ബദരീനാഥ ക്ഷേത്രം – ഐതിഹ്യവും ചരിത്രവും
ബദരീനാഥ ക്ഷേത്രത്തെകുറിച്ച് സദ്ഗുരു ഈ പംക്തിയില്‍ വിവരിക്കുന്നു. മഹാവിഷ്ണു ശിവനേയും പാര്‍വതിയേയും കബളിപ്പിച്ചതെങ്ങനെയെന്ന ഐതിഹ്യത്തെക്കുറിച്ചും, ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ആദിശങ്കരാചാര്യര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്ന ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുന്നു.
 
 

सद्गुरु

സദ്ഗുരു : ഹിമാലയത്തില്‍ ഏകദേശം പതിനായിരത്തോളം അടി ഉയരത്തിലായാണ് അത്യന്തം ആകര്‍ഷണീയമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബദരീനാഥിനെക്കുറിച്ച് ഒരൈതിഹ്യമുണ്ട്. ശിവനും പാര്‍വതിയും അധിവസിച്ചിരുന്നത് ബദരീനാഥിലാണ്. ഒരു ദിവസം ശിവനും പാര്‍വതിയും നടക്കാനിറങ്ങി, തിരിച്ചുവന്നപ്പോള്‍ വീടിന്‍റെ ഉമ്മറത്തായി ഒരു കുഞ്ഞ് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് അവര്‍ കണ്ടു. കരയുന്ന കുഞ്ഞിനെക്കണ്ട് ദേവിയുടെ മാതൃത്വം ഉണര്‍ന്നു. കുഞ്ഞിനെ ചെന്നെടുക്കാന്‍ അവര്‍ തിടുക്കപ്പെട്ടു.

എന്നാല്‍ ശിവന്‍ പാര്‍വതിയെ തടഞ്ഞുകൊണ്ട്,
“കുഞ്ഞിനെ തൊടരുത്” എന്നുപറഞ്ഞു.
ഇതു കേട്ട പാര്‍വതി, “അങ്ങ് ഇത്ര ഹൃദയശൂന്യനായിപ്പോയല്ലൊ! ഇപ്രകാരം പറയാന്‍ അങ്ങക്കെങ്ങിനെ കഴിയുന്നു?” എന്ന് സങ്കടപ്പെട്ടു.

അത് സാക്ഷാല്‍ മഹാവിഷ്ണുവായിരുന്നു. മഹാവിഷ്ണുവിന് ആ സ്ഥലം നന്നേ ബോധിച്ചു, അവിടെത്തന്നെ തപസ്സിരിക്കണം എന്ന പിടിവാശിയായിരുന്നു.

ശിവന്‍ അതിനിങ്ങനെ മറുപടി പറഞ്ഞു, “ഇത് ഒരു സാധാരണ കുഞ്ഞല്ല. ഈ കുഞ്ഞ് ഒറ്റയ്ക്ക് എന്തിന് നമ്മുടെ വീട്ടുപടിക്കല്‍ വന്നു? മഞ്ഞുപുതഞ്ഞുകിടക്കുന്ന ഈ വഴിത്താരയില്‍ മറ്റാരെയും കാണുന്നില്ലല്ലൊ. അച്ഛനമ്മമാരുടെ കാലടയാളങ്ങള്‍പോലും ഇവിടെയെങ്ങും കാണുന്നില്ല. യാതൊരു സംശവും വേണ്ട, ഇതൊരസാധാരണ ശിശുവാണ്.”

“ഒരു കുഴപ്പവുമുണ്ടാകില്ല. ഞനൊരമ്മയല്ലെ? എനിക്ക് ഈ കുഞ്ഞിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചുപോകാന്‍ കഴിയില്ല. ഒരു മനുശ്യജീവി പോലുമില്ലാത്ത ഈ മലയിടുക്കില്‍, ഈ കൊടും തണുപ്പത്ത്, ഈ പിഞ്ചുകുഞ്ഞിനെ എങ്ങിനെ ഞാന്‍ കളയും?'” ഇതുപറഞ്ഞ് ദേവി കുഞ്ഞിനേയുമെടുത്ത് വീടിനുള്ളിലേക്കുപോയി.

കുഞ്ഞാകട്ടെ, പാര്‍വതിയുടെ മടിയില്‍ സ്വച്ഛനായിരുന്നുകൊണ്ട് ഭഗവാനെ കുസൃതിയോടെ നോക്കി. പരിണത ഫലത്തെക്കുറിച്ച് അന്തര്‍ജ്ഞാനമുണ്ടായിരുന്ന ഭഗവാന്‍, “ശരി, എന്നാല്‍ അങ്ങനെയാകട്ടെ. നമുക്ക് വരുന്നടത്തു വച്ചു കാണാം.” എന്നുപറഞ്ഞു.
ഭക്ഷണമൊക്കെ നല്‍കി കുഞ്ഞിനെ ആശ്വസിപ്പിച്ചശേഷം, അവനെ വീട്ടിലിരുത്തിയിട്ട് പാര്‍വതി പരമശിവനോടൊപ്പം അടുത്തുള്ള അരുവിയിലേക്ക് കുളിക്കാന്‍ പോയി. മടങ്ങിയെത്തിയപ്പോള്‍ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് കണ്ടത്.
പാര്‍വതി വല്ലാതെ പരിഭ്രമിച്ചു, “ആരാണിത് ചെയ്തത്?”
“ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ, ആ കുഞ്ഞിനെ എടുക്കരുതെന്ന്. അനുസരിക്കാതെ കുഞ്ഞിനെ വീട്ടിനുള്ളിലേക്കു കൊണ്ടുപോന്നു. ഇപ്പോള്‍ ഇതാ അവന്‍ ഉള്ളില്‍ നിന്നും മുറി പൂട്ടിയിരിക്കുന്നു”, ശിവന്‍ പറഞ്ഞു.
“ഇനിയിപ്പോളെന്തുചെയ്യും?” പാര്‍വതി വിഷമിച്ചു.

അത് സാക്ഷാല്‍ മഹാവിഷ്ണുവായിരുന്നു. മഹാവിഷ്ണുവിന് ആ സ്ഥലം നന്നേ ബോധിച്ചു, അവിടെത്തന്നെ തപസ്സിരിക്കണം എന്ന പിടിവാശിയായിരുന്നു. അതിനായി മെനഞ്ഞെടുത്ത ഒരു തന്ത്രമായിരുന്നു അത്. ശിവന് രണ്ടു പോംവഴികളെ ഉണ്ടായിരുന്നുള്ളു – ഒന്നുകില്‍ കണ്മുന്നില്‍തന്നെ എല്ലാം അഗ്നിക്കിരയാക്കുക, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടം കണ്ടുപിടിച്ച് അവിടേക്കു പോകുക.
“നമുക്ക് മറ്റെവിടേക്കെങ്കിലും പോകാം. ഈ കുഞ്ഞ് നിനക്ക് ഏറെ പ്രിയപ്പെട്ടവനായതുകൊണ്ട്, എനിക്കവനെ ഉപദ്രവിക്കാനാവുകയില്ല,” അദ്ദേഹം പറഞ്ഞു.

ഇങ്ങനെയാണ് ശിവന് സ്വന്തം വാസസ്ഥലം നഷ്ടമാകുന്നതും, ശിവനും പാര്‍വതിയും “അന്യാധീനര്‍” ആകുന്നതും. താമസിക്കുന്നതിന് അനുയോജ്യമായ ഒരിടം തേടി അവര്‍ നടന്നു. ഒടുവില്‍ കേദാരനാഥിലെത്തുകയും, അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഇതൊക്കെ പരമശിവന് അറിയാമായിരുന്നില്ലെ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പല കാര്യങ്ങളും നിങ്ങള്‍ക്കറിയാമായിരിക്കും. പക്ഷേ പലപ്പോഴും അവ സംഭവിക്കാനായി നിങ്ങള്‍ വിട്ടുകൊടുക്കും – അതാണ് സത്യം.

ആദിശങ്കരാചര്യനും ബദരീനാഥും

ബദരീനാഥിന് ചരിത്രപരമായ പ്രധാന്യവുമുണ്ട്. ആദിശങ്കരനാണ് ഇവിടുത്തെ ക്ഷേത്രം പണിതത്. ബദരീ നാരായണന്റെ പാദം കഴുകി ഒഴുകുന്ന അളകനന്ദയില്‍ ശങ്കരന്‍ മുങ്ങിയെടുത്തതാണ് ഇപ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന മഹാവിഷ്ണുവിന്റെ ധ്യാനരൂപത്തിലുള്ള വിഗ്രഹം. അത് വിഷ്ണുവല്ല, ശിവനാണ് എന്നവകാശപ്പെടുന്നവരുമുണ്ട്. ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ കാലടി എന്ന പ്രദേശത്താണ് ആദിശങ്കരാചാര്യരുടെ ജനനം. അസാമാന്യ ഗ്രഹണശക്തിയുള്ള കുട്ടിയായിരുന്നു ശങ്കരന്‍. ബുദ്ധിവൈഭവവും അമാനുഷിക കഴിവുകളും കൊണ്ട് തികച്ചും വ്യത്യസ്തന്‍. രണ്ടു വയസ്സുള്ളപ്പോഴെ സംസ്കൃതം സരളമായി സംസാരിക്കാനും എഴുതാനും അദ്ദേഹത്തിനു കഴിയുമായിരുന്നു; നാലുവയസ്സില്‍ വേദങ്ങള്‍ ഉച്ചരിക്കാനും. പന്ത്രണ്ടുവയസ്സായപ്പോള്‍ വീടുപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. അത്രയും ചെറിയ പ്രായത്തില്‍ തന്നെ ശിഷ്യസമ്പത്ത് നേടിയ അദ്ദേഹം, അവരോടൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ച് ആദ്ധ്യാത്മിക തത്വശാസ്ത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങി.

ഒരു പുതിയ മതമോ പ്രമാണമോ ഉ‍ണ്ടാക്കാനല്ല, മറിച്ച് ആത്മീയതത്വങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമായി ഭവിച്ച് അതവന്റെ ജീവിതശൈലിയായിത്തന്നെ പരിവര്‍ത്തന പ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍.

ആദിശങ്കരാചാര്യര്‍.

ഗൗഢപാദനായിരുന്നു ശങ്കരാചാര്യരുടെ വഴികാട്ടി. അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ഹേതു ആ ഗുരുവിന്‍റെ സ്വാധീനം തന്നെയായിരുന്നു. ഗൗഡപാദന്‍ നമ്മുടെ പാരമ്പര്യത്തിന്‍റെ ശ്രേഷ്ഠമായ കണ്ണിയാണ്. അദ്ദേഹം മഹാനായ ഒരു ഗുരുവായിരുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു. ആയിരക്കണക്കിന് ആള്‍ക്കാരെ അദ്ദേഹം പഠിപ്പിച്ചുണ്ടാവുമെങ്കിലും, ‍തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചൊ, ഇരുപതൊ പേര്‍ ആദ്ധ്യാത്മിക തത്വങ്ങള്‍ രാജ്യത്തുടനീളം പുനരവതരിപ്പിച്ചു. പുതിയ മതമുണ്ടാക്കാനോ, അനാവശ്യമായ കോലഹലങ്ങളുണ്ടാക്കാനോ ശ്രമിക്കാതെ വളരെ നിശ്ശബ്ദമായി അവരാ കര്‍ത്തവ്യം നിര്‍വഹിച്ചു. ഒരു പുതിയ മതമോ പ്രമാണമോ ഉ‍ണ്ടാക്കാനല്ല, മറിച്ച് ആത്മീയതത്വങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമായി ഭവിച്ച് അതവന്റെ ജീവിതശൈലിയായിത്തന്നെ പരിവര്‍ത്തനപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍.

ബദരീനാഥക്ഷേത്രം സ്ഥാപിച്ചത് ആദിശങ്കരചാര്യരാണ്. അദ്ദേഹത്തിന്‍റെ ശിഷ്യരെത്തന്നെ അവിടെ നിയോഗിച്ചു. അദ്ദേഹം നിയോഗിച്ച പരമ്പരാഗത നമ്പൂതിരി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ തന്നെയാണ് ഇപ്പോഴും ആ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രം സ്ഥിതിചെയ്യുന്ന പട്ടണം അത്ര മികച്ചതല്ലെങ്കിലും, ക്ഷേത്രവും പരിസരവും അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഗോവിന്ദ്ഘട്ടില്‍നിന്ന് ബദരീയിലേക്കുള്ള ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരത്തോളം വരുന്ന യാത്ര അത്യന്തം ആനന്ദകരമാണ്. ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ ഞാന്‍ പോയിരിക്കുന്നു, പക്ഷെ ഈ ഇരുപത്തഞ്ചുകിലോമീ‍റ്റര്‍ ദൂരം വരുന്ന യാത്ര ലോകത്തെ ഏതൊരു യാത്രാ അനുഭവത്തേക്കാളും മികച്ചതാണ്. വഴിയില്‍ കാണുന്ന കുന്നുകളുടേയും മലകളുടേയും മനോഹാരിത ‍വര്‍ണ്ണിക്കാന്‍ എനിക്കു വാക്കുകളില്ല.

ഗോവിന്ദ്ഘട്ടില്‍നിന്ന് ബദരീയിലേക്കുള്ള ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരത്തോളം വരുന്ന യാത്ര അത്യന്തം ആനന്ദകരമാണ്.

കാലടിയില്‍ നിന്നും ബദരീനാഥിലേയ്ക്ക് നടന്നുപോകാന്‍ മുവ്വായിരം കിലോമീറ്ററിലധികം ദൂരമുണ്ട്. ആദിശങ്കരന്‍ അത്തരത്തിലുള്ള കാല്‍നടയാത്രകള്‍ കേവലം തെക്കുനിന്നും വടക്കോട്ടുമാത്രമല്ല നടത്തിയിട്ടുള്ളത്, കിഴക്കുനിന്നും പടിഞ്ഞാട്ടേക്കും നടന്നു സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹം തെക്കു വടക്കായി മൂന്നു തവണയും, കിഴക്കു പടിഞ്ഞാറായി ഒരു തവണയും ഭാരതത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരിക്കല്‍ ഭാരതത്തിന്‍റെ വടക്കന്‍ പ്രദേശത്തെത്തിയപ്പോള്‍, തന്‍റെ അമ്മ മരിച്ചുകൊണ്ടിരിക്കുന്നതായി ആദിശങ്കരന് ഒരു ഉള്‍വിളി തോന്നി. അന്ത്യം അടുക്കുമ്പോള്‍ തന്‍റെ അരികില്‍ ഉണ്ടാകണം എന്ന ഒറ്റ ഉറപ്പിന്മേലാണ് മകനെ പത്രണ്ടാം വയസ്സില്‍ ആ അമ്മ സന്യാസത്തിനയച്ചത്. ആദിശങ്കരന്‍ ഉടനെതന്നെ കേരളത്തിലേക്ക് യാത്ര തിരിച്ചു. മരണാഭിമുഖമായി കിടക്കുന്ന തന്‍റെ അമ്മയുടെ അരികിലേക്ക്, ഇക്കണ്ട ദൂരമത്രയും താണ്ടി അദ്ദേഹം എത്തി.

കുറച്ചുദിവസം അമ്മയോടൊപ്പം കഴിഞ്ഞ അദ്ദേഹം, അമ്മയുടെ മരണശേഷം തിരികെ വടക്കോട്ട് യാത്ര തിരിച്ചു. ഹിമാലയത്തിലൂടെ സഞ്ചരിച്ചാല്‍, എങ്ങിനെ ഒരാള്‍ക്ക് കാല്‍നടയായി അത്ര ദൂരം യാത്രചെയ്യാന്‍ കഴിഞ്ഞുവെന്നാലോചിച്ച് നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും. എത്ര ക്ളേശകരമായിരുന്നിരിക്കും ആ യാത്ര? സഞ്ചാരം മോട്ടോര്‍ വാഹനങ്ങളിലായതോടെ, തീര്‍ത്ഥാടനത്തിന്‍റെ പവിത്രത നഷ്ടമായിരിക്കുന്നു. നിങ്ങള്‍ പദയാത്രയായി തീര്‍ത്ഥ യാത്ര നടത്തുന്നുവെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിന് വളരെയധികം ഗുണകരമായി ഭവിക്കും.
ഹിമാലയത്തിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യം എന്തെങ്കിലും നേടിയെടുക്കാന്‍ വേണ്ടിയുള്ളതാവരുത്, അവനവന്‍ അലിഞ്ഞില്ലതെയായില്ലെങ്കിലും, താന്‍ എത്ര ചെറുതാണ് എന്ന തിരിച്ചറിവ് നേടാനുള്ള ഒരു സുവര്‍ണ്ണാവസരമായി ഇതിനെ കരുതണം. അതായത് റോഡുകളോ, വാഹനങ്ങളോ ഇല്ല, പര്‍വതങ്ങള്‍ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നുവെന്ന് തിരിച്ചറിയാനുള്ള ഭൂപടങ്ങളോ ഇല്ല; ആ കാലത്ത് ആളുകള്‍ ഈ പര്‍വതനിരകളിലേക്ക് പോയിരുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് തികച്ചും അവിശ്വസനീയമായി തോന്നാം. ഒന്നും ചിന്തിക്കാതെയങ്ങു പോവുകയാണ്. അടുത്ത ഭക്ഷണം എവിടെ കിട്ടും, അടുത്ത രാത്രി എവിടെ തങ്ങും എന്ന് പോലും ആലോചിക്കാതെ.

ധ്യാനത്തിന്‍റെ മാര്‍ഗ്ഗങ്ങളിലേക്ക് മുന്നേറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് വേണ്ടത് - അന്തം എവിടെയാണെന്നറിയാതെ, അനുസ്യൂതമായ യാത്ര – അടുത്ത കാല്‍വെയ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് നടന്നു കൊണ്ടേയിരിക്കുക – ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള മനോഭാവവും, ആന്തരശക്തിയുമുണ്ടെങ്കില്‍ ആദ്ധ്യാത്മികത്തിലേക്കുള്ള വഴിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

Photo credit to : https://upload.wikimedia.org/wikipedia/commons/a/aa/Badrinath_Temple_-_Badrinath.JPG

 
 
  0 Comments
 
 
Login / to join the conversation1