“ഭൂത ഭൂത ഭൂതേശ്വരായ, യോഗ യോഗ യോഗീശ്വരായ
കാല കാല കാലേശ്വരായ – ശിവ ശിവ സര്‍വ്വേശ്വരായ
ശംഭോ... ശംഭോ... മഹാദേവായ.”
പ്രഖ്യാതമായ ഈ മന്ത്രത്തിന്റെ പൊരുള്‍:

ഭൂതേശ്വരന്‍ : ഈ പ്രപഞ്ചം മുഴുവനും തന്നെ, അഞ്ചു മൂലകങ്ങളുടെ ഒരു കളിയാണ്‌ . നമ്മള്‍ കാണുകയും, കേള്‍ക്കുകയും, മണക്കുകയും, രുചിക്കുകയും, സ്‌പര്‍ശിക്കുകയും ചെയ്യുന്നതെല്ലാം ഈ പ്രപഞ്ചത്തിലുള്ളതാണ്‌. നമ്മുടെ ശരീരവും, ഈ ഭൂമിയും, അങ്ങനെയുള്ള എണ്ണമറ്റഗോളങ്ങളും, ഗ്രഹങ്ങളുമെല്ലാം ഈ ഭൌതിക പ്രപഞ്ചത്തിന്റെ ഭാഗങ്ങളാണ്‌. അഞ്ചേ അഞ്ചു ചേരുവകള്‍ കൊണ്ടാണ്‌ പ്രപഞ്ചസൃഷ്‌ടി എന്ന അത്ഭുതലീല സൃഷ്ടിച്ചിരിക്കുന്നത്‌! അനന്തകോടി ചേരുവകള്‍ ഉണ്ടായാല്‍ത്തന്നേയും, ഇതില്‍ കൂടുതല്‍ ഭവ്യവും ഭാസുരവുമാകുമായിരുന്നില്ല ഈ പ്രപഞ്ചം. അത്രക്കും അതിശയകരമാണ്‌ ഈ സൃഷ്‌ടി ലീല!

അഞ്ചേ അഞ്ചു ചേരുവകള്‍ കൊണ്ടാണ്‌ പ്രപഞ്ചസൃഷ്‌ടി എന്ന അത്ഭുതലീല സൃഷ്ടിച്ചിരിക്കുന്നത്‌!

ഈ അഞ്ചു മൂലകങ്ങളുടെ, പഞ്ചഭൂതങ്ങളുടെ, അധീശനാവുക - എന്നാല്‍ എല്ലാം ആയി. ആരോഗ്യം, ഐശ്വര്യം, അധികാരം, വൈഭവം, എന്തെല്ലാം വേണോ, അതെല്ലാം തന്റെ കൈകുടന്നയില്‍!

അറിഞ്ഞോ അറിയാതേയോ ഈ അധീശത്വം ഓരോ വ്യക്തിയും അല്‍പസ്വല്‍പം സ്വന്തമാക്കുന്നുണ്ട്‌. അതെത്രത്തോളം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുള്ളത്‌, നമ്മുടെ ശരീരമനോബുദ്ധികളുടെ ശക്തിയേയും ശ്രേഷ്ടതയെയും ആശ്രയിച്ചിരിക്കുന്നു. ഭൂത ഭൂതേശ്വരന്‍ എന്നാല്‍, പഞ്ചഭൂതങ്ങളേയും തന്റെ വരുതിയിലാക്കിയവന്‍ എന്നാണര്‍ത്ഥം. ഈ ഭൌതികലോകത്തില്‍ അങ്ങനെയുള്ള ഒരു വ്യക്തിക്കുമാത്രമേ സ്വന്തം ഭാവി നിര്‍ണയിക്കാനാവുകയുള്ളു.

യോഗീശ്വരന്‍ : യോഗമാര്‍ഗത്തില്‍ പ്രവേശിക്കുക എന്നതിന്‌ വിപുലമായ അര്‍ത്ഥ തലങ്ങളുണ്ട്‌. ഭൌതികമായ ഈ ശരീരത്തിന്റെ പരിമിതികള്‍ മനസ്സിലാക്കി അതിനപ്പുറത്തേക്കു കടക്കാന്‍ പരിശ്രമിക്കുന്നയാളാണ്‌ യോഗി. താന്‍ ഈ പ്രകൃതിയുടെ തന്നെ തടവുകാരനാണ്‌ എന്ന തോന്നല്‍ അയാളില്‍ ശക്തമായിരിക്കും. ചെറിയ അതിര്‍വരമ്പുകള്‍ തന്റെ വഴി മുടക്കുന്നു എന്ന തോന്നലുള്ള ഒരാള്‍ക്ക്‌, അതിലും വലിയ തടസ്സങ്ങള്‍ തന്റെ ഗതിയില്‍ പ്രതിബന്ധം സൃഷ്‌ടിക്കാന്‍ ഉണ്ടാവുമെന്ന്‍ ഊഹിക്കാനാവും. അതിനുവേണ്ടി അയാള്‍ക്ക്‌ ഈ ഭുമിയെ പ്രദക്ഷണം വയ്ക്കേണ്ട ആവശ്യമൊന്നുമില്ല. ഈ പ്രപഞ്ചത്തിലെവിടെ ചെന്നാലും, ഒന്നല്ലെങ്കില്‍ മറ്റൊരു പ്രതിബന്ധം നിങ്ങളുടെ വഴിമുടക്കാനായുണ്ടാവും. യോഗത്തിലൂടെ യോഗി സാധിക്കുന്നത്‌, ഈ ഭൌതിക പ്രപഞ്ചത്തിലെ അതിര്‍വരമ്പുകളെയൊക്കെ മുറിച്ചു കടക്കലാണ്‌.

അതിനു വേണ്ടത്‌ പഞ്ചഭൂതങ്ങളേയും തന്റെ നിയന്ത്രണത്തിലാക്കാനുളള കഴിവാണ്‌. യോഗയിലൂടെ യോഗി ഈ തരത്തിലുളള കഴിവു മാത്രമല്ല, ദൃശ്യ പ്രപഞ്ചത്തിന്‌ അപ്പുറത്തുളള തലങ്ങളിലേക്കും കടന്നുചെല്ലാനുളള ശക്തി കൂടി നേടുന്നു. അന്തമുള്ളതിനേയും അനന്തമായിട്ടുള്ളതിനേയും യോഗ കൂട്ടിയിണക്കുന്നു. എല്ലാ അതിരുകളും മറികടന്ന്‍ അനന്തതയില്‍ ലയിക്കുന്നവനാരോ, അവനാണ്‌ യോഗീശ്വരന്‍.

കാലേശ്വരന്‍ : കാലം സമയമാണ്‌. ഒരാള്‍ പഞ്ചഭൂതങ്ങളുടേയും അധീശത്വം നേടിയിട്ടുണ്ടാകും. അനന്തതയില്‍ വലയം പ്രാപിച്ചിരിക്കാം, മഹാപ്രളയവും മനസ്സിലാക്കിയിട്ടുണ്ടായിരിക്കാം. എന്നാലും ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം, സമയം നീങ്ങിക്കൊണ്ടേയിരിക്കുകയാണ്‌. സമയത്തെ, അതായത് കാലത്തെ കീഴടക്കുക, അത്‌ തികച്ചും വ്യത്യസ്തമായ ഒരു വിഷയമാണ്‌. കാല എന്ന വാക്കിന്‌ സമയം എന്നുമാത്രമല്ല കറുപ്പ്‌, അന്ധകാരം എന്നുകൂടി അര്‍ത്ഥമുണ്ട്‌. കാലം അന്ധകാരമാണ്‌. അത്‌ പ്രകാശമുളളതാവാന്‍ തരമില്ല, കാരണം, പ്രകാശവും സഞ്ചരിക്കുന്നത്‌ കാലത്തിലാണ്‌. കാലത്തിന്റെ അടിമയാണ്‌ പ്രകാശം. പ്രകാശത്തിന്‌ ആദിയും അന്തവുമുണ്ട്‌. കാലം അങ്ങനെയുളള ഒരു പ്രതിഭാസമല്ല. കാലത്തിന്റെ വ്യത്യസ്‌തമായ ആറു മാനങ്ങളെപറ്റി നമ്മുടെ പൂര്‍വ്വീകര്‍ വിസ്‌തരിക്കുന്നുണ്ട്

ദാ.... നമ്മള്‍ ഇവിടെ ഇങ്ങിനെയിരിക്കുമ്പോഴും, നമ്മുടെ കാലം കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അതു കൊണ്ടാണ്‌ പഴമക്കാര്‍ മരണത്തെ കുറിച്ച്‌ "കാലം ചെന്നു, കാലമായി” എന്നൊക്കെ പറയുന്നത്‌.. തികച്ചും അര്‍ത്ഥവത്തായ പ്രയോഗം തന്നെ! ഇംഗ്ലീഷിലെ പ്രയോഗം, “expired” എന്നാണ്‌. മരുന്നുകളുടെ കാര്യത്തില്‍ കുറിച്ചുവെക്കുന്നതുപോലെ, മനുഷ്യനുമുണ്ട് ഒരു expiry date. നമ്മുടെ വിചാരം ജീവിതത്തിന്റെ പാതയില്‍ കൂടി നടന്ന് നമ്മള്‍ എവിടെയൊക്കെയോ ചെന്നെത്തുന്നു എന്നാണ്‌. എത്ര അബദ്ധം!

ശരീരത്തെ സംബന്ധിച്ചിടത്തോളം അത്‌ ഒരിടത്തോട്ടെ പോകുന്നുള്ളു, മരണത്തിലേയ്ക്ക്‌, ശ്‌മശാനത്തിലേയ്ക്ക്‌. അതില്‍ ഒരു നിമിഷത്തിന്റെ പോലും നീക്കുപോക്കു നടക്കില്ല. നിങ്ങള്‍ മെല്ലെ പോകാന്‍ ശ്രമിച്ചാലും, കാലത്തിനു സമയം തെറ്റുകയില്ല. പ്രായം കൂടുന്തോറും നമുക്ക്‌ തോന്നിത്തുടങ്ങും, ഭൂമി നമ്മളെ അതിനുള്ളിലേക്ക്‌ വലിച്ചെടുക്കുകയാണെന്ന്‍. ജീവിതം ഒരു വൃത്തമാണ്‌. ആ വൃത്തം അത് പൂര്‍ത്തീകരിച്ചിരിക്കും.

ശരീരത്തെ സംബന്ധിച്ചിടത്തോളം അത്‌ ഒരിടത്തോട്ടെ പോകുന്നുള്ളു, മരണത്തിലേയ്ക്ക്‌, ശ്‌മശാനത്തിലേയ്ക്ക്‌. അതില്‍ ഒരു നിമിഷത്തിന്റെ പോലും നീക്കുപോക്കു നടക്കില്ല.

കാലം ജീവിതത്തിന്റെ ഒരു പ്രത്യേക ഘടകമാണ്‌. മറ്റു ഘടകങ്ങളുമായി അത്‌ ഇണങ്ങിച്ചേരുന്നില്ല. പ്രപഞ്ചപ്രതിഭാസങ്ങളില്‍ വെച്ച്‌ ആര്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞു നില്‍ക്കുന്നത്‌ കാലമാണ്‌. കാലത്തെ പിടിച്ചു കെട്ടാന്‍ ഒരാള്‍ക്കുമാവില്ല, കാരണം, അത്‌ പ്രകടമായ ഒരു വസ്‌തുവല്ല, രൂപഭാവങ്ങളൊന്നും അതിനില്ല. സൃഷ്‌ടിയിലെ ഏറ്റവും ശക്തമായ പ്രതിഭാസമാണത്‌. ഈ പ്രപഞ്ചം മുഴുവന്‍ കൂട്ടിയോജിപ്പിക്കുന്ന ശക്തി കാലമാണ്‌. ഗുരുത്വസിദ്ധാന്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത്‌ ആധുനിക ശാസ്‌ത്രത്തിന്‌ ഇന്നും അജ്ഞാതമാണ്‌, കാരണം, അങ്ങനെ ഒന്നില്ല എന്നതുതന്നെ. എല്ലാറ്റിനേയും അതാതിടങ്ങളില്‍ യോജിപ്പിച്ചു നിര്‍ത്തുന്നത്‌ കാലമാണ്‌.

ശിവ : എന്നാല്‍ ഇല്ലാത്തത്‌, അല്ലെങ്കില്‍ അലിഞ്ഞു ചേര്‍ന്നത്‌ എന്നാണ്‌ അര്‍ത്ഥം. ഒന്നുമില്ലാത്ത അവസ്ഥയാണ്‌ സകലതിനും ആധാരമായിരിക്കുന്നത്‌. അത്‌ അനന്തമാണ്‌. അതാണ് സര്‍വ്വേശ്വരന്‍.

ശംഭോ : അതൊരു താക്കോലാണ്‌, കവാടം തുറന്ന് ഉള്ളിലേക്കു പ്രവേശിക്കാനുളള താക്കോല്‍. ശരീരത്തെ തകര്‍ത്തുകളയും വിധം ശംഭോ എന്ന്‍ ഉച്ചരിക്കാനായാല്‍, അത്‌ ഉള്ളിലേക്ക് കടന്നുപോകാനുളള ഒരു മാര്‍ഗമായി തെളിയും. ദീര്‍ഘകാലത്തെ സാധനയിലൂടെ മാത്രമേ ഈ താക്കോല്‍ കൈക്കലാക്കാനാകുകയുള്ളു. അതിനു തയ്യാറല്ലെങ്കില്‍, നുഴഞ്ഞുകയറ്റമാവാം.

കുട്ടിയായിരുന്നപ്പോള്‍ മൈസൂരിലെ മൃഗശാലയില്‍ എനിക്കേതാനും ചങ്ങാതിമാരുണ്ടായിരുന്നു. എല്ലാ ഞായറാഴ്‌ചയും രണ്ടുരൂപയും കൊണ്ട് ഞാന്‍ മീന്‍ചന്തയിലെത്തും. അവിടെ ഉള്‍വശത്തൊരു മൂലയില്‍ അഴുകിയ മീന്‍ വില്‍പനയ്ക്കു വെച്ചിരിക്കും. രണ്ടുരൂപ കൊടുത്താല്‍ രണ്ടോ മൂന്നോ കിലോ മത്സ്യം കിട്ടും. അതും വാങ്ങി ഒരു പ്ലാസ്റ്റിക്‌ സഞ്ചിയിലിട്ട്‌ ഞാന്‍ മൃഗശാലയിലേക്ക്‌ ചെല്ലും. ടിക്കറ്റിന്‌ ഒരു രൂപ കൊടുക്കണം. അതെന്റെ കൈയ്യിലുണ്ടാവാറില്ല. അപ്പുറത്തുമാറി രണ്ടടി ഉയരത്തില്‍ ഒരു വേലിക്കെട്ടുണ്ട്‌. ആരും കാണാതെ അതിലൂടെ നുഴഞ്ഞു കയറാം. ഞാന്‍ പതിവായി അതിലൂടെയാണ്‌ കയറാറ്‌. ദിവസം മുഴുവന്‍ അതിനകത്തു കറങ്ങും. അവിടത്തെ മൃഗങ്ങള്‍ക്ക്, എന്റെ ചങ്ങാതിമാര്‍ക്ക്, കൈയ്യിലുളള ചീഞ്ഞമീന്‍ വാരി കൊടുക്കും.

നേര്‍വഴിയെ പോകണമെങ്കില്‍, മാര്‍ഗം കുറച്ചു കഠിനമാണ്‌. വഴി ദുര്‍ഘടവുമാണ്‌. നുഴഞ്ഞു കയറാന്‍ തയ്യാറുളളവര്‍ക്ക്‌ ചില എളുപ്പ വഴികളുണ്ട്‌. അത്തരക്കാര്‍ക്ക്‌ ഒരു വിദ്യയും സ്വായത്തമാക്കേണ്ടതില്ല. ആയുസ്സുതീരും വരെ ജീവിക്കാം, മരിച്ചു കഴിഞ്ഞാല്‍ പരമമായ ആ സ്ഥാനത്തിലെത്താം.

വളരെ സരളമായ ഒരു വിദ്യപോലും സ്വായത്തമാക്കുന്നതില്‍ അതിന്റേതായ കലയുണ്ട്, സൌന്ദര്യമുണ്ട്‌. ഉദാഹരണത്തിന്‌, പന്തു തട്ടുന്നത്‌. ഏതു ചെറിയ കുട്ടിക്കും സാധിക്കുന്ന കാര്യം, എന്നാല്‍ അതി വിദഗ്‌ദമായി ആരെങ്കിലും പന്തു തട്ടുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ അതിശയത്തോടെ, ആവേശത്തോടെ അത്‌ നോക്കിയിരിക്കുന്നു. വിഷയമെന്തായാലും അതില്‍ നൈപുണ്യം നേടണമെങ്കില്‍ കഠിനമായി പ്രയത്‌നിക്കുകതന്നെ വേണം.

എന്നാല്‍ നുഴഞ്ഞു കയറാനാണ്‌ നിങ്ങള്‍ക്കു താല്‍പര്യമെങ്കില്‍, എളുപ്പവഴി ഇതാണ്‌ - ശംഭോ!