അനുഭവങ്ങള്‍ ... വളര്‍ച്ചയിലേക്കുള്ള ചവിട്ടുപടി
അന്വേഷി : എല്ലാ അവസരങ്ങളും, എനിക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍പോലും, എന്‍റെ വളര്‍ച്ചയിലെ ചവിട്ടുപടിയായി എങ്ങിനെ എനിക്ക്‌ ഉപയോഗപ്പെടുത്താനാവും, സദ്‌ഗുരോ?
 
 

सद्गुरु

അന്വേഷി : എല്ലാ അവസരങ്ങളും, എനിക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍പോലും, എന്‍റെ വളര്‍ച്ചയിലെ ചവിട്ടുപടിയായി എങ്ങിനെ എനിക്ക്‌ ഉപയോഗപ്പെടുത്താനാവും, സദ്‌ഗുരോ?

 

സദ്‌ഗുരു : എല്ലാറ്റിനേയും, എല്ലാവരെയും നിങ്ങളുടെ വളര്‍ച്ചയ്ക്കായി എങ്ങിനെ ഉപയോഗപ്പെടുത്താം? അതാണു ചോദ്യം.

ആദ്യമായി നിങ്ങള്‍ക്ക്‌ വേണ്ടത്‌ ഉപകാരസ്‌മരണയാണ്‌, ഔദാര്യം കാട്ടലല്ല. നിങ്ങള്‍ ഉദാരമതികളാവണമെന്ന്‍ എനിക്ക്‌ ആഗ്രഹമില്ല. നിങ്ങളുടെ ഉള്ള് ഉപകാരസ്‌മരണയാല്‍ നീറിപ്പുകയണം, അതാണെനിക്ക്‌ വേണ്ടത്‌. ഔദാര്യം കാട്ടുന്നവര്‍ കുറെ കഴിയുമ്പോള്‍ ശ്രദ്ധയില്ലാത്തവരാകും. ഗൌതമന്‍ ഒരു സൂക്തത്തില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, "നിങ്ങളുടെ ഭക്ഷണം മറ്റൊരാള്‍ക്ക്‌ നല്‍കിയിട്ട്‌ പട്ടിണിയിരുന്നാല്‍ നിങ്ങള്‍ ക്ഷീണിതനാവുകയല്ല, മറിച്ച്‌ കൂടുതല്‍ ശക്തനാവുകയാണ്‌ ചെയ്യുന്നത്‌.”

ഈ പറയുന്നത്‌ മനസ്സിലാക്കാന്‍ വിഷമമാണ്‌. നിങ്ങളുടെ ഭക്ഷണം മറ്റൊരാള്‍ക്ക്‌ കൊടുത്തിട്ട്‌ നിങ്ങള്‍ക്കെങ്ങനെ വിശപ്പകറ്റാനാകും? ഈ വാക്യം കൊണ്ടുദ്ദേശിക്കുന്നത്, നിങ്ങളുടെ കയ്യില്‍ ധാരാളമായിട്ടുള്ള വസ്തുക്കള്‍ വേറൊരാള്‍ക്ക്‌ കൊടുക്കുന്നതുകൊണ്ടെന്തു പ്രയോജനം?

നിങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്നത്‌, നിങ്ങളുടെ നിലനില്‍പ്പിന്‌തന്നെ അത്യന്താപേക്ഷിതമായത്‌ - അത്തരത്തിലുള്ള എന്തെങ്കിലും മറ്റൊരാള്‍ക്ക്‌ നല്‍കുമ്പോഴാണ്‌ നിങ്ങള്‍ ദൈവത്തോട് അടുക്കുന്നത്‌.

ഒരു സന്യാസി കൂടുതല്‍ സമയവും വിശന്നിരിക്കുന്നയാളാണ്‌. തന്‍റെ ആഹാരത്തിനുവേണ്ടി ദിവസത്തില്‍ ഒരു നേരം മാത്രം ഭിക്ഷയെടുത്ത്‌ ഭക്ഷിക്കുന്നു. ഇന്ന്‍ ആരെങ്കിലും ധാരാളം നല്‍കി എന്നുവരാം, അടുത്ത ദിവസം കുറച്ചാകാം, ഇനിയൊരു ദിവസം അതിലും കുറച്ചാവും ലഭിക്കുക. എന്താണ്‌ ലഭിച്ചതെങ്കിലും, ഒരു ദിവസം ഒരു വീട്ടില്‍നിന്നുമാത്രമേ ഭിക്ഷ സ്വീകരിച്ചിരുന്നുള്ളു. ഒന്നും ലഭിക്കാത്ത ദിവസങ്ങളും ഉണ്ടായിരിക്കാം. കാലക്രമത്തില്‍ സന്യാസിമാര്‍ ഒരു വീട്‌ എന്നുള്ളത്‌ മൂന്നുവീടുകളായി വര്‍ദ്ധിപ്പിച്ചു. ഇതിനു കാരണം പലരും ഭിക്ഷ നല്‍കാന്‍ മടി കാണിക്കാന്‍ തുടങ്ങിയതുകൊണ്ടാണ്‌. അതിനാല്‍ സന്യാസിമാര്‍ മിക്ക സന്ദര്‍ഭങ്ങളിലും വിശപ്പനുഭവിച്ചിരുന്നു, എന്നാല്‍ ഗൌതമന്‍ പറയുന്നത്‌ “നിങ്ങളുടെ ഭക്ഷണം മറ്റൊരാള്‍ക്ക്‌ നല്‍കിയാല്‍ നിങ്ങള്‍ കൂടുതല്‍ ശക്തനാവുന്നു” എന്നാണ്‌. ഇത്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സത്യം അതാണ്‌, ഇതാണ് പരമാര്‍ത്ഥം.

യഥാര്‍ത്ഥമായ ഒരു ജീവിതകഥയുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മനിയിലെ കുപ്രസിദ്ധിയാര്‍ജിച്ച ഓഷ്‌വിറ്റ്‌സ്‌ തടങ്കല്‍ ക്യാമ്പില്‍ സംഭവിച്ചതാണ്‌. ക്യാമ്പില്‍ തടവുകാരുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ ഓരോ ദിവസവും നമ്പറനുസരിച്ച്‌ ആളുകളെ വിളിച്ചുകൊണ്ടുപോയി കൊലചെയ്യുക പതിവായിരുന്നു. അംഗഭംഗം വന്നവരെയും പ്രായമായവരെയും ബലഹീനരെയും തിരഞ്ഞു പിടിച്ചോ, പ്രത്യേക മുറയില്ലാതെ വിളിച്ചോ ആണ്‌ കൊണ്ടുപോയിരുന്നത്‌. ഇന്ന്‍ നിങ്ങളുടെ നമ്പര്‍ വിളിച്ചാല്‍, നിങ്ങള്‍ മരണത്തിലേക്കുള്ള പാതയിലായി, കൂട്ടമായി വെടിവെച്ച്‌ കൊല്ലുകയും, കൂട്ടമായി കുഴിച്ചു മൂടുകയുമായിരുന്നു അവിടെ പതിവ്‌.

ആ കൂട്ടത്തില്‍ ഒരുവന്‍ തന്‍റെ പേരു വിളിച്ചപ്പോള്‍ ഭയത്താല്‍ വിറച്ചു. അയാളുടെ അടുത്ത്‌ ചെറുപ്പക്കാരനും ആരോഗ്യവാനും, ഒരു ക്രിസ്‌തുമത പ്രചാരകന്‍ നിന്നിരുന്നു. ഭയന്നു വിറച്ചയാളോട്‌ അദ്ദേഹം പറഞ്ഞു, "നിങ്ങള്‍ ഭയക്കേണ്ട, ഞാന്‍ നിങ്ങളുടെ സ്ഥാനം എടുത്തുകൊള്ളാം.” ഇതു കേട്ട്‌ ലജ്ജിതനായെങ്കിലും, തനിക്കു കിട്ടിയ അവസരം പാഴാക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ജിവിക്കാന്‍ അയാള്‍ അത്ര മാത്രം ആഗ്രഹിച്ചു. മതപ്രചാരകനെ അവര്‍ വെടിവെച്ചു കൊന്നു. അടുത്ത ദിവസം തന്നെ ജര്‍മനി യുദ്ധത്തില്‍ തോല്‍ക്കുകയും, നമ്മുടെ ആള്‍ മോചിതനാവുകയും ചെയ്‌തു. കുറ്റബോധത്താല്‍, ഒരു പരാജിതനെപ്പോലെ, തന്‍റെ ജീവിതത്തിലെ ഈ സംഭവത്തില്‍ ലജ്ജിതനായി, വളരെക്കാലം അയാള്‍ ജീവിച്ചിരുന്നു, മരിച്ച് ജീവിച്ചിരുന്നു!

ഈ കഥ അയാള്‍തന്നെ മറ്റുള്ളവരോട്‌ പറഞ്ഞതാണ്‌. മറ്റൊരാളുടെ ദാനമായി കിട്ടിയ തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്‌മ അയാള്‍ മനസ്സിലാക്കി. താന്‍ ജീവിക്കുന്നത്‌ മറ്റൊരാളുടെ മഹാമനസ്‌കത കൊണ്ടാണ്‌, തന്‍റെ നമ്പര്‍ വിളിച്ച ദിവസം താന്‍ മരണപ്പെടേണ്ടതായിരുന്നു. തനിക്ക്‌ യാതൊരു പരിചയവുമില്ലാത്ത, ഒരു തരത്തിലുമുള്ള ബന്ധുത്വമോ, കടപ്പാടോ ഇല്ലാത്ത ഒരാളുടെ ഭയവും സങ്കടവും മാറ്റാന്‍വേണ്ടി ആ വൈദികന്‍ സ്വയം ബലി നല്‍കി. ജീവിതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ആ വൈദികനറിയാമായിരുന്നു , രക്ഷപെട്ടയാള്‍ക്കറിയില്ല. അദ്ദേഹത്തിന് ആ നിമിഷത്തിലനുഭവപ്പെട്ട ശക്തിയും കരുത്തും, സ്വയം രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ക്ക്‌ ഒരിക്കലും അറിയാനാവുകയില്ല. സ്വയം മരണത്തിലേക്ക്‌ നടന്നു നീങ്ങിയ ആള്‍ താന്‍ ഒരാള്‍ക്കുവേണ്ടി ബലിയാടാവുകയാണ്‌ എന്നൊന്നും ചിന്തിച്ചില്ല. അങ്ങിനെ ചെയ്യണമെന്നു തോന്നി, ചെയ്‌തു, അത്രമാത്രം, അല്ലാതെ ഒരാള്‍ക്കു വേണ്ടി ആത്മത്യാഗം ചെയ്യാന്‍ അവസരം കാത്തിരിക്കുകയായിരുന്നില്ല. ആ നിമിഷത്തില്‍ എന്താണ്‌ ആവശ്യമായിരുന്നത്‌, അത്‌ അദ്ദേഹം രണ്ടാമതൊന്ന്‍ ചിന്തിക്കാതെ ചെയ്‌തു. അത്‌ മഹത്തായ കാര്യമാണ്‌.

എന്തെങ്കിലും പ്രതിഫലം ലഭിച്ചാല്‍ മാത്രമേ ഒരു കാര്യം ചെയ്യാന്‍ കഴിയൂ എന്നുള്ള മാനസിക പരിമിതികള്‍ക്കു വെളിയില്‍ വന്നാല്‍, യാതൊരു പ്രതിഫലവുമില്ലാതെ കഠിനശ്രമം ചെയ്യാനാകുമെന്നു വന്നാല്‍, ഒരു പ്രത്യേക കരുത്ത്‌ നിങ്ങള്‍ക്ക്‌ കൈവരും.

ഇതു കേട്ട്, ‌നിങ്ങളും സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറാണെന്നു പറഞ്ഞു മുന്നിലോട്ടു വരികയൊന്നും വേണ്ട. തനിക്ക്‌ അപൂര്‍വ്വ ശക്തികള്‍ ലഭിക്കുമെന്നോ, സ്വര്‍ഗത്തില്‍പ്പോവാന്‍ സാധിക്കുമെന്നോ ഒക്കെ ചിന്തിച്ച്‌ കണക്കുകൂട്ടി, വലിയ ഒരു പരിത്യാഗം ചെയ്യാന്‍ തയ്യാറെടുത്താല്‍ അത്‌ അനൌചിത്യമാകും, അത് ശരിയായ ത്യാഗമല്ല. 'മോക്ഷം കിട്ടും', ആത്മസാക്ഷാത്കാരം ലഭിക്കും എന്ന മോഹങ്ങളൊന്നുമില്ലാതെ ജീവിക്കാനായാല്‍ നിങ്ങള്‍ ശരിയായ പാതയിലാണ്‌. ആരെങ്കിലും സ്വര്‍ഗം വാഗ്‌ദാനം ചെയ്‌താല്‍, അത്‌ വിശ്വസിച്ചാണെങ്കിലും ശരിയായ പാതയിലൂടെ സഞ്ചരിക്കാനാവുമെങ്കില്‍, അങ്ങിനെയാവട്ടെ. ഒരു കരാറിലും പെടാതെ, നിങ്ങള്‍ക്ക്‌ സ്വയം അതിനുവേണ്ടി ശ്രമിക്കാനുള്ള മാനസികവളര്‍ച്ചയും പക്വതയും വന്നാല്‍, അതു വളരെ നല്ലതാണ്‌. എന്തെങ്കിലും പ്രതിഫലം ലഭിച്ചാല്‍ മാത്രമേ ഒരു കാര്യം ചെയ്യാന്‍ കഴിയൂ എന്നുള്ള മാനസിക പരിമിതികള്‍ക്കു വെളിയില്‍ വന്നാല്‍, യാതൊരു പ്രതിഫലവുമില്ലാതെ കഠിനശ്രമം ചെയ്യാനാകുമെന്നു വന്നാല്‍, ഒരു പ്രത്യേക കരുത്ത്‌ നിങ്ങള്‍ക്ക്‌ കൈവരും. ‘അത്യാവശ്യം വേണ്ടത്‌ മാത്രമേ ചെയ്യൂ’ എന്ന മനസ്ഥിതിയുള്ളവര്‍ക്ക്‌, തിരിച്ചുകിട്ടുന്നതും അതുപോലെയാവും. ജീവിതകാലം മുഴുവന്‍ അയാള്‍ ഒരു ഭിക്ഷക്കാരനെപ്പോലെ കഴിയും. ഒരിക്കലും അയാള്‍ യഥാര്‍ത്ഥ ശക്തി എന്തെന്നറിയില്ല, ദിവ്യത്വം എന്തെന്ന്‍ അറിയില്ല, കാരണം ഒന്നും പ്രതീക്ഷിക്കാത്ത പ്രവൃത്തി മാത്രമേ ദൈവീകമാവുകയുള്ളു എന്നു മനസ്സിലാക്കുക, പ്രതിഫലേച്ഛ കൂടാതെയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌.

 
 
  0 Comments
 
 
Login / to join the conversation1