ഭാരതത്തിലെ നദികള്‍. പ്രശ്നങ്ങളും, പരിഹാരങ്ങളും
 
 

सद्गुरु

ഇന്ത്യയിലെ നദികള്‍, നമ്മുടെ ജീവരക്തം പ്രവഹിക്കുന്ന ധമനികളാണ്. അവ ഇപ്പോള്‍ വലിയൊരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവക്ക് വീണ്ടും പുതുജീവന്‍ പകര്‍ന്നു നല്കാന്‍ നമുക്കെന്തെല്ലാം ചെയ്യാനാവുമെന്നാണ് സദ്ഗുരു ഇവിടെ പറഞ്ഞുതരുന്നത്. നമ്മുടെ നദികള്‍ തീര്‍ത്തും വറ്റിവരണ്ടുപോകാന്‍ ഏറെ കാലതാമസമില്ല.

സദ്ഗുരു : നമ്മള്‍ നമ്മളായിരിക്കുന്നതിനുള്ള കാരണം നമ്മുടെ നദികളാണ്. ഭാരതം വളര്‍ന്നു വികസിച്ചിട്ടുള്ളത് പ്രധാനമായും ഇവിടത്തെ നദീതീരങ്ങളിലാണ്. മോഹന്‍ജോ ദാരോ ഹാരപ്പ തുടങ്ങിയവ നമ്മുടെ നദീതടങ്ങളിലാണ്. നദികള്‍ ഗതിമാറി ഒഴുകിയപ്പോഴാണ് ആ നാഗരികതള്‍ക്ക് നാശം സംഭവിച്ചത്.

ഇന്ന് നമ്മുടെ നദികളിലെ ഒഴുക്ക് അതിവേഗം നിലച്ചുകൊണ്ടിരിക്കുകയാണ്. ഒരിരുപതു കൊല്ലം കഴിയുമ്പോഴേക്കും ഇവിടെ മഴക്കാലങ്ങളില്‍ മാത്രമേ നദികളെ കാണാനാവൂ എന്ന സ്ഥിതിയായിരിക്കും. കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ തമിഴ്നാട്ടില്‍ മാത്രം എത്രയോ നദികള്‍ വരണ്ടില്ലാതാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളായ കൃഷ്ണയും ഗോദാവരിയും കാവേരിയും സമുദ്രം വരെ ഒഴുകിയെത്തുന്നത് വര്‍ഷകാലങ്ങളില്‍ മാത്രമാണ്; അതും രണ്ടോ മൂന്നോ മാസം മാത്രം.

അതിവൃഷ്ടി:- ആഗോളതാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യയുടെ കിഴക്കും പടിഞ്ഞാറും സമുദ്രമാണല്ലോ. അതുകൊണ്ട് മഴയുടെ തോതും കൂടുതലാകും. ഇപ്പോള്‍ത്തന്നെ ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ മഴക്കാലമായാല്‍ വെള്ളപ്പൊക്കത്തിന്‍റെ ദുരിതമനുഭവിക്കുന്നത് സാധാരണമായിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ചെന്നയിലുണ്ടായ വെള്ളപ്പൊക്കം...... ഇപ്പോള്‍ അവിടത്തുകാര്‍ക്ക് മഴയെന്നു കേള്‍ക്കുമ്പോഴേ ഭയമാണ്. ചെന്നൈയില്‍ രണ്ടുദിവസം നന്നായി മഴപെയ്താല്‍ത്തന്നെ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടുന്ന സ്ഥിതിയാണ്. മഴയില്ലാതിരുന്നാല്‍ ഭൂമി വരണ്ട് മരുഭൂമിയാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിലും വേഗത്തിലാണ് അതിവൃഷ്ടിമൂലം മരുഭൂമികള്‍ ഉണ്ടായിത്തീരുക. ഭൂമിയുടെ ആര്‍ദ്രത മുഴുവന്‍ നഷ്ടപ്പെട്ട് കൃഷിക്ക് അയോഗ്യമായിത്തീരും. അങ്ങനെയൊരു ഭാവിയാണ് ഇപ്പോള്‍ ദക്ഷിണേന്ത്യ അഭിമുഖീകരിക്കുന്നത്. തുടക്കത്തില്‍ കുഴല്‍ക്കിണറുകള്‍ 200 അടി എത്തുമ്പോഴേക്കും വെള്ളം കിട്ടുമായിരുന്നു. ഇപ്പോള്‍ ആയിരം അടി താഴ്ത്തിയാലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. എത്രകാലം തീവണ്ടിയിലും ട്രക്കിലും വെള്ളം ശേഖരിച്ച് വിതരണം ചെയ്ത് നാടു നടത്താനാകും? ഇതുകൊണ്ടൊന്നും ഒരു നാടിന്‍റെ ദാഹം ശമിപ്പിക്കാനാവില്ല. ആരേയും പറഞ്ഞു പേടിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. പക്ഷെ നമ്മളോരോരുത്തരും അതിനെകുറിച്ച് ആശങ്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ നമ്മുടെ നദികളെ വേണ്ടവിധം സംരക്ഷിക്കുന്നില്ല. അതുതന്നെയാണ് ഈ ദുരവസ്ഥക്കു കാരണം. നൂറുകോടിയിലേറെ ജനസംഖ്യയുള്ള നാട്. നദികള്‍ വറ്റിവരണ്ടാല്‍ എന്താകും ഗതി? മനുഷ്യര്‍ പരസ്പരം രക്തം കുടിക്കുകയൊ?


എത്രകാലം തീവണ്ടിയിലും ട്രക്കിലും വെള്ളം ശേഖരിച്ച് വിതരണം ചെയ്ത് നാടു നടത്താനാകും?

നമ്മുടെ നാട്ടിലെ നദികളില്‍ പലതും മഞ്ഞുരുകി ഒഴുകി നിറയുന്നവയാണ്. ആ കാര്യത്തില്‍ നമുക്കൊന്നും ചെയ്യാനാവില്ല. മഞ്ഞുണ്ടാകുന്നതും, ഉറയ്ക്കുന്നതും, ഉരുകി ഒഴുകുന്നതുമെല്ലാം ആഗോളപ്രതിഭാസമാണ്. എളുപ്പത്തിലൊന്നും അതിനു പ്രതിവിധി കാണാന്‍ നമുക്കാവില്ല. എന്നാല്‍ വനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ക്ക് ജീവവായു പകരാന്‍ നമുക്കു സാധിക്കും. എല്ലാവരും ആഗ്രഹിക്കുന്നത് ഉടനടിയുള്ള പരിഹാരമാണ്. സര്‍ക്കാറിനെ സ്വാധീനിച്ച് നദികളെ തമ്മില്‍ ബന്ധിപ്പിക്കുക. അങ്ങനെ നദീജലം കൂടുതല്‍ പ്രദേശങ്ങളിലേക്കെത്തിക്കാനാണ് ശ്രമം. അത് നല്ലൊരു ചിന്തയല്ല. കൂടുതല്‍ അപകടം വിളിച്ചു വരുത്തുകയേയുള്ളു. ഭീമമായ പണച്ചിലവു സഹിക്കേണ്ടിവരും. ഗുരുതരമായ പണച്ചിലവു സഹിക്കേണ്ടിവരും. ഗുരുതരമായ പരിസ്ഥിതി പ്രശനങ്ങള്‍ക്കു കാരണമാവുകയും ചെയ്യും.

വൃക്ഷങ്ങള്‍, ജനജീവിതത്തിന്

കൂടുതല്‍ വിശാലമായൊരു പ്രശ്നപരിഹാരമാണ് നമുക്കാവശ്യം. നദികളെ സംരക്ഷിക്കാന്‍ നമ്മള്‍ എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ച് ഓരോരുത്തും മനസ്സിലാക്കിയിരിക്കണം. അതിനെക്കുറിച്ച് പൊതുവായ ഒരവബോധം ഉണ്ടാക്കിയെടുക്കണം. പ്രചോദനം നല്കിയതുകൊണ്ടു മാത്രം കാര്യമില്ല. ലാഭകരമായ പ്രവൃത്തികളിലൂടെ നദീസംരക്ഷണത്തിന്‍റെ പ്രാധാന്യം അവരെ മനസ്സിലാക്കണം. വേണ്ടത്ര ആളുകളെ സംഘടിപ്പിച്ച് ഒരു ലക്ഷത്തോളം തൈകള്‍ നടാനും വളര്‍ത്താനുമുള്ള ചുമതല ഏല്പിക്കണം, അടുത്ത പത്തുവര്‍ഷത്തേക്കുള്ള ഒരു പദ്ധതി. അങ്ങനെ ആകാവുന്നത്ര ഭൂപ്രദേശത്തിന് ഒരു പച്ചമേലാപ്പ് സമ്മാനിക്കുക. ഈ വഴിക്ക് നമുക്ക് വര്‍ഷമേഘങ്ങളെ ആകര്‍ഷിക്കാനും ശക്തിപ്പെടുത്താനും സാധിക്കും. മഴക്കാലങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയുണ്ടാവും. മണ്ണൊലിക്കല്‍ കാര്യമായി തടയാന്‍ സാധിക്കും. ഇത് പ്രശ്നത്തിനുള്ള സമഗ്രമായൊരു പരിഹാരമാണ്. നദികളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ വേണ്ടിവരുന്ന ചിലവിനേക്കാള്‍ വളരെ കൂടുതലായൊന്നും ഇതിന് ചിലവഴിക്കേണ്ടി വരില്ല.


സമ്പത്ത് നേടാനുള്ള പരക്കം പാച്ചിലില്‍ ഈ ഭൂമിയേയും നദികളേയും ആരും അവഗണിക്കരുത്. നമ്മുടെ നിലനില്പിനാധാരം അവയാണെന്ന സത്യവും മറക്കരുത്.

നദിയുടെ രണ്ടുകരകളിലും ഒരു കിലോമീറ്ററോളം കൃഷിചെയ്യാതെ ഒഴിച്ചിടണം. കാരണം, കര്‍ഷകര്‍ നിലമുഴുമ്പോള്‍ കീടനാശിനികളും രാസവളങ്ങളും വെള്ളത്തിലേക്ക് അരിച്ചിറങ്ങാന്‍ സാദ്ധ്യതയുണ്ട്. അത് ജീവജാലങ്ങള്‍ക്ക് ഹാനികരമാണ്. നമ്മുടെ നദികളെ രക്ഷിക്കാന്‍ രണ്ടു കരയിലും സസ്യങ്ങള്‍ നട്ടുവളര്‍ത്തി രക്ഷാഭിത്തികള്‍ ഒരുക്കേണ്ടതുണ്ട്. സര്‍ക്കാര്‍വക ഭൂമിയില്‍ വനങ്ങള്‍ ഒരുക്കിയെടുക്കാം. സ്വകാര്യഭൂമിയില്‍ കായ്കനികള്‍ നല്‍കുന്ന മരങ്ങളുടെ തോട്ടങ്ങളുണ്ടാക്കാം. ഈ സംരംഭത്തിന് നാലഞ്ചുകൊല്ലത്തേക്ക് സര്‍ക്കാര്‍ സഹായധനം നല്കേണ്ടതാണ്. അതിനാവശ്യമായ അറിവും പരിശീലനവും നല്കി ജനങ്ങളില്‍ താല്പര്യം വളര്‍ത്തുകയും വേണം. ജൈവകൃഷിക്കുവേണ്ട പ്രോത്സാഹനം നല്കി അതിന്‍റെ വളര്‍ച്ചക്കു സഹായിക്കാം. പൊതുജനത്തിന്‍റെ ഉപയോഗത്തിനായി ഗുണമേന്മയുള്ള വിഭവങ്ങള്‍ അങ്ങനെ ലഭ്യമാകും. നല്ല പിന്‍തുണ കിട്ടുകയാണെങ്കില്‍ കൃഷിക്കാര്‍ അവരുടെ പതിവു വിളവുകള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധരാകും. സ്വന്തം കൃഷിയിടങ്ങള്‍ കൈവിട്ട് നഗരങ്ങളിലേക്കു ചേക്കേറാന്‍ അവര്‍ നിര്‍ബന്ധിതരാവുകയുമില്ല. പുതിയ തൊഴിലവസരങ്ങള്‍ തേടി അവര്‍ക്ക് നഗരങ്ങളില്‍ അലയേണ്ടിവരില്ല. അവനവന്‍റെ പറമ്പിലും പാടത്തും പണിയെടുത്തു കൊണ്ടുതന്നെ മാന്യമായ വരുമാനം നേടാന്‍ അവര്‍ക്കവസരമുണ്ടാകും. ഒരുപക്ഷെ മുമ്പത്തേക്കാള്‍ കൂടിയ ഒരു വരുമാനം അവര്‍ക്കുണ്ടാക്കാനാകും.

സമ്പത്ത് നേടാനുള്ള പരക്കം പാച്ചിലില്‍ ഈ ഭൂമിയേയും നദികളേയും ആരും അവഗണിക്കരുത്. നമ്മുടെ നിലനില്പിനാധാരം അവയാണെന്ന സത്യവും മറക്കരുത്.

നദികളുടെ സുരക്ഷിതത്വം ഉറപ്പുവരുന്ന പദ്ധതികളാണ് ഓരോ ഗവണ്‍മെന്‍റും നടപ്പിലാക്കേണ്ടത്. ആന്ധ്രപ്രദേശിലെയും മദ്ധ്യപ്രദേശിലെയും സര്‍ക്കാറുകള്‍ ഈ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഞങ്ങളും അങ്ങനെയൊരു പദ്ധതി സര്‍ക്കാറിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പതിവു കൃഷിയേക്കാള്‍ മുമ്പേ പറഞ്ഞരീതിയിലുള്ള കൃഷി എന്തുകൊണ്ടും ലാഭകരമാണെന്ന് സര്‍ക്കാറിനെ ബോധിപ്പിക്കാനൊരു ശ്രമം.

ഇന്ന് വളരെ വലിയൊരു വിഭാഗം ജനങ്ങളും കടുത്ത നിരാശയിലാണ്. പാടെ തോറ്റു എന്ന ഭാവം. നല്ലമാറ്റങ്ങളൊന്നും സംഭവിക്കയില്ലെന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും മേല്‍ഗതിയുണ്ടാവില്ലെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ അതു ശരിയല്ല. മാറ്റങ്ങള്‍ വരുത്താനുള്ള സമയമാണിത്, അതിന് ഇനിയും പത്തുകൊല്ലം കാത്തിരുന്നാല്‍, വല്ലാതെ വൈകിപ്പോകും. സഹസ്രാബ്ദങ്ങളായി ഈ നാടിനെ നിലനിര്‍ത്തുന്നത് ഇവിടത്തെ നദികളാണ്. നമ്മുടെ തലമുറ അവയുടെ നാശത്തിനു കാരണമാവരുത്. നമ്മളോരോരുത്തരും ഈ വര്‍ഷം ഒരു വൃക്ഷത്തൈയെങ്കിലും നടണം. രണ്ടുവര്‍ഷം അതിനെ പരിപാലിക്കുകയും വേണം. രണ്ടുവര്‍ഷത്തിനുശേഷം വേറൊരു തൈ നട്ടു നനച്ച് വലുതാക്കിയെടുക്കാം. ഞങ്ങള്‍ അങ്ങനെയൊരു പ്രസ്ഥാനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെയൊരു കാര്യം നമുക്കു ചെയ്യാനാവുമൊ ഇല്ലയൊ എന്ന ചോദ്യം വേണ്ട. അതിനു മനസ്സുണ്ടൊ ഇല്ലയൊ എന്നു മാത്രമേ ചോദിക്കേണ്ടു. തീര്‍ച്ചയായും നമുക്കതിനു സാധിക്കും, സാധിക്കണം.

 
 
  0 Comments
 
 
Login / to join the conversation1