യഥാര്‍ത്ഥ സ്നേഹമെന്നാല്‍ എന്താണ്?
കാറ്റും മണവും ഒന്നിടോടൊന്ന് ഇഴുകിച്ചേരുമ്പോള്‍ ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ല.നിങ്ങള്‍ മറ്റൊരാളിനോടു കാട്ടുന്ന അടുപ്പവും ഇത്തരത്തിലുള്ളതായിരിക്കണം.
 
 

രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമാണ് ജര്‍മനിയിലെ ഒരു ഇടുങ്ങിയ തടവറ. തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന കുറ്റവാളികളെ അടച്ചിടാന്‍ സ്ഥലമില്ലാത്ത അവസ്ഥ. കൂടിക്കൂടി വരുന്ന ഈ ജയില്‍ പുള്ളികളുടെ എണ്ണം കുറക്കാന്‍ അധികാരികള്‍ ഒരു പദ്ധതി നടപ്പാക്കി. ഓരോ ആളിനും ഓരോ നമ്പര്‍ കൊടുത്തു. ദിവസേന നമ്പരുകള്‍ കുലുക്കിയെടുക്കും. നമ്പര്‍ വീഴുന്ന ആളിനെ വെടിവെച്ചുകൊല്ലും.

ഇങ്ങനെ നറുക്കു കിട്ടിയ ഒരുവന് മരിക്കാന്‍ മനസ്സില്ലായിരുന്നു. കരഞ്ഞുകൊണ്ടിരുന്ന അവനെ ഒരു പുരോഹിതന്‍ കണ്ടു. പുരോഹിതനും ജയില്‍ പുള്ളിയായിരുന്നു. കരയുന്നവന്‍റെ തോളില്‍ തട്ടി ചിരിച്ചുകൊണ്ടുപുരോഹിതന്‍ ചോദിച്ചു. "സഹോദരാ നീ ജീവിക്കാന്‍ ആഗ്രഹിക്കുന്നു അല്ലേ. നീ ജീവിച്ചോളു: നിന്‍റെ നമ്പരുമായി ഞാന്‍ മരണ മേടയിലേക്കുപോകാം." പുരോഹിതന്‍റെ കയ്യില്‍ നമ്പര്‍ കൊടുത്ത് കിട്ടിയ അവസരം പാഴാക്കാതെ അയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.

യുദ്ധം അവസാനിച്ചു. കുറ്റവാളികളെല്ലാം മോചിതരായി. പിന്നെയും പല വര്‍ഷങ്ങള്‍ അയാള്‍ ജീവിച്ചിരുന്നു. പക്ഷെ ആരോ തന്ന ഭിക്ഷയല്ലേ ഈ ജീവിതം എന്ന ചിന്ത അയാളെ നിരന്തരം വേട്ടയാടി. അതോര്‍ത്ത് അയാള്‍ അനുദിനം ആത്മനിന്ദയാല്‍ വ്യഥിതനും സ്വയം അപമാനിതനുമായി ജീവിതം തള്ളിനീക്കി. മരണമേടയിലേക്കു ഗംഭീരനായി നടന്നു കയറിയ പുരോഹിതനു ലഭിച്ച ആത്മസന്തോഷം ജീവിച്ചിരുന്ന അപരനു ജീവിതാന്ത്യം വരെ അനുഭവിക്കാനായില്ല.

മറ്റൊരുവനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച പുരോഹിതന്‍ വളരെ കുറച്ചുകാലമേ ജീവിച്ചിരുന്നുള്ളു എങ്കിലും തികഞ്ഞ നിറവോടെ ജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷെ അന്യന്‍റെ ദയയാല്‍ ജീവിതം നീട്ടിക്കിട്ടിയവനോ നിറവില്ലാത്ത, നിറംകെട്ട ജീവിതം അവസാനം വരെ വലിച്ചിഴക്കേണ്ടി വന്നു. കാണുന്നവരെല്ലാം തനിക്ക് അനുകൂലമായി പെരുമാറണം എന്ന ആഗ്രഹം നല്ലതല്ല. മുന്‍വിധികളും, കണക്കുകൂട്ടലുകളും ഒന്നും ഇല്ലാതെ ഒരാളുമായി ഇടപഴകുമ്പോള്‍ വേണ്ടാത്ത പ്രതീക്ഷകളും ആഗ്രഹങ്ങളും ജനിക്കുന്നില്ല. അതുകൊണ്ടു തന്നെ നിരാശയും മനസ്സിനെ നോവിക്കുന്നില്ല.

ആരോ ഒരാള്‍ പറയുന്നു "ആരോടും ഒന്നിനോടും അടുപ്പം വേണ്ട. ഇഷ്ടവും അടുപ്പവുമാണ് വളര്‍ച്ചക്കു തടസ്സമാവുന്നത്. "അതു കേള്‍ക്കുമ്പോള്‍"ശരിയാണല്ലോ" എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അച്ഛനേയും അമ്മയേയും മക്കളേയും എല്ലാം സംരക്ഷിക്കേണ്ട ചുമതല ഒരു ഭാരമായി മനസ്സിനെ മഥിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അഭിപ്രായം വളരെ സൗകര്യപ്രദമാണല്ലോ. എന്ന ഒരു ചിന്ത ഉള്ളില്‍ മുളപൊട്ടും."ആര്‍ക്ക് എന്തുസംഭവിച്ചാല്‍ എനിക്ക് എന്ത്" എന്ന ഒരു അലക്ഷ്യഭാവത്തോടെ, ഒന്നിനോടും താല്പര്യമില്ലാതെ ഇരിക്കുന്നതിനെ "അടുപ്പം ഇല്ലാതിരിക്കല്‍" എന്ന് തെറ്റിദ്ധരിച്ചാല്‍ നിങ്ങള്‍ സ്വയം കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഒരാള്‍ തവളയെ വച്ചു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചാട് എന്നു പറയുമ്പോള്‍ ചാടുവാന്‍ അതിനെ അയാള്‍ പരിശീലിപ്പിച്ചിരുന്നു. ഒരു ദിവസം തവളയുടെ ഒരു കാല്‍ മുറിച്ചിട്ടു ചാടാന്‍ പറഞ്ഞു. മൂന്നുകാല്‍ കൊണ്ടു ബുദ്ധിമുട്ടി അതുചാടി. പിന്നെയും ഒരു കാല്‍ മുറിച്ച് ചാടാന്‍ പറഞ്ഞപ്പോള്‍ രണ്ടു കാലില്‍ ഏറെ ബദ്ധപ്പെട്ട് അതു ചാടി. മൂന്നാമത്തെ കാലെടുത്തപ്പോഴും വളരെ കഷ്ടതയോടെ അത് വേദന സഹിച്ച് ചാടി.

നാലാമത്തെ കാലും മുറിച്ചു കളഞ്ഞ് ചാടാന്‍ പറഞ്ഞപ്പോള്‍ തവള അതിവേദനയോടെ ദയനീയമായി അയാളെ നോക്കി. അയാളുടെ ഗവേഷണഫലം ഇതായിരുന്നു. "നാലുകാലും മുറിച്ചു കളഞ്ഞാല്‍ തവളയ്ക്കു ചെവികേള്‍ക്കാതെയാവും." പലരും ഇതുപോലെയാണ്. എന്തൊക്കെയോ സംഭവിക്കുമ്പോള്‍ അതിന് വേറെ അര്‍ത്ഥങ്ങള്‍ കല്‍പിച്ച് പുത്തന്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കും.

അടുപ്പം ഉണ്ടെങ്കില്‍ വളര്‍ച്ചയുണ്ടാവില്ല എന്നു പറഞ്ഞത് ആരാണ്? ഭൂമിയോടു തികഞ്ഞ അടുപ്പം കാട്ടി വേരുകള്‍ ആഴ്ത്തി ഇറക്കുമ്പോഴാണ് മരങ്ങള്‍ തളച്ചു വളരുന്നത്. ആ മരങ്ങള്‍ പല പക്ഷികളുടെ വാസസ്ഥലമാണ്. മരം കാറ്റില്‍നിന്നും വായുസ്വീകരിച്ച് തിരികെ ജീവവായു പുറത്തേക്കു വിടുന്നു. കായും കനിയും നല്‍കി സഹായിക്കുന്നു. ഭൂമിയില്‍ നിന്നും പിഴുത് എറിഞ്ഞാല്‍ അതു ചിതറി തകര്‍ന്നു പോകും.

നിങ്ങളും ഇതുപോലെയാണ്. ആരോ പറഞ്ഞതുകേട്ട് അടുപ്പമുള്ളതില്‍ നിന്നും വിട്ടുമാറി അകന്നു പോയാല്‍ ആഴമുള്ള മുറിവുകള്‍ സ്വയമേ വരുത്തുന്നു എന്നാണര്‍ത്ഥം. അടുപ്പം കൊണ്ട് ദുഃഖമുണ്ടാക്കുന്നത് എപ്പോഴാണ്?

ഒന്നിനോടും ഇഷ്ടമോ അടുപ്പമോ ഇല്ലാതെ അകന്ന് അകന്ന് ഒറ്റക്കാവുന്നതു സ്വാതന്ത്ര്യമല്ല. അതൊരു പുരോഗതിയുമല്ല. എല്ലാം തന്‍റെയുള്ളില്‍ അടക്കി വേണ്ട നേരത്ത് വിശ്വരൂപം പൂണ്ടു പ്രത്യക്ഷപ്പെടുന്നതാണ് യഥാര്‍ത്ഥത്തിലുള്ള വളര്‍ച്ച.

നിങ്ങളുടെ കുഞ്ഞിനെ സ്കൂളില്‍ നിന്നും കൊണ്ടു വരുന്ന റിക്ഷ കണ്‍മുന്നില്‍ മറിഞ്ഞു വീണാല്‍ നിങ്ങള്‍ എന്തു ചെയ്യും? ഓടിപ്പോയി ആ കിടക്കുന്ന കുട്ടികളുടെ ഇടയില്‍ നിന്നും സ്വന്തം കുഞ്ഞിനെ വാരിയെടുക്കും. കുഞ്ഞുങ്ങളോട് അടുപ്പം ഉള്ള ആളാണെങ്കില്‍ ഏതു കുഞ്ഞിനേയും എടുക്കണമായിരുന്നു . പക്ഷെ അവിടെ സംഭവിച്ചത് അതല്ല. "എന്‍റേത്" എന്ന ആ സ്വഭാവമാണ് അവിടെ പ്രകടമായത്. കുഞ്ഞുങ്ങളേക്കാളുപരി "ഞാന്‍,എന്‍റേത്" എന്ന ചിന്ത മുന്നിട്ടു നിന്നു.

ഒരാള്‍ നിങ്ങളുടെ സുഹൃത്തായിരിക്കുന്നിടത്തോളം കാലം അയാളോട് അടുപ്പം കാട്ടുന്നു. അയാള്‍ ശത്രുവാകുമ്പോള്‍ വെറുപ്പുകാട്ടുന്നു. ദേഷ്യം കാട്ടുന്നു. ആ വ്യക്തിയോടാണോ സത്യത്തില്‍ നിങ്ങള്‍ക്ക് അടുപ്പം തോന്നിയത്. അല്ല അയാള്‍ "നിങ്ങളുടെ" സുഹൃത്തായതിനാലാണ് അടുപ്പം കാട്ടിയത്. ഏതു ബന്ധത്തിലും "നിങ്ങളെ" മാറ്റി ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല."നിങ്ങളെ" മുന്‍ നിറുത്തി ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒരു ഇടുങ്ങിയ വട്ടത്തിനുള്ളില്‍ സ്വയം ഒതുങ്ങുമ്പോള്‍ അടുപ്പം തോന്നിയാലും പ്രശ്നമാണ്, തോന്നിയില്ലെങ്കിലും പ്രശ്നമാണ്.

കാറ്റും മണവും ഒന്നിടോടൊന്ന് ഇഴുകിച്ചേരുമ്പോള്‍ ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ല.നിങ്ങള്‍ മറ്റൊരാളിനോടു കാട്ടുന്ന അടുപ്പവും ഇത്തരത്തിലുള്ളതായിരിക്കണം. ആഴത്തിലുള്ള ഇഴയടുപ്പം നെയ്ത് അയാളും നിങ്ങളും വേറെയല്ല എന്ന അവസ്ഥയില്‍ അവിഭാജ്യമായി ഒരുമിക്കണം. അപ്പോള്‍ വേറെ എന്ന ചിന്തയില്ല, ചേര്‍ന്നിരിക്കണോ, പിരിയണോ എന്ന വിചാരമില്ല, അതിനോട് അടുപ്പം പുലര്‍ത്തണോ എന്ന ശങ്കയില്ല. ഇവയില്‍ നിന്നെല്ലാം ഉടലെടുക്കുന്ന വേദനകളും ഇല്ല. ഒന്നിനോടും ഇഷ്ടമോ അടുപ്പമോ ഇല്ലാതെ അകന്ന് അകന്ന് ഒറ്റക്കാവുന്നതു സ്വാതന്ത്ര്യമല്ല. അതൊരു പുരോഗതിയുമല്ല. എല്ലാം തന്‍റെയുള്ളില്‍ അടക്കി വേണ്ട നേരത്ത് വിശ്വരൂപം പൂണ്ടു പ്രത്യക്ഷപ്പെടുന്നതാണ് യഥാര്‍ത്ഥത്തിലുള്ള വളര്‍ച്ച.

മറ്റൊരു ജീവനെ, തന്‍റെ ജീവനായി കരുതി, ഇണങ്ങി, അടുപ്പം കാട്ടി, ഒന്നിക്കുന്നതിനു തുല്യമായ മഹത് കൃത്യം വേറെ ഏതുണ്ട്? അതിനേക്കാള്‍ ഔന്നത്യം മറ്റെന്തിനുണ്ട്? യോഗപഠിക്കാന്‍ എന്നെ സമീപിക്കുന്ന ചിലരോട് ഒരു കടലാസ് നല്‍കി സ്വന്തം ഇഷ്ടങ്ങളുടെ ഒരു ലിസ്റ്റു തരാന്‍ ആവശ്യപ്പെടും. ഏറെ നേരം ആലോചിച്ച് അവര്‍ എഴുതിത്തരുന്ന കടലാസ്സില്‍ പലപ്പോഴും അര ഡസണ്‍ കാര്യങ്ങളേ കാണാറുള്ളു.

"ഈ ബ്രഹ്മാണ്ഡ പ്രപഞ്ചത്തില്‍ നിങ്ങള്‍ക്കിഷ്ടം ഈ ആറേഴു കാര്യങ്ങള്‍ മാത്രമാണോ" എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടി നില്‍ക്കും. ഇഷ്ടങ്ങള്‍, വെറുപ്പുകള്‍ എന്ന രീതിയില്‍ കാഴ്ചയുടെ പരിധി കുറയുന്നതുകൊണ്ട്, എത്രയോ അത്ഭുത ദൃശ്യങ്ങള്‍ നിങ്ങളുടെ ഇഷ്ടപട്ടികയില്‍ ഇടംപിടിക്കാതെ പോകുന്നു. ഈ പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണത നിങ്ങള്‍ക്ക് അറിയാന്‍ ആവുന്നില്ല.അതിനുള്ള സാദ്ധ്യതയും ഇല്ലാതെയാവുന്നു. സ്വയം മഠയനായി ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അവരറിയാതെതന്നെ മണ്ടത്തരത്തില്‍ വീണു പോകുന്നതാണ്. അതു തിരിച്ചറിയാന്‍ ഉള്ള വിവേചനബുദ്ധി ഉണരുമ്പോള്‍ തുടര്‍ന്നുള്ള ജീവിതം ഉണര്‍വോടെ മുന്നോട്ടു നയിക്കാനാവും.

നിങ്ങളുടെ പ്രവൃത്തികളുടെ പ്രതിഫലനം മറ്റൊരാളിനുമേല്‍ എങ്ങനെയായിരിക്കും എന്ന് ശരിയായി അറിഞ്ഞ്; അതിജാഗ്രതയോടെ കര്‍മ്മനിരതനായാല്‍ നിങ്ങളിലെ വിഡ്ഢിത്തം, അല്‍പാല്പം അടര്‍ന്നു വീഴും, ഈ അടര്‍ന്നുവീഴല്‍ പൂര്‍ണ്ണമാവുമ്പോള്‍, നിങ്ങള്‍ക്കു പൂര്‍ണ്ണമായ ഉള്‍ത്തെളിവ് ലഭിച്ചിരിക്കും. ചേറും അഴുക്കും നല്‍കിയാലും പൂച്ചെടി വളരുന്നുണ്ട്. അതു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ചേറും അഴുക്കും തനിക്കായി കരുതി വച്ച് നറുമണം തൂകുന്ന പൂക്കള്‍ വിരിയിച്ച് മറ്റുള്ളവര്‍ക്കു നല്‍കുന്ന മഹത്പ്രവൃത്തി നമുക്ക് അതില്‍ നിന്നും കണ്ടുപഠിക്കാം.

ഇത്തരത്തില്‍ പൂര്‍ണ്ണവികാസം പ്രാപിച്ച ഉണര്‍വു നിങ്ങളില്‍ നിറയുമ്പോള്‍ തെറ്റും ശരിയും തമ്മിലുള്ള പോരാട്ടം അവസാനിക്കും. അവനെ അടിക്കരുത്, ഇവനെ കൊല്ലരുത് എന്നുള്ള നിര്‍ദേശങ്ങള്‍ക്കു വിലയില്ലാതാവും. ഇത് നിയമാനുസൃതം, ഇതു നിയമാനുസൃതമല്ല എന്നുള്ള പഠനവും അര്‍ത്ഥമില്ലാത്തതാവും.

 
 
  0 Comments
 
 
Login / to join the conversation1