सद्गुरु

സദ്ഗുരു യോഗാസനങ്ങളെക്കുറിച്ച് ബോധദീപ്തമായ ഉള്‍ക്കാഴ്ചകള്‍ നമ്മോടു പങ്കു വെക്കുന്നു. പരമമായതിനോട് ഒന്ന് ചേരാന്‍ എങ്ങനെ യോഗാസനങ്ങള്‍ ഒരു ഹഠയോഗിയെ സഹായിക്കുന്നു എന്ന് സദ്ഗുരു വിശദീകരിക്കുന്നു. ആസനസിദ്ധി, അഥവാ ഒരു യോഗാസനത്തെ പരിപൂര്‍ണ്ണമായി മനസ്സിലാക്കുകയെന്നാല്‍ എന്താണെന്നും സദ്ഗുരു വിശദീകരിക്കുന്നു.

സദ്ഗുരു: അടിസ്ഥാനപരമായി 84 യോഗാസനങ്ങള്‍ ആണുള്ളത്. ഇവ ശരീരത്തെ ഒരു പ്രവേശനമാര്‍ഗ്ഗമാക്കാനുള്ള 84 വഴികളാണ്. എല്ലാവരും 84 ആസനങ്ങളും ചെയ്യണമെന്നില്ല. ഒരെണ്ണം ചെയ്താല്‍ മതി. ഹഠയോഗയെ മോക്ഷത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നവര്‍ ഒരേയൊരു ആസനം മാത്രമേ പരിശീലിക്കുകയുള്ളൂ. ഒരാള്‍ എന്തിനാണ് ഒരു പ്രത്യേക രീതിയില്‍ ഇരിക്കാന്‍ ജീവിതകാലം മുഴുവനും പരിശീലിക്കുന്നതെന്ന് ഒരുപാടു ചിന്തിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഇരിക്കുവാന്‍ സാധിക്കുകയാണെങ്കില്‍, നിങ്ങളുടെ ശരീരം ശരിയായ രീതിയില്‍ വെക്കുവാന്‍ കഴിയുകയാണെങ്കില്‍, ഈ പ്രപഞ്ചത്തില്‍ അറിയേണ്ടതെല്ലാം നിങ്ങള്‍ക്കറിയാന്‍ സാധിക്കും. ഇതിനെയാണ് ആസനസിദ്ധി എന്ന് പറയുന്നത്. നിങ്ങള്‍ക്ക് ഒരു ആസനത്തില്‍ സ്ഥിരമായും സൗഖ്യത്തോടെയും രണ്ടര മണിക്കൂര്‍ ഇരിക്കുവാന്‍ സാധിക്കുകയാണെങ്കില്‍, നിങ്ങള്‍ ആസനസിദ്ധി നേടി എന്നാണര്‍ത്ഥം. ആസനസിദ്ധിയെ പ്രാപിച്ചാല്‍, ഒരാള്‍ക്ക് മനസ്സിലാക്കേണ്ടതെല്ലാം ആന്തരികമായി അയാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

വെറുതെ ഇരിക്കുന്നതു കൊണ്ട് മാത്രം അറിയേണ്ടതെല്ലാം എങ്ങനെ അറിയാന്‍ സാധിക്കും എന്ന സംശയം ഉണ്ടാവാം. നിങ്ങളുടെ വീട്ടില്‍ ടിവി ഉണ്ടല്ലോ. ടിവി കുറച്ചു ഇലക്ട്രോണിക്സ് ഘടകങ്ങളുള്ള ഒരു പെട്ടി മാത്രമാണ്. എന്നാലതിന് സ്വയം ഒരു ലോകം തന്നെയാകാന്‍ കഴിയും. കാരണം ടിവി, ദ്രിശ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിങ്ങള്‍ ആന്റിന ശരിയായി വെക്കുകയാണെങ്കില്‍ ഒരു ലോകം തന്നെ ഈ പെട്ടിയിലേക്കൊഴുകി വരും. അതിന്‍റെ ക്രമീകരണം ശരിയല്ലെങ്കില്‍ അതിനൊന്നും തന്നെ ചെയ്യാന്‍ കഴിയുകയില്ല.


നിങ്ങള്‍ ഒരു ആസനം ശരിയായ രീതിയില്‍ അഭ്യസിച്ചാല്‍, നിങ്ങളുടെ ശരീരം ക്രമത്തിലാകുകയും, സൃഷ്ടിയോട് ഒന്നിച്ചു ചേരുകയും ചെയ്യുന്നു.

ഒരു മനുഷ്യനും ഇങ്ങനെത്തന്നെയാണ്. ഒരു മനുഷ്യന്‍ ആരാണെന്നു നിര്‍ണ്ണയിക്കുന്നത്, അവന്‍റെ അവബോധമാണ്. അവബോധമുള്ളത് കൊണ്ട് മാത്രമാണ് ഒരു മനുഷ്യന്‍ ഈ നിലയിലെത്തിച്ചേര്‍ന്നത്‌. ഇതുവരെ നിങ്ങളുടെ അവബോധം എങ്ങനെയായിരുന്നോ, അതാണ് നിങ്ങളാരെന്ന് നിശ്ചയിക്കുന്നത്. അതു പോലെത്തന്നെ ഭാവിയില്‍ നിങ്ങളുടെ അവബോധം എങ്ങനെയായിരിക്കുമോ അതാണ് നിങ്ങളാരാവുമെന്നു നിശ്ചയിക്കുന്നത്.

അതു കൊണ്ട് യോഗയെന്ന പ്രക്രിയ അവബോധത്തെ ഉദ്ദീപിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. നിങ്ങള്‍ ഒരു ആസനം ശരിയായ രീതിയില്‍ അഭ്യസിച്ചാല്‍, നിങ്ങളുടെ ശരീരം ക്രമത്തിലാകുകയും, സൃഷ്ടിയോട് ഒന്നിച്ചു ചേരുകയും ചെയ്യുന്നു. അങ്ങനെ 84 രീതിയില്‍ ഒന്നിച്ചു ചേരാന്‍ സാധിക്കും. ഒരാള്‍ ഈ 84 ആസനങ്ങളെ പരിശീലിക്കുകയും അല്ലെങ്കില്‍ ഏതെങ്കിലും ഒരു ആസനത്തില്‍ നൈപുണ്യം നേടി മറ്റ് 83 തലങ്ങളെ ആ ഒരു ആസനത്തിലൂടെ സമീപിക്കുകയും ചെയ്യുകയാണെങ്കില്‍ ഈ സൃഷ്ടിയില്‍, ഇതു വരെ നടന്നതെല്ലാം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. കാരണം അതിന്‍റെയെല്ലാം ഓര്‍മ്മകള്‍ നിങ്ങളുടെയുള്ളില്‍ ക്രോഡീകരിച്ച രീതിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നിങ്ങള്‍ മറ്റൊരു തലത്തെ സ്പര്‍ശിക്കുകയാണെങ്കില്‍ ഈ ഓര്‍മ്മകളെല്ലാം വീണ്ടും ഉത്തേജിപ്പിക്കുകയും പ്രജ്വലിപ്പികുകയും ചെയ്യാം.

ആസനങ്ങള്‍ സംയോജിക്കാന്‍ ശക്തിവത്തായ ഒരു ഉപാധിയാണ്. നിങ്ങള്‍ യോഗയെന്നതിന്‍റെ അര്‍ത്ഥം മറക്കരുത്. യോഗയെന്നാല്‍ ഐക്യം. ഐക്യമെന്നാല്‍ രണ്ടായിരുന്നത് ഒന്നായിച്ചേര്‍ന്നു എന്നര്‍ത്ഥം. ഈ പ്രപഞ്ചത്തില്‍ രണ്ടു കാര്യങ്ങളെ ഉള്ളൂ. നിങ്ങളും പ്രപഞ്ചത്തിലെ മറ്റുള്ളതും. ഈ പ്രപഞ്ചത്തിലുള്ള നിങ്ങളല്ലാത്തതിനെ നിങ്ങള്‍ പല തരത്തില്‍ തരം തിരിച്ചു മനസ്സിലാക്കിയാലും അവ രണ്ടു തരം മാത്രമാണ്. കാരണം നിങ്ങളുടെ അനുഭവം ഈ രണ്ടു തലങ്ങളില്‍ മാത്രമാണ്. ഈ പ്രപഞ്ചത്തിന്‍റെ മുകള്‍ഭാഗമേതാണ്, കീഴ്ഭാഗമേതാണ്, മുന്‍ഭാഗമേതാണ്, പിന്‍ഭാഗമേതാണ് എന്നൊന്നും നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ചൊന്നും തന്നെ അറിയില്ല. നമ്മുടെ സൗകര്യത്തിനു വേണ്ടി നാമിതൊക്കെ സ്വയം തിട്ടപ്പെടുത്തി എന്നേയുള്ളൂ. ഇവിടെ ആന്തരികമായതും ബാഹ്യമായതും ഉണ്ട്. ഇതാണ് നാമനുഭവിക്കുന്ന സത്യം. ആന്തരികവും, ബാഹ്യമായതുമായ രണ്ടു തലങ്ങളാണ് നമുക്ക് അനുഭവവേദ്യമാകുന്നത്.


നിങ്ങള്‍ ശരിയായ രീതിയില്‍ യോഗാസനങ്ങള്‍ അഭ്യസിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് പരമമായ ഐക്യത്തിലെത്തിച്ചേരാനുള്ള വഴി തുറക്കും.

യോഗയെന്നാല്‍, നിങ്ങളും മറ്റുള്ളതും തമ്മിലുള്ള, ആന്തരികവും ബാഹ്യവും തമ്മിലുള്ള, ഐക്യം കൊണ്ട് വരിക എന്നതാണ്. നിങ്ങളും മറ്റുള്ളതും ഇല്ലാതാകുകയും നിങ്ങളും നിങ്ങളും മാത്രമാകുകയും ചെയ്യുന്നതാണ് യോഗ. ഇതിനെ ശാരീരികമായി സമീപിക്കുന്നതാണ് ആസനങ്ങള്‍. ശരീരം കൊണ്ടുള്ള ചെയ്തികള്‍ എളുപ്പമായതിനാല്‍ പരമമായ ഐക്യത്തെ ശാരീരിമായ നിലയില്‍ സമീപിക്കുന്നു. നിങ്ങള്‍ മനസ്സ് കൊണ്ട് എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് ഒരുപാടു കളികള്‍ കളിക്കും. ശരീരം സഹകരിക്കുന്നുണ്ടോ ഇല്ലയോ, ചെയ്യുന്നത് ശരിയാണോ, തെറ്റാണോ എന്നെങ്കിലും നിങ്ങള്‍ക്ക് അറിയാനാകും. മനസ്സ് നിങ്ങളെ ഇല്ലാത്ത കാര്യങ്ങള്‍ വിശ്വസിപ്പിക്കുകയും അടുത്ത ദിവസം നിങ്ങളെ പടുകുഴിയില്‍ തള്ളുകയും ചെയ്യും. എന്നാല്‍ ശരീരത്തെ സംബന്ധിച്ചിടത്തോളം ഒരു വിശ്വസനീയതയുണ്ട്‌. നിങ്ങള്‍ ശരിയായ രീതിയില്‍ യോഗാസനങ്ങള്‍ അഭ്യസിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് പരമമായ ഐക്യത്തിലെത്തിച്ചേരാനുള്ള വഴി തുറക്കും.

യോഗാസനങ്ങള്‍ അഭ്യസിച്ചാല്‍ പരമമായ ഐക്യത്തിലെത്തിച്ചേരും മുന്‍പ് ആന്തരികമായ ഐക്യമുണ്ടാവുകയും ആരോഗ്യം, ആനന്ദം, നിര്‍വൃതി, ഇവയൊക്കെ പ്രാപ്തമാകുകയും ചെയ്യും. ആധുനിക സമൂഹങ്ങള്‍ ഒരു വ്യക്തിയുടെ സ്ഥിരതയ്ക്ക് അല്‍പ്പം പോലും പ്രാധാന്യം കല്‍പ്പിക്കാത്തതു കൊണ്ട് അതിനു വലിയ വില കൊടുത്തു കൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ എത്ര ബുദ്ധിമാനായാലും, എത്ര കാര്യക്ഷമതയുണ്ടായാലും, നല്ല വിദ്യാഭ്യാസവും യോഗ്യതകളുമുണ്ടായാലും നിങ്ങള്‍ക്ക് സ്ഥിരതയില്ലെങ്കില്‍ നിങ്ങള്‍ വിജയിക്കുകയില്ല. അതില്ലാതെ നിങ്ങള്‍ ജീവിതത്തില്‍ അധികദൂരം പോകുകയില്ല. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവരാകട്ടെ, രാഷ്ട്രീയക്കാരാകട്ടെ, സൈന്യത്തില്‍ ജോലി ചെയ്യുന്നവരോ മറ്റേതെങ്കിലും ജോലിയിലേര്‍പ്പെടുന്നവരോ ആകട്ടെ, നിങ്ങള്‍ ജീവിതവിജയം കാംക്ഷിക്കുന്നുണ്ടെങ്കില്‍ ഏറ്റവും പ്രധാനം സ്ഥിരതയാണ്. ബാഹ്യസാഹചര്യങ്ങള്‍ കൊണ്ട് അസ്വസ്ഥമാക്കാന്‍ സാധിക്കാത്ത തരത്തില്‍ സ്ഥിരതയെ പ്രാപിച്ചാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ബുദ്ധിശക്തിയും, കാര്യക്ഷമതയും ഏറ്റവും നല്ല തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ അത്ഭുതകരമായ ഈ കഴിവുകളൊക്കെ സ്ഥിരതയില്ലാത്തതു കൊണ്ട് പാഴയിപ്പോകും. ഹഠയോഗ സ്ഥിരതയെ പ്രാപിക്കാനാണ്.