सद्गुरु

കഴിഞ്ഞ ലക്കത്തില്‍ വക്രിച്ച് വികൃതമായ ശരീരമുള്ള മഹാഗുരു അഷ്ടവക്രനും രാജാക്കന്മാരില്‍ പരമയോഗ്യനായ ജനകമഹാരാജാവും തമ്മിലുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞ ബന്ധത്തിന്റെ തുടക്കത്തിനെപ്പറ്റി പറഞ്ഞിരുന്നു. ഒരനുഭവത്തില്‍ കൂടി അഷ്ടവക്രന്‍ ശിഷ്യര്‍ക്ക് ജനകമഹാരാജാവിന്റെ അകമഴിഞ്ഞ ഭക്തിയുടെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ലക്കത്തില്‍കൂടി.

സദ്ഗുരു : കുറച്ചുദിവസം കഴിഞ്ഞ് രാജാവ് അഷ്ട്രവക്രനെത്തേടി കാട്ടിലേക്കുതിരിച്ചു. രാജാവ് എവിടെപ്പോയാലും അകമ്പടിക്ക് സുരക്ഷാസേനയും, മന്ത്രിമാരും ഉണ്ടാകും. അനുയായികളോടൊപ്പം ജനകന്‍ കാട്ടിലേക്ക് യാത്രയായി. അവര്‍ കട്ടിനുള്ളിലേക്കുകടക്കുംതോറും ഇരുട്ട് കനത്തുവന്നു. മണിക്കൂറുകളോളം അഷ്ടവക്രനെത്തേടി രാജാവും അകമ്പടിക്കാരും വലഞ്ഞു. ക്രമേണ രാജാവ് കൂട്ടം തെറ്റി ഒറ്റപ്പെട്ടു.

കാട്ടിനുപുറത്തേക്കുള്ള വഴിതിരക്കി അലഞ്ഞു നടന്നപ്പോള്‍ അദ്ദേഹം തികച്ചും അവിചാരിതമായി ഒരു വൃക്ഷച്ചുവട്ടിലിരിക്കുന്ന അഷ്ടവക്രനെ കണ്ടു. അഷ്ടവക്രനെക്കണ്ടതും രാജാവ് കുതിരപ്പുറത്തുനിന്നും താഴെയിറങ്ങാന്‍ തുടങ്ങി. വലതുകാല്‍ കുതിരയുടെ ജിനിയില്‍ ചവുട്ടി, ഇടതുകാല്‍ ഉയര്‍ത്തി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അഷ്ടവക്രന്‍ കൈപൊക്കി പറഞ്ഞു,
“നില്‍ക്കൂ, അനങ്ങരുത്! അവിടെ അങ്ങനെതന്നെ നില്‍ക്കൂ!”

ജനകമഹാരാജാവ് മറ്റൊന്നും ചിന്തിക്കാതെ, അങ്ങനെതന്നെ നിന്നു, ഒരുകാലുയര്‍ത്തി, കുതിരപ്പുറത്തു ഞാന്നുകിടക്കും പോലെ. തികച്ചും വികലമായ സ്ഥിതിയില്‍, അപ്രകാരം തന്നെ അനങ്ങാതെ നിന്നു.

ജനകമഹാരാജാവ് മറ്റൊന്നും ചിന്തിക്കാതെ, അങ്ങനെതന്നെ നിന്നു, ഒരുകാലുയര്‍ത്തി, കുതിരപ്പുറത്തു ഞാന്നുകിടക്കും പോലെ. തികച്ചും വികലമായ സ്ഥിതിയില്‍, അപ്രകാരം തന്നെ അനങ്ങാതെ നിന്നു. എത്രനേരം അങ്ങനെനിന്നുവെന്ന് പറയാനാവില്ല. പല ഇതിഹാസങ്ങളും പറയുന്നത് അദ്ദേഹം അതേപോലെ വര്‍ഷങ്ങളോളം നിന്നു എന്നാണ്. ചില ഗ്രന്ഥങ്ങള്‍ പറയുന്നത് ഒരൊറ്റനിമിഷം മാത്രമെ അദ്ദേഹം അങ്ങനെ നിന്നുള്ളു എന്നാണ്. ഏതായാലും സമയത്തെപ്പറ്റിയുള്ള വ്യത്യസ്താനുമാനങ്ങള്‍ ഇവിടെ വലിയ വിഷയമാക്കേണ്ടതില്ല. താന്‍ എവിടെയാണോ സ്ഥിതിചെയ്യേണ്ടത് അവിടെ നിര്‍ദ്ദേശാനുസരണം സ്വയം നിശ്ചലനാക്കിനിര്‍ത്താനുള്ള കഴിവ് അദ്ദേഹത്തിന് കൈവന്നുകഴിഞ്ഞിരുന്നു, അതായത്, ലൌകികബന്ധങ്ങളില്‍ നിന്നുള്ള നിര്‍വൃത്തി, പൂര്‍ണ്ണമായും സ്വയം തിരിച്ചറിവുള്ള ഒരു വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു – സ്വത്വബോധമുള്ള വ്യക്തി എന്നു സാരം.

അങ്ങനെ ബോധോദയം നേടിയ മുഹുര്‍ത്തത്തില്‍ ജനക മഹാരാജാവ് കുതിരപ്പുറത്തുനിന്നിറങ്ങി അഷ്ടവക്രന്‍റെ പാദങ്ങളിലേക്കുവീണു. നമസ്കരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, "എന്‍റെ രാജ്യവും, കൊട്ടാരവും, ഇവയൊന്നും ജീവിതത്തില്‍ വിലപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് അങ്ങയുടെ പാദങ്ങള്‍ക്കരുകില്‍ കഴിഞ്ഞാല്‍മതി. ഈ കാട്ടില്‍ അങ്ങയുടെ ആശ്രമത്തില്‍ കഴിയാന്‍ എന്നെ അനുവദിച്ചാലും.”
പക്ഷെ അഷ്ടവക്രന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്, “താങ്കളുടെ ജീവിതം താങ്കളുടെ ഇഷ്ടങ്ങള്‍ക്കും, അനിഷ്ടങ്ങള്‍ക്കും അപ്പുറത്താണെന്ന് ഇപ്പോള്‍ ബോധ്യമായില്ലെ? കാരണം, താങ്കള്‍ക്ക് ആത്യന്തികമായി ഒന്നുമില്ല. അതാണ് സത്യം. താങ്കളുടെ ജനതക്ക് ആവശ്യം ജ്ഞനോദയമടഞ്ഞ ഒരു രാജാവിനെയാണ്. താങ്കള്‍ അവരുടെ രാജാവായിത്തന്നെ തുടരുക.” മനസ്സില്ലാമനസ്സോടെ അദ്ദേഹം സ്വരാജ്യത്തേക്കുമടങ്ങുകയും, കൊട്ടാരത്തില്‍ അധിവസിച്ച് വിവേകപൂര്‍വം രാജ്യം ഭരിക്കുകയും ചെയ്തു. ജനകമഹാരാജാവ് ജനങ്ങള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു. പൂര്‍ണമായും ജ്ഞാനോദയം നേടിയ ഗുരു, എന്നിട്ടും രാജാവ് എന്ന കര്‍മം യുക്തിപൂര്‍വ്വം നിര്‍വഹിക്കുകയും ചെയ്തു.

“എന്‍റെ രാജ്യവും, കൊട്ടാരവും, ഇവയൊന്നും ജീവിതത്തില്‍ വിലപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് അങ്ങയുടെ പാദങ്ങള്‍ക്കരുകില്‍ കഴിഞ്ഞാല്‍മതി.

ഭാരതത്തില്‍ ഒട്ടനവധി യോഗിമാരും, സന്യാസിമാരും ഒരുകാലത്ത് ചക്രവര്‍ത്തിമാരായിരുന്നു. സ്വമനസ്സാലെ അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് സ്വാഭിമാനത്തോടെ ഭിക്ഷാംദേഹികളായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഗൗതമബുദ്ധന്‍, മഹാവീരന്‍, ബാഹുബലി തുടങ്ങി ശ്രേഷ്ടന്മാരായി എത്രയോപേര്‍ അങ്ങനെയായിരുന്നു. എന്നാല്‍ ആത്മജ്ഞാനം അഥവാ ജ്ഞാനോദയം സിദ്ധിച്ച രാജാക്കന്മാര്‍ അപൂര്‍വ്വമാണ്. രാജാവായി തുടരുമ്പോഴും, തന്‍റെ കര്‍മരംഗത്തുനിന്നും ഒരിടവേളകിട്ടുമ്പോഴൊക്കെ ജനകന്‍ അഷ്ടവക്രന്‍റെ ആശ്രമത്തിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

അഷ്ടവക്രന്‍ ആശ്രമത്തില്‍ നിരവധി സന്യാസിമാരെ തന്‍റെ ശിഷ്യരാക്കി പാര്‍പ്പിച്ചിരുന്നു. ക്രമേണ ഇവര്‍ക്ക് ജനകനോട് നേരിയ വിരോധം തോന്നിത്തുടങ്ങി, കാരണം ജനകന്‍ വന്നുകഴിഞ്ഞാല്‍ തങ്ങളുടെ ഗുരു അദ്ദേഹത്തോടൊപ്പം ഏറെ നേരം ചിലവഴിക്കുന്നതും, പതിവു നടപടികളില്‍നിന്നകന്ന് ജകനോടൊപ്പം കഴിയുന്നതും ശിഷ്യര്‍ക്ക് ഈര്‍ഷ്യയുണ്ടാക്കി. അഷ്ടവക്രനാകട്ടെ, രാജാവിനോട് ഉറ്റ ബന്ധവുമായിരുന്നു. ജനകന്‍ എത്തിച്ചേരേണ്ട താമസം, രണ്ടുപേരുടേയും ഉള്ളില്‍നിന്ന് വല്ലാത്തൊരു പ്രകാശം ഉദിച്ചുവരും. എന്നാല്‍ തന്‍റെ ശിഷ്യന്മാരോടൊപ്പം കഴിയുന്നവേളയില്‍ ഇത്തരത്തിലൊരുണ‍ര്‍വ്വ് അഷ്ടവക്രന്‍ പ്രകടിപ്പിക്കാറില്ലായിരുന്നു. പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് ജനകന്‍റേയും, അഷ്ടവക്രന്‍റേയും ബന്ധത്തിനിടയില്‍ ഊഷ്മളമായി നിന്നിരുന്നു. ശിഷ്യര്‍ക്ക് അതു തീരെ ഇഷ്ടപ്പെട്ടില്ല.

ശിഷ്യര്‍ പരസ്പരം ചെവിയില്‍ മന്ത്രിച്ചു തുടങ്ങി, “കണ്ടില്ലെ, ഗുരു എന്തിനാണ് ഇങ്ങനയൊരു മനുഷ്യനുവേണ്ടി മെനക്കടുന്നത്? നമ്മുടെ ഗുരുവിനും തെറ്റുപറ്റുന്നുവെന്നാണ് തോന്നുന്നത്. ഈ മനുഷ്യന്‍ ഒരു രാജാവാണ്. നിരവധി ഭാര്യമാരും കുട്ടികളുമായി കൊട്ടാരത്തില്‍കഴുയുന്നവന്‍. ധാരാളം സമ്പത്തിനുടമ. ആ നടത്ത കണ്ടില്ലെ, ചക്രവര്‍ത്തിയെപ്പോലെയല്ലെ? അദ്ദേഹത്തിന്‍റെ വസ്ത്രധാരണവും, അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും ശ്രദ്ധിക്കൂ, ആത്മീയമായി എന്തെങ്കിലുമുണ്ടോ ആ വ്യക്തിയില്‍? പിന്നെന്തിനാണ് ഗുരു അയാ‍ള്‍ടെ പിന്നാലെ നടക്കുന്നത്? നമ്മളാകട്ടെ ആത്മീയകാര്യങ്ങ‍ള്‍ക്കായി പൂര്‍ണമായി നമ്മളെത്തന്നെ സമര്‍പ്പിച്ചു കഴിഞ്ഞു. സന്യാസിമാരായി ഇവിടെ എത്തിച്ചേര്‍ന്ന നമ്മളെ ഗുരു അവഗണിക്കുകയാണ്.”

ജനകമഹാരാജാവ് ജനങ്ങള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു. പൂര്‍ണമായും ജ്ഞാനോദയം നേടിയ ഗുരു, എന്നിട്ടും രാജാവ് എന്ന കര്‍മം യുക്തിപൂര്‍വ്വം നിര്‍വഹിക്കുകയും ചെയ്തു.

തന്‍റെ ശിഷ്യരുടെ ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ചേതോവികാരം അഷ്ടവക്രന് മനസ്സിലാകുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു പണിയൊപ്പിച്ചു. വിശാലമായ ഹാളിലിരുന്ന് ഗുരു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുകയായിരുന്നു. ജനകരാജാവും സന്നിഹിതനായിരുന്നു. സംഭാഷണം നടന്നുകൊണ്ടിരിക്കെ, ഹാളിലേക്ക് ഒരു ഭടന്‍ നിലവിളിച്ചുകൊണ്ട് ഓടിവന്നു. അഷ്ടവക്രനെ അവഗണിച്ച് രാജാവിനെ വണങ്ങിയതിനുശേഷം, ഭടന്‍ ഇങ്ങിനെ പറഞ്ഞു, “തിരുമനസ്സേ, കൊട്ടാരത്തില്‍ അഗ്നിബാധ ഉണ്ടായിരിക്കുന്നു. എല്ലാം കത്തിയെരിയുകയാണ്. രാജ്യം മഹാ വിപത്തിലാണ്.”

ജനകരാജാവ് എഴുന്നേറ്റ് ഭടനോടിങ്ങനെ ആക്രോശിച്ചു, “കടക്കൂ പുറത്ത്. ഈ സത്സംഗത്തിലേക്ക് കടന്നുവരാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? എന്‍റെ ഗുരുവിനെ വണങ്ങാതെ എന്നെ വണങ്ങാന്‍ നീ എങ്ങനെ ധൈര്യപ്പെട്ടു?”

ഭടന്‍ പേടിച്ചിറങ്ങിപ്പോയി. രാജാവ് തിരിച്ചു തന്‍റെ ഇരിപ്പിടത്തില്‍ തന്നെയിരുന്നു. അഷ്ടവക്രന്‍ തന്‍റെ സംഭാഷണം തുടരുകയും ചെയ്തു.കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അഷ്ടവക്രന്‍ മറ്റൊരുപായം കൂടി ആസൂത്രണം ചെയ്തു. പതിവുപോലെ ശിഷ്യര്‍ ഹാളിലിരിപ്പുണ്ട്. ഗുരു സംഭാഷണം തുടങ്ങി. സംഭാഷണമദ്ധ്യേ ആശ്രമത്തിലെ ഒരു പരിചാരകന്‍ കടന്നുവന്ന് ഇങ്ങനെ പറഞ്ഞു, “കുരങ്ങന്മാര്‍ സന്യാസിമാരുടെ വസ്ത്രങ്ങള്‍ അയയില്‍ നിന്നെടുത്തുകൊണ്ടുപോയി അവകൊണ്ട് കളിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.”

കേള്‍ക്കേണ്ടതാമസം, സന്യാസിമാര്‍ കൂട്ടത്തോടെ എഴുന്നേറ്റ് തങ്ങളുടെ വസ്ത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഓടിപ്പോയി. കുരങ്ങന്മാര്‍ അവ നശിപ്പിക്കുന്നത് അവര്‍ക്ക് സഹികാനാവുമായിരുന്നില്ല. തുണികള്‍ ഉണങ്ങാനിടുന്ന സ്ഥലത്ത് അവര്‍ കുരങ്ങന്മാരെക്കണ്ടില്ല, അവരുടെ വസ്ത്രങ്ങള്‍ പൂര്‍വസ്ഥിതിയില്‍ സ്വസ്ഥമായി അയയില്‍ത്തന്നെയുണ്ട്. അവര്‍ക്ക് പെട്ടെന്ന് കാര്യം പിടികിട്ടി. തലകുനിച്ചുകൊണ്ട് അവര്‍ തിരികെ ഹാളിലെത്തി.

ഗുരു തന്‍റെ സംഭാഷണം തുടര്‍ന്നു, “നോക്കൂ ഇദ്ദേഹം ഒരു രാജാവാണ്. കുറച്ചുദിവസം മുമ്പ്, അദ്ദേഹത്തിന്‍റെ കൊട്ടാരം കത്തിയമരുകയായിരുന്നു. രാജ്യം മുഴുവന്‍ ഭീഷണിയിലായിരുന്നു. അദ്ദേഹത്തിന്‍റെ സര്‍വസമ്പത്തും അഗ്നിക്കിരയായി. എന്നാല്‍ അദ്ദേഹത്തിന്‍റെ ആധി തന്‍റെ ഭടന്‍ സത്സംഗത്തിന് വിഘ്നമുണ്ടാക്കിയല്ലോ എന്നായിരുന്നു. നിങ്ങള്‍ സന്യാസിമാരാണ്. നിങ്ങള്‍ക്ക് ഒന്നുമില്ല, കൊട്ടരമോ, ഭാര്യയോ, മക്കളോ, ഒന്നും. എന്നാല്‍ കുരങ്ങന്മാര്‍ നിങ്ങളുടെ വസ്ത്രമെടുത്തുകൊണ്ടുപോയി എന്ന് കേട്ടമാത്രയില്‍ നിങ്ങള്‍ ഇറങ്ങിപ്പോയി. നിങ്ങളുടെ വസ്ത്രങ്ങള്‍ ഒരാള്‍ക്കും തറ തുടയ്ക്കാന്‍കൂടി ആവശ്യമായിവരില്ല. അത്തരത്തിലുള്ള വസ്ത്രങ്ങളാണ് നിങ്ങളുടേത്. പഴന്തുണി പോലെ തുച്ഛമായ കുറച്ചു വസ്ത്രത്തിന്‍റെ പിന്നാലെ, ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്നുകൂടി ശ്രദ്ധിക്കാതെ നിങ്ങള്‍ പാഞ്ഞു. എവിടെപ്പോയി നിങ്ങളുടെ ആത്മപരിത്യാഗം? അദ്ദേഹം രാജാവാണ്, അതേ സമയം പരിത്യാഗിയുമാണ്. നിങ്ങള്‍ സന്യാസിമാരാണ്, മറ്റുള്ളവര്‍ പരിത്യജിക്കുന്നവയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്. എന്നിട്ടുകൂടി അവ നിരാകരിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ല. അവിടെയേ നിങ്ങള്‍ എത്തിയിട്ടുള്ളൂ. എന്നാല്‍ രാജാവാകട്ടെ പരിത്യാഗത്തിന്‍റെ ഉന്നതമായ സ്ഥാനത്തും.”

അവനവന്‍റെ ഉള്ളിലുള്ള വളര്‍ച്ചയും, പുറംലോകത്തെ അവന്‍റെ വ്യാപാരങ്ങളും തമ്മില്‍ പൊരുത്തപ്പെടണമെന്നില്ല. ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ തന്‍റെ ഉള്ളിന്‍റെയുള്ളില്‍ എന്തുചെയ്യുന്നു എന്നതാണ് മുഖ്യം. ബാഹ്യലോകത്ത് നിങ്ങള്‍ ചെയ്യുന്നത് സാമൂഹികമായ ഇടപെടലാണ്; നിങ്ങളുടെ നിലനില്‍പ്പിന് പൊരുത്തപ്പെടുന്ന വിധത്തില്‍ നിങ്ങളെ സജ്ജമാക്കുന്ന രീതി. അതിന് സാമൂഹികമായ പ്രാധാന്യമേയുള്ളു. അതിന് അസ്തിത്വപരമായോ, ആദ്ധ്യാത്മികമായോ യാതൊരു സംഗത്യവുമില്ല. നിങ്ങള്‍ നിങ്ങളുടെ അന്തരാത്മാവില്‍ എങ്ങനെ വര്‍ത്തിക്കുന്നു എന്നതാണ് പ്രസക്തം.

Photo credit to : https://upload.wikimedia.org/wikipedia/commons/4/4b/Ramabhadracharya_Works_-_Painting_in_Ashtavakra_%282010%29.jpg