सद्गुरु

ആത്മസാക്ഷാത്കാരത്തിന്റെ അര്‍ത്ഥം - അതിനെക്കുറിച്ചാണ് ഇവിടെ സദ്ഗുരു വിശദീകരിക്കുന്നത്.

ചോദ്യം : സദ്ഗുരു, എത്ര അനായാസമായാണ് അങ്ങ് ആളുകളുമായി ഇടപഴകുന്നത് - വളരെ സുഖമായി, സ്വാഭാവികമായി - എങ്ങനെയാണ് അതിനു സാധിക്കുന്നത്? എല്ലാ ഗുരുക്കള്‍മാരും ഇങ്ങനെയാണോ? ഏതെങ്കിലും വിധത്തില്‍ എല്ലാ ഗുരുക്കള്‍മാരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവോ?

സദ്ഗുരു : ശരീരം, മനസ്സ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമാകുന്ന പ്രാണശക്തി - ഇത് മൂന്നുമില്ലാതെ ഒന്നിനും ഭൂമിയില്‍ ജീവിക്കാനാവില്ല. അതുകൊണ്ട് ഈ മൂന്നും സര്‍വ ജീവജാലങ്ങള്‍ക്കും പൊതുവായി ഉള്ളതാണ്. ഇവക്കാധാരമായിരിക്കുന്നത് പ്രകൃതി നിയമങ്ങളാണ്. ഓരോ നിയമവും ഒരു സാദ്ധ്യതയാണ്, അതെ സമയം അതൊരു പരിമിതിയുമാണ്.

ഉദാഹരണത്തിന് - ഇന്ത്യയിലെ നിയമം റോഡിന്റെ ഇടത്തുവശത്തുകൂടെ വണ്ടി ഓടിക്കണം എന്നാണ് - അധികം പേരും അത് വകവെക്കുന്നില്ല എന്നത് വേറെ കാര്യം - എന്നാല്‍ ഈ നിയമം എല്ലാവരും കൃത്യമായി പാലിക്കുകയാണെങ്കില്‍ അപകടങ്ങള്‍ കുറവാക്കാം, ഉദ്ദിഷ്ടസ്ഥലത്ത് സുഖമായി എത്താം, അനാവശ്യമായി സമയം പാഴാവുകയുമില്ല. അത് ആ നിയമത്തിന്റെ സാദ്ധ്യതയാണ്. അതേസമയം ഒരു വശത്തുകൂടി മാത്രമേ വണ്ടി ഓടിക്കാവൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ അതൊരു പരിമിതിയാകും. ഇങ്ങനെയുള്ള സാദ്ധ്യതകളും പരിമിതികളും എല്ലാ നിയമങ്ങള്‍ക്കും ബാധകമാണ്. അതുപോലെയാണ് ഓരോ വ്യക്തിജീവിതവും. അതിലൊരു സാദ്ധ്യത ഒത്തു ചേര്‍ന്നിട്ടുണ്ട് എന്നാല്‍ ഒപ്പം ചില പരിമിതികളുമുണ്ട്, കാരണം ഓരോ സാദ്ധ്യതയ്ക്കും അതിന്റേതായ അതിര്‍വരമ്പുണ്ട്.

ഒരാള്‍ ശരീരത്തിന്റെയും മനസ്സിന്റേയും പ്രാണന്റെയും അതിര്‍രേഖ ലംഘിച്ചു എന്നു കരുതുക, പിന്നെ അയാള്‍ ഒരു വ്യക്തിയല്ല. ഇങ്ങനെയുള്ള അപൂര്‍വമായ അവസ്ഥക്ക് ഇന്ത്യയില്‍ വിശേഷിച്ച് ഒരു പേരുണ്ട്, അതാണ്‌ യോഗി. ഭൌതീകമായ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചവന്‍ എന്നാണതിനര്‍ത്ഥം.

ഈ കാലത്ത് വളരെ സാമാന്യമായ അര്‍ത്ഥത്തില്‍ യോഗി എന്ന പദം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം നേരത്തെ പറഞ്ഞതാണ്. ആദ്യകാലങ്ങളില്‍ ഇങ്ങനെയുള്ള ഭൌതീകമായ പരിമിതികള്‍ക്കപ്പുറത്തേക്ക് കടന്നവരെ ജനങ്ങള്‍ ഭഗവാന്‍ എന്നു വിളിച്ചിരുന്നു. വികാരങ്ങളോ വാക്കുകളോ സഹായത്തിനില്ലാതെ ആശയവിനിമയം നടത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അവര്‍ക്ക് അവരുടേത് മാത്രമായ ഒരു മാദ്ധ്യമമുണ്ടായിരുന്നു. ഭഗവാന്‍, യോഗി തുടങ്ങിയ പദങ്ങള്‍ അതീവ സുന്ദരങ്ങളാണ്. അവ സൂചിപ്പിക്കുന്നത് അപൂര്‍വമായ ഗുണവിശേഷങ്ങളെയാണ്. എന്നാല്‍ ഇന്ന്‍ ആദ്ധ്യാത്മീകതയുടെ തന്നെ നിറം മാറിയിരിക്കുന്നു. പലപ്പോഴും അത് പുസ്തകത്താളുകളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് അനുഭവം. ചൈതന്യവത്തായ, ഊര്‍ജ്ജസ്വലമായ ഒരു ആദ്ധ്യാത്മധാര വളരെ വളരെ അപൂര്‍വമായേ കാണുന്നുള്ളൂ. എത്ര നിസ്സാരമായാണ് പലരും യോഗി, ഭഗവാന്‍, ഋഷി, മഹാത്മാ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് - അനവസരങ്ങളിലുള്ള പദപ്രയോഗങ്ങളും വളരെ സാധാരണമായിരിക്കുന്നു. നിര്‍ഭാഗ്യകരം എന്ന് പറയാതെ വയ്യ.


എത്ര നിസ്സാരമായാണ് പലരും യോഗി, ഭഗവാന്‍, ഋഷി, മഹാത്മാ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് - അനവസരങ്ങളിലുള്ള പദപ്രയോഗങ്ങളും വളരെ സാധാരണമായിരിക്കുന്നു. നിര്‍ഭാഗ്യകരം എന്ന് പറയാതെ വയ്യ.

ഭൗതീകമായ നിയമങ്ങളെ ലംഘിക്കാനായാല്‍ ഈ ശരീരംകൊണ്ട് അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യാനാവും. ശരീരത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ മറികടക്കാനായാല്‍ അമരത്വം പ്രാപിക്കാം. ഒരാള്‍ അഞ്ഞൂറ് വര്‍ ജീവിച്ചിരുന്നാല്‍ എത്രയോ തലമുറകളുടെ ദൃഷ്ടിയില്‍ അയാള്‍ അമരനായിരിക്കും! എന്നാല്‍ മനസ്സോ പ്രാണനോ അതുകൊണ്ട് കൂടുതല്‍ വികാസം പ്രാപിച്ചു എന്നുവരില്ല. കായിക വ്യയാമങ്ങളിലൂടെ ശരീരസംബന്ധമായ നിയമങ്ങള്‍ കുറച്ചൊക്കെ അതിലംഘിക്കാനാവും. ചില പ്രത്യേക യോഗസാധനകളിലൂടെ കൂടുതല്‍ ഗൌരവമേറിയ കാര്യങ്ങളും സാദ്ധ്യമാകും.

മഹാഭാരതത്തില്‍ വായിച്ചിട്ടില്ലേ - ദുര്യോധനന് ഒരു പ്രയാസവും കൂടാതെ ദീര്‍ഘനേരം വെള്ളത്തിനടിയില്‍ കഴിയാന്‍ സാധിക്കുമായിരുന്നു. അതിനെ സംബന്ധിച്ച പ്രകൃതിനിയമങ്ങള്‍ അദ്ദേഹം അതിലംഘിച്ചു എന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? എന്നാല്‍ ശാരീരികമായ ആ കഴിവിന് യോജിച്ചതായിരുന്നില്ല അദ്ദേഹത്തിന്റെ മാനസികഭാവം. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനം, അദ്ദേഹത്തെ ഒളിസ്ഥലത്തു നിന്നും പുറത്ത് കൊണ്ടുവരാനായി പലരും ശ്രമിച്ചു. വലിയൊരു കയത്തിനടിയില്‍ ആയിരുന്നല്ലോ ദുര്യോദനന്‍ മറഞ്ഞിരുന്നത്. ആ സന്ദര്‍ഭത്തില്‍ കൃഷ്ണന്‍ പറഞ്ഞു: “അമാനുഷമായ കായികശക്തിയുണ്ടാകാം, എന്നാല്‍ മനസ്സുകൊണ്ട് ദുര്യോദനന്‍ വളരെ സാധാരണക്കാരനാണ്. അദ്ദേഹത്തിന്റെ പൌരുഷത്തെ നിന്ദിക്കണം, ആ നിമിഷം അദ്ദേഹം കോപിതനായി പുറത്തേക്കുവരും.” നല്ല രസമുള്ള ഒരു കവിതയുണ്ട്. ഈ സന്ദര്‍ഭം തന്നെയാണ് അതിലെ പ്രമേയം. അഗാധമായ ഗര്‍ത്തത്തിന്റെ തണുപ്പില്‍ ദുര്യോദനന്‍ ഇരുന്നു വിയര്‍ക്കുന്നു. പുറത്ത് പാണ്ഡവരും കൃഷ്ണനും ചേര്‍ന്ന്‍ അദ്ദേഹത്തിന്റെ നേരെ അധിഷേപവാക്കുകള്‍ തൊടുത്തു വിടുന്നു. ഒടുവില്‍ സഹികെട്ട് അദ്ദേഹം പുറത്തുവരുന്നു. ഭീമസേനന്‍ ദുര്യോദനനെ വധിക്കുന്നു.

ശാരീരികമായ നിയമങ്ങള്‍ ലംഘിക്കുന്നതും മാനസീകമായ നിയമങ്ങള്‍ ലംഘിക്കുന്നതും - രണ്ടും രണ്ടാണ്. ശരീരത്തെ കീഴടക്കിയതുകൊണ്ട് മനസ്സിനെയും ജയിച്ചു എന്നു കരുതേണ്ടതില്ല. മാനസികമായ വലിയ ഔന്നത്യം പ്രാപിച്ച ചിലരുണ്ട്, എന്നാല്‍ കായ ബലത്തിലും പ്രാണശക്തിയിലും അവര്‍ ശാധാരണ നിലയില്‍ത്തന്നെയാകും. ശരീരത്തേക്കാള്‍ അത്യധികം സങ്കീര്‍ണമായിട്ടുള്ളതാണ് പ്രാണനും മനസ്സും. അവയെ കീഴടക്കുക അങ്ങേയറ്റം പ്രയാസമേറിയതാണ്. ശരീരവുമായി നമുക്ക് എങ്ങനെയും ഇടപെടാം, അത് നമ്മുടെ മുന്നിലുള്ളതാണ്. കുറേനേരം കണ്ണടച്ച് സ്വസ്ഥമായിരുന്നാല്‍ മനസ്സിനെയും അറിയാനാകും, ക്രമേണ അതിനെ വശത്താക്കുകയും ആവാം. എന്നാല്‍ പ്രാണശക്തി ഇതിനൊക്കെ അപ്പുറത്തുള്ളതാണ്. ആ ശക്തി ഉള്ളതുകൊണ്ടാണ് നിങ്ങളുള്ളത്. നിങ്ങളുടെ ശരീരം വളരുന്നതും, ഓരോരോ പ്രവര്‍ത്തി ചെയ്യുന്നതും അതുള്ളതുകൊണ്ടാണ്. പുറത്തുനിന്നുള്ള ഭക്ഷണം അകത്തുചെന്ന് ശരീരത്തിന്റെ ഭാഗമായിത്തീര്‍ന്ന്‍ അതിനെ പോഷിപ്പിക്കുന്നതും പ്രാണന്റെ പ്രവര്‍ത്തനമാണ്.

പ്രാണോര്‍ജത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ അത്ര കര്‍ശനമല്ല. അതുകൊണ്ടുതന്നെ അവ ലംഘിക്കുക പ്രയാസമേറിയ കാര്യമാണ്. ഒരു വടി ഒടിക്കുക എളുപ്പമാണ് എന്നാല്‍ വളരെ അയവുള്ള ഒരു വസ്തുവിനെ ഒടിക്കുക എളുപ്പമാവില്ല. മനസ്സിന്റെ ഘടന അയവുള്ളതാണ് അതുകൊണ്ട് അതിനെ യഥേഷ്ടം ചുരുക്കാം അല്ലെങ്കില്‍ വികസിപ്പിക്കാം. ദീര്‍ഘകാലം സാധനകള്‍ മുറക്ക് അനുഷ്ടിക്കുന്ന ഒരു സാധകന് താന്‍ എല്ലാം നേടിക്കഴിഞ്ഞു എന്ന തോന്നലുണ്ടാകാം കാരണം മനസ്സിനെ അയാള്‍ക്ക് ഇഷ്ടംപോലെ ചുരുക്കാനും വികസിപ്പിക്കാനും കഴിയും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് തെറ്റായ ഒരു ധാരണയാണ്. മനസ്സിന്റെ ഘടന അത്യന്തം അയവുള്ളതാണ്, അതുതന്നെയാണ് അതിന്റെ പ്രശ്നവും.

ശരീരത്തിന്‌ അയവുവരുത്തി നമ്മാല്‍ ശാരീരിക പരിമിതികളെ അതിവര്‍ത്തിക്കുന്നു. അതില്‍നിന്നും വളരെ വ്യത്യസ്തമാണ് മനസ്സിന്റെ അവസ്ഥ. അതുകൊണ്ട് അതിനെ നേരിടുന്ന രീതിയിലും വ്യത്യാസമുണ്ട്. ഇതുതന്നെയാണ് പ്രാണനെ സംബന്ധിച്ചും പറയാനുള്ളത്. അതു മനസ്സിലാകുമ്പോഴേക്കും ആയുസ്സിന്റെ പകുതിയിലധികം കഴിഞ്ഞിരിക്കും. പലരുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്‌. എന്നാല്‍ ശരിയായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചാല്‍ മറിച്ചും സംഭവിക്കാം.


പ്രാണന്റെ തലം തീരെ കര്‍ശനമല്ലാത്തതാണ്, ഏതുവഴിക്കും തിരിയാന്‍ അത് തയ്യാറാണ്. നല്ല മയമുള്ള പ്രകൃതം. എല്ലാം നന്നായിരിക്കുന്നു എന്ന്‍ നിങ്ങള്‍ കരുതുന്നുണ്ടാവും, എന്നാല്‍ വാസ്തവത്തില്‍ ഈ തലത്തിലേക്ക് അധികംപേരും എത്തുന്നില്ല.

ഭൌതീകമായ തലത്തില്‍ അയവില്ലായ്മ വലിയൊരു പ്രശ്നമാണ്, എന്നാല്‍ മനസ്സിന്റെ തലത്തില്‍ അയവാണ് പ്രശ്നമായിത്തീരുന്നത്. മനസ്സിനെ അരുതാത്ത വഴികളില്‍ നിന്നും വിലക്കി നിര്‍ത്തുക ഏറ്റവും കഠിനമായ പണിയാണ് - ഭൂരിഭാഗത്തിനും പറ്റാത്ത കാര്യം. എത്ര തവണ നമുക്ക് സ്വയം തോന്നിയിട്ടുണ്ട് "ഇങ്ങനെ കോപിക്കാന്‍ പാടില്ലായിരുന്നു, ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു" എന്നൊക്കെ? എന്നാലും മനസ്സ് പിന്നേയും അതുതന്നെ ചെയ്യും. എത്ര തവണ നിങ്ങള്‍ സ്വന്തം ശരീരത്തിന്‌ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്, “നേരത്തെ എഴുന്നേല്‍ക്കണം, ഇന്നിന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണം, അരുതാത്ത ഭക്ഷണം കഴിക്കരുത്" എന്നെല്ലാം! അതൊന്നും ശരീരം ചെവികൊള്ളില്ല, അതിന്റെ ഇഷ്ടത്തിനോത്തേ അത് പെരുമാറൂ. മനസ്സും ശരീരവും നിങ്ങള്‍ക്ക് തൊട്ടറിയാവുന്നതാണ്, എന്നിട്ടുപോലും പലപ്പോഴും അവയെ കൈകാര്യം ചെയ്യുക ശ്രമകരമായ വേലയാണ്. തികച്ചും അദൃശ്യമായ പ്രാണന്റെ തലം - അതിനെ മനസ്സിലാക്കാനോ മേരുക്കാനോ നിങ്ങള്‍ക്കാവില്ല - അതാണ്‌ ഏറ്റവും അയവുള്ള തലം.

പ്രാണന്റെ തലം തീരെ കര്‍ശനമല്ലാത്തതാണ്, ഏതുവഴിക്കും തിരിയാന്‍ അത് തയ്യാറാണ്. നല്ല മയമുള്ള പ്രകൃതം. എല്ലാം നന്നായിരിക്കുന്നു എന്ന്‍ നിങ്ങള്‍ കരുതുന്നുണ്ടാവും, എന്നാല്‍ വാസ്തവത്തില്‍ ഈ തലത്തിലേക്ക് അധികം പേരും എത്തുന്നില്ല. ഒരു തുറക്കാത്ത പെട്ടിപോലെ - ഒരു കുമിളയായി അത് നില്‍ക്കുന്നു. അതിന്റെ ഉള്ളിലുള്ള വായുവും, പുറത്തുള്ള വായുവും ഒന്നാണ്,ഒരു ഭേദവുമില്ല പക്ഷെ നിങ്ങള്‍ അറിയുന്നില്ല,നിങ്ങള്‍ അകത്ത് കുരുങ്ങി കിടക്കുകയാണെന്ന്. അത് സുതാര്യമല്ലാത്ത കുമിളയായിരുന്നു എങ്കില്‍ അത് എളുപ്പത്തില്‍ നിങ്ങള്‍ പൊട്ടിച്ചേനെ. എന്നാല്‍ ഇത് തികച്ചും സുതാര്യമായതാണ്. അതുകൊണ്ട് താന്‍ അതിനകത്ത് അകപ്പെട്ടിരിക്കുകയാണ് എന്നാ തോന്നല്‍ നിങ്ങളിലുളവാകുന്നില്ല. അതു തകര്‍ത്ത് സ്വതന്ത്രനായി പുറത്ത് വരുമ്പോഴേ നിങ്ങള്‍ക്ക് ബോദ്ധ്യമാവൂ, ഇതുവരേയും താന്‍ ബന്ധനത്തിലായിരുന്നു എന്ന്. അതിസങ്കീര്‍ണമായ ഒരു സാങ്കേതിക പ്രയോഗമാണ് അത്. തകര്‍ക്കുക അത്യന്തം ക്ലേശകരം, അഥവാ തകര്‍ക്കാനായാല്‍ത്തന്നെയും എങ്ങനെ ജീവിക്കണമെന്ന് നിങ്ങള്‍ക്ക് രൂപമുണ്ടാവില്ല. കുമിള പൊട്ടിയാല്‍ അതിനകത്തെ വായു അന്തരീക്ഷവുമായി ഒന്നായിത്തീരുമല്ലോ!


ആ കാലത്തേതായാലും, ഈ കാലത്തേതായാലും ഒരു മഹാത്മാവ് സമൂഹത്തെ സംബന്ധിച്ചിടത്തോളം പൂജനീയനാവുന്നത് താനാര്‍ജിച്ചിട്ടുള്ള ജ്ഞാനത്തിന്റെ മഹത്വത്തിലാണ്.

സ്ഥലകാലങ്ങള്‍ക്ക് അപ്പുറത്തും ഇപ്പുറത്തുമായി മഹാ ഗുരുക്കന്മാര്‍ സമ്മേളിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ട്. പ്രഭാഷണങ്ങള്‍ കേട്ടോ, പുസ്തകങ്ങള്‍ വായിച്ചോ ഇതുപോലെയുള്ള അറിവ് നേടാനാവില്ല. ആ അറിവിനാധാരം, നേരത്തെ സൂചിപ്പിച്ച അതിരുകള്‍ മറികടക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു മഹാത്മാവിന്റെ അനുഭവമാണ്. “ശിവന്‍ കൈലാസത്തിലിരിക്കുന്നു" എന്ന്‍ നമ്മളെല്ലാവരും സാധാരണ പറയാറുണ്ട്‌. അതിന്റെ അര്‍ത്ഥം മഹാദേവന്‍ കൈലാസ പര്‍വതത്തിനു മുകളില്‍ ഇരിക്കുന്നു എന്നല്ല. അവിടുന്ന്‍ നേടിയിട്ടുള്ള അമേയമായ ജ്ഞാനം - അതുമുഴുവന്‍ അവിടുന്ന്‍ നിക്ഷേപിച്ചിട്ടുള്ളത് കൈലാസത്തിലാണ്. അതുകൊണ്ടാണ് ശിവന്‍ നമുക്ക് ആരാദ്ധ്യനായി തീര്‍ന്നിരിക്കുന്നത്. പതിനയ്യായിരം ആണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരാളായിരുന്നെങ്കില്‍ ശിവനെ ആരെങ്കിലും ആരാധിക്കുമായിരുന്നോ?

ആ കാലത്തേതായാലും, ഈ കാലത്തേതായാലും ഒരു മഹാത്മാവ് സമൂഹത്തെ സംബന്ധിച്ചിടത്തോളം പൂജനീയനാവുന്നത് താനാര്‍ജിച്ചിട്ടുള്ള ജ്ഞാനത്തിന്റെ മഹത്വത്തിലാണ്. അവരുടെ ബാഹ്യമായ വ്യക്തിത്വത്തിന് കാലിക പ്രസക്തി ഒട്ടും തന്നെയില്ല. ഗൌതമന്‍ സദാ ധ്യാനനിമഗ്നനായിരുന്നു, കൃഷ്ണനാണെങ്കില്‍ എവിടെയും ഇപ്പോഴും ആനന്ദ നൃത്തം ചെയ്തുകൊണ്ടായിരുന്നു. ഇതെല്ലാം ആ കാലസ്ഥിതിക്ക് അനുസരിച്ചുള്ള രൂപഭാവങ്ങള്‍ മാത്രമായിരുന്നു. ആരുടെയെങ്കിലും നിര്‍ബദ്ധം കൊണ്ടാണോ ഗൌതമന്‍ ധ്യാനനിമഗ്ദനായി ഇരുന്നത്? വേറെ ഗതിയൊന്നും ഇല്ലാഞ്ഞിട്ടാണോ കൃഷ്ണന്‍ മുരളി ഊതിയതും നൃത്തം വെച്ചതും? അങ്ങനെയായിരുന്നെങ്കില്‍ അവരെക്കൊണ്ട് നമുക്ക് ഒരു പ്രയോജനവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അത് അവരുടെ സ്വന്തം ഇച്ഛയായിരുന്നു. കാലസ്ഥിതിക്ക് വേണ്ടതെന്താണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.