അവനവനുമപ്പുറത്ത്
നദികള്‍ക്കായുള്ള യാത്രയില്‍ പങ്കെടുത്ത എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് സദ്ഗുരു സംസാരിച്ചതില്‍ നിന്ന്. അവരാണല്ലോ ഈ വിഷയത്തെ ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റിയത്.
 
 

സദ്ഗുരു:- നദികള്‍ക്കായുള്ള ഈ യാത്ര കുറേനാളായി എന്‍റെ മനസ്സിലുള്ളതാണ്. എന്നാലും ഇത് ആരംഭിക്കുന്നതിന് രണ്ടു മാസം മുമ്പു മാത്രമാണ് അതിനെ കുറിച്ച് നമ്മുടെ കൂട്ടരോട് ഞാന്‍ സംസാരിച്ചത്. ഞങ്ങളുടെ സംഘം ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്നതെപ്പോഴാണെന്നോ? ഇന്ന തിയ്യതിക്ക് പണിതീര്‍ത്തിരിക്കണമെന്ന് പ്രഖ്യാപിക്കുക. ഏറ്റവും കുറഞ്ഞ സമയം മാത്രം അതിനായി കൊടുക്കുക. ശ്വാസം വിടാന്‍ സമയമില്ലാത്തതു പോലെയുള്ള ഒരു പ്രവര്‍ത്തന പരിപാടി കൈയ്യിലേല്‍പ്പിക്കുക. അത്രയേ ആവശ്യമുള്ളു. കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി അതാണ് ഇവിടത്തെ രീതി. മുമ്പൊരിക്കലും ചെയ്യാതിരുന്ന ഒരു ദൗത്യം പൂര്‍ത്തീകരിക്കാനുണ്ടാവുക. അതും പല പല ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്ത ബൃഹത്തായ ഒരു പദ്ധതിയാവുക...അതിന് ഒരു പിടിയാളുകളുടെ മാത്രം ശ്രമം പോരാ. ഒട്ടനവധിയാളുകളുടെ പ്രയത്‌നം വേണം. ഓരോരുത്തരും തലപ്പുകച്ചു തന്നെ ആലോചിക്കണം. മിക്കവാറും ആളുകളുടെ ബുദ്ധി ഒരു വെടിയുണ്ടക്കു സമമാണ്. തിരികൊളുത്തിയാലേ പൊട്ടൂ എന്ന സ്ഥിതി. അതാണവിടെ നടന്നത്. തിരികൊളുത്തേണ്ട താമസം...ഓരോ തലയും അങ്ങേയറ്റം ഊര്‍ജ്ജസ്വലമായി.

ഈ രാജ്യത്തിന്‍റെ സമീപകാല ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നമുക്ക് കൈവരിക്കാനായ നേട്ടം വളരെ വലുതാണ്. അതിനുവേണ്ടി നമ്മള്‍ ചിലവാക്കിയ ഊര്‍ജ്ജവും, അതിന്‍റെ പുറകിലുള്ള അദ്ധ്വാനവും...ശുദ്ധമായ ബോധത്തിന്‍റെ ശക്തിയാണെന്നേ പറയാനാവു. കുറച്ചുകാലം മുമ്പ് ഈശ സന്ദര്‍ശിക്കാനെത്തിയ ഒരാളോട് ഞാന്‍ പറയുകയുണ്ടായി. ഇവിടെയുള്ളത് ഒരു കൂട്ടം വിഡ്ഢികളാണ്...അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുമ്പിട്ടിറങ്ങിയിരിക്കുന്ന കുറെപേര്‍.''

പറയത്തക്ക വിദ്യാഭ്യാസയോഗ്യത ഉള്ളത് കുറച്ചു പേര്‍ക്ക് മാത്രം. ബാക്കിയുള്ളവരെല്ലാം തികച്ചും എന്നെപ്പോലെയാണ്. മഹത്തായ എന്തെങ്കിലും സൃഷ്ടിക്കാന്‍ വലിയ ബുദ്ധിയും, ബിരുദങ്ങളുമൊന്നും വേണമെന്നില്ല. അവനവന് താല്‍പര്യമുള്ള വിഷയത്തേ പ്രതി നിറഞ്ഞ ശ്രദ്ധയും പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്നു മാത്രം. ആ ദിശയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായാല്‍ പിന്നെ പ്രയാസമില്ല. എല്ലാം യഥാക്രമം സംഭവിച്ചു കൊള്ളും. യോഗപാരമ്പര്യത്തില്‍ പറയാറുണ്ട്. ചിത്തത്തെ തൊട്ടറിനായാല്‍ ആ നിമിഷം മുതല്‍ ദൈവം നിങ്ങളുടെ ദാസനായി എന്ന്. അറിവ്, ബുദ്ധി, ധാരണ, ഓര്‍മ്മ, തത്വജ്ഞാനം തുടങ്ങിയ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്തുള്ളതാണ് ചിത്തം... നദികള്‍ക്കായുള്ള ഈ യാത്ര മേല്‍പറഞ്ഞ ഗണത്തിലുള്‍പ്പെടുന്നതാണ്. ഒരു രാജ്യത്തെ മുഴുവന്‍ അതു തൊട്ടുണര്‍ത്തിയിരിക്കുന്നു. ഈ യാത്രയ്ക്കു ലഭിച്ച ജനസമിതി...അതു സൂചിപ്പിക്കുന്നത് ഈ വിഷയം ഏതെങ്കിലും രൂപത്തില്‍ എല്ലാവരുടേയും മനസ്സില്‍ പറ്റി നിന്നിരുന്നു എന്നാണ്. എന്നാല്‍ പ്രശ്‌നം, പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതായിരുന്നു. ഒരു മണ്ടനേ അതിനു തുനിഞ്ഞിറങ്ങു...മുമ്പിലുള്ളത് നാടന്‍ പൂച്ചയാണോ, കാട്ടുപുലിയാണോ എന്നു അയാള്‍ക്ക് രൂപമുണ്ടാവാന്‍ വഴിയില്ല, പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്. വിചാരിച്ചത് വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയാണെന്നാണ്...തിരിഞ്ഞു ഗര്‍ജിച്ചതു കൊണ്ടു ചാടി വീണപ്പോഴാണ് പുലിയാണെന്നു മനസ്സിലായത്, ഒരു വിധം രക്ഷപ്പെടാനായത് ഭാഗ്യം. പലരും എനിക്ക് മുന്നറിയിപ്പു തന്നു. ''ഉള്ളപേര് കളഞ്ഞു കുളിക്കേണ്ട...നാണക്കേട് ചോദിച്ചു വാങ്ങേണ്ട.'' ''എന്‍റെ പേരും, ജീവനും...ഞാന്‍ പറഞ്ഞു. ''അതു ഞാന്‍ സാരമാക്കുന്നില്ല അതിനേക്കാളൊക്കെ പ്രധാനമാണിത്. ഈ നാട്ടിലെ നദികള്‍ ഇനിയും നിറഞ്ഞൊഴുകിക്കൊണ്ടിരിക്കണം. ഭാവി തലമുറകള്‍ക്കു വേണ്ടി ആ കാര്യം നമുക്കുറപ്പാക്കണം.''

മുപ്പതു ദിവസത്തോളം ഞങ്ങള്‍ തുടര്‍ച്ചയായി നടന്നു നീങ്ങി. അതുകൊണ്ടുമാത്രം നമ്മള്‍ വിഭാവന ചെയ്തതുപോലെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങില്ല എന്നു ഞങ്ങള്‍ക്കറിയാം. നാളെ പുലരുമ്പോഴേക്കും എല്ലാ നദികളും ജലസമൃദ്ധിയോടെ ഒഴുകാന്‍ തുടങ്ങുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എല്ലാ ജനങ്ങളുടേയും പങ്കാളിത്തമാണ്. ഇതൊരു മഹാപ്രസ്ഥാനമായി നിലനില്‍ക്കണം. ആര്‍ക്കും അവഗണിക്കാനാവാത്ത നിലയിലേക്കിതു വളരണം. ഇതു പാരിസ്ഥിതികമായ ഒരു വിഷയം മാത്രമല്ല. ഇതൊരദ്ധ്യാത്മിക സാധന കൂടിയാണ്. ഈ പ്രവര്‍ത്തനവുമായി ഞങ്ങളോടു ബന്ധപ്പെട്ടിട്ടുള്ള പലരുടേയും അനുഭവമാണത്. തൊട്ടു മുമ്പിലുള്ള ലക്ഷ്യം പരിസ്ഥിതി സംരക്ഷണം തന്നെ. ഒരു വൃക്ഷച്ചുവട്ടിലിരുന്നു ധ്യാനിക്കവേയാണ് ഗൗതമബുദ്ധന് ജ്ഞാനോദയമുണ്ടായത്. എനിക്ക് വലിയ തോതില്‍ മനുഷരെ ബോധോദയത്തിലേക്ക് നയിക്കാനുള്ള പദ്ധതിയുണ്ട്. ആ ദിവസം വരുമ്പോള്‍ നിങ്ങള്‍ക്കിരിക്കാന്‍ നല്ലൊരു മരം വേണമെന്നാണ് എന്‍റെ ആഗ്രഹം (ചിരിക്കുന്നു).

ഈ “റാലി ഫോര്‍ റിവേര്‍സ്” എത്രനാള്‍ നീണ്ടു നില്‍ക്കും? ഒക്‌ടോബര്‍ 31ാം തിയ്യതി വരെ എന്നു വിചാരിക്കുന്നു. അതു വരെ ഞങ്ങള്‍ ''മിസ്ഡ് കോള്‍'' അടിച്ചുകൊണ്ടിരിക്കും. ''മിസ്സ്ഡ് കോളുകളുടെ'' എണ്ണം പന്ത്രണ്ടു കോടിയില്‍ കവിഞ്ഞു. ഞാന്‍ കരുതിയത് 30കോടിയാണ്...ആ നിലക്ക് നാല്‍പതു ശതമാനമേ ആയിട്ടുള്ളു. ഇപ്പോള്‍ ഞാന്‍ 60 കോടി എന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്തൊക്കെയായലും അക്കങ്ങള്‍ ആദ്യമായി പ്രയോഗത്തില്‍ കൊണ്ടു വന്നത് ഇന്ത്യക്കാരാണല്ലോ. അപ്പോള്‍ അതിനെ നമ്മുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാനുള്ള സ്വാതന്ത്യവും നമുക്കുണ്ട്. എഴുപതു കൊല്ലം കൊണ്ട് നമ്മുടെ ജനസംഖ്യ നാലിരട്ടിയാകുമെന്നാണല്ലോ കണക്ക്. അപ്പോളെന്തുകൊണ്ട് നമ്മുടെ ''മിസ്സ്ഡ് കോളുകളുടെ'' എണ്ണം പലമടങ്ങ് വര്‍ദ്ധിപ്പിച്ചു കൂടാ? ഞാന്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം...എല്ലാവരും ഈ സംരംഭത്തില്‍ ഭാഗഭാക്കാകണം എന്നാണ്. എവിടെ താമസിക്കുന്നു...എന്തുചെയ്യുന്നു എന്നത് പ്രശ്‌നമല്ല. അങ്ങനെയാകുമ്പോഴേ ഈ യജ്ഞം വേണ്ടത്ര ശക്തി പ്രാപിക്കു.

നമ്മുടെ ഈ പദയാത്ര...ഇതുവരെ ലോകത്തെവിടേയും ഇങ്ങനെയൊന്നു നടന്നിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിനായി പതിനായിരക്കണക്കിനാളുകള്‍ ഒന്നിച്ചു ചേരുക. പ്രത്യേക മനോഭാവമുള്ള ഏതാനും പേര്‍ മാത്രമാണ് സാധാരണയായി ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുമ്പോട്ടു വരിക. എന്നാല്‍ നമ്മള്‍ ആദ്യമേ തന്നെ നമ്മുടെ നയം വ്യക്തമാക്കിയിരുന്നു. ഇത് ഒരു തരത്തിലുള്ള പ്രതിഷേധമോ, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമോ അല്ല. ആരോടും, ഒന്നിനോടും നമുക്ക് എതിര്‍പ്പോ വിരോധമോ ഇല്ല. എന്തായാലും രാജ്യം മുഴുവനായും തന്നെ നമ്മുടെ വിളിക്ക് മറുവിളി നല്‍കി. മാദ്ധ്യമങ്ങളും വളരെ അനുഭാവപൂര്‍വ്വം സഹകരിച്ചു. എല്ലാ പത്രങ്ങളും വളരെ വാര്‍ത്താപ്രാധാന്യത്തോടെ ''റാലി ഫോര്‍ റിവേര്‍സിനെ കുറിച്ച് വിശദമായി എഴുതി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് എല്ലാ പത്രങ്ങളും മുപ്പതുദിവസത്തോളം വളരെ പ്രാധാന്യത്തോടെ ഒരേ വിഷയം ചര്‍ച്ച ചെയ്യുന്നത്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്തോഷപൂര്‍വ്വം നമ്മുടെ ഒപ്പം നിന്നു. അതു നമ്മുടെ പ്രസ്ഥാനത്തിന് വര്‍ദ്ധിച്ച വീര്യം പകര്‍ന്നു. കായിക രംഗത്തെ പല പ്രശസ്തവ്യക്തികളും പ്രോത്സാഹനവുമായി മുന്നോട്ടു വന്നു. അതെല്ലാം നമ്മുടെ പ്രസ്ഥാനത്തിന് വലിയൊരു മാനം നല്‍കി. പ്രോത്സാഹനവും, സഹകരണവുമായി നമ്മൊടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദി ഞാന്‍ ഇവിടെ പ്രകാശിപ്പിക്കുകയാണ്.

എല്ലാറ്റിനുമുപരി നാടൊട്ടുക്കുമുള്ള സന്നദ്ധസേവകര്‍. മതിമറന്നാണ് ഓരോരുത്തരും പ്രവര്‍ത്തിച്ചത്. അതു തന്നെയാണ് ഇതിനു വേണ്ട യോഗ്യതയും. ചെറിയൊരു ഭ്രാന്ത് ജീവിതത്തില്‍ ആവശ്യമാണ്. അല്ലെങ്കില്‍ വീര്‍പ്പു മുട്ടി മരിച്ചു പോകും. എന്തൊക്കെയുണ്ട്, എന്തൊക്കെയില്ല...അതിന്‍റെ കണക്കുകൂട്ടലല്ല ജീവിതം. എന്തൊക്കെ വാരികൂട്ടാന്‍ സാധിച്ചു, എന്തൊക്കെ കൈവിട്ടു പോയി എന്നതും ജീവിതത്തിനു വിഷയമല്ല. നിങ്ങളുടെ വസ്ത്രങ്ങളും, വാഹനങ്ങളും, വീടുകളും, ഭക്ഷണങ്ങളുമൊന്നും ജീവിതത്തിന്‍റെ ഭാഗമാകുന്നില്ല. നിങ്ങളുടെ അനുഭവങ്ങളുടെ ആഴം, കാതല്‍. അതാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. അതുതന്നെയാണ് ഏറ്റവും വലിയ സമ്പാദ്യവും. മറ്റു പലതും വാരിക്കൂട്ടാനുള്ള ഓട്ടത്തിനിടയില്‍ ഈ കാര്യം വിസ്മരിച്ചാലോ? സമ്പാദ്യങ്ങളുടെ ഭാണ്ഡകെട്ടും പേറി നിങ്ങള്‍ എവിടം വരെ ഓടും? അതു കൊണ്ട് ഓര്‍ക്കുക...കഴമ്പുള്ള അനുഭവങ്ങളാണ് ജീവിത്തിലെ ഏറ്റവും വലിയ നേട്ടം.

ജീവിതത്തില്‍ എന്‍റേതെന്നും പറയാവുന്നത് സ്വന്തം ജീവിതം മാത്രമാണ്. മറ്റുള്ളതെല്ലാം വിചാര വികാരങ്ങളടക്കം എല്ലാം കേവലം തോന്നലുകള്‍ മാത്രമാണ്. ആഴമുള്ള അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്കുയര്‍ത്തും. ജീവിതം പക്വതയുള്ളതാവും. നാട്ടില്‍ പല കോണുകളിലായി പ്രവര്‍ത്തിച്ച സന്നദ്ധസേവകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു മാസം അങ്ങനെയുള്ള ഒന്നായിരുന്നു. അപൂര്‍വ്വമായ ജീവിതാനുഭവങ്ങളുടെ നാളുകള്‍. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും പ്രധാനം. മറ്റെല്ലാം അതിനു പുറകിലാണ്. ആയിരക്കണക്കിനാളുകളുടെ ജീവിതം അനുഭവ സമ്പന്നമാക്കാന്‍ അവസരം ലഭിച്ചു. അതെങ്ങനെ സാധിച്ചു എന്നാണെങ്കില്‍... അറിഞ്ഞോ അറിയാതെയോ ആ ദിവസങ്ങളില്‍ അവരെല്ലാവരും സ്വയം മറന്നു. ''ഞാന്‍'' എന്നൊരു ചിന്തയേ അവര്‍ക്കില്ലാതായി. ''എനിക്കെന്ത്'' എന്ന ചോദ്യവും അവര്‍ മറന്നുപോയി.

സാധാരണയായി, പ്രധാനപ്പെട്ട എന്തെങ്കിലും പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കെല്ലാം ഒരു തരം വീര്‍പ്പുമുട്ടലാണ്. ഗൗരവമേറിയ ഒരു കാര്യം താന്‍ ചെയ്യുന്നു എന്നതിന്‍റെ കനം അവര്‍ തലയിലും, മനസ്സിലും ഏറ്റി നടക്കുന്നു. ജീവിതത്തിലെ കനപ്പെട്ട സാഹചര്യങ്ങളേയും ലഘുവായി നേരിടാന്‍ കഴിയണം.

സാധാരണയായി, പ്രധാനപ്പെട്ട എന്തെങ്കിലും പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കെല്ലാം ഒരു തരം വീര്‍പ്പുമുട്ടലാണ്. ഗൗരവമേറിയ ഒരു കാര്യം താന്‍ ചെയ്യുന്നു എന്നതിന്‍റെ കനം അവര്‍ തലയിലും, മനസ്സിലും ഏറ്റി നടക്കുന്നു. ജീവിതത്തിലെ കനപ്പെട്ട സാഹചര്യങ്ങളേയും ലഘുവായി നേരിടാന്‍ കഴിയണം. അല്ലെങ്കില്‍ നിശ്ചയമായും അതൊരു കനത്ത ഭാരമായി നിങ്ങളെ ശ്വാസം മുട്ടിക്കും. പലരും ഈ രീതിയാണ് പിന്‍തുടരുന്നത്. അതവരുടെ ജീവിതത്തെ മുരടിപ്പിക്കുന്നു. അതുകൊണ്ടാണവര്‍ പിരിമുറുക്കങ്ങള്‍ക്ക് അയവു വരുത്താനായി പബ്ബിലും, ബാറിലും, ഭക്ഷണശാലയിലുമൊക്കെ പതിവായി പോകുന്നത്. ബാക്കി സമയം മുഴുവന്‍ ചുമടും ഏറ്റു കൊണ്ടുള്ള നടപ്പാണ്. ഓരോ നിമിഷവും സ്വതന്ത്രമായി ശ്വാസോച്ഛാസം ചെയ്യാറാവണം. ആ സുഖം നിങ്ങള്‍ അറിയണം. എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള മാര്‍ഗം ഒന്നേയുള്ളൂ...''ഞാന്‍ എന്നും എന്‍റേതെന്നു''മുള്ള ചിന്ത തീര്‍ത്തും കൈയ്യൊഴിയുക. അല്ല എങ്കില്‍ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങള്‍ നീറിക്കൊണ്ടിരിക്കും. പതുക്കെ പതുക്കെ ആ ഭാരത്തിനടിയില്‍ നിങ്ങള്‍ അമര്‍ന്നു പോയിക്കൊണ്ടിരിക്കും.

ജീവിതത്തെ സമ്പന്നമാക്കുന്ന അനുഭവങ്ങള്‍... നിരന്തരം ഓരോ പ്രവൃത്തികള്‍ ചെയ്ത് അതു നേടിയെടുക്കാമെന്നു കരുതേണ്ട. നിങ്ങള്‍ ചെയ്യുന്നത് നിങ്ങളേക്കാള്‍ വലുതാകുമ്പോഴേ ആ പ്രവൃത്തിക്ക് അര്‍ത്ഥവും ആഴവും കിട്ടുന്നുള്ളൂ...ഞാന്‍ എന്നും എന്‍റേതെന്നുമുള്ള ചിന്തകള്‍ പാടേ ഒഴിവാക്കിക്കൊണ്ട് നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ജീവിതത്തെ ധന്യമാക്കുന്നു.

രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഇതുപോലെയുള്ള വമ്പിച്ചൊരു യാത്രയിലൂടെ നമുക്ക് ആ ധന്യത നേടാനാകും. നിസ്വാര്‍ത്ഥമായ നിങ്ങളുടെ സേവനത്തിന്, കേവലമായ നിലനില്‍പിനേക്കാള്‍ വളരെയധികം വിലയുണ്ട്. ഈ ഒരു ബോധത്തോടെ ജീവിതത്തെ സമീപിച്ചാല്‍ നിശ്ചയമായും അത് അതിസമ്പന്നമായിത്തീരും. അതോടെ നിങ്ങളുടെ കഴിവുകള്‍ക്കും അതിശയകരമായ ഉയര്‍ച്ചയുണ്ടാവും. കാരണം, അതു വരെയുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്നും വീര്‍പ്പുമുട്ടലുകളില്‍ നിന്നും നിങ്ങള്‍ മുക്തി നേടിയിരിക്കുന്നു. നാട്ടുഭാഷയിലുള്ള ഒരുപമ കടമെടുത്തു പറയുകയാണെങ്കില്‍ കടുത്ത മലബന്ധത്തില്‍ നിന്നും സുഖം പ്രാപിച്ച അനുഭവം...സുഖശോധനയിലൂടെ എല്ലാഭാരവും ഒഴിഞ്ഞതുപോലെ. ഞാന്‍ എന്തിനാണിങ്ങനെ ഒരുദാഹരണമെടുത്തത് എന്നാവും...പൂവ്...ചന്ദ്രന്‍ തുടങ്ങിയ സുന്ദരമായ ഉപമകള്‍ സര്‍വസാധാരണമാണ്. എല്ലാവരും അതു ശ്രദ്ധിച്ചില്ലെന്നുവരും. എന്നാല്‍ ഇങ്ങനെയൊന്നു പറഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങളൊന്നു ഞെട്ടും. അതിനു വേണ്ടി ഇടക്കു ചില ചപ്പുചവറുകള്‍ എടുത്തെറിയേണ്ടിവരും...അതു നിങ്ങളെ ഉണര്‍ത്താന്‍ വേണ്ടിയാണ്. മലബന്ധം, മലമൊഴിഞ്ഞു പോകുന്നതോടെ അവസാനിക്കുന്നു. വാസ്തവത്തില്‍ അപ്പോഴാണ് നിങ്ങളറിയുക ഇത്രയധികം മലം ഉള്ളില്‍ കെട്ടിക്കിടന്നിരുന്നുവെന്ന് അതുപോലെയുള്ള ഒരനാവശ്യവസ്തുവാണ് നിങ്ങളുടെ ഉള്ളിലെ ''എനിക്കെന്ത്?'' എന്ന ചിന്ത. അതു നിശ്ശേഷം നീങ്ങികഴിയുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന സുഖം...... ലാഘവം പറഞ്ഞറിയിക്കാനാവില്ല.

ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന വലിയൊരു പ്രശ്‌നം..... ആരോ എവിടേയോ അതിവിനാശകരമായ ചില പ്രവൃത്തികള്‍ ചെയ്യുന്നു. ''എന്നാല്‍ എനിക്കും അങ്ങനെ ചെയ്തുകൂടേ?'' എന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നു. ''ഞാന്‍ മാത്രമല്ലല്ലോ തെറ്റുകള്‍ ചെയ്യുന്നത്'' എന്നാണ് അവരുടെ സമാധാനം.... ഇങ്ങനെയാണ് നമ്മള്‍ ഓരോന്നിനേയും നശിപ്പിക്കുന്നത്. നാടിന്‍റെ ജീവനാഡികളായ നദികളേയും നമ്മള്‍ വെറുതെവിടുന്നില്ല. ഞാന്‍ പറയുന്നത് വ്യക്തമാകണമെങ്കില്‍ കാശിയില്‍നി ന്നോ അലഹബാദില്‍ നിന്നോ ഗംഗയിലൂടെ ഒരു തോണി യാത്ര നടത്തൂ. ആ നദീജലത്തെ ഒന്നു തൊട്ടു നോക്കൂ.... എത്ര മഹത്തായൊരു ജീവചൈതന്യമാണത്! ആ ചൈതന്യമാണ് നിങ്ങളിലുളളത്.... നമ്മള്‍ നിസ്സാരമായാണ് ഒരു നദിയുടെ ജീവനെ നമ്മുടെതന്നെ അശ്രദ്ധകൊണ്ടും, അവഗണനകൊണ്ടും കെടുത്തികളഞ്ഞത്! ''അവരൊക്കെ ചെയ്യുന്നുണ്ടല്ലോ.... അപ്പോള്‍ പിന്നെ എനിക്കെന്തായികൂടാ? ''എന്ന അഹങ്കാരം...ധിക്കാരം. ഹാനികരമായ ചെറിയ കാര്യങ്ങള്‍.... പലരും പലവട്ടം ചെയ്യുമ്പോള്‍ അതു വിനാശകരമായ ഒരു വന്‍വിപത്തായി മാറുന്നു.

എന്തായാലും നിങ്ങളെല്ലാവരും നദികള്‍ക്കു വേണ്ടിയുള്ള യാത്രയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരണം. അതിനുവേണ്ടി മടി കൂടാതെ പ്രയത്‌നിച്ചുകൊണ്ടിരിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ ചര്‍ച്ച സജീവമായി തുടരാനും നിങ്ങള്‍ മുന്‍കൈയ്യെടുക്കണം.

''എല്ലാവരും വിളിക്കുന്നു.... എന്‍റെ മിസ്സ്ഡ്‌കോള്‍ അറിയാതെ പോകില്ല.'' അങ്ങനെ വിചാരിക്കുന്നത് ശരിയല്ല. പലരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണത്. കാര്യമായി എന്തെങ്കിലും നേടണമെങ്കില്‍ അവര്‍ സ്വയം വലുതാകും. അവര്‍ അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കും. എന്നാല്‍ എന്തെങ്കിലും കൊടുക്കേണ്ട അവസരം വരുമ്പോള്‍ അവര്‍ സ്വയം വളരെ ചെറുതാകും....വിനായാന്വിതരാകും. ''എന്നെക്കൊണ്ടെന്തു ചെയ്യാനാകും? ''എന്ന മനോഭാവം ഈ രണ്ടു മനോഭാവങ്ങളേയും തിരിച്ചിട്ടുനോക്കൂ.... വലിയ കൈയ്യോടെ കൊടുക്കാം.... ചെറിയ കൈ നീട്ടി എടുക്കാം... ജീവിതം നാടകീയമായ വിധത്തില്‍ മാറുന്നത് നിങ്ങള്‍ കാണും. നദികള്‍ക്കു വേണ്ടിയുള്ള ഈ യാത്ര അവ നിറഞ്ഞൊഴുകും വരെ തുടരും. അതിന് ഒട്ടനവധിപേര്‍ സമര്‍പ്പണ ബുദ്ധിയോടെ ഈ യജ്ഞം ഏറ്റെടുക്കാന്‍ മുമ്പോട്ടു വരണം.

അടുത്തപടി ഗവണ്‍മെന്‍റുകളുടെ സഹകരണമാണ്. അവര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നില്‍ നില്‍ക്കുന്നു. ഇന്നലെ ഈ നാട്ടിലെ എല്ലാ നദികളേയും പുനരുജ്ജീവിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു പ്രാഥമിക റിപ്പോര്‍ട്ട് നമ്മള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയുണ്ടായി. വളരെ വളരെ ആലോചിച്ചും, പഠിച്ചും, ഗവേഷണം നടത്തിയും തയ്യാറാക്കിയ റിപ്പോര്‍ട്ടാണത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും നദികളെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മാതൃകകളും ഞങ്ങള്‍ നന്നായി മനസ്സിലാക്കി. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി.... കാലാവസ്ഥ....മണ്ണ് ഇതെല്ലാം നദികളുടെ ഒഴുക്കിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇന്ത്യയില്‍ എങ്ങനെ നമുക്ക് നദികളെ ജലസമൃദ്ധമാക്കാം എന്ന വിഷയത്തെ കുറിച്ച് വളരെ ഗൗരവമേറിയ ഒരു പദ്ധതിയാണ് നമ്മള്‍ തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ വളരെ ശ്രദ്ധയോടും ഉത്സാഹത്തോടും കൂടിയാണ് ആ നിര്‍ദ്ദേശങ്ങളെല്ലാം സ്വീകരിച്ചത്. എന്നാല്‍ അതെല്ലാം പ്രായോഗികമായാല്‍ ദീര്‍ഘകാലത്തെ കഠിനപ്രയത്‌നം ആവശ്യമാണ്. ഓരോ ദിവസവും ഓരോരോ പുതിയ പ്രശ്നങ്ങള്‍ ഈ വഴിയില്‍ നമുക്ക് നേരിടേണ്ടി വരും. അതു കൊണ്ട് പരമാവധി ജാഗ്രത പുലര്‍ത്തണം.... ഉത്സാഹത്തിന്‍റെ അഗ്നി എന്നും ഒരുപോലെ ഉലയാതെ സൃഷ്ടിക്കുകയും വേണം. നിങ്ങളുടെ ഓരോരുത്തരുടേയും ശബ്ദം ഈ നാടു മുഴുവന്‍ കേള്‍ക്കണം. നിങ്ങളുടെ നിത്യസംഭാഷണത്തിന്‍റെ പത്തുശതമാനവും, നിങ്ങളുടെ സന്ദേശങ്ങളുടെ പത്തുശതമാനവും നദികളെകുറിച്ചുള്ളതായിരിക്കണം. ''പക്ഷെ സദ്ഗുരോ, അങ്ങനെ ചെയ്താല്‍, എനിക്കു വട്ടുപിടിച്ചെന്ന് കൂട്ടുകാര്‍ കരുതില്ലേ?'' നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കു ഭ്രാന്തുപിടിച്ചിരിക്കുന്നു എന്നാണ് ഞാന്‍പറയുക. ശരിയല്ലേ.....നിങ്ങളുടെ ജീവന് ആധാരമായിരിക്കുന്നത് നദികളാണ് എന്ന് തിരിച്ചറിയുവാനായില്ലെങ്കില്‍ അതു ഭ്രാന്തല്ലേ? താനിരിക്കുന്ന കൊമ്പിന്‍റെ കടവെട്ടുന്ന മണ്ടന്‍റെ പഴങ്കഥ... അതാണിപ്പോള്‍ ഓര്‍മ്മവരുന്നത്. കൊമ്പുവീഴുന്നതോടെ താനും താഴെ വീഴും എന്നു മനസ്സിലാക്കാത്ത ഭ്രാന്തന്‍. ആ സ്ഥിതിയിലാണ് നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇനി വൈകിച്ചു കൂടാ. ഉടനെ തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഇതു പോലെയുള്ള പദ്ധതികള്‍ പ്രചാരത്തില്‍ വരണം. ജനസംഖ്യയുടെ ആധിക്യം കൂടുതലായതു കാരണം വിപത്തു വരുമ്പോള്‍ ആദ്യം തകര്‍ന്നു വീഴുക ഇന്ത്യയിലെ ജനജീവിതമായിരിക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഈ വിപത്ത് നേരിടേണ്ടിവരും. എന്നാല്‍ ചില രാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. അവര്‍ തങ്ങള്‍ക്കു ചുറ്റും മതിലുകള്‍ പണിതുയര്‍ത്തിയിരിക്കുന്നു(ചിരിക്കുന്നു). എന്തായാലും നിങ്ങളെല്ലാവരും നദികള്‍ക്കു വേണ്ടിയുള്ള യാത്രയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരണം. അതിനുവേണ്ടി മടി കൂടാതെ പ്രയത്‌നിച്ചുകൊണ്ടിരിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ ചര്‍ച്ച സജീവമായി തുടരാനും നിങ്ങള്‍ മുന്‍കൈയ്യെടുക്കണം.

സമൂഹത്തില്‍ ദോഷകരമായി വല്ലതും കാണുമ്പോള്‍ ഒന്നുകില്‍ നിങ്ങള്‍ക്കതിന്‍റെ ഭാഗമാകാം, അല്ലെങ്കില്‍ അതു കണ്ടില്ലെന്നു നടിച്ച് മുമ്പോട്ടു പോകാം... അതു നിങ്ങളുടെ ഇഷ്ടം. ജീവതത്തില്‍ ഏതു സാഹചര്യത്തില്‍ ചെന്നു പെട്ടാലും മൂന്നുവിധത്തില്‍ നിങ്ങള്‍ക്കു പ്രതികരിക്കാം. അതിനെ ഒരു വെല്ലുവിളിയായെടുത്ത് സ്വയം വളരാം. ശക്തി പ്രാപിക്കാം. അല്ലെങ്കില്‍ അതില്‍ നിന്നും ഒരു പ്രയോജനവും നേടാതെ പാഴാക്കി കളയാം. അതുമല്ലെങ്കില്‍ ഇതൊന്നും തനിക്കു ബാധകമല്ല എന്ന ചിന്തയോടെ തീര്‍ത്തും വിട്ടു നില്‍ക്കാം. എന്നാല്‍ സാഹചര്യങ്ങളെ അതാതിന്‍റെ മട്ടില്‍ നേരിടുക തന്നെ വേണം.... അല്ലെങ്കില്‍ അത് ഒരു ജീവിതാനുഭവമായിത്തീരുകയില്ല. ജീവിതത്തിന് ആഴവും അര്‍ത്ഥവുമുണ്ടാകണമെങ്കില്‍ അനുഭവങ്ങളുമായി നമ്മള്‍ കൂടികലരുക തന്നെ വേണം. അവിടെ വിവേചനമോ, ഒതുക്കിപ്പിടക്കലോ വേണ്ട. വരും വരായ്കകള്‍ കണക്കിലെടുത്തു കൊണ്ടുള്ള ഇടപെടല്‍ നിങ്ങളുടെ നിലനില്‍പിനു സുരക്ഷിതത്വം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല, എന്നാല്‍ അങ്ങനെയുള്ള നിലനില്‍പു കൊണ്ടുള്ള നേട്ടമെന്താണ്? എന്തായാലും മരിക്കാനുള്ളതാണ്..... അതു ജീവിതത്തിന്‍റെ ആഴവും പരപ്പും തൊട്ടറിഞ്ഞതിനു ശേഷമാകുന്നതല്ലേ നല്ലത്!

എന്തായാലും നിങ്ങളെല്ലാവരും നദികള്‍ക്കു വേണ്ടിയുള്ള യാത്രയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരണം. അതിനുവേണ്ടി മടി കൂടാതെ പ്രയത്‌നിച്ചുകൊണ്ടിരിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ ചര്‍ച്ച സജീവമായി തുടരാനും നിങ്ങള്‍ മുന്‍കൈയ്യെടുക്കണം.

നമ്മുടെ അടുത്ത ശ്രമം നയം രൂപീകരിക്കലാണ്. വലിയൊരു ഗുണം എന്തെന്നാല്‍, വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ നമ്മളോട് സഹകരിക്കാന്‍ തയ്യാറായി വന്നിരിക്കുന്നു. ഒരു കടമ്പ നമ്മള്‍ കടന്നു കഴിഞ്ഞു. ഇനിയുള്ളത് ഔദ്യോഗികവും നിയമപരവുമായ വെല്ലുവിളികളാണ്. അതിനുപുറമെ സാങ്കേതികവും ഭരണപരവുമായ പ്രശ്‌നങ്ങളുമുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതി നടപ്പിലാക്കുക എന്നതും വളരെ ക്ലേശകരമായ സംഗതിയാണ്. എല്ലാ തലങ്ങളിലും എല്ലാ വിശദാംശങ്ങളും നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശരിപ്പെടുത്താമെന്നാശിക്കുന്നു. എന്നാല്‍ അതിന് സേവനസന്നദ്ധരായ ധാരാളം പ്രവര്‍ത്തകരെ ആവശ്യമുണ്ട്. നദീതീരങ്ങളോടനുബന്ധിച്ച് സാമ്പത്തിക നേട്ടം ലഭിക്കാവുന്ന പദ്ധതികള്‍ വളര്‍ത്തി കൊണ്ടു വരണമെന്ന് പല സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിന് വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുകയായിരിക്കും ഏറ്റവും പ്രയോജനകരം നദീതടങ്ങളില്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്ന കൃഷിയേക്കാള്‍ അതു കൂടുതല്‍ ലാഭകരമായിരിക്കും.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പതിനാറു സംസ്ഥാനങ്ങളിലായി പന്തീരായിരം പ്രവര്‍ത്തകരെ നമുക്കാവശ്യമുണ്ട്. പദ്ധതികള്‍ നടപ്പിലാക്കാന്‍ അവരുടെ നിരന്തരമായ പ്രയത്‌നം ആവശ്യമാണ്. ചില സംസ്ഥാനങ്ങളില്‍ പ്രത്യേകമായി നയം രൂപീകരിക്കാതെ തന്നെ സംഗതികള്‍ നടപ്പിലായിക്കൊള്ളും. എന്നാല്‍ ചിലയിടത്ത് അതത്ര എളുപ്പമാവില്ല. നന്നായി പാടുപെടേണ്ടി വരും. എന്തായാലും പ്രതിബദ്ധരും പ്രയത്‌നശീലരുമായ കുറേ പേരെ നമുക്കിപ്പോള്‍ത്തന്നെ ആവശ്യമുണ്ട്. ആദ്യത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ വിഭാവനം ചെയ്തതു പോലെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍ നമ്മുടെ ദൗത്യം പകുതി പൂര്‍ത്തിയായി എന്നു പറയാം. അതു കഴിഞ്ഞുള്ള കാര്യങ്ങള്‍ നാടും നാട്ടുകാരും ഏറ്റെടുത്തോളും. അതെത്രത്തോളം മുന്നോട്ടു കൊണ്ടു പോകണമെന്ന് അവര്‍ തീരുമാനിക്കട്ടെ.

യുവജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടാകണം. ''എനിക്കിതു കൊണ്ട് എന്തു നേട്ടം?'' എന്ന ചിന്ത ഒഴിവാക്കിയാല്‍ ജീവിതം തുള്ളി തുള്ളിയായല്ല, ശക്തമായൊരു പ്രവാഹമായി നിങ്ങള്‍ അനുഭവിക്കും. അവനവനേക്കാള്‍ വലുതായ എന്തെങ്കിലും കാര്യം സാധിക്കുമ്പോഴേ ജീവിതത്തില്‍ കൃതാര്‍ത്ഥത എന്തെന്നറിയൂ. അവനവനേക്കാള്‍ ചെറുതായ കാര്യങ്ങള്‍ എപ്പോഴും ചെയ്തു കൊണ്ടിരുന്നാല്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലഹരി നുകരാനാവില്ല. ഒരു വിധ രാസപദാര്‍ത്ഥത്തിനും ശരിയായ ആനന്ദം നിങ്ങളിലേക്കു പകര്‍ന്നു തരാനാവില്ല. കള്ളും, കഞ്ചാവുമില്ലാതെ ചിരിക്കാനും, ആടാനും പാടാനും ആവുന്നില്ല എന്ന അവസ്ഥയാണ് ഇന്നു പൊതുവെ കണ്ടു വരുന്നത്. ലോകം മുഴുവന്‍ ആ ദിശയിലേക്കു നീങ്ങുന്നു എന്നതാണ് സങ്കടം.

നദികള്‍ക്കുവേണ്ടിയുള്ള ഈ യാത്ര സഫലമാക്കാന്‍ പ്രശസ്തരായ പലരും പങ്കുചേര്‍ന്നിട്ടുണ്ട്. സിനിമാ- സ്‌പോര്‍ട്‌സ് താരങ്ങള്‍, രാഷ്ട്രീയ നേതാക്കന്‍മാര്‍, സന്നദ്ധസേവകര്‍, ആശ്രമത്തിലെ അന്തേവാസികള്‍, ബ്രഹ്മചാരികള്‍ തുടങ്ങി അനവധിപേര്‍ നമ്മോടൊപ്പം അണിനിരന്നിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മുഖ്യമായ കടമ എന്ന മട്ടിലാണ് അവരില്‍ പലരും പണിയെടുക്കുന്നത്.... നാളെ എന്നൊരു ദിവസമില്ല എന്ന മട്ടിലുള്ള ആവേശം.... അങ്ങനെയാണ് ജീവിക്കേണ്ടത്. നിങ്ങളും ഈ റാലിയെ പ്രയോജനപ്പെടുത്തൂ. കഴിയുന്നത്ര ജീവിതത്തെ വികസിപ്പിക്കാന്‍ ശ്രമിക്കൂ. ഈ നദികളെ പോലെ നിങ്ങളുടെ ജീവിതവും സ്വച്ഛന്ദവും, സമൃദ്ധവുമായി ഒഴുകട്ടെ. പക്ഷെ 'എനിക്കെന്തു ഗുണം''? എന്ന ചിന്ത ഒഴിവാക്കിക്കൊണ്ടുവേണം ഊ മഹാസംരഭത്തിന്‍റെ ഭാഗമാകാന്‍ എന്നു മാത്രം.

ചെയ്യാന്‍ ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ഒരു കടമ എന്ന മട്ടില്‍ പലരും പലപ്പോഴും ചെയ്യാറുണ്ട്. അതു കൊണ്ടുള്ള ക്ലേശങ്ങളും അവര്‍ അനുഭവിക്കുന്നു. ബുദ്ധിയുള്ളവര്‍ എപ്പോഴും അവനവന് താല്‍പര്യമുള്ള കാര്യങ്ങളിലാണ് മുഴുകുക. അവര്‍ ഒരു പരിധിയോളം ജീവിതം ആസ്വദിക്കുന്നവരാണ്. എന്നാല്‍ വിവേകശാലിയായ ഒരു വ്യക്തി അതാതു സന്ദര്‍ഭത്തിനാവശ്യമായ കാര്യങ്ങള്‍ സന്തോഷപൂര്‍വം ചെയ്യാന്‍ സ്വയം പരിശീലിക്കുന്നു. അപ്പോഴാണ് നൈസര്‍ഗികമായ പ്രതിഭ വികസിക്കുന്നത്. സ്വാര്‍ത്ഥതയുടെ കണ്ണട മാറ്റി വെച്ചു നോക്കുമ്പോള്‍ ജീവിതം അപാരമായ ഒരു പ്രതിഭാസമായി നിങ്ങളുടെ കണ്‍മുമ്പില്‍ തെളിയുന്നു. എന്‍റെ സ്വന്തം അനുഭവം.... ഈ യാത്രയെ കുറിച്ചോ അതു പോലെയുള്ള മറ്റു സംരംഭങ്ങളെ കുറിച്ചോ ആരോടും എടുത്തു പറയേണ്ടതായി വരുന്നില്ല... എല്ലാം വേണ്ടതു പോലെ സഹജമായി സംഭവിക്കുകയാണ്. എന്‍റെ ഇച്ഛാശക്തി സമൂഹത്തിനു മേല്‍ പ്രയോഗിക്കുകയാണ് എന്നു ധരിക്കരുത്. ഞാന്‍ പ്രകൃതിയുടെ ഇച്ഛ സഫലമാക്കുന്നു എന്നതാണ് സത്യം, ഇത് പ്രകൃതിയുടെ നിലനില്‍പിന് ഏറ്റവും ആവശ്യമായിട്ടുള്ളതാണ്. അതു കണ്ടറിഞ്ഞ് ഏറ്റെടുക്കുന്നവര്‍ സാഫല്യം അനുഭവിക്കുന്നു. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്.

 
 
  0 Comments
 
 
Login / to join the conversation1