സദ്ഗുരു, ഈശ ഫൗണ്ടേഷൻ

 

ആത്‌മീയതയോ ദൈവീകതയോ സംഭവിക്കണമെങ്കിൽ, ആദ്യം വേണ്ടത്, നമ്മളിലെ മനുഷ്യത്വത്തെ അത്യുന്നതിയിലെത്തിക്കുക എന്നതാണ്.എന്തിനാണ് ഏതൊരു മതവും, ഏതൊരാത്മീയ പ്രവർത്തിയും, സ്നേഹത്തെയും കരുണയെയും പറ്റി സംസാരിച്ചതെന്നുവച്ചാൽ, അവ ജീവിതത്തിലെ ഏറ്റവും പരമമായ ഭാവമായതുകൊണ്ടല്ല. അതിനുകാരണം, അവയാണേറ്റവും നല്ല വളം. നിങ്ങൾ നിങ്ങളെ തന്നെ  സ്ഥിരമായി സ്നേഹത്താലും  കരുണയാലും പോഷിപ്പിച്ചു കൊണ്ടിരുന്നാൽ, വളരെയെളുപ്പത്തിൽ നിങ്ങളിൽ പൂക്കൾ വിടരും. ദിവസവും നല്ല വളം നൽകിയില്ലെങ്കിൽ, ഒരുപക്ഷെ നിങ്ങളിലെ വിത്ത് നല്ലതാണെങ്കിലും, അത് പുഷ്പ്പിക്കണമെന്നില്ല കാരണം, ആവശ്യമായ പോഷണമില്ല.


 

അതുകൊണ്ട് ദൈവീകതയുടെ പൂവ് നിങ്ങളിൽ വിടരണമെങ്കിൽ, നിങ്ങളിലെ മനുഷ്യത്വത്തെ ഏറ്റവും ഊർജ്ജസ്വലതയിലായിരിക്കണം നിലനിർത്തേണ്ടത്. ആരോടെങ്കിലും നിങ്ങളിൽ ശക്തമായ സ്നേഹവും കരുണയുമുണ്ടായാൽ, അപ്പോഴാണ്‌ നിങ്ങളിലെ മനുഷ്യത്വം നിറഞ്ഞുതുളുമ്പുന്നത്. നന്മയുമല്ല, ദയവുമല്ല, ശുദ്ധമായ മനുഷ്യത്വം. നിങ്ങളുടെയുള്ളിൽ പരിശീലിപ്പിച്ച് കൊണ്ടുവരേണ്ട ഒന്നല്ലയിത്, എപ്പോഴും നിങ്ങളിൽ തുടിക്കുന്ന ഒന്നാണിത്. കൗശലപൂർവ്വം നിങ്ങൾക്കതിനെ കൊന്നുകളയാം. നിങ്ങളിലെ മനുഷ്യത്വത്തെ അടിച്ചമർത്താൻ, നിങ്ങൾ വിവിധ തന്ത്രങ്ങളാണ് വളർത്തിവികസിപ്പിക്കുന്നത്, കാരണം അത് സുരക്ഷിതമല്ലെന്ന് നിങ്ങൾ കരുതുന്നു, അത് ശരിയാവില്ല. അങ്ങനെയല്ല ലോകം പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ കരുതുന്നു. നിങ്ങളുടെ മതത്തിലൂടെയോ, വിശുദ്ധഗ്രന്ഥങ്ങളാലോ, മറ്റു രീതികളാലോ എങ്ങനെയെങ്കിലും പഠിപ്പിക്കേണ്ടതായ ഒന്നല്ല മനുഷ്യത്വം. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും തുടിക്കുകയും നിറഞ്ഞുതുളുമ്പുകയും ചെയ്യുന്ന ഒന്നാണത്. നിങ്ങളതിനെ ഉന്നതിയിൽ നിലനിർത്തിയാൽ, ജീവിതത്തിന്റെ അടുത്ത തലം വളരെയെളുപ്പമാവും. അല്ലെങ്കിൽ അടുത്ത തലം നിങ്ങൾക്ക് ലഭ്യമാവില്ല.


 

ആത്മീയതയെന്നാൽ, നിങ്ങൾക്ക് ചുറ്റുമുള്ള ജീവിതവുമായി പങ്കുചേരാതെ, വീടുവിട്ടു കാട്ടിൽ പോകണമെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ കാരണമാണ്, വളരെയധികം ചെറുപ്പക്കാർ, അത്രയും ബുദ്ധിശാലികളായവർ ആത്മീയതയിലേക്ക് തിരിഞ്ഞുനോക്കാത്തത്.

 

ഇന്നത്തെ ലോകത്തെ ശ്രദ്ധിച്ചാൽ, എല്ലാത്തരത്തിലുള്ള വിഡ്ഢികൾ ലോകത്തുണ്ടെങ്കിലും, അവയിലേറ്റവും രൂക്ഷമായവ ആത്മീയതയിലുള്ളവരാണ്. അവരേറ്റവുമധികം നാശമുണ്ടാക്കുകയും, വളരെയധികം വിഡ്ഢിത്തങ്ങൾ പ്രദർശിപ്പിക്കുകയും, ഭൂമിയിലെ ഘോരമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. മുൻപും അതങ്ങനെതന്നെയായിരുന്നു, ഇപ്പോഴുമത് തുടരുന്നു. എല്ലാ കലഹങ്ങൾക്കും മതങ്ങൾ പരിഹാരമാവുന്നതിന് പകരം നിർഭാഗ്യവശാൽ, എല്ലാ കലഹത്തിനും മതമാണ് തുടക്കമിടുന്നത്. ഭൂമിയിൽ സൃഷ്ടിക്കപെടുന്നയെല്ലാ യുദ്ധങ്ങൾക്കും കേന്ദ്രബിന്ദുവായിമാറിയിരിക്കുന്നത്, മതങ്ങളാണ്. ഇതുകാരണം ധാരാളമാളുകൾ, ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമായ, പ്രത്യേകിച്ചും ചെറുപ്പക്കാർ ഒരുവിധത്തിലും ആത്മീയതയിലേക്ക് വരുന്നില്ല കാരണം, അത്രക്കും വിഡ്ഢിത്തമായിമാറിയിരിക്കുന്നു. നിർഭാഗ്യവശാൽ അവരുടെ അഭിപ്രായത്തിൽ ആത്മീയതയെന്നാൽ മണ്ടത്തരമാണ്. ഇതുവരെയത് അങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

നമ്മളാദ്യം മനസിലാക്കേണ്ടത്, ഈ ഭൂമിയിൽ നിലനിൽക്കുന്നതിനുള്ള ഏറ്റവും ബുദ്ധിപരമായ രീതിയാണ് ആത്മീയത. ശരാശരിക്കപ്പുറം നിങ്ങളുടെ ബുദ്ധി ഉയർന്നാൽ മാത്രമേ, നിങ്ങൾ യഥാർത്ഥത്തിൽ ആത്മീയനാവൂ. ആത്മീയത ഒരു വിഡ്ഢിക്കുള്ളതല്ല. സാധാരണക്കാരേക്കാൾ കൂടുതൽ ശ്രദ്ധയോടെ തന്റെ ജീവിതം ശരിക്കും കാണാൻ കഴിവുള്ള വ്യക്തിക്ക് മാത്രമുള്ളതാണ്. ആത്മീയതയിലുള്ളവർ സാധാരണക്കാരേക്കാൾ കൂടുതൽ ബുദ്ധി പ്രകടിപ്പിച്ചതിനാലാണ് ലോകത്തിലെവിടെയും അവരിലേക്ക് കൂടുതൽ കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നത്.