सद्गुरु

ഏതുതരം ആഹാരം കഴിക്കണം, അതുപോലെതന്നെ എങ്ങിനെ ആഹാരം കഴിക്കണമെന്നുള്ളതും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്‌. നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ അതുകൊണ്ട് ശരീരത്തിന്‌ പ്രയോജനമുണ്ടാവുകയുള്ളൂ.

സദ്‌ഗുരു:–

ഭക്ഷണത്തിന്‍റെ അളവ്

പഠനങ്ങള്‍ കാണിക്കുന്നത്‌ വയറൊഴിഞ്ഞിരിക്കുമ്പോഴാണ്‌ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌. ഗവേഷകര്‍ പറയുന്നു, വയറൊഴിഞ്ഞിരിക്കുമ്പോള്‍ അത്‌ ഗ്രേലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നു എന്ന്. "എനിക്കു വിശക്കുന്നു” എന്ന സന്ദേശം ബുദ്ധിയിലെത്തിക്കുന്നത്‌ ഈ ഹോര്‍മോണാണ്‌. ഇതേ ഹോര്‍മോണ്‍ വേറെയും ചില ദൌത്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ടത്‌ മസ്തിഷ്കത്തിലുള്ള ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു എന്നുള്ളതാണ്‌. ഈ ഭാഗമാണ്‌ പഠനത്തിന്റേയും ഓര്‍മ്മയുടേയും കേന്ദ്രം. കൂടാതെ ഇത്‌ നമുക്ക്‌ ശ്രദ്ധയും ഊര്‍ജ്ജസ്വലതയും പ്രദാനം ചെയ്യുന്നു.
ഈ പറഞ്ഞതിനര്‍ത്ഥം വയറെപ്പോഴും ഒഴിഞ്ഞു കിടക്കണമെന്നല്ല, മറിച്ച്‌ ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ വേണം എന്നതാണ്‌.

വയറെപ്പോഴും ഒഴിഞ്ഞു കിടക്കണമെന്നല്ല, മറിച്ച്‌ ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ വേണം.

ദിവസം മുഴുവന്‍ എന്തെങ്കിലും തിന്നുകൊണ്ടിരിക്കരുത്‌. മുപ്പതു വയസ്സിനുതാഴെയാണെങ്കില്‍ ദിവസം മൂന്നുനേരം ഭക്ഷണമാവാം. മുപ്പതിനപ്പുറം കടന്നാല്‍ രണ്ടുനേരത്തെ ഭക്ഷണമാണ്‌ നല്ലത്‌. വയറൊഴിഞ്ഞിരിക്കുമ്പോഴാണ്‌ ശരീരവും മനസ്സും ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. ഒരു കാര്യം ശ്രദ്ധവെയ്ക്കണം ഭക്ഷണത്തിനുശേഷം രണ്ടു രണ്ടര മണിക്കൂറോടെ അത്‌ ആമാശയത്തില്‍നിന്നും പുറത്തേക്കു കടക്കണം. പതിനൊന്നു മുതല്‍ പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ ശരിയായ ദഹനത്തിനുശേഷം, ബാക്കി വരുന്നത്‌ പൂര്‍ണമായും പുറംതള്ളപ്പെടുകയും വേണം. ഈയൊരു സംഗതിയില്‍ മനസ്സിരുത്തിയാല്‍ ഓരോരുത്തര്‍ക്കും ദിവസവും ഉണര്‍വും ഉത്സാഹവും അനുഭവിക്കാനാവും.

ഭക്ഷണം നല്ലതുപോലെ ചവച്ചു കഴിക്കണം

അച്ഛനമ്മമാര്‍ കുട്ടിക്കാലത്ത്‌ ഒരായിരം തവണ പറഞ്ഞതുതന്നെ ഇപ്പോള്‍ ഞാന്‍ വീണ്ടും പറയുന്നു, “ആഹാരം നന്നായി ചവച്ചു കഴിയ്ക്കുക.” ചവയ്ക്കലിന്‌ ദഹനപ്രകിയയില്‍ കാര്യമായ പങ്കുണ്ട്‌. അന്നജം കൂടുതലുള്ള പദാര്‍ത്ഥങ്ങള്‍ ദഹിക്കുന്നത്‌ ഉമിനീരിന്റെ സഹായത്തോടെയാണ്‌. അതുകൊണ്ട് ആഹാരം വായിലിട്ട്‌ നന്നായി ചവച്ചരയ്ക്കുക തന്നെ വേണം. ഭക്ഷണം കഴിഞ്ഞ ഉടനെ ചെന്നുകിടക്കുന്നത്‌ നന്നല്ല. രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു വേണം കിടക്കാന്‍. ദഹനം നടക്കുന്നതോടു കൂടി ശരീരത്തിലെ പോഷണസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗത കൂടുന്നു. ആ സമയത്ത്‌ ഉറങ്ങാന്‍ കിടന്നാല്‍, ഉറക്കം ശരിയാവുകയില്ല. മാത്രമല്ല, അകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നേരിടുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടന്നാല്‍ വലിയൊരു ഭാഗം ആഹാരം ദഹിക്കാതെ കിടക്കുമെന്നതും ഓര്‍മവേണം. ചില പദാര്‍ത്ഥങ്ങള്‍ക്ക്‌ ദഹനസമയം കുറച്ചു കൂടുതലാണ്‌.

യോഗശാസ്‌ത്രത്തില്‍ പറയുന്നത്‌ ഓരോ ഉരുളയും ഇരുപത്തിനാലു തവണ ചവയ്ക്കണമെന്നാണ്‌. അതിന്‌ തീര്‍ച്ചയായും ശാസ്‌ത്രത്തിന്റെ പിന്തുണയുണ്ട്‌. ഇപ്രകാരം ചെയ്‌താല്‍ ദഹനത്തിന്റെ പകുതി ഭാഗം വായില്‍വെച്ചു തന്നെ നടക്കുന്നു. അങ്ങിനെയാകുമ്പോള്‍ അകത്തേക്കു ചെല്ലുന്ന ഭക്ഷണം പ്രത്യേകിച്ച്‌ അസ്‌കിതകളൊന്നുമുണ്ടാക്കുന്നില്ല. ഇരുപത്തിനാലു പ്രാവശ്യം വായിലിട്ടു ചവയ്ക്കുന്നതിനിടയില്‍ ആ ഭക്ഷണപദാര്‍ത്ഥത്തെകുറിച്ചുളള സകല വിവരങ്ങളും നമ്മുടെ ദഹനേന്ദ്രിയങ്ങളില്‍ എത്തിയിരിക്കും. ആ ഭക്ഷണം നമ്മുടെ ശരീരത്തിന് ഹിതമൊ അഹിതമൊ എന്ന്‍ ഓരോ കോശവും നിര്‍ണയിക്കും. നാവിന്റെ രുചിയല്ല, ആരോഗ്യത്തിനുതകുമൊ എന്നതാണിവിടെ ശ്രദ്ധിക്കേണ്ടത്. വേണ്ടതെടുക്കാനും വേണ്ടാത്തത്‌ തള്ളാനും അപ്പോള്‍തന്നെ നമ്മുടെ ശരീരം തയ്യാറായിട്ടുണ്ടാകും.

വെള്ളം

ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെളളം കുടിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഭക്ഷണത്തിനു മുമ്പായി വേണമെങ്കില്‍ അല്‍പം വെളളം കുടിക്കാം. ആഹാരം കഴിഞ്ഞ്‌ അരമണിക്കൂറിനുശേഷം വെളളം കുടിക്കുന്നതാണുത്തമം. ഒരു ചെമ്പു പാത്രത്തില്‍ രാത്രി മുഴുവന്‍ അടച്ചുവെച്ച വെള്ളം കുടിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്‌. അണുക്കളെ നശിപ്പിച്ച്‌ വെളളത്തിന്‌ കൂടുതല്‍ ശക്തി നല്‍കുന്നു. ആശുപത്രികളില്‍ പ്രത്യേകിച്ചും ഐ.സി.യു വിഭാഗത്തില്‍ ചെമ്പില്‍ പൊതിഞ്ഞ സാമഗ്രികള്‍ കാണാം. അണുബാധ ഒഴിവാകാനുളള നല്ലൊരു മാര്‍ഗമാണിത്‌.

കാലത്തിനും നേരത്തിനും ഭക്ഷണം

കാലത്തിനും നേരത്തിനുമനുസരിച്ച്‌ ആഹാരം കഴിച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വികന്‍മാര്‍. അത്‌ അവരുടെ ആരോഗ്യസംരക്ഷണത്തിന്റെ രഹസ്യങ്ങളിലൊന്നായിരുന്നു. കാലാവസ്ഥയ്ക്കനുസരിച്ചാണ്‌ വിഭവങ്ങളുടെ ലഭ്യത. അതതു സമയത്ത്‌ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും, ആ സമയത്ത്‌ ആരോഗ്യത്തിന്‌ അനുയോജ്യമായിട്ടുളളതായിരിക്കും. ഇന്ത്യയില്‍, വിശേഷിച്ചും ദക്ഷിണേന്ത്യയില്‍, വ്യത്യസ്‌തമായ രീതികളിലാണ്‌ വേനല്‍ കാലത്തും, വര്‍ഷക്കാലത്തും, മഞ്ഞുകാലത്തും ഭക്ഷണം പാകം ചെയ്‌തിരുന്നത്‌. ആ രീതി ഇക്കാലത്തും നമുക്കനുകരിക്കാവുന്നതേയുളളൂ. അതുകൊണ്ട് ശരീരത്തിന്‌ ഏറെ ഗുണം ലഭിക്കുകയും ചെയ്യും.

അന്നജം കൂടുതലുള്ള പദാര്‍ത്ഥങ്ങള്‍ ദഹിക്കുന്നത്‌ ഉമിനീരിന്റെ സഹായത്തോടെയാണ്‌. അതുകൊണ്ട് ആഹാരം വായിലിട്ട്‌ നന്നായി ചവച്ചരയ്ക്കുക തന്നെ വേണം.

ഡിസംബര്‍മാസം തണുപ്പുകാലമാണ്, എള്ളും ഗോതമ്പും ധാരാളമായി കിട്ടുന്ന കാലമാണ്‌. ശരീരത്തിലെ താപം നിലനിറുത്താനും, കുറച്ചൊന്നു കൂട്ടാനും ഇതു രണ്ടും ഉത്തമമാണ്‌. തണുപ്പുകാലത്ത്‌ ചര്‍മ്മം വരളുന്നതും വിണ്ടുപൊട്ടുന്നതും സാധാരണമാണ്‌. പണ്ടുളളവര്‍ ലേപനങ്ങളും ക്രീമുകളുമൊന്നും പുരട്ടിയിരുന്നില്ല. ദിവസവും കുറേശെ എള്ളുകഴിയ്ക്കും. അതിലെ എണ്ണമയം ചര്‍മ്മത്തെ വരള്‍ച്ചയില്‍നിന്നും കാത്തുകൊള്ളും. എള്ളു കഴിയ്ക്കുന്നതുകൊണ്ട് ശരീരത്തില്‍ ചൂടു കൂടുന്നു, അതുകൊണ്ട് തൊലിയില്‍ വിളളലുണ്ടാകുകയില്ല.

വേനലില്‍ ദേഹത്തിന്റെ ചൂടുകൂടും. അപ്പോള്‍ തണുപ്പു ലഭിക്കുന്ന ഭക്ഷണമാണ്‌ കഴിക്കേണ്ടത്‌. ആ കാലത്ത്‌ തമിഴ്‌നാട്ടില്‍ എല്ലാവരും കമ്പു (ഒരു ധാന്യം) കഴിയ്ക്കും. കാലോചിതമായ ആഹാരം അതായിരുന്നു പഴയ കാലത്തെ രീതി. അന്തരീക്ഷത്തില്‍ ഏറിവരുന്ന ചൂടിനേയും തണുപ്പിനേയും ക്രമീകരിക്കാന്‍ അത്തരം ഭക്ഷണം ശരീരത്തെ സഹായിക്കുന്നു.

സമീകൃതാഹാരം

ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങള്‍ ഏറെക്കുറെ ലഭിക്കാവുന്ന ഒരു ഭക്ഷണരീതി, അതു തന്നെയാണ്‌ സമീകൃതാഹാരം എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌. നിത്യേനയുള്ള ആഹാരത്തില്‍ ധാരാളം പച്ചക്കറികളും, പരിപ്പുപയറുവര്‍ഗങ്ങളും, പലതരം ധാന്യങ്ങളും ഉള്‍പ്പെടുത്തണം. നമ്മുടെ നാട്ടില്‍ എണ്‍പതുകോടി ജനങ്ങള്‍ പ്രമേഹരോഗസാദ്ധ്യതയുള്ളവരാണെന്ന്‍ കണക്കുകള്‍ പറയുന്നു. അതിനുള്ള കാരണങ്ങളിലൊന്ന്‍, ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഒരേ ഒരു ധാന്യം മാത്രം കഴിക്കുന്നവരാണ്‌ എന്നതാണ്‌. അധികം പേരുടേയും മുഖ്യാഹാരം ഒന്നുകില്‍ അരി, അല്ലെങ്കില്‍ ഗോതമ്പാണ്‌. ഇതു കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിനേറ്റവും യോജിച്ചത്‌ പലവിധ ധാന്യങ്ങള്‍ കലര്‍ന്നിട്ടുളള ആഹാര രീതിയാണ്‌.

അധികം പേരുടേയും മുഖ്യാഹാരം ഒന്നുകില്‍ അരി, അല്ലെങ്കില്‍ ഗോതമ്പാണ്‌. ഇതു കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിനേറ്റവും യോജിച്ചത്‌ പലവിധ ധാന്യങ്ങള്‍ കലര്‍ന്നിട്ടുളള ആഹാര രീതിയാണ്‌.

പഴയകാലത്ത്‌ ആളുകള്‍ പലവിധ ധാന്യങ്ങളും, പയര്‍പരിപ്പ്‌ വര്‍ഗ്ഗങ്ങളും ധാരാളമായി കഴിച്ചിരുന്നു. ആ ശീലം എങ്ങനെയോ ഇല്ലാതായി. ഇന്നത്തെ രീതി കുറെ അധികം ചോറും, കുറച്ചുമാത്രം പച്ചക്കറികളും എന്നായിരിക്കുന്നു. ഇത്‌ ആരോഗ്യത്തിന്‌ ഒട്ടും യോജിച്ചതല്ല. കഴിഞ്ഞ പത്തു മുപ്പതു വര്‍ഷത്തിനിടയ്ക്കാണ്‌ ഈ മാറ്റം സംഭവിച്ചിട്ടുളളത്‌, അന്നജം വര്‍ദ്ധിച്ച അളവിലുളള ആഹാരരീതി. ഈ രീതി തീര്‍ച്ചയായും മാറ്റണം. അല്ലെങ്കില്‍ കാലം ചെല്ലുമ്പോള്‍ അത്‌ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അരിഭക്ഷണം വേണമോ വേണ്ടയോ എന്നത് അവനവനു തീരുമാനിക്കാം. എന്നാലും മറ്റു ധാന്യങ്ങളും ധാരാളം പച്ചക്കറികളും നിര്‍ബന്ധമായും നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകതന്നെ വേണം.

ആഹാരം കഴിക്കുന്നത്‌ ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിര്‍ത്താനായിട്ടാണ്‌. അതുകൊണ്ട് എന്ത്‌, എങ്ങനെ കഴിക്കണമെന്ന്‍ നിശ്ചയിക്കേണ്ടതും ശരീരമാണ്‌. സ്വന്തം ബുദ്ധിയും വിവേകവുമനുസരിച്ച്‌ അവനവന്റേതായ ഒരു ചിട്ട ഭക്ഷണകാര്യത്തില്‍ നമുക്ക്‌ സ്വീകരിക്കാം. ഓരോരുത്തരുടേയും ശരീരഘടന വ്യത്യസ്‌തമാണ്‌. അതുപോലെതന്നെ അതിന്റെ ആവശ്യങ്ങളും വെവ്വേറെയായിരിക്കും. പൊതുവായി സ്വീകരിക്കാവുന്ന ചില കാര്യങ്ങളാണ്‌ ഇവിടെ പറഞ്ഞത്‌. പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങളുളളവര്‍ വിദഗ്‌ദ്ധാഭിപ്രായം തേടുകയാണ്‌ നല്ലത്‌.

photo credit to : https://pixabay.com/en/carrot-leek-healthy-carrots-food-1256008/