ഡോ. ഹൈമൻ: സദ്‌ഗുരുവുമായി ആരോഗ്യത്തെപ്പറ്റി സംസാരിക്കുവാനുള്ള ഒരു നല്ല അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഇതു പ്രധാനപ്പെട്ട ഒരു വിഷയമാണ്. എന്തെന്നാൽ ഇന്ന് ലോകത്തിൽ വളരെ അധികം ഡിസ്- ഈസുകൾ (dis ease ) (ഡിസീസ് - അസുഖങ്ങൾ ) ഉണ്ട്. അതിൽ ആത്മീയമായ പ്രശ്നങ്ങളുണ്ട്, ശാരീരികമായ അസുഖങ്ങളുണ്ട്. ഇന്നു നാം അനുഭവിക്കുന്ന പ്രശ്നം മനുഷ്യന്‍റെ ഈ ലോകത്തിലെ ജീവിതത്തിൽ ഇതിനു മുൻപൊരിക്കലും അനുഭവിക്കാത്ത തരത്തിലുള്ളതാണ്. പകർച്ച വ്യാധികൾ കൊണ്ട് മരിക്കുന്നതിനേക്കാൾ ഇരട്ടി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു മഹാവ്യാധി നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ സമയത് ഇത്തരമൊരു സംഭാഷണം പ്രധാനപെട്ടതാണ്. രണ്ട് ബില്യൺ ആളുകളാണ് ഇന്ന് അമിതവണ്ണം ഉള്ളവരായിട്ടുള്ളത്; അതായത് വിശന്ന വയറോടെ ഉറങ്ങുവാൻ വിധിക്കപെട്ടവരിൽ ഇരട്ടി ആളുകൾ അമിതമായ ശാരീരിക തൂക്കത്തോടു കൂടിയവരാണ്.

രണ്ട് അമേരിക്കക്കാരിൽ ഒരാൾക്ക് ടൈപ്പ് 2 ഡയബെറ്റിസ് ഉണ്ട്. ടൈപ്പ് 2 ഡയബെറ്റിസ് ഉള്ള എൺപതു ശതമാനം ആളുകളും വികസ്വര രാജ്യങ്ങളിലാണ്. നാം ഇന്ന് കാണുന്നത് അനേകം തരത്തിലുള്ള അപകട സന്ധികളാണ് - നാം ഭക്ഷണം ഉത്പാദിപ്പിക്കുന്ന മാർഗത്തിന്‍റെ, നമ്മുടെ പരിസ്ഥിതിയുടെ, നമ്മുടെ ശാരീരികവും ആത്മീയവുമായ ജീവിതത്തിന്‍റെ പ്രതിസന്ധികൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ ചോദ്യങ്ങളുടെ ചുരുളഴിക്കുവാനുള്ള ഒരു അവസരമാണ് നമിക്കിന്നു ലഭിച്ചിരിക്കുന്നത്. ആദ്യമായി ഞാൻ ചോദിക്കുന്നത് ഇതാണ്; നമ്മുടെ ആത്മീയമായ അസുഖങ്ങൾ എങ്ങിനെയാണ് വ്യക്തികളിലും, ലോകത്താകമാനവും കാണുന്ന ശാരീരിക അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്?

ധനികർ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നു. ദരിദ്രരായവർ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ല, അവർക്ക് വേണ്ടത് തിരഞ്ഞെടുക്കുവാനുള്ള കഴിവുമില്ല. ദൗർഭാഗ്യവശാൽ ഒരു വലിയ വിഭാഗം ആളുകൾക്കും ദാരിദ്ര്യം മൂലം തിരഞ്ഞെടുക്കുവാനുള്ള അവകാശം ലഭിക്കുന്നില്ല.

സദ്ഗുരു : ഒരു നൂറ്റാണ്ട് കാലമായി മറ്റു ജീവികൾ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധികളോട് പൊരുതി നിന്നതിനു ശേഷം ഇന്നിപ്പോൾ നമ്മൾ അസുഖങ്ങള്‍ വരാന്‍ "സ്വയം സഹായിക്കുവാന്‍" തുടങ്ങിയിരിക്കുന്നു. ഇപ്പോൾ നാം സ്വയം, അസുഖങ്ങള്‍ ഉണ്ടാക്കുകയാണ്. ബാക്ടീരിയകളോ വൈറസുകളോ നമുക്ക് അതിനായി ആവശ്യമില്ല. താങ്കൾ പറഞ്ഞതു പോലെ വിട്ടു മാറാത്ത ഇത്തരം അസുഖങ്ങളുടെ ഉറവിടം നമ്മുടെ ഉള്ളിൽ തന്നെയാണ്. എന്തു കൊണ്ടാണ് നമ്മുടെ ശരീരം നമുക്ക് ഇത്തരം അസുഖങ്ങൾ ഉണ്ടാക്കി തരുന്നത്? നമ്മുടെ ശരീരത്തിലെ ഓരോ കോശവും ആരോഗ്യത്തിനായി തയാറാക്കപ്പെട്ടതാണ്. അവ ഓരോന്നും ആരോഗ്യത്തിനും, നില നില്‍പ്പിനും വേണ്ടി പൊരുതുകയാണ്.

നമ്മുടെ ശരീരത്തിന് വേണ്ടത് ആരോഗ്യമാണ്. എങ്കിൽ പിന്നെ അത് അസുഖങ്ങൾ ഉണ്ടാക്കുന്നത് എന്തിനാണ്? ഇതിനു വിവിധ തലങ്ങളുണ്ട്. താങ്കൾ പറഞ്ഞതുപോലെ അതിൽ ഒന്ന് ഭക്ഷണമാണ്. ധനികർ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നു. ദരിദ്രരായവർ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നില്ല, അവർക്ക് വേണ്ടത് തിരഞ്ഞെടുക്കുവാനുള്ള കഴിവുമില്ല. ദൗർഭാഗ്യവശാൽ ഒരു വലിയ വിഭാഗം ആളുകൾക്കും ദാരിദ്ര്യം മൂലം തിരഞ്ഞെടുക്കുവാനുള്ള അവകാശം ലഭിക്കുന്നില്ല. മറ്റേ വിഭാഗം പണക്കാരായതുകൊണ്ട് നിർബന്ധിതമായ തിരഞ്ഞെടുപ്പുകളാണ് നടത്തുന്നത്. നാം ദരിദ്രരായിരുന്നപ്പോൾ വിചാരിക്കും പണക്കാരനാകുമ്പോൾ തിരഞ്ഞെടുക്കുവാനുള്ള സന്ദർഭം ലഭിക്കും എന്ന്. ധനികനാകുന്നതിന്‍റെ അർഥം അതായിരുന്നു. പക്ഷെ പണം ലഭിച്ചപ്പോൾ ആളുകൾക്ക് ചില നിർബന്ധങ്ങൾക്ക് അനുസൃതമായി ഭക്ഷണം കഴിക്കേണ്ടി വരുന്നു.

ഡോ. ഹൈമൻ: ശരിയാണ്. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും ആസക്തി ഉളവാക്കുന്നവയാണ്.

സദ്ഗുരു : അപ്പോൾ രണ്ട് വിധത്തിലായാലും ജനങ്ങൾ കഷ്ടപ്പെടുകയാണ്. നിങ്ങൾ അനുഭവിക്കുന്നത് വിശപ്പായാലും,ദഹനക്കേടായാലും അതിനു പരിഹാരം കാണേണ്ടതുണ്ട്. ദരിദ്രരായവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ നാം അധികം ഭക്ഷണം കഴിക്കുന്നവരുടെ പ്രശ്നവും കൈകാര്യം ചെയ്യണം. വേറെ ഒരു പ്രശ്നമുള്ളത് മനുഷ്യശരീരം എങ്ങിനെ പരിപാലിക്കണം എന്നതിനെ കുറിച്ച് വിദ്യാഭ്യാസമോ, അറിവോ ലഭ്യമല്ല എന്നതാണ്. നമുക്ക് ആരോഗ്യം ഉണ്ടാകേണ്ടതിനെ പറ്റി ചിന്തിക്കേണ്ട ആവശ്യം പോലും ഇല്ല. ശരീരം ഉള്ളിൽ നിന്നും നിര്‍മ്മിക്കപ്പെടുന്നതു കൊണ്ട് അത് ആരോഗ്യത്തിൽ നിലനിൽക്കുവാൻ ആയി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ ജോലി അനാരോഗ്യം ഉണ്ടാക്കാതിരിക്കുക എന്നതു മാത്രമാണ്.

ഈ പ്രശ്നത്തെ പല തരത്തിൽ കാണാം. അതിനുള്ള ഒരു ലളിതമായ വഴി എടുക്കാം - ഞാൻ ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോൾ എന്‍റെ കൈയ് അങ്ങോട്ടും ഇങ്ങോട്ടും ചാടി തുടങ്ങുകയും, എന്നെ ഇടിക്കുകയും, എന്‍റെ കണ്ണിൽ കുത്തുകയും ചെയ്തു എന്ന് വിചാരിക്കൂ. നിശ്ചയമായും നിങ്ങൾ കരുതും എന്‍റെ കയ്യിന്, ഒരു പക്ഷെ എനിക്ക് മുഴുവനായി ഇല്ലെങ്കിലും, എന്തോ പ്രശ്നമുണ്ട് എന്ന്. ഇതാണ് മനുഷ്യരുടെ മനസ്സ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതു ചാടി നടക്കും, എല്ലായിടത്തും ഓടി നടക്കും, ഇടിക്കും, മാന്തും, കുത്തും; അത് അവരെ കരയിപ്പിക്കും, അവരെ വിഷമിപ്പിക്കും. ഇതിനു വേണ്ടി നാം ഒന്നും ചെയ്തിട്ടില്ല. മനസ്സിനെ എങ്ങിനെ ഉപയോഗിക്കണം എന്നതിന്‍റെ നിർദേശങ്ങൾ ആരും പഠിച്ചിട്ടില്ല. അത് അത്യന്തം ശക്തമായ ഒരു ഉപകരണമാണ്. ഇന്ന് നമുക്കറിയാം, നിങ്ങളുടെ ഓരോ ചിന്തകൾക്കും, വികാരങ്ങൾക്കും, മനസ്സിലെ ഓരോ അനക്കത്തിനും, നിങ്ങളുടെ ശരീരത്തിലെ രാസഘടന തന്നെ മാറുന്നുണ്ട് എന്ന്.

ഡോ. ഹൈമൻ: നമ്മുടെ ചിന്തകൾക്കനുസൃതമായി ജീനുകൾ പോലും മാറുമെന്ന് നമുക്കറിയാം.

സദ്ഗുരു: ഈ പ്രശ്നത്തെ നോക്കി കാണാവുന്ന ഒരു തലം ഈ ശരീരത്തെ ഒരു സൂപ്പായി കാണുക എന്നതാണ് - ഒന്നുകിൽ നല്ല ഒരു സൂപ്പ്, അല്ലെങ്കിൽ വളരെ മോശമായ സൂപ്പ്. സൂപ്പ് സ്വാദിഷ്ടമല്ലാതാകുന്നതിനു രണ്ടു കാരണങ്ങളുണ്ട്; ഒന്നുകിൽ നിങ്ങൾ ഉപയോഗിക്കുന്ന ചേരുവകൾ നല്ലതല്ല, അല്ലെങ്കിൽ നിങ്ങൾ അതു പാകം ചെയ്യുന്ന വിധം നല്ലതല്ല. ചേരുവകളെല്ലാം നല്ലതാണെങ്കിലും സൂപ്പ് ചീത്തയായി പോയേക്കാം. അല്ലെങ്കിൽ ചേരുവകൾ മോശമായതുകൊണ്ട് സൂപ്പ് ചീത്തയാകാം. ദാരിദ്ര്യം എന്നാൽ ചേരുവകൾ മോശമായ ഒരു ഇടമാണ്; അതുകൊണ്ട് സൂപ്പ് മോശമാകുന്നു. പണക്കാരനാണെങ്കിൽ ചേരുവകൾ നല്ലതാണ് പക്ഷെ പാചകക്കാരൻ മോശമാണ്; അതുകൊണ്ട് സൂപ്പ് മോശമായി പോകുന്നു.

ഈ ശരീരത്തിന്‍റെ നിർമാതാവ് അതിന്‍റെ ഉള്ളിൽ ആണ് ഉള്ളത്. ആ ശില്‍പി അകത്തുള്ളപ്പോൾ, എന്തെങ്കിലും ചെറിയ കേടുപാടുകൾ തീർക്കുവാനുണ്ടെങ്കിൽ നിങ്ങൾ ആ ശില്‍പിയെ സമീപിക്കുമോ അതോ അടുത്തുള്ള ഏതെങ്കിലും പണിക്കാരനെ സമീപിക്കുമോ?

ഡോ. ഹൈമൻ: നമ്മുടെ ശരീരത്തിന് പ്രകൃത്യാ ഉള്ള ആരോഗ്യത്തെപ്പറ്റിയും, നാം അതിൽ നിന്നും നമ്മുടെ രൂപം മാറ്റുന്ന ചിന്തകൾ കൊണ്ടും, ശരീരത്തിന്‍റെ ആകാരം മാറ്റുന്ന ഭക്ഷണം കൊണ്ടും മാറി പോകുന്നതിനെ കുറിച്ചും സംസാരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് നമ്മുടെ ചിന്തകളെയും ഭക്ഷണത്തെയും ഉപയോഗിച്ച് നാം ഇപ്പോൾ ഉള്ള നിലയിൽ നിന്നും മാറി നമുക്ക് കൂടുതൽ ഉണർവ് നൽകുന്ന ഒരു സ്ഥലത്തേക്കും, നമുക്ക് കൂടുതൽ സ്ഥാനം ലഭിക്കുന്ന ഒരു സ്ഥാനത്തേക്കും സത്യവുമായി സമ്പർക്കം പുലർത്താവുന്ന സ്ഥിതിയിലേക്കും എത്തുവാൻ എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് താല്‍പര്യമുണ്ട്.

സദ്ഗുരു: സത്യവുമായി ബന്ധപെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തെ ഒരു ആശയമായിട്ടോ, നിങ്ങൾക്കു വായിച്ചു മനസ്സിലാക്കുവാനോ, മനസ്സിൽ സൃഷ്ടിക്കുവാനോ കഴിയുന്ന തത്വമായിട്ടോ അല്ല കാണേണ്ടത്. ശരീരത്തെ കുറിച്ചുള്ള സത്യം ഇതാണ് - നിങ്ങൾ വേണ്ട സാമഗ്രികൾ നൽകി, ശരീരം ഉള്ളിൽ നിന്ന് ഉണ്ടാക്കപ്പെട്ടു. നിങ്ങൾ ബാഹ്യമായി ഉണ്ടാക്കി എടുത്തതല്ല. നിങ്ങൾ ഒരു ശില്‍പിയെ കൊണ്ട് ഉണ്ടാക്കി എടുത്തതല്ല. അത് ഉള്ളിൽ നിന്നും പണിതുണ്ടാക്കിയതാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ ഈ ശരീരത്തിന്‍റെ നിർമാതാവ് അതിന്‍റെ ഉള്ളിൽ ആണ് ഉള്ളത്. ആ ശില്‍പി അകത്തുള്ളപ്പോൾ, എന്തെങ്കിലും ചെറിയ കേടുപാടുകൾ തീർക്കുവാനുണ്ടെങ്കിൽ നിങ്ങൾ ആ ശില്‍പിയെ സമീപിക്കുമോ അതോ അടുത്തുള്ള ഏതെങ്കിലും പണിക്കാരനെ സമീപിക്കുമോ?

നിങ്ങളുടെ നിർമ്മാതാവിന്‍റെ വിവരങ്ങൾ നഷ്ടപ്പെട്ടു എങ്കിൽ നിങ്ങൾ അടുത്തുള്ള പണിക്കാരന്‍റെ അടുത്തു പോയേക്കും. ഒരു കഷ്ണം റൊട്ടിയെ നിങ്ങളുടെ ശരീരത്തിലെ ഒരു സങ്കീർണമായ പ്രവർത്തനത്തിനായി രൂപപ്പെടുത്തുവാൻ കഴിയുന്ന ഒരു ബുദ്ധി നിങ്ങളുടെ ശരീരത്തിനകത്തുണ്ട്. ഈ ബുദ്ധി നിങ്ങള്‍ക്കു ഉപയോഗപ്പെടുത്താമെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ സൃഷ്ടിയുടെ കേന്ദ്രവുമായി നിങ്ങള്‍ക്കു ബന്ധമുണ്ടെങ്കിൽ, ആരോഗ്യം ഒരിക്കലും ഒരു പ്രശ്നമാകില്ല. ഇതിനു വേണ്ടി നിങ്ങൾ അന്വേഷിച്ചു നടക്കേണ്ടതില്ല. നിങ്ങൾക്കുള്ളിലും, നിങ്ങള്‍ക്കു ചുറ്റിലും ഉള്ള എല്ലാ വസ്തുക്കളോടും യോജിച്ചു ജീവിക്കുകയാണെങ്കിൽ ആരോഗ്യം സ്വാഭാവികമായി തന്നെ ലഭിക്കും. ആരോഗ്യം വാസ്തവത്തിൽ ഏറ്റവും ചെറിയ ശ്രദ്ധ മാത്രം ആവശ്യപ്പെടുന്ന ഒന്നാണ്; എന്നാൽ ഇന്ന് അതാണ് ഏറ്റവും അധികം ശ്രദ്ധ ആവശ്യപെടുന്നത്. ഈ ജീവിതവുമായി യോജിച്ചു ജീവിച്ചാൽ അത് ഇത്ര വലിയ ഒരു പ്രശ്നമാകുകയില്ല. ഒരു മരം അതിന്‍റെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നില്ല, പക്ഷി അതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ല; കാട്ടിൽ ജീവിക്കുന്ന പോത്ത് ആരോഗ്യത്തെപ്പറ്റി ശ്രദ്ധിക്കുന്നില്ല. - അവരെല്ലാം പ്രകൃതിയുമായി സമരസപെട്ടു ജീവിക്കുന്നു അതിനാൽ അവരെല്ലാം ആരോഗ്യമുള്ളവരുമാണ്.

ഡോ. ഹൈമൻ: അങ്ങിനെയാണെങ്കിൽ നമ്മൾ എങ്ങിനെ ആ സ്ഥിതിയിലേക്ക് വീണ്ടും എത്തിച്ചേരും? നാം ആ സ്ഥിതിയിൽ നിന്നും വളരെ അകലത്തിലായിരിക്കുന്നു; നാം നമ്മിൽ നിന്ന് തന്നെ അകലത്തിലായിരിക്കുന്നു - നമ്മുടെ മനസ്സിന്‍റെ പ്രവൃത്തികളിൽ നിന്നും, നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും, എന്തിനു, നമ്മുടെ ആരോഗ്യം നമുക്കുള്ളിൽ നിന്ന് തന്നെ ക്രമപ്പെടുത്താവുന്നതാണ് എന്ന ആശയത്തിൽ നിന്ന് പോലും നാം അകന്നു പോയിരിക്കുന്നു. " ഞാൻ ഇത് എങ്ങിനെ ചെയ്യും ?" എന്ന് ആളുകൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അവർക്കു അതിനായി ഉപയോഗിക്കാവുന്ന പ്രാവർത്തികമായ വഴി ഏതാണ്?

സദ്ഗുരു : നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നാം വ്യാപാരം ആരംഭിച്ചത് മനുഷ്യന്‍റെ നന്മക്കായിട്ടാണ്. അതുകൊണ്ട് വ്യാപാരം മനുഷ്യന്‍റെ നന്മയാണ് നൽകേണ്ടത്. ഇന്നിപ്പോൾ നമ്മുടെ സാമ്പത്തിക സ്ഥിതിയുടെ ആരോഗ്യത്തിനു വേണ്ടി നാം മനുഷ്യന്‍റെ ആരോഗ്യം ബലികഴിക്കുകയാണ്. വ്യാപാര ശക്തികളാണ് നാം എന്ത് കുടിക്കണം, എന്ത് ഭക്ഷണം കഴിക്കണം, എങ്ങിനെ ജീവിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത്. അത് ഒരിക്കലും ഇങ്ങിനെയാകുവാൻ പാടില്ലാത്തതാണ്. പക്ഷെ ദൗർഭാഗ്യവശാൽ ലോകമെങ്ങും ഇതാണ് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. - വ്യാപാര ശക്തികൾ മനുഷ്യ ജീവിതം നിയന്ത്രിക്കുകയെന്ന സമ്പ്രദായം. മനുഷ്യന്‍റെ ബോധമാണ് താൻ എങ്ങിനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത്; വ്യാപാര ശക്തികൾ അതിൽ സഹായിക്കുകയാണ് വേണ്ടത്. നാം അതിനെ മറിച്ചാക്കി. ഇവിടെയാണ് നമുക്ക് ആദ്യത്തെ തെറ്റ് പറ്റിയത്.

ഡോ. ഹൈമൻ:: ശരി. നമ്മൾ ഓരോരുത്തരും ഇനി എങ്ങിനെയാണ് എന്താണ് കഴിക്കേണ്ടത് എന്നതു നിശ്ചയിക്കാനുള്ള അധികാരം വ്യാപാരികളിൽ നിന്നും തിരിച്ചു പിടിക്കുക ?

നാം എന്തു കഴിക്കുന്നു, എങ്ങിനെ ഇരിക്കുന്നു, നില്‍ക്കുന്നു - ഇവയെല്ലാം നമ്മുടെ തന്നെ തീരുമാനങ്ങളിൽ പെടുന്നവയാണ്. പക്ഷെ ആളുകളെല്ലാം പൊതുവായ ഭ്രാന്തൻ തീരുമാനങ്ങളിൽ പെട്ടുപോകുവാൻ തയാറാണ് എന്നതാണ് സത്യം.

സദ്ഗുരു: എനിക്ക് അതിനായി മൂന്ന് വ്യക്തമായ നിർദേശങ്ങളുണ്ട്. ഒന്നാമതായി വേണ്ടത് പ്രചാരണമാണ്. മനുഷ്യരെ സഹായിക്കുവാൻ ഉദ്ദേശിച്ചു തുടങ്ങിയ പ്രസ്ഥാനങ്ങൾ എങ്ങിനെയാണ് അവരെ ഉപയോഗിക്കുന്നത് എന്ന് അവർ അറിയണം. രണ്ടാമത് ഓരോ ആൾക്കും അതു തിരുത്തുവാനുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ്. അടുത്തത് പദ്ധതി തയാറാക്കലാണ്. ഇവ മൂന്നും ഈ ക്രമത്തിൽ നടപ്പാക്കണം. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലോകത്താകമാനം ഇത്തരമൊരു മാറ്റം വരുത്തണമെങ്കിൽ ഓരോരുത്തരും തങ്ങൾ കഴിക്കുകയും, കുടിക്കുകയും ചെയ്യുന്ന വിധവും, അവരെ ഓരോ കാര്യങ്ങൾ ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുന്ന വിധവും തെറ്റാണ് എന്നു മനസ്സിലാക്കണം. പിന്നീടു വേണ്ടത് വിദ്യാഭ്യാസമാണ് - ശരിയായ കാര്യങ്ങൾ എന്താണ് എന്നതിനുള്ള വിദ്യാഭ്യാസം. അതിനു ശേഷം പദ്ധതി രൂപീകരിക്കണം.

ഡോ. ഹൈമൻ: അവ വലിയ കാര്യങ്ങളാണ്. എനിക്കു തോന്നുന്നത് എല്ലാ ആളുകളും ചിന്തിക്കുന്നത് ആരോഗ്യം പുറമെ നിന്ന് വരേണ്ടതാണ് എന്നാണ്. വാസ്തവത്തിൽ അത് ഉള്ളിൽ തന്നെയാണ് ഉള്ളത്. അവരുടെ പ്രവൃത്തികളും, തിരഞ്ഞെടുപ്പുകളും ശരിയാക്കിയാൽ പദ്ധതി തന്നെ മാറ്റുവാൻ ഉള്ള ശക്തി ലഭിക്കുമെന്ന കാര്യം അവർ അറിയുന്നില്ല.

സദ്ഗുരു: നാം ഏതു തരത്തിലുള്ള സമൂഹത്തിലും, ചുറ്റുപാടുകളിലും, ലോകത്തിലും ജീവിക്കുകയാണെങ്കിൽ പോലും സ്വന്തം കാര്യങ്ങൾ നിശ്ചയിക്കുവാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ടായിരിക്കും. നാമെല്ലാം ഒരേ സമൂഹത്തിലാകാം ജീവിക്കുന്നത്; എന്നാൽ നമ്മളെല്ലാവരും ശരിയായ തീരുമാനങ്ങൾ ആകില്ല എടുക്കുന്നത്. നാം എന്തു കഴിക്കുന്നു, എങ്ങിനെ ഇരിക്കുന്നു, നില്‍ക്കുന്നു - ഇവയെല്ലാം നമ്മുടെ തന്നെ തീരുമാനങ്ങളിൽ പെടുന്നവയാണ്. പക്ഷെ ആളുകളെല്ലാം പൊതുവായ ഭ്രാന്തൻ തീരുമാനങ്ങളിൽ പെട്ടുപോകുവാൻ തയാറാണ് എന്നതാണ് സത്യം.

ഡോ. ഹൈമൻ: ശരിയാണ്. പ്രശ്നങ്ങൾ ആഗോള തലത്തിലുള്ളതാണെങ്കിലും, അതിനുള്ള പരിഹാരം വാസ്തവത്തിൽ ഓരോ സ്ഥലത്തും എടുക്കേണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ചിന്തകൾ പോലെ അവ നമ്മുടേതാകണം. നാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വസ്തുക്കൾ പോലെ നമ്മുടേതാകണം. ഇത്തരം ലളിതമായ കാര്യങ്ങൾ കൊണ്ട് നമുക്ക് ഇതിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.

സദ്ഗുരു : അതിനാലാണ് ഇവ രണ്ടും വ്യത്യസ്ത കാര്യങ്ങളാകുന്നത്. നിങ്ങളുടെ ആരോഗ്യസ്ഥിതി മാറ്റണമെങ്കിൽ അതിനൊരു മാർഗമുണ്ട്. ആഗോള തലത്തിൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണമെങ്കിൽ അതിനുള്ള മാർഗം വേറെയാണ്.

ഡോ. ഹൈമൻ: അങ്ങ് അവയെ എങ്ങിനെയാണ് വ്യത്യസ്തമായി കാണുന്നത്? എനിക്കു തോന്നുന്നത് വ്യക്തികൾ അവരവർക്കായുള്ള തീരുമാനങ്ങൾ എടുക്കും. ഓരോരുത്തർക്കും നല്ലതായത് ഈ ലോകത്തിനും നല്ലതായി തീരും. ഓരോ മനുഷ്യന്‍റെയും ശരീരത്തിന് നല്ലതായത് ഈ ഭൂമിക്കും നല്ലതായിരിക്കും.

സദ്ഗുരു : ഓരോ വ്യക്തിയും ശരിയായ തീരുമാനങ്ങൾ സ്വയം എടുക്കണമെന്നില്ല. അവർ ഭൂരിഭാഗം ആളുകളുടെ തീരുമാനത്തിനനുസരിച്ചു പോകും. ആരോഗ്യം ഒരു പൊതുവായ സാമൂഹിക പ്രസ്ഥാനമാകുന്നില്ല എങ്കിൽ ആഗോളതലത്തിൽ ആരോഗ്യം ഉണ്ടാകുകയില്ല. പക്ഷെ ഒരു വ്യക്തിക്ക് സ്വന്തം ആരോഗ്യം സംരക്ഷിക്കണമെങ്കിൽ അതു സാധ്യമാണ്; അത് ഒരു വലിയ കാര്യവുമല്ല. നിങ്ങൾ ശ്വസിക്കുമ്പോഴും, എന്തെങ്കിലും കുടിക്കുമ്പോഴും, കുറച്ചു വിഷം നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കും. അതു തടയുവാൻ സാധ്യമല്ല. പക്ഷെ നിങ്ങളുടെ ഉള്ളിൽ നിന്നും വരുന്ന വിഷം നിങ്ങള്‍ക്കു വേണമെങ്കിൽ ഉടനെ തന്നെ നിർത്താവുന്നതാണ്.