सद्गुरु

ഞാൻ പ്രകൃതി വിഷയങ്ങളുമായി ബന്ധപ്പെടുന്നത് ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനായിട്ടോ , പരിസ്ഥിതി സംരക്ഷണ പ്രവർത്തകനായിട്ടോ അല്ല. ഞാൻ ഒരു വിഷയത്തിന്‍റെയും ശാസ്ത്രജ്ഞൻ അല്ല. ജീവിതമാണ് എന്നെ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്നത്.

കുട്ടികാലം മുതലേ തന്നെ ഞാൻ അധിക സമയം ചിലവഴിച്ചിട്ടുള്ളത് വീടിനുള്ളിലല്ല ; പുറമെയാണ്. പന്ത്രണ്ട് വയസ്സ് മുതൽ പതിനേഴു വയസ്സ് വരെ ഞാൻ എല്ലാ ദിവസവും കാവേരിയിൽ നീന്താറുണ്ട്. എനിക്ക് പതിനേഴു വയസുള്ളപ്പോഴാണ് ഞാൻ ഭാഗമണ്ഡലയിൽ നിന്നും മൈസൂർ വരെ, നാല് ട്രക്കിന്‍റെ ടയറുകളും പന്ത്രണ്ട് മുളകൾ ചേർത്ത് ഉണ്ടാക്കിയ ചങ്ങാടത്തിൽ കാവേരിയിലൂടെ യാത്ര ചെയ്തത്. ഇപ്പോഴും എന്നെ മുറിക്കുള്ളിൽ പിടിച്ചിരുത്തുവാൻ വിഷമമാണ്!

നദികളെക്കുറിച്ചും ,ജലത്തെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചും ഉള്ള എന്‍റെ അറിവ് പഠനത്തിലൂടെ നേടിയതല്ല ; നിരീക്ഷണത്തിലൂടെ നേടിയതാണ്. ആഴ്ചകളോളം വനത്തിൽ ഞാൻ തനിയെ ജീവിച്ചിട്ടുണ്ട് ; അവിടെ നിന്നുള്ള വസ്തുക്കളെ മാത്രം ആശ്രയിച്ച്, പുറമെ നിന്നും യാതൊരു സഹായവു മില്ലാതെയാണ് ഞാൻ അവിടെ കഴിഞ്ഞത്. ഇതിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ലോകത്തിലെ മറ്റെല്ലാ ജീവികളും ഇത് ചെയ്യുന്നുണ്ട്. ഞാൻ ഒരിക്കലും എന്നെ തന്നെ പ്രകൃതിയിൽ നിന്നും വേറെയായി കണ്ടിട്ടില്ല. ഞാൻ എന്നെയും മറ്റുള്ള എല്ലാ വസ്തുക്കളെയും പ്രകൃതിയുടെ ഒരു ഭാഗമായിടാന് കാണുന്നത്.

മണ്ണും ജലവും വ്യാപാര ചരക്കുകളല്ല

നിങ്ങളുടെ ശരീരം വെറും മണ്ണും വെള്ളവും മാത്രമാണ്. മിക്ക ആളുകൾക്കും അവരെ കുഴിച്ചിടുന്നത് വരെ ഈ വിവരം മനസ്സിലാകുകയില്ല. നമ്മെ കുഴിച്ചിടുമ്പോൾ , നാം മണ്ണിന്‍റെ ഭാഗമാണെന്നു മനസ്സിലാകും. ഇപ്പോൾ നമുക്ക് സഞ്ചാരത്തിനുള്ള കഴിവ് ഉള്ളത് കൊണ്ടാണ് നാം ഈ മണ്ണിന്‍റെ ഭാഗമാണെന്നു വിശ്വസിക്കുവാൻ പ്രയാസം തോന്നുന്നത്. ഒരു മരത്തിനെ പോലെ നമ്മളും മണ്ണിൽ ഉറച്ചു നില്കുകയായിരുന്നെങ്കിൽ നമുക്കത് കൃത്യമായി മനസ്സിലാകും.

മണ്ണ് പോലെ തന്നെ ജലവും ഒരു വില്‍പന ചരക്കല്ല. അത് ജീവൻ സൃഷ്ടിക്കുന്ന വസ്തുവാണ്. മനുഷ്യ ശരീരത്തിന്‍റെ 72 % ജലമാണ്. നിങ്ങൾ തന്നെ ഒരു ജല സംഭരണിയാണ്‌. ഈ ലോകത്തിലെ മറ്റു ജല സംഭരണികളെ അപേക്ഷിച്ച് നദികളോടാണ് നമുക്ക് ഏറ്റവും അടുപ്പമുള്ളത്. പക്ഷെ ഇന്ന് നമ്മുടെ നദികളെ നോക്കുമ്പോൾ അവയ്ക്ക് കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. ആയിരകണക്കിന് വർഷങ്ങളായി എക്കാലവും ഒഴുകിക്കൊണ്ടിരുന്ന നദികൾ രണ്ട് തലമുറകളുടെ സമയം കൊണ്ട് മഴക്കാലത്ത്‌ മാത്രം ഒഴുകുന്നവയായി തീർന്നു. വരും കൊല്ലങ്ങളിൽ അവ ഇനിയും കൂടുതൽ വേഗത്തിൽ ശോഷിക്കുകയും ചെയ്യും. പ്രധാനപ്പെട്ട ചില നദികളിൽ 60% വരെ ശോഷിച്ചു കഴിഞ്ഞു. കൃഷ്ണ, കാവേരി മുതലായ നദികൾ ഒരു വർഷത്തിൽ മൂന്നോ, നാലോ മാസം സമുദ്രത്തിൽ എത്തുന്നില്ല. ഇത് ചില നദികളുടെ മാത്രം കാര്യമല്ല. രാജ്യവ്യാപകമായി അധികം നദികളും വറ്റിക്കൊണ്ടിരിക്കുകയാണ്.

മണ്ണ് പോലെ തന്നെ ജലവും ഒരു വില്‍പന ചരക്കല്ല. അത് ജീവൻ സൃഷ്ടിക്കുന്ന വസ്തുവാണ്.

ഇപ്പോഴത്തെ സ്ഥിതി നിലനിർത്തുക എന്നത് ഏതു പ്രശ്നത്തിനും ഒരു പരിഹാരമാണ് എന്നാണ് നമ്മുടെ ഒരു വിശ്വാസം. പക്ഷെ അത് ഒരു പരിഹാരമല്ല. ഇപ്പോഴത്തെ സ്ഥിതി നിലനിർത്തുക എന്നാൽ , ഇന്നത്തെ വിഷമസ്ഥിതി മാറ്റുവാൻ സാധിക്കുകയില്ല എന്ന് സമ്മതിച്ചു കൊടുക്കുകയാണ്. നമ്മുടെ നദികളുടെയും, ജലാശയങ്ങളുടെയും, മണ്ണിന്‍റെയും കാര്യമാകുമ്പോൾ നിങ്ങൾ ഇന്നത്തെ സ്ഥിതി നില നിന്നാൽ മതി എന്ന് വിചാരികുമായിരിക്കും; പക്ഷെ പ്രകൃതി അങ്ങിനെ അല്ല വിചാരിക്കുന്നത്. പ്രകൃതിയെ സംബന്ധിച്ചേടത്തോളം വളരെ സാരമായ നാശമാണ് മണ്ണിനും, ജലത്തിനും മറ്റു ജീവൻ നിലനിർത്താൻ അത്യാവശ്യമായ വസ്തുക്കൾക്കും സംഭവിക്കുന്നത്.

ആയിരത്തി തൊള്ളായിരത്തി അൻപതുകൾക്കു മുൻപ് നമ്മുടെ രാജ്യത്ത് അനേകമാളുകളുടെ ജീവൻ അപഹരിക്കുന്ന ക്ഷാമം സാധാരണമായിരുന്നു. 1943ൽ , യൂറോപ്പിൽ ആറേഴു വര്ഷം കൊണ്ട് അഡോൾഫ് ഹിറ്റ്ലർ ആറുമില്യൺ ജൂതന്മാരെ കൊന്നൊടുക്കിയപ്പോൾ, ഇവിടെ ബംഗാളിൽ രണ്ടര മാസം കൊണ്ട് 3.5 മില്യൺ ആളുകളാണ് ക്ഷാമം മൂലം മരിച്ചത്. അമ്പതു കൊല്ലമായിട്ടു മറ്റൊരു ക്ഷാമം ഉണ്ടാകാതെ നോക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ നമ്മൾ നമ്മെത്തന്നെ അത്തരമൊരു പ്രതിസന്ധിയിലേക്ക് കൊണ്ട് പോകുകയാണ്.

അത്രയധികം ആളുകൾ ഇന്ന് മരിക്കുകയിലായിരിക്കും; പക്ഷെ ജീവിതം ആകെ താറുമാറാകും. ഗ്രാമങ്ങളിൽ ജലമിലാതകുന്നതോട് കൂടി നഗരത്തിലേക്ക് വലിയ തോതിൽ കുടിയേറ്റം നടക്കും. നഗരങ്ങളിൽ വഴിയിലും മറ്റെല്ലായിടത്തും ആളുകൾ താമസം തുടങ്ങും.. അവരെ എന്തെങ്കിലും ചെയ്യുവാൻ ശ്രമിച്ചാൽ അവർ അക്രമാസക്തരാകും. അടുത്ത മുപ്പതോ നാല്‍പതോ കൊല്ലങ്ങളിൽ നാം നേരിടേണ്ടി വരുന്ന സാമൂഹ്യ ലഹളകൾ അളവറ്റതായിരിക്കും.

ലോകാവസാനത്തിന്‍റെ ചിത്രം വരച്ചു കാട്ടി, പേടിപ്പിക്കുവാനല്ല ഇങ്ങിനെ പറയുന്നത്. നാം ഇങ്ങിനെയുള്ള ഒരു ദിശയിലേക്കാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഇതിനു തടയിടാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ മേൽപ്പറഞ്ഞ സ്ഥിതി സംജാതമാകും. കഴിഞ്ഞ നാല് വർഷമായിട്ട് നമ്മുടെ പയർ വർഗ ധാന്യങ്ങളുടെ ഇറക്കുമതി പതിനേഴ് ശതമാനം കൂടിയിട്ടുണ്ട്. ഇത്തരം ധാന്യങ്ങൾ വളരെ അധികം ഉപയോഗിക്കുന്നവരാണ് നമ്മൾ ; എന്നാൽ അവ കൂടുതൽ ഉത്പാദിപ്പിക്കുവാനുള്ള ജലം നമുക്കില്ലാതായിരിക്കുന്നു. ഈ കൃഷി അധികവും മഴ വെള്ളത്തെ ആശ്രയിച്ചുള്ളതാണ്. പക്ഷെ ഇന്ന് മഴയെ ആശ്രയിക്കുവാൻ നിവൃത്തിയില്ലാതായിരിക്കുന്നു. പണ്ട് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ സഹായമില്ലാതെ തന്നെ ഏതു ദിവസം മഴ പെയ്യുമെന്നു നമ്മുടെ കർഷകർക്ക് അറിയാമായിരുന്നു. പക്ഷെ ഇന്ന് , മഴ എന്ന് വരും എന്നതിനെ കുറിച്ച് യാതൊരു നിശ്ചയവും ഇല്ലാതായപ്പോൾ, എന്ന് വിത്ത് വിതക്കണമെന്നു എങ്ങിനെ അറിയും?

നമ്മുടെ നദികളെ പുനരുജ്ജീവിപ്പിക്കുക

നമ്മുടെ നദികൾ ശോഷിക്കുന്നതിന്‍റെ പ്രധാന കാരണം ഭൂമിയിൽ പച്ചപ്പ് കുറഞ്ഞു പോയതാണ്. നദികളിൽ നീരൊഴുക്ക് ഉണ്ടാകണമെങ്കിൽ അവക്കടുത്തുള്ള മണ്ണ് നനവുള്ളതായിരിക്കണം. നമ്മുടെ നദികളിൽ ഭൂരിഭാഗവും വനങ്ങളിൽ നിന്നും ഉള്ള ജലത്തെ ആശ്രയിച്ചിരിക്കുന്നതാണ്. നദിക്കരകൾ മഴക്കാടുകൾ കൊണ്ട് നിറഞ്ഞിരുന്നപ്പോൾ മണ്ണിൽ അടിഞ്ഞു വന്ന ജലം അരുവികളിലേക്ക് എത്തുകയും അവ മൂലം നദികൾ നിറഞ്ഞൊഴുകുകയും ചെയ്തിരുന്നു. വനങ്ങളില്ലെങ്കിൽ കുറച്ചു കാലം കൊണ്ട് നദികളും ഇല്ലാതാകും. ഈ കാര്യം നമ്മൾ മനസ്സിലാക്കണം. : സാധാരണ ജനങ്ങളുടെ വിചാരം ജലമുള്ളതു കൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണു. എന്നാൽ വാസ്തവം അങ്ങിനെ അല്ല. മരങ്ങളുള്ളത് കൊണ്ടാണ് ജലം ഉണ്ടാകുന്നത്. അതിനാൽ നമ്മുടെ നദികൾക്ക് അവയുടെ മുഴുവൻ നീളത്തിലും, ഇരു വശത്തുമായി പച്ചപ്പ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

സന്നദ്ധ സേവനം കൊണ്ട് മാത്രം ഇനി ഇത് നടപ്പാക്കുവാനാകില്ല. നമ്മളെല്ലാം ചേർന്ന് കോടിക്കണക്കിനു മരങ്ങൾ നട്ടാൽ ഗുണമുണ്ടാകുന്ന കാലം കഴിഞ്ഞു പോയി. അത് നാം നാല്പതു കൊല്ലമെങ്കിലും മുൻപ് ചെയ്യേണ്ടതായിരുന്നു. ഇന്ന് നമുക്ക് വേണ്ടത് നിര്ബന്ധമായിട്ടും നടപ്പാക്കാവുന്ന ഒരു പദ്ധതിയാണ്. ഈ പദ്ധതി അനുസരിച്ച് നമ്മുടെ നദീതീരങ്ങൾക്കു സമീപം നാം എങ്ങിനെ ജീവിക്കണമെന്നും, എന്തെല്ലാം ചെയ്യണമെന്നും, എന്തെല്ലാം ചെയ്യരുത് എന്നും നിശ്ചയിക്കുവാൻ സാധിക്കണം.

നമ്മുടെ നദികൾ ശോഷിക്കുന്നതിന്‍റെ പ്രധാന കാരണം ഭൂമിയിൽ പച്ചപ്പ് കുറഞ്ഞു പോയതാണ്.

ഇതിനായി ഒരു പദ്ധതി ശുപാർശ ചെയ്യുവാനായി ഞാൻ തയാറാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരും , ശാസ്ത്രജ്ഞരും ചേർന്നാണ് ഇത് തയാറാക്കിയിരിക്കുന്നത്. പ്രധാനമായി മുൻപോട്ടു വയ്ക്കുന്ന പരിഹാരം ഇതാണ് - നദിയുടെ ഇരു വശങ്ങളിലും, ചുരുങ്ങിയത് ഒരു കിലോമീറ്റർ വീതിയിൽ - പോഷക നദികളിലാണെങ്കിൽ അര കിലോമീറ്റർ വീതിയിൽ - സർക്കാർ വക ഭൂമിയാണെങ്കിൽ അവിടെ കാട്ടു മരങ്ങൾ വച്ച് പിടിപ്പിക്കുക. സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെങ്കിൽ അവിടെ ജലം കൂടുതൽ ഉപയോഗിക്കുന്ന കൃഷികളിൽ നിന്നും മാറി, മരങ്ങൾ ഉപയോഗിച്ചുള്ള തോട്ട കൃഷിയിലേക്കു വരുവാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക. ഇതിനായി ആവശ്യമുള്ള ധന സഹായവും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതായിരിക്കും. ഇതുവഴി കർഷകരുടെ വരുമാനം രണ്ടിരട്ടി ആക്കുവാനും സാധിക്കും.

അടുത്ത എട്ടോ പത്തോ വർഷങ്ങൾക്കുള്ളിൽ ഈ പദ്ധതി കൃത്യമായി നടപ്പാകുകയാണെങ്കിൽ പതിനഞ്ചു മുതൽ ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ നദികളിലെ ജലം ഇരുപതു ശതമാനമെങ്കിലും വർധിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. പക്ഷെ ഇനിയും ഒരു പതിനഞ്ചോ, ഇരുപതോ വര്‍ഷം കഴിഞ്ഞിടാണ് ഇതിനു നാം മുതിരുന്നത് എങ്കിൽ നൂറു, നൂറ്റമ്പതു വര്‍ഷം കഴിഞ്ഞേ ഈ മാറ്റം കാണുവാൻ സാധിക്കുകയുള്ളു. ഇത് പ്രവർത്തനത്തിൽ വിശ്വസിക്കുന്ന ഒരാളുടെ വെറും പറച്ചിലുകളല്ല: ഇത് ശാസ്ത്രീയമായ കാര്യങ്ങളാണ്.

വരും തലമുറയ്ക്കായി നാം നിറവേറ്റേണ്ട ചുമതലയാണ് ഇത്. നമ്മുടെ തലമുറയാണ് ഏറ്റവും അധികം നാശങ്ങൾ വരുത്തിയിട്ടുള്ളത്. ഈ ജന്മത്തിൽ നമുക്കത് മുഴുവൻ നേരെയാക്കാൻ പറ്റിയില്ലെങ്കിലും , ചെയ്യാനുള്ളതിലേക്കു ഒരു പ്രയാണം തുടങ്ങി വയ്ക്കുകയെങ്കിലും അത്യാവശ്യമായും ചെയ്യണം.

അതിലേക്കുള്ള ഒരു തുടക്കമെന്ന നിലയിൽ സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 2 വരെയുള്ള മുപ്പതു ദിവസം, ഞങ്ങൾ “നദികളെ രക്ഷിക്കൂ” എന്ന പരിപാടി സംഘടിപ്പിക്കുകയാണ്. ആ പരിപാടിയിൽ ഞാൻ പതിനാറു സംസ്ഥാനങ്ങളിലൂടെ 7000 കിലോമീറ്റര്‍ സഞ്ചരിച്ച് 23 പ്രധാനപ്പെട്ട നഗരങ്ങളിൽ പരിപാടികൾ നടത്തുന്നു. നമ്മുടെ നദികളെ രക്ഷിക്കുവാൻ ഒരു കഠിന ശ്രമം നടത്തുവാനാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. റാലി ഡൽഹിയിൽ സമാപിക്കുമ്പോൾ നദികളുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതി രേഖ സർക്കാരിന് ഞാൻ സമർപ്പിക്കുന്നതാണ്. ഇതിനെക്കുറിച്ചുള്ള അവബോധം നമ്മുടെ രാജ്യത്തെ എല്ലാവരിലും എത്തിക്കുകയും, പൊതുവായ ഒരു പദ്ധതി ആവിഷ്കരിക്കുകയും, അത് ഉടൻ നടപ്പാക്കുവാൻ തുടങ്ങുകയും ചെയ്‌താൽ, നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കും , വരും തലമുറകളുടെ നന്മക്കും വേണ്ടിയുള്ള ഒരു ശരിയായ തുടക്കമായിരിക്കും.

കുറിപ്പ്: “നദികളെ രക്ഷിക്കൂ” എന്ന നമ്മുടെ നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദേശ വ്യാപകമായ പരിപാടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും ഇതിൽ എങ്ങിനെ പങ്കെടുക്കാം എന്ന് മനസ്സിലാക്കുന്നതിനും RallyForRivers.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.