിക്കുന്നത് അന്ന് അവിടെ വന്നവര്‍ കണ്ടുകാണും. ആ സംരംഭം തന്നെ ഉപേക്ഷിക്കപ്പെട്ടു. തൊണ്ണൂറ്റഞ്ച് ശതമാനവും പൂര്‍ണമായിരുന്നെങ്കിലും അത് ഒരു വേദനിപ്പിക്കുന്ന രൂപമായിരുന്നു. രണ്ടുപേരുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടു. ചെറിയ കോട്ടങ്ങളോടെയാണെങ്കിലും അതിശക്തമായ ആ ലിംഗം ഒരു ദുരന്തമായി നിലകൊളളുന്നു. ഊര്‍ജ പ്രഭാവത്തിന് ഒരു കുറവും വന്നിട്ടില്ല. മന്ത്ര പ്രതിഷഠയാണ് നടത്തിയിരുന്നതെങ്കില്‍ ഊര്‍ജത്തിന് കുറവു വരുമായിരുന്നു. ആയിരം കൊല്ലമായി അപൂര്‍ണമായ ലിംഗം ഒരു പൊട്ടലോടുകൂടി ഇന്നും നിലനില്‍ക്കുന്നു.

നിങ്ങള്‍ സംവേദനക്ഷമതയുളള ആളാണെങ്കില്‍ അവിടെ ഇരുന്നാല്‍ വേദന തോന്നും, കണ്ണീര്‍ വാര്‍ക്കും, ലിംഗത്തിനുണ്ടായ കോട്ടം ഊര്‍ജത്തിലും പ്രതിഫലിക്കുന്നിനാലാണ് വേദന തോന്നുന്നത്. പ്രതിഷ്ഠാ കര്‍മങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചതിനാലും പൂര്‍ണമാകാറായപ്പോള്‍ മാത്രമാണ് ഈ പൊട്ടലുണ്ടായത് എന്നതിനാലും മാത്രമാണ് ഇന്നും അതിന്‍റെ ശക്തി നിലനില്‍ക്കുന്നത്.

 
 
  0 Comments
 
 
Login / to join the conversation1