ആരാധനയില്‍ പുഷ്പങ്ങള്‍ക്കുള്ള പ്രാധാന്യം
അന്വേഷി: ആരാധനയില്‍ പുഷ്പങ്ങള്‍ക്കുള്ള പ്രാധാന്യം എന്താണ്? അത് അവയുടെ മനോഹാരിത കൊണ്ടല്ലെങ്കില്‍?
 
 

സദ്ഗുരു: ആരാധനയ്ക്കുപയോഗിച്ചാലും ഇല്ലെങ്കിലും, പൂക്കള്‍ പ്രാധാന്യമുള്ളവ തന്നെ.

ജീവശാസ്ത്രപരമായി നോക്കിയാല്‍, പൂക്കള്‍ ചെടിയുടെ പ്രത്യുല്‍പ്പാദനത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. നിങ്ങള്‍ പൂക്കളെക്കുറിച്ച് അത്ഭുതകരമായ കാര്യങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം; പൂക്കള്‍ ദൈവത്തിന്‍റെ മനോഹരമായ ആഭരണങ്ങളാണെന്നു നിങ്ങള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ പൂവിനെ സംബന്ധിച്ചിടത്തോളം, അത വണ്ടുകളെ ആകര്‍ഷിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും മാത്രമാണു ശ്രമിക്കുന്നത്. അതു മാത്രമാണ് പൂക്കള്‍ ചെയ്യുന്നത്. വാസ്തവത്തില്‍, ഈ ലോകത്തെ മുഴുവന്‍ ജൈവശാസ്ത്രപരമായി നോക്കിയാല്‍, ഇതു വളരെ ലളിതമാണ്, വെറും പ്രത്യുല്‍പ്പാദനവും അതിജീവനവും മാത്രം. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഒരു ചെടിയുടെ ജീവിതത്തിന്‍റെ ഏറ്റവും ഉന്നതമായ ആവിഷ്‌കാരമാണ് പുഷ്പം.

പൂവ് എന്നതു ജനങ്ങളെ സംബന്ധിച്ചിടത്തോളം പലതുമാകാം. ചിലര്‍ക്കു പൂവ് ദൈവത്തിന്‍റെ സ്വന്തം മുഖമായിരിക്കാം. ഒരു ശാസ്ത്രജ്ഞന്, അത് ചെടിയുടെ പ്രത്യുല്‍പ്പാദനത്തിനുവേണ്ടിയുള്ള ഒരു നിസ്സാരപരിശ്രമമാണ്. ഒരു ജ്ഞാനിക്ക്, പൂക്കള്‍ എന്നാല്‍ ദൈവികതയുടെ ഉന്നതമായ വികാസമാണ്. ആരാധനയ്ക്കുവേണ്ടി പൂക്കള്‍ ഉപയോഗിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് കല്ലുകള്‍, ചരലുകള്‍ എന്നിവ അതിനുപയോഗിക്കുന്നില്ല? പച്ചിലകളോ, മറ്റെന്തെങ്കിലുമോ എന്തുകൊണ്ടുപയോഗിക്കുന്നില്ല?

മനുഷ്യനെ നോക്കുക; അയാള്‍ ഏതെങ്കിലും ഒന്നിലേക്കു ചായുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. വസ്തുക്കള്‍ പല മടങ്ങാക്കണമെന്ന വിചാരമുള്ളയാളുടെ താല്‍പ്പര്യം, എപ്പോഴും വിത്തുകളിലായിരിക്കും. എപ്പോഴും തണലും സുരക്ഷിതത്വവും തേടുന്നയാള്‍, മരത്തിന്‍റെ തടിയിലും ശാഖകളിലുമായിരിക്കും താല്‍പ്പര്യം കാണിക്കുക. സുഖമാഗ്രഹിക്കുന്ന ആളിനു താല്‍പ്പര്യം അതിന്‍റെ പഴങ്ങളില്‍ മാത്രമായിരിക്കും. ഇന്ന് മാവിന്‍റെ ഒരു തൈ നട്ടിട്ട്, അവിടെ ഇരുന്ന് ഇങ്ങനെ ചിന്തിക്കുന്നവരുണ്ടാകും, 'മാങ്ങയുണ്ടായാല്‍ അത് എത്ര മധുരമുള്ളതായിരിക്കും.' അവര്‍ക്കു മാവിന്‍റെ തടിയിലോ, വേരിലോ, ഇലയിലോ മറ്റോ ഒരു താല്‍പ്പര്യവുമില്ല. മരത്തിന് എന്തുസംഭവിച്ചാലും അവര്‍ക്കൊന്നുമില്ല. അവര്‍ മാമ്പഴത്തിനുവേണ്ടി മാത്രം കാത്തിരിക്കുന്നു. അവര്‍ ഒരിക്കലും മാവിന്‍റെ വളര്‍ച്ച ആസ്വദിക്കുന്നില്ല; ഓരോ ഇലയായി നാമ്പെടുക്കുന്നതും സന്തോഷം നല്‍കുകയില്ല. അവരുടെ സന്തോഷത്തിനു മാങ്ങതന്നെ വേണം, അയല്‍പക്കത്തെ കുട്ടികള്‍ അതു മോഷ്ടിക്കാതിരുന്നാലേ അവര്‍ക്കു സന്തോഷമാകൂ. അയല്‍പക്കത്തെ കുട്ടി അതുകൊണ്ടുപോയാലോ? അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ് വിഫലമായി.

ആത്മീയ പ്രക്രിയയെ എപ്പോഴും പുഷ്പിക്കലായി പരാമര്‍ശിച്ചുവരുന്നു. അവബോധത്തിന്‍റെ 'ഫലവത്കരണം' എന്നു നാം പറയാറില്ല, അവബോധത്തിന്‍റെ 'വിടരല്‍(വിരിയല്‍)' എന്നാണു നാം പറയാറ്.

ഒരു സസ്യത്തെ നോക്കിയാല്‍ പൂവ്, കായ്, വിത്ത് എന്നിവയില്‍ ഏറ്റവും പെട്ടെന്നു നശിക്കുന്നതും നൈമിഷികവുമായത് പൂക്കളാണ്. പുഷ്പങ്ങള്‍ പ്രഭാതത്തില്‍ കാണുന്നപോലെയല്ല സായാഹ്നത്തില്‍ കാണപ്പെടുന്നത്. ഒരു പ്രത്യേക പുഷ്പത്തിന്‍റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ അതിരാവിലെതന്നെ എഴുന്നേറ്റ് നോക്കണം. പത്തുമണിയായിട്ടാണു നോക്കുന്നതെങ്കില്‍, അത് അതുപോലെ ആയിരിക്കുകയില്ല. അത്രയ്ക്കു ലോലമാണ് പൂവ്.

ആത്മീയ പ്രക്രിയയെ എപ്പോഴും പുഷ്പിക്കലായി പരാമര്‍ശിച്ചുവരുന്നു. അവബോധത്തിന്‍റെ 'ഫലവത്കരണം' എന്നു നാം പറയാറില്ല, അവബോധത്തിന്‍റെ 'വിടരല്‍(വിരിയല്‍)' എന്നാണു നാം പറയാറ്. ഫലം എന്നുപറയുമ്പോള്‍ എന്തെങ്കിലും പരിണതഫലത്തെക്കുറിച്ചാണ്, 'എന്തെങ്കിലും സംഭവിക്കണം' എന്നുള്ളതിനാണ്. നിങ്ങള്‍ക്കറിയാമല്ലോ, നിങ്ങള്‍ക്ക് അതില്‍നിന്നും എന്തെങ്കിലും കിട്ടണം. ഫലങ്ങളില്‍ അക്കാര്യം വളരെ പ്രബലമാണ്. ഫലത്തില്‍ ഒരു ആഴമായ സുഖാന്വേഷണമുണ്ട്. എന്നാല്‍ ജീവിതത്തെ ആസ്വദിക്കുന്നവര്‍ പുഷ്പത്തെ ആസ്വദിക്കുന്നു. അതു ജീവിതത്തിന്‍റെ ലളിതവും തിളങ്ങുന്നതുമായ പ്രകടനമാണ്. അത് യഥാര്‍ത്ഥത്തില്‍ വേറെ ഒന്നിനും ഉപകരിക്കുന്നില്ല, പ്രത്യേക ഉദ്ദേശ്യം ഒന്നുംതന്നെയില്ല.

നമുക്ക് പൂമരങ്ങള്‍ വച്ചുപിടിപ്പിക്കാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, പ്രായോഗികബുദ്ധിയുള്ള നമ്മുടെ ചില ബ്രഹ്മചാരികള്‍ ചോദിച്ചു, 'അതുകൊണ്ട് എന്താണു പ്രയോജനം? നമുക്ക് വെണ്ടയോ പാവലോ നടാം. പൂമരങ്ങള്‍ എന്തിന്?' പല പ്രകാരത്തിലും അവര്‍ പറഞ്ഞതു ശരിയാണ്.

ഒരു ചെടിയെ സംബന്ധിച്ചിടത്തോളം, അതിന്‍റെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ തലം അതിലെ പുഷ്പങ്ങളാണ്. അതിനാല്‍ അതാണ് നിങ്ങള്‍ സമര്‍പ്പിക്കുന്നത്. വേരോ, തടിയോ, ശാഖകളോ അല്ല, പക്ഷേ പുഷ്പങ്ങളാണ്.

ഞാന്‍ അവര്‍ക്ക് എതിരല്ല, പക്ഷേ നിറഞ്ഞ വയറോടെ വെണ്ടയ്ക്കകളുടെ ഇടയില്‍ കഴിയുന്നതിനെക്കാള്‍ എനിക്കിഷ്ടം വിശന്നവയറോടെ പൂക്കളുടെ ഇടയില്‍ കഴിയുന്നതാണ്. അത്തരത്തില്‍ നോക്കിയാല്‍ പൂക്കളെക്കൊണ്ട് പ്രയോജനമൊന്നുമില്ല, എന്നാല്‍ ഒരു ചെടിയുടെ ജീവിത പ്രക്രിയയില്‍ ഏറ്റവും മനോഹരമായ ഘട്ടമാണ് പൂവിടല്‍. അതിന്‍റെ ജീവിതത്തിന്‍റെ ഔന്നത്യമാണത്.

അതിനാല്‍ ദിവ്യമാണെന്ന് നിങ്ങള്‍ കരുതുന്ന ഒന്നിനുവേണ്ടി എന്തെങ്കിലും സമര്‍പ്പണം നടത്തുമ്പോള്‍, ഏറ്റവും ഉന്നതമായതുതന്നെ സമര്‍പ്പണം ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കു നിങ്ങളുടെ ഹൃദയംതന്നെ എടുത്ത് അവിടെ സമര്‍പ്പിക്കാന്‍ തോന്നും, എന്നാല്‍ നിങ്ങളുടെ കാലിന്‍റെ പെരുവിരല്‍ അവിടെ സമര്‍പ്പിക്കണമെന്ന് ഒരിക്കലും തോന്നുകയില്ല, ശരിയല്ലേ? കാരണം നിങ്ങളിലെ ഉന്നതമായത് എന്താണോ, നിങ്ങളിലെ ഏറ്റവും ഉയര്‍ന്ന തലം എന്താണോ, അതു സമര്‍പ്പിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക.

ഒരു ചെടിയെ സംബന്ധിച്ചിടത്തോളം, അതിന്‍റെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ തലം അതിലെ പുഷ്പങ്ങളാണ്. അതിനാല്‍ അതാണ് നിങ്ങള്‍ സമര്‍പ്പിക്കുന്നത്. വേരോ, തടിയോ, ശാഖകളോ അല്ല, പക്ഷേ പുഷ്പങ്ങളാണ്.

അതുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍, നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം ഒരു തായ്തടിയെപ്പോലെയോ വേരുപോലെയോ വിത്തുപോലെയോ ആകുകയല്ല, പക്ഷേ ഒരു പുഷ്പംപോലെ ആയിത്തീരുകയാണ്. കാരണം പുഷ്പമാണ് ഏറ്റവും ഉപയോഗശൂന്യം, എന്നാല്‍ ഏറ്റവും പെട്ടെന്ന് എത്തിപ്പെടാവുന്നതും. നിങ്ങള്‍ ഈ വഴിയിലൂടെ കടന്നുപോകുകയാണെങ്കില്‍, നിങ്ങള്‍ക്കു സമ്മതമല്ലെങ്കില്‍കൂടി, അതിന്‍റെ സുഗന്ധം നിങ്ങളുടെ നാസികയിലേക്ക് പ്രവേശിക്കുന്നു. അതില്‍നിന്നും നിങ്ങള്‍ക്ക് ഒഴിയാന്‍ കഴിയുകയില്ല, അല്ലേ? നിങ്ങള്‍ക്ക് ഗ്രഹണശേഷിയില്ലെങ്കില്‍പോലും, എന്തോ ഒന്ന് സംഭവിക്കുന്നുണ്ടന്ന് നിങ്ങള്‍ക്ക് തോന്നും. പുഷ്പത്തിനൊഴികെ മറ്റൊന്നിനും ആ കഴിവില്ല.

അതിനാല്‍ ഏത് ആത്മീയ പ്രക്രിയയുടെയും മുഴുവന്‍ പ്രയത്‌നവും ഒരു പുഷ്പത്തെപ്പോലെയാകാനാണ്. പുഷ്പം എന്നത് പ്രതീകാത്മകമായിത്തീര്‍ന്നിരിക്കുന്നു. പുഷ്പം ആത്മസമര്‍പ്പണത്തിന്‍റെ പര്യായമായിത്തീര്‍ന്നിരിക്കുന്നു.

 
 
 
 
  0 Comments
 
 
Login / to join the conversation1