सद्गुरु

ഈജിപ്ത് പോലെയുള്ള ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രമേ ദീര്‍ഘകാല സാംസ്കാരിക പാരമ്പര്യം ഉള്ളൂ. ഇന്ത്യയ്ക്കും അതുപോലെ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു സാംസ്കാരിക തനിമയുണ്ട്. ഒരു കാലത്ത് പല ദേശങ്ങളിലും പൈതൃകമായ സംസ്കാരങ്ങള്‍ നിലനിന്നിരുന്നു. പക്ഷെ അവയെല്ലാം കാലക്രമത്തില്‍ യുദ്ധം, വറുതി, പകര്‍ച്ചവ്യാധി തുടങ്ങി നിരവധി കാരണങ്ങളാല്‍ മണ്ണടിഞ്ഞ് അപ്രത്യക്ഷമായി.

പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ഭാരതത്തിലെ ജനത നാഗരികത, ആരോഗ്യം, ആത്മീയം തുടങ്ങിയ പല കാര്യങ്ങളിലും മുന്നേറിയവരായിരുന്നു. ജീവിതം തന്നെ ഒരാഘോഷമാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ഈ ചിന്ത പ്രബലമായപ്പോള്‍ വര്‍ഷം മുഴുവന്‍ അവര്‍ക്ക് ആഘോഷ ദിനങ്ങളായി കൊണ്ടാടാന്‍ സാധിച്ചു. വയലില്‍ ഉഴുന്നതും വിത്തുവിതയ്ക്കുന്നതും കളയെടുക്കുന്നതും എല്ലാംതന്നെ ഉത്സവവേളകളായി. പാടത്ത് ഉഴാന്‍ സഹായിക്കുന്ന കാളകളെ ബഹുമാനിക്കാന്‍ ഒരു ആഘോഷം, ആരുടെയെങ്കിലും വീട്ടില്‍ വിവാഹമാണോ അതിനു പലനാളത്തെ ആഘോഷം ഇങ്ങനെ എല്ലാ ദിനങ്ങളും സന്തോഷത്തോടെ രസിച്ചു കഴിഞ്ഞു.

ഇതിന് ഒരു ഉദാഹരണം പറയാം. ഭോഗിപണ്ടികൈ (സംക്രാന്തി)എന്ന ഒരു ദിനമുണ്ടല്ലോ. അന്ന് പഴയതെല്ലാം പെറുക്കിയെടുത്ത് കത്തിച്ചുകളയുന്നു. ഇതിന്‍റെ അന്തരാര്‍ത്ഥം എന്താണ്? പഴയ തുണികള്‍ കളഞ്ഞ് പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാനാണോ ഭോഗിപണ്ടിക? തീര്‍ച്ചയായും അല്ല. മനസ്സിലും വീട്ടിലും ഉള്ള ഉപയോഗശൂന്യമായതിനെ എല്ലാം ശേഖരിച്ച് നശിപ്പിക്കുകയും പുതിയ വിചാരങ്ങളും, നല്ല ചിന്തയും, പുതിയ സാധനങ്ങളും സ്വീകരിച്ച് വീടിനൊപ്പം ചിന്തയും മനസ്സും നവീകരിക്കുകയും ചെയ്യുമ്പോഴാണ് ആ ആഘോഷം പരിപൂര്‍ണ്ണമാകുന്നത്.

ജനനത്തില്‍ തുടങ്ങി, കുഞ്ഞിന്‍റെ വളര്‍ച്ചയുടെ ഓരോഘട്ടവും ആഘോഷവേളകളാക്കി. എന്തെങ്കിലും ഒരു കാരണമുണ്ടാക്കി അവ ആഘോഷങ്ങളാക്കുക വഴി എല്ലാദിനങ്ങളും ആനന്ദവേളകളായി. ഇത്തരത്തില്‍ സന്തോഷിക്കാതെ, യാന്ത്രികമായി മുഷിഞ്ഞു ജീവിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ.

ജീവിതം ആഘോഷമയമാക്കുമ്പോള്‍ പ്രവൃത്തിയില്‍ ഉത്സാഹം നിറയും. മനസ്സില്‍ ഉള്ള ഭാരം കുറയും. ഭാരമില്ലാതെ മനസ്സ് ലഘുവാകുമ്പോള്‍ രോഗം വരാതെയാവും. സന്തോഷവും, സമാധാനവും കൈവരും. മനശാസ്ത്രജ്ഞനെ കാണേണ്ടിവരികയില്ല.

എന്തൊക്കെയോ നേടാന്‍ വേണ്ടി സദാ പരക്കം പായുന്ന മനുഷ്യന് ജീവിതം തന്നെ നഷ്ടപ്പെടും. ഈ അപകടത്തില്‍ നിന്നും രക്ഷപ്രാപിക്കണമെങ്കില്‍ ഇത്തരം ആഘോഷങ്ങളിലേക്ക് ഇടക്കിടെ മനസ്സ് തിരിയണം.ശരീരവും മനസ്സും ലാഘവമാകണം, ഊര്‍ജ്ജ്വസ്വലമാകണം. വേട്ടയാടാന്‍ പോയ ഒരു രാജാവ് മരുഭൂമിയില്‍ ഒറ്റയ്ക്ക് അകപ്പെട്ടു പോയി. വിഷമിച്ചു വലഞ്ഞ രാജാവിനെ ഒരു മഞ്ചലില്‍ കയറ്റി സ്വന്തം രാജ്യത്തില്‍ തിരിച്ച് എത്തിക്കാന്‍ അവിടെയുള്ള നാലുപേര്‍ തയ്യാറായി. തന്‍റെ നാട്ടിലെത്താന്‍ ആറു ദിവസങ്ങള്‍ വേണ്ടി വരും എന്ന് രാജാവിന് അറിയാമായിരുന്നു.

"മൂന്നു ദിവസം കൊണ്ട് എന്നെ നാട്ടിലെത്തിച്ചാല്‍ ആയിരം പണം തരാം, രണ്ടു ദിവസം കൊണ്ടെത്തിച്ചാല്‍ രണ്ടായിരം പണം തരാം" എന്ന് രാജാവ് അവരെ അറിയിച്ചു. മഞ്ചല്‍ ചുമക്കുന്നവര്‍ പണമാശിച്ച് നടപ്പിന്‍റെ വേഗത കൂട്ടി. പക്ഷെ ആറുദിവസങ്ങളായിട്ടും പോകേണ്ട വഴി പോകാതെ അവര്‍ മരുഭൂമിയില്‍ത്തന്നെ ചുറ്റിത്തിരിഞ്ഞു നിന്നു. ക്ഷീണിച്ച അവര്‍ മഞ്ചല്‍ ഇറക്കി വച്ചു.

"രാജന്‍ വേഗത്തിലെത്തണം എന്നു മാത്രം ചിന്തിച്ചതുകൊണ്ട് പോകേണ്ട പാതയില്‍ ശ്രദ്ധയില്ലാതെ പോയി." എന്ന് അവര്‍ ദുഃഖത്തോടെ രാജാവിനോട് പറഞ്ഞു.

വിദ്യയെ, കലകളെ, ഉപാസിക്കുന്നവര്‍ സരസ്വതി പൂജ എന്ന പേരില്‍ അറിവിനെ ആരാധിക്കുന്നു. വ്യാപാരം നടക്കുന്നവര്‍ ലക്ഷ്മീ പൂജ എന്ന പേരില്‍ ധനത്തെ ആരാധിക്കുന്നു.ഫാക്ടറികളും, വര്‍ക്ക്ഷോപ്പുകളും നടത്തുന്നവര്‍ ആയുധ പൂജയെന്നു പേര്‍ ചൊല്ലി സ്വന്തം പണിയായുധങ്ങളെ പൂജിക്കുന്നു. നിങ്ങള്‍ക്കു കിട്ടിയത് എന്തു തന്നെയായാലും അതിനെ മാനിച്ചുപൂജിച്ച് നന്ദിപ്രകടിപ്പിക്കാന്‍ ഉള്ള അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍.

ജീവിതവും ഇതുപോലെയാണ്. ആഘോഷങ്ങളില്ലെങ്കില്‍ അതിന് ഒരര്‍ത്ഥവുമില്ല. കുറെ ഓടിക്കഴിയുമ്പോള്‍ "എന്തിനാണു ജീവിക്കുന്നത്" എന്നൊരു കുഴയ്ക്കുന്ന ചോദ്യം മനസ്സിലുയരും. അങ്ങനെ വിപരീത ദിശയില്‍ മനസ്സു സഞ്ചരിക്കാതിരിക്കണമെങ്കില്‍ ഇത്തരം ആഘോഷ വേളയില്‍ പങ്കെടുത്ത് മനസ്സിന്‍റെ പിരമുറുക്കങ്ങള്‍ അയച്ചു വിടണം.

ഈ ഉത്സവങ്ങള്‍ക്കു പിന്നില്‍ മറ്റൊരു പ്രധാന ഉദ്ദേശവുമുണ്ട്. തനിക്ക് ആവശ്യമുള്ളതിനെ കീഴാളമനോഭാവത്തോടെ സമീപിച്ചാല്‍ അതിനോടു പൂര്‍ണ്ണമായി ഇണങ്ങിച്ചേരാന്‍ പ്രയാസമാവും. പക്ഷെ ഒരു സമര്‍പ്പണമായി കരുതി അത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഉള്ളിലെ അധമചിന്ത അകലുന്നു. തികഞ്ഞ ഏകാഗ്രതയോടെ ആ പ്രവൃത്തി ചെയ്യാനാകുന്നു. അതിന്‍റെ ഫലമായി മെച്ചപ്പെട്ട ഫലപ്രാപ്തിയുണ്ടാകുന്നു.

ക്യാമറ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഏതൊരാള്‍ക്കും ഫോട്ടോ എടുക്കാന്‍ കഴിയും. പക്ഷെ ആ ഫോട്ടോ എടുക്കുന്ന ആളിന്‍റെ കഴിവിന് അനുസൃതമായിരിക്കും ഫോട്ടോയുടെ ഭംഗിയും, തെളിമയും. സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഇങ്ങനെ തന്നെയാണ്. ഈ പരിപാടി എങ്ങനെയായിരിക്കും? നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ ആവുമോ എന്നുള്ള ഫലാശങ്കകള്‍ ഏതുമില്ലാതെ ആ ഉപകരണം കൈകാര്യം ചെയ്യുമ്പോള്‍ കിട്ടുന്ന ആനന്ദം അനുഭവിച്ചറിഞ്ഞ് അതു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മഹത്തായ ഒരു ഫലം നിങ്ങള്‍ക്കു കൈവരും.

വിദ്യയെ, കലകളെ, ഉപാസിക്കുന്നവര്‍ സരസ്വതി പൂജ എന്ന പേരില്‍ അറിവിനെ ആരാധിക്കുന്നു. വ്യാപാരം നടക്കുന്നവര്‍ ലക്ഷ്മീ പൂജ എന്ന പേരില്‍ ധനത്തെ ആരാധിക്കുന്നു.ഫാക്ടറികളും, വര്‍ക്ക്ഷോപ്പുകളും നടത്തുന്നവര്‍ ആയുധ പൂജയെന്നു പേര്‍ ചൊല്ലി സ്വന്തം പണിയായുധങ്ങളെ പൂജിക്കുന്നു. നിങ്ങള്‍ക്കു കിട്ടിയത് എന്തു തന്നെയായാലും അതിനെ മാനിച്ചുപൂജിച്ച് നന്ദിപ്രകടിപ്പിക്കാന്‍ ഉള്ള അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍.

"ഹൊ എന്തൊരു ബുദ്ധിമുട്ടാണ്. എന്തെല്ലാം ഭക്ഷണങ്ങള്‍ ഉണ്ടാക്കണം. എത്ര സമയം വെറുതെ കളയണം" എന്നു ചിന്തിച്ച് ആഘോഷങ്ങള്‍ക്ക് കുറ്റം പറയും.

ഉത്സവവേളകളില്‍ എന്തിനാണ് വിവിധ തരം ഭക്ഷണമുണ്ടാക്കി ആര്‍ഭാടം കാട്ടുന്നത്?

ഭക്ഷണമാണ് ജീവിതത്തിന്‍റെ അടിസ്ഥാന ഘടകം. 'എന്‍റേത്' എന്നു നിങ്ങള്‍ അഭിമാനിക്കുന്ന നിങ്ങളുടെ ശരീരം പോലും നിങ്ങള്‍ ഇത്രയും കാലം കഴിച്ച ഭക്ഷണത്തിന്‍റെ ശേഖരമാണ്. ആ ഭക്ഷണത്തിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടായിരുന്നോ അതു തന്നെ നിങ്ങളുടെ ഗുണമായി പ്രതിഫലിക്കുന്നു.

നമ്മുടെ ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ താല്പര്യത്തോടെ നല്ല ശ്രദ്ധയോടെ പാചകം ചെയ്യുമ്പോള്‍ മാത്രമേ സ്വാദ് ലഭിക്കു. ജീവിതത്തിന്‍റെ കാര്യവും ഇതുതന്നെ. സ്വജീവിതം ആസ്വദിച്ച് ഓരോ ചെറിയ കാര്യത്തില്‍ പോലും താല്പര്യം കാട്ടി ഏറിയ അഭിവാഞ്ചയോടെ മുന്നോട്ടു പോകുമ്പോള്‍, ജീവിതത്തോടു പരിപൂര്‍ണ്ണമായ അടുപ്പം ഉണ്ടാവും.

സന്തോഷത്തോടെ ജീവിക്കാന്‍ അറിയാത്തവരാണ് കടകളിലെ ഭക്ഷണപാക്കറ്റുകള്‍ വാങ്ങി കഴിക്കുന്നത്. അതില്‍ ആവശ്യത്തിനു പോഷകങ്ങള്‍ ഇല്ല എന്ന കാരണം കൊണ്ടല്ല, മറിച്ച് വീട്ടിലെ ഭക്ഷണത്തോടൊപ്പം ലഭിക്കുന്ന സ്നേഹം, പരിഗണന ഇതൊന്നും ആ ഭക്ഷണത്തിന്‍ നിന്നു ലഭിക്കില്ല.

എന്‍റെ അമ്മയും മുത്തശ്ശിയുമെല്ലാം കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം തയ്യാറാക്കുമ്പോള്‍ സന്തോഷകരങ്ങളായ പാട്ടുകള്‍ പാടിയിരുന്നു. അവരുടെ സ്നേഹവും, ഭക്തിയും കൂടിച്ചേരുമ്പോള്‍ ആ ഭക്ഷണം കൂടുതല്‍ പോഷകപ്രദമാവും. തന്നെ ആരും വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല എന്ന ചിന്ത ആ കുഞ്ഞിന്‍റെയുള്ളില്‍ വളരുകയേ ഇല്ല. ജീവിതത്തെ അതൊരിക്കലും വെറുക്കുകയും ഇല്ല.

കുഞ്ഞുങ്ങള്‍ക്കു സ്നേഹവും വാല്‍സല്യവും കിട്ടാത്തത് വലിയ സാമൂഹ്യ പ്രശ്നമായി വിദേശരാജ്യങ്ങളെ വലയ്ക്കുന്നു.കുടുംബങ്ങള്‍ ചിതറുന്നു.

ആഘോഷദിനങ്ങളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടി സന്തോഷത്തോടെ, താല്പര്യത്തോടെ, പൂര്‍ണ്ണമായ മനസ്സോടെ ഭക്ഷണം തയ്യാറാക്കുന്നു. അങ്ങനെ അവര്‍ക്കു തമ്മില്‍ സ്നേഹത്തിന്‍റെ ഇഴയടുപ്പം സംജാതമാവുന്നു. വയറുനിറയെ ഭക്ഷണം കഴിക്കുന്നതല്ല കാര്യം. ആ സമയത്തു കിട്ടുന്ന സന്തോഷമാണ് പ്രധാനം. എല്ലാവരും ഒരുപോലെ സന്തോഷത്തോടെ ഇരിക്കണം എന്ന ചിന്തയാണു വേണ്ടത്. വിവിധരീതിയിലുള്ള പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി കഴിക്കണം, എന്നിട്ടാകാം ആഘോഷങ്ങള്‍ എന്നു ചിന്തിക്കുന്നതെന്തിന്?

സ്വയം ഒരുത്സവമാക്കി മാറ്റിക്കൊണ്ട് ഓരോ പ്രവര്‍ത്തിയും ചെയ്യണം. പച്ചക്കറി അരിയുന്നതും പാചകം ചെയ്യുന്നതുമെല്ലാം ജോലിയല്ല, ഉത്സവമാണ് എന്ന ചിന്തയോടെ ആ ദിനം ആരംഭിക്കു. ഇങ്ങനെയല്ലാതെ അവയെ ചടങ്ങായി മാത്രം കാണുമ്പോള്‍ ആഘോഷവേളകള്‍ വെറും നേരമ്പോക്കായി തരം താഴും.

ഒരു ഉപദേശി തന്‍റെ വിശുദ്ധയാത്രക്കിടയില്‍ സെന്‍റ് ജോണിന്‍റെ ക്യാമ്പിലെത്തി. പല രീതിയിലുള്ള ആഘോഷങ്ങള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു. പല രാജ്യത്തെ വിഭവങ്ങള്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് കൊടുത്തു കൊണ്ടിരുന്നു. അസ്ത്രവിദ്യ, ഓട്ടപ്പന്തയം മുതലായ മത്സരങ്ങള്‍ ഒരു വശത്ത് നടന്നുകൊണ്ടിരുന്നു.

ദേവസ്തുതികള്‍ പാടാതെ ഇത്തരത്തില്‍ കൂത്താടി നടക്കുന്ന ജനങ്ങളെക്കണ്ട് ഉപദേശിക്കു ദുഃഖമുണ്ടായി. കോമാളിവേഷം കെട്ടിയിരുന്ന ഒരുവന്‍ പലരേയും അനുകരിച്ച് അഭിനയിച്ചു കാട്ടി ജനങ്ങളെ ചിരിപ്പിച്ചു കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ഉപദേശിയേയും അനുകരിച്ചു. അതുകണ്ട ജനങ്ങളും ഉപദേശിയും മനസ്സു തുറന്ന് ചിരിച്ചു.

ഊണു കഴിക്കാന്‍ ഉപദേശി കോമാളിയേയും ക്ഷണിച്ചു."എന്തിനാണ് നീ എന്നെ അനുകരിച്ചത്?"

"ജീവിതത്തോട് തികഞ്ഞ അടുപ്പവും ഇഷ്ടവും വേണം. ജീവനില്ലാത്ത അവസ്ഥയില്‍ മാത്രമേ ചലനങ്ങള്‍ ഇല്ലാതിരിക്കു. നിങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ ശരീരഭാഗങ്ങള്‍ക്ക് ചലനമുണ്ടാവണം പാട്ടുപാടി, നൃത്തമാടി രസിച്ചു തുള്ളിച്ചാടണം. നിങ്ങളും ചിരിക്കണം, മറ്റുള്ളവരെ ചിരിപ്പിക്കുകയും വേണം." അയാള്‍ പറഞ്ഞു. ഇതുകേട്ട ഉപദേശിക്ക് അന്നോളം മനസ്സിലാവാത്ത പുതിയ ജീവിതപാഠം ഉള്ളില്‍ പതിഞ്ഞതായി തോന്നി.

"ജീവിതത്തോട് തികഞ്ഞ അടുപ്പവും ഇഷ്ടവും വേണം. ജീവനില്ലാത്ത അവസ്ഥയില്‍ മാത്രമേ ചലനങ്ങള്‍ ഇല്ലാതിരിക്കു. നിങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ ശരീരഭാഗങ്ങള്‍ക്ക് ചലനമുണ്ടാവണം പാട്ടുപാടി, നൃത്തമാടി രസിച്ചു തുള്ളിച്ചാടണം.

ഇങ്ങനെ ആഘോഷങ്ങളില്‍ രസിച്ചു കഴിഞ്ഞിരുന്ന നമ്മുടെ ദേശത്തിന് ഒരു വിഷമസന്ധി നേരിടേണ്ടിവന്നു. കഴിഞ്ഞ മുന്നൂറു വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് കോട്ടമുണ്ടായി. മറ്റു സംസ്കാരങ്ങള്‍ പ്രബലമായതോടെ തനതായ ആഘോഷങ്ങള്‍ കുറഞ്ഞു. വിശേഷദിനങ്ങളും മാഞ്ഞു മറവിലാണ്ടു.

കന്നുകാലികള്‍ക്കായി ഉത്സവം ആഘോഷിച്ച നമ്മുടെ നാട്ടില്‍ ഇന്ന് മനുഷ്യര്‍ ജീവസറ്റ മൃഗസമാനരായി കഴിയുന്നതു കാണുന്നു. ഇപ്പോള്‍ ആഘോഷദിനങ്ങള്‍ വന്നാല്‍ റ്റി.വിയുടെ മുന്നില്‍ ആളുകള്‍ ദിവസം മുഴുവന്‍ ഇരിക്കും.ഇതല്ല യഥാര്‍ത്ഥമായ ആഘോഷം.

നമ്മുടെ നാടിന്‍റെ പൈതൃകമായിരുന്ന ആ സംസ്കാരം വീണ്ടും പൂവിടണം. ഭാഷ, പ്രദേശം, മതവിശ്വാസം തുടങ്ങിയ ഭിന്നതകള്‍ എല്ലാം മറന്ന് ജീവിതം ഒരാഘോഷമായി കാണാനുള്ള മനസ്സുണ്ടാവണം. ജയിംസ് ജോയ്സ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ഒരിക്കല്‍ തന്‍റെ ഭാര്യയോടൊപ്പം ഹംഗറിയിലെ തെരുവിലൂടെ നടക്കുകയായിരുന്നു. സഹിക്കാനാവാത്ത തണുപ്പ്. ആ തണുപ്പില്‍ നിന്നുകൊണ്ട് ഒരു ബാലന്‍ ചിത്രം വരക്കുന്ന കാഴ്ച ജോയ്സ് കണ്ടു. തണുപ്പിനെ അതിജീവിക്കാനുള്ള കൈയ്യുറകള്‍ ധരിക്കാതെയാണ് ബാലന്‍ ചിത്രം വരച്ചു കൊണ്ടിരുന്നത്. ഇതുകണ്ട ജോയ്സ് ആശ്ചര്യത്തോടെ കാരണം അന്വേഷിച്ചു. "കൈയ്യുറ ധരിച്ചാല്‍ പെന്‍സില്‍ ശരിക്കു പിടിച്ച് പടം വരക്കാന്‍ സാധിക്കുകയില്ല." എന്ന് ബാലന്‍ മറുപടിപറഞ്ഞു. പിന്നീട് ജോയ്സിന്‍റെ ഭാര്യയുടെ മനോഹരമായ ഒരു ചിത്രം വരച്ച് അവര്‍ക്കു സമ്മാനിച്ചു.

ആ സമയത്താണ് ജോയ്സിന് ഒരു കാര്യം മനസ്സിലായത്. ആ ബാലനും ജോയ്സും പരസ്പരം ഭാഷ അറിയാത്തവരായിരുന്നുവെങ്കിലും കഴിഞ്ഞ പതിനഞ്ചു മിനിട്ടുകളായി അവര്‍ ആംഗ്യഭാഷയില്‍ സംസാരിക്കുകയായിരുന്നു. പുഞ്ചിരിയിലൂടെ മുഖഭാവങ്ങളിലൂടെ, ആംഗ്യങ്ങളിലൂടെ അവര്‍ പരസ്പരം ആശയം പങ്കുവച്ചു.

ആഹ്ളാദം നിറഞ്ഞ മനോഭാവത്തോടെ മറ്റൊരാളുമായി സംവദിക്കാന്‍ മൊഴിയേ വേണ്ട എന്ന് ഭാഷാവിശാരദനായ ജോയ്സ് ആ നിമിഷത്തില്‍ അറിഞ്ഞു.

ഉത്സവം, ആഘോഷം തുടങ്ങിയവയെല്ലാം തന്നെ ഭിന്ന സ്വഭാവക്കാരനായ ആളുകളുടെ കൂട്ടായ്മയിലാണുനടത്തപ്പെടുത്തന്നത്. അപ്പോഴെല്ലാം അവര്‍ ഭിന്നതകളും വ്യത്യാസങ്ങളും മറന്ന്, ആഹ്ളാദ ചിത്തരായി ഒരുമിക്കുന്നു അവരുടെ മാനസികനില ആനന്ദത്താല്‍ ഉയര്‍ന്നതലത്തില്‍ എത്തി നില്‍ക്കുന്നതുകൊണ്ടാണ് ഈ കൂട്ടായ്മകള്‍ സാദ്ധ്യമാകുന്നതും വിജയിക്കുന്നതും.

ഒരു വര്‍ഷത്തില്‍ നാലഞ്ച് ആഘോഷദിനങ്ങള്‍ വരട്ടെ. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും, ഉല്ലസിക്കാനും ഉള്ള ആ വേളകളെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാക്കി ആനന്ദിക്കു. ഈ ഉദ്ദേശത്തോടെയാണ് ഈശയില്‍ പൊങ്കല്‍, മഹാശിവരാത്രി, ആയുധപൂജ, ദീപാവലി തുടങ്ങിയ നാലുവിശേഷ ദിനങ്ങളും കേമമായി ആഘോഷിക്കുന്നത്. ഇത് ഈശയില്‍ മാത്രം ഒതുങ്ങാതെ ഈ ദേശത്തിന്‍റെ എല്ലാ ഭാഗത്തും ആഘോഷിക്കപ്പെട്ടാല്‍ ജനഹൃദയങ്ങളില്‍ സ്നേഹവും ഐക്യവും, ഒരുമയും സമൃദ്ധമായി വളര്‍ന്നു വികസിക്കും.