सद्गुरु

വൈവിദ്ധ്യത്തിനിടയിലും ഐക്യം - അതാണ്‌ മഹത്തായ ഭാരതീയ പരമ്പര. ജാതി, മതം, സാമ്പത്തികം എന്ന ഭീഷ്മമായ ഭിന്നതക്കിടയിലും അവരൊത്തുചേരും, എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കും, സുഖങ്ങളും ദു:ഖങ്ങളും പങ്കു വയ്ക്കും, ദുര്‍ഘടനകളില്‍ അന്യോന്യം സഹായിക്കും.

സദ്ഗുരു : ഭാരതത്തിന്റെ സംസ്‌കാരത്തിന്‌, അതില്‍ അന്തര്‍ലീനമായിരിക്കുന്ന എല്ലാ വൈവിദ്ധ്യങ്ങള്‍ക്കും അടിസ്ഥാനമായി, ഒരു പ്രത്യേക ചിട്ടയുണ്ട്. അതിന്‌ വ്യവസ്ഥാപിതമായ ഒരു പ്രവര്‍ത്തനരീതിയുണ്ടായിരുന്നു. ഈ രാഷ്ട്രം ഇന്നും ഛിന്നഭിന്നമാകാതെ ഒന്നിച്ചുനില്‍ക്കുന്നത്‌, ആ ശക്തമായ അടിത്തറയുള്ളതുകൊണ്ടാണ്‌, പ്രകടമായിക്കാണുന്ന എല്ലാ വിയോജിപ്പുകള്‍ക്കുമൊപ്പം എല്ലാത്തിനേയും ഒന്നിച്ചുചേര്‍ത്തുനിര്‍ത്തുന്ന എന്തോ ഒന്ന്‍. രാജ്യത്തെ സമഞ്‌ജസമായി നിലനിര്‍ത്തുന്നത്‌ അതിന്റെ ആന്തരികഘടനയോ സര്‍ക്കാരോ നിയമങ്ങളോ ഒന്നുമല്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു വ്യക്തിവൈഭവം ജനങ്ങളിലുണ്ട്. ഇന്ത്യ നേരിടുന്ന കടുത്ത ദാരിദ്ര്യാവസ്ഥയിലും, യുക്തിബോധം നഷ്ടപ്പെടാതെ ജീവിതം മുന്നോട്ടു നയിക്കാനും, ആവേശത്തോടു കൂടി ആഘോഷങ്ങളും, ഉത്സവങ്ങളും കൊണ്ടാടാനും കഴിയണമെങ്കില്‍ അതിന്‌ സംസ്‌കാരത്തിലധിഷ്‌ഠിതമായ ഒരു പ്രത്യേക മാനസികാവസ്ഥ തന്നെ വേണം.

ഈ രാഷ്ട്രം ഇന്നും ഛിന്നഭിന്നമാകാതെ ഒന്നിച്ചുനില്‍ക്കുന്നത്‌, ആ ശക്തമായ അടിത്തറയുള്ളതുകൊണ്ടാണ്‌, പ്രകടമായിക്കാണുന്ന എല്ലാ വിയോജിപ്പുകള്‍ക്കുമൊപ്പം എല്ലാത്തിനേയും ഒന്നിച്ചുചേര്‍ത്തുനിര്‍ത്തുന്ന എന്തോ ഒന്ന്‍.

പാശ്ചാത്യ വ്യവസ്ഥിതിയെന്നാല്‍ എല്ലാം പൂര്‍ണ്ണമായി ചിട്ടപ്പെടുത്തിയതായിരിക്കും. അതില്‍ എല്ലാം യാന്ത്രികമായി സംഭവിക്കും. പക്ഷെ അതിനൊരാപകതയുണ്ട്, സംഭവങ്ങള്‍ മാത്രമുണ്ടാകും, ജീവിതം ശൂന്യമായിരിക്കും. ചിട്ടയില്ലായ്മ, അടുക്കില്ലായ്മ, അതാണ്‌ നമ്മുടെ സംസ്‌കാരത്തിന്റെ സൌന്ദര്യം. പക്ഷേ ക്രമരഹിതമായ ഈ പാശ്ചാത്തലത്തില്‍, ജനങ്ങളുടെയിടയില്‍ ഐക്യം ഇല്ലെങ്കില്‍, അടുക്കുതെറ്റിയ മനസ്സും, ശരീരവും, സാമൂഹികാന്തരീക്ഷവും, എല്ലാ സാദ്ധ്യതകളേയും ഇല്ലാതാക്കും. ഉദാഹരണത്തിന്‌ – അടുക്കളയില്‍ ചെല്ലുമ്പോള്‍ അവിടെ എല്ലാ വസ്‌തുക്കളും തോന്നിയപടി വലിച്ചുവാരി ഇട്ടിരിക്കുകയാണെങ്കില്‍, എന്ത്‌ എവിടെ ഇരിക്കുന്നു എന്നറിയാന്‍ കഴിയുകയില്ല. ഓരോന്നും കണ്ടുപിടിച്ച്‌ എന്തെങ്കിലും പാചകം ചെയ്യുന്നത്‌ ഒരു ദിവസത്തേക്കൊക്കെ ഒരു രസമായി തോന്നാം, പക്ഷേ പതിവായി അങ്ങനെ ചെയ്യേണ്ടിവന്നാല്‍, അതു നിങ്ങളുടെ സാദ്ധ്യതകളെ വല്ലാതെ ലോഭിച്ചുകളയും. ഒരുനേരത്തെ കാപ്പിയുണ്ടാക്കല്‍ ഒരു ദിവസത്തെ പണിയായി മാറും. ഈ സാഹചര്യമാണ്‌ നമ്മുടെ രാജ്യത്ത്‌ നാം സൃഷ്ടിച്ചിരിക്കുന്നത്‌. നല്ല കാര്യങ്ങള്‍ പലതും ചെയ്തു തീര്‍ക്കേണ്ടയിടത്ത്, അതിബുദ്ധിശാലികള്‍ക്ക്‌ പോലും ഒരു നിസ്സാരകാര്യം ചെയ്യാന്‍ ഇരട്ടി സമയം ചിലവിടേണ്ടിവരുന്നു.

ചില ചെറിയ സമൂഹങ്ങളിലും, സ്ഥാപനങ്ങളിലും, വ്യവസായ വാണിജ്യരംഗങ്ങളിലും, വ്യക്തികള്‍ ചെറിയ സംഘങ്ങളായി രൂപപ്പെടാറുണ്ട്. പക്ഷേ, ഇതു സംഭവിക്കുന്നത്‌ പാശ്ചാത്യരീതിയില്‍ ആയതുകൊണ്ട്, മാനസികസംഘര്‍ഷം അനുഭവപ്പെടുന്നു. എല്ലാത്തിനേയും ചിട്ടയായി രൂപപ്പെടുത്തുക എന്നതാണ്‌ പാശ്ചാത്യവ്യവസ്ഥിതി. അപ്പോള്‍ എല്ലാം യാന്ത്രികമായി പ്രവര്‍ത്തിക്കും. കാര്യങ്ങളെല്ലാം നടക്കും, പക്ഷേ അതിനൊന്നും ഒരു ജീവസ്സുണ്ടാകുകയില്ല. "ഇന്നതു ചെയ്യുക" എന്ന് കര്‍ശനമായ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍ എല്ല കാര്യങ്ങളും ഭംഗിയായി നടക്കും, പക്ഷേ അതില്‍ ജീവന്റെ സത്തില്ലെങ്കില്‍ നിയമം തെറ്റിക്കാനുള്ള കടുത്ത പ്രേരണ മനസ്സില്‍നിന്ന് ഉയര്‍ന്നുവരും. ഇതാണ്‌ പാശ്ചാത്യരാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിയമവ്യവസ്ഥയെ ഒരു വലിയ ജനസമൂഹം അകാരണമായി ലംഘിക്കുവാന്‍ ഒരുങ്ങുന്നുവെങ്കില്‍ അതിനു കാരണം, ആ ചട്ടക്കൂടിനുള്ളില്‍ ജീവിതം ഞെരുപിരി കൊള്ളുന്നു എന്നുള്ളതാണ്‌. ചുറ്റുപാടുകള്‍ കടുത്ത വിഭ്രാന്തിയുണ്ടാക്കുന്നതാണെങ്കിലും യോഗശാസ്‌ത്രം ഉള്‍ക്കൊള്ളാനും, ജീവിതത്തില്‍ പ്രയോഗിക്കാനും കഴിഞ്ഞാല്‍, അത്‌ മനസ്സിനുള്ളിലെങ്കിലും ഒരു ക്രമപ്പെടുത്തലിന്‌ സഹായിക്കും.

സമൂഹമനസ്സില്‍ വികാരങ്ങള്‍ അടക്കിവയ്ക്കാനുള്ള വെമ്പല്‍ അധികം ഇല്ലാത്തതുകൊണ്ട്, ഭാരതത്തില്‍ ആത്മീയമാര്‍ഗ്ഗം ഒരു കെട്ടുപാടുകളുമില്ലാതെയാണ്‌ മുന്നേറിയത്‌.

സമൂഹമനസ്സില്‍ വികാരങ്ങള്‍ അടക്കിവയ്ക്കാനുള്ള വെമ്പല്‍ അധികം ഇല്ലാത്തതുകൊണ്ട്, ഭാരതത്തില്‍ ആത്മീയമാര്‍ഗ്ഗം ഒരു കെട്ടുപാടുകളുമില്ലാതെയാണ്‌ മുന്നേറിയത്‌. പക്ഷേ ഇപ്പോള്‍ അങ്ങിനെ സര്‍വ്വതന്ത്രസ്വതന്ത്രമായി വിഹരിക്കാനുള്ള സ്ഥലവിസ്‌തൃതിയില്ല. പണ്ട് ഒരു വ്യക്തിക്ക്‌ ഒരു ചതുരശ്രകിലോമീറ്ററോളം ഇടമുണ്ടായിരുന്നപ്പോള്‍ എങ്ങിനേയും പെരുമാറാമായിരുന്നു. പക്ഷെ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഇത്രയധികം ജനം ചുറ്റുമുള്ളപ്പോള്‍ വ്യക്തിസ്വാതന്ത്ര്യം വല്ലാതെ ചുരുങ്ങും. ഇന്നത്തെ ജനപ്പെരുപ്പവും സ്ഥലപരിമിതിയും കണക്കിലെടുത്താല്‍, കുറെയേറെ ചിട്ടയുണ്ടെങ്കിലേ ജീവിതം സ്വസ്ഥമായി മുന്നോട്ടുകൊണ്ടുപോകാനാകുകയുള്ളു. അല്ലാതെ, ജീവിതം പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ അനുഭവിക്കാന്‍ ശ്രമിച്ചാല്‍ എല്ലാം തകര്‍ന്നടിയും. ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുക – ജീവിതത്തെ സ്വതന്ത്രമായി വികസിക്കാന്‍ അനുവദിക്കുക, വ്യക്തിവൈഭവത്തിന്റെ അടിസ്ഥാനസത്ത നശിപ്പിക്കാത്തത്ര ചിട്ടപ്പെടുത്തലുകള്‍ ജീവിതത്തില്‍ ഉണ്ടാക്കുക – ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. യോഗ പരിശീലനം ഒരു ശാസ്‌ത്രവും ദിനചര്യയുമായി ജീവിതത്തില്‍ ആവിഷ്‌കരിച്ചാല്‍, തനിക്കുചുറ്റുമുള്ള ലോകം ഭ്രാന്തമായി പ്രതികരിക്കുമ്പോഴും, അവനവന്റെ ഉള്ളില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാകും എന്ന ഗുണമുണ്ട്.