അന്തരാഷ്ട്ര യോഗദിനം
 
 

सद्गुरु

മനുഷ്യചരിത്രത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചത്. ഒരു സംഘം ആളുകള്‍ അവരുടെ ശരീരം വളക്കുകയും പിരിക്കുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യം ഇതിനുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി 177 രാജ്യങ്ങള്‍ ഈ പ്രഖ്യാപനത്തിന് സമ്മതവും പിന്‍തുണയും നല്‍കി ഒപ്പുവെച്ചു. യു. എന്നിന്‍റെ ഒരു തീരുമാനത്തിനും ഇത്ര വിപുലമായ പിന്‍തുണ ഇതിനു മുമ്പൊരിക്കലും ലഭിച്ചിട്ടില്ല. സ്വന്തം ശരീര മനോബുദ്ധികളുടെ സ്വാസ്ഥ്യത്തിനുവേണ്ടി ഒരു മനുഷ്യന്‍ എന്താണ് ചെയ്യേണ്ടത്, ആ വിഷയത്തില്‍ പുതിയൊരു ദിശാബോധം ലോകത്തിനു നല്‍കുക അതാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. അവനവന്‍റെ സമഗ്രമായ ആരോഗ്യത്തിനുവേണ്ടി മനുഷ്യര്‍ നോക്കേണ്ടത് മുകളിലേക്കോ താഴേക്കോ അല്ല, ഇടത്തോട്ടോ വലത്തോട്ടോ അല്ല, സ്വന്തം അന്തരംഗത്തിലേക്കാണ്.

യോഗ ഒരേസമയം ഒരു ഉപാധിയും ഉപകരണവുമാണ്. സ്വന്തം സുഖവും ക്ഷേമവും ഉറപ്പുവരുത്താന്‍, ഉള്‍ത്തിരിഞ്ഞു നോക്കാന്‍ യോഗ മനുഷ്യനെ സഹായിക്കുന്നു. ബാഹ്യമായ വസ്തുക്കളെയല്ല നമ്മുടെ ക്ഷേമം ആശ്രയിച്ചിരിക്കുന്നത്, അത് നമ്മള്‍ തന്നെ സൃഷ്ടിക്കേണ്ടതാണ്. നമ്മള്‍ അതിനു തയ്യാറാവുന്നില്ലെങ്കില്‍ അത് നമുക്ക് നഷ്ടമാകുമെന്ന് തീര്‍ച്ച. ഇതാണ് യോഗയുടെ അടിസ്ഥാന തത്വം, ശരീരാരോഗ്യം പരിരക്ഷിക്കാന്‍ പലവിധ മാര്‍ഗങ്ങളുണ്ട്. അതുപോലെതന്നെ ആന്തരികമായ ആരോഗ്യപാലനത്തിനും പ്രത്യേക ശാസ്ത്രവും വഴികളുണ്ട്. ഈ ശാസ്ത്രവും അതിന്‍റേതായ വിധികളും വളരെ പുരാതനകാലം മുതലേ ഇന്ത്യയില്‍ നിലവിലുള്ളതാണ്. ഈ ദിവസം ഇന്ത്യയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു ദിവസമാണ്. മുഴുവന്‍ ലോകത്തിന്‍റേയും സൗഖ്യം ലക്ഷ്യമാക്കി വിലപിടിച്ച ഒരു സംഭാവന നല്‍കാന്‍ നമ്മുടെ നാടിന് ഭാഗ്യമുണ്ടായിരിക്കുന്നു.


ഓരോ വ്യക്തിയുടേയും ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള ശക്തമായൊരു മാര്‍ഗമാണ് യോഗ. ഒരിക്കല്‍ യോഗാസനങ്ങള്‍ ഹൃദിസ്ഥമായി കഴിഞ്ഞാല്‍ പിന്നീട് ആരുടേയും സഹായമാവശ്യമില്ല.

ഞങ്ങള്‍ പല രാഷ്ട്രങ്ങളിലേയും ഗവണ്‍മെന്‍റുകളുമായും, വലിയ വലിയ വ്യാപാര സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. യോഗയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവരെല്ലാവരും ഉത്സാഹപൂര്‍വ്വം തയ്യാറായി. സമ്പത്തുണ്ടെങ്കില്‍ സൗഖ്യമുണ്ടാകുമെന്നായിരുന്നു പൊതുവെ എല്ലാവരും വിശ്വസിച്ചിരുന്നത്, എന്നാല്‍ ഇന്ന് ആ ധാരണക്കു മാറ്റം വന്നിരിക്കുന്നു. ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളാണ് ഏറ്റവും രോഗാതുരമായി കാണപ്പെടുന്നത്. ഉദാഹരണത്തിന് യു. എസ്. എ അതീവ സമ്പന്നമായ രാഷ്ട്രം. എല്ലാതരം ഭക്ഷണവും വേണ്ടിടത്തോളം, എന്നാലും അവര്‍ ആരോഗ്യ പരിപാലനത്തിനായി അതിഭീമമായ ഒരു തുകയാണ് കൊല്ലംതോറും ചിലവുചെയ്യുന്നത്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് ഭയാനകമായൊരു ഭാരമാണ്. കഷ്ടം എന്നു പറയട്ടെ, ഇന്ത്യയും ആ വഴിക്കുതന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ഒട്ടുവേഗത്തില്‍ത്തന്നെ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അല്‍പം മെച്ചപ്പെട്ടു വരുന്നുണ്ട്. അതോടൊപ്പം നമ്മുടെ നാട് പ്രമേഹ രോഗത്തിന്‍റെ ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു, അതിനുപുറമേ വേറേയും പല രോഗങ്ങളും.

ഇതിനെല്ലാമുള്ള വളരെയേറെ ഫലപ്രദമായ ഒരു പ്രതിവിധിയാണ് യോഗ. ഓരോ വ്യക്തിയുടേയും ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള ശക്തമായൊരു മാര്‍ഗം. ഒരിക്കല്‍ യോഗാസനങ്ങള്‍ ഹൃദിസ്ഥമായി കഴിഞ്ഞാല്‍ പിന്നീട് ആരുടേയും സഹായമാവശ്യമില്ല. തനിയേ ചെയ്യാവുന്നതേയുള്ളൂ. അതിനായി പ്രത്യേകം സ്ഥലമൊ ഉപകരണങ്ങളൊ ആവശ്യമില്ല. എവിടെയാണൊ അവിടെ യോഗ ചെയ്യാം. മാനവരാശിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അപൂര്‍വ്വവും ശ്രേഷ്ഠവുമായ ഒരു വരദാനമാണ് യോഗ – മനുഷ്യന്‍റെ സമഗ്രമായ സൗഖ്യം മാത്രമാണ് അതിന്‍റെ ലക്ഷ്യം.

യോഗയുടെ സന്ദേശം പ്രചരിപ്പിക്കാം

ആദ്യമായി ലോകത്തില്‍ പല രാഷ്ട്രത്തലവന്‍മാരും യോഗയെപറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവിശ്വസനീയം തന്നെ. അവരെല്ലാവരും യോഗ പ്രചരിപ്പിക്കാന്‍ ഉത്സുകരായി മുന്നോട്ടു വരുന്നു. കാരണം, ആരോഗ്യ പരിപാലനത്തിനായി വലിയ തുക ചിലവഴിക്കുന്നുണ്ട് എങ്കിലും അതുകൊണ്ട് പ്രതീക്ഷിക്കുന്ന ഗുണം കിട്ടുന്നില്ല എന്നതുതന്നെ. ജനക്ഷേമത്തിനുവേണ്ടി തുടങ്ങിയിട്ടുള്ള മറ്റു പല പദ്ധതികളും നിഷ്ഫലമായി പോകുന്നു. സ്വസ്ഥതക്കും സന്തോഷത്തിനുംവേണ്ടി ഒരൊറ്റമൂലി, അതിനുവേണ്ടിയാണ് ഇപ്പോള്‍ ലോകത്തിന്‍റെ അന്വേഷണം. ഇതിനുവേണ്ടി അനവധി പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ പലയിടത്തായി ഗവേഷണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഒരു നിലയ്ക്കു നോക്കുമ്പോള്‍ ഈ ശ്രദ്ധ നല്ലൊരു സംഗതിതന്നെ. ഒന്നാമത്തെ കാര്യം, സമൂഹത്തിന്‍റെ സന്തോഷത്തേയും ആരോഗ്യത്തേയും കുറിച്ചുള്ള ബോധമുണര്‍ന്നിരിക്കുന്നു. അത് മനുഷ്യന് ഭാഗ്യവശാല്‍ കിട്ടുന്നതല്ല, സ്വയം ബോധപൂര്‍വം സൃഷ്ടിക്കേണ്ടതാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇതില്‍ പങ്കില്ല എന്നു എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവിതത്തിലെ പാകപ്പിഴകള്‍ തീര്‍ക്കാനായി ഇറങ്ങിവരില്ല. അത് അവനവന്‍തന്നെ മനസ്സിരുത്തേണ്ട സംഗതിയാണ്, എല്ലാ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ എംബസി മുഖാന്തിരം യോഗ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യക്തിയുടെ മാനസിക ശാരീരിക ക്ഷമതകള്‍ എങ്ങിനെ പോഷിപ്പിക്കാമെന്ന് ശാസ്ത്രീയമായ രീതിയില്‍ യോഗ പഠിപ്പിച്ചു തരുന്നു.


ഒന്നിനും ഒരു പരിഹാരവും കാണാനാകാതെ ഉഴലുന്ന മനസ്സ് യോഗയുടെ നേരെ തിരിയുന്നത് തികച്ചും സ്വാഭാവികം.

ഉത്തരായനം തുടങ്ങും മുമ്പേ പഠനം ആരംഭിക്കാം. നിങ്ങള്‍ മുന്‍കൈയെടുത്ത് ഒരു നൂറുപേരെങ്കിലും അവരവരുടെ സൗഖ്യത്തിനുവേണ്ടി യോഗ പഠിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഭാരതത്തിലെ പ്രധാനമന്ത്രിയും, യു.എസ് പ്രസിഡന്‍റും ഐക്യരാഷ്ട സഭയും യോഗയെകുറിച്ച് താല്‍പര്യപൂര്‍വ്വം സംസാരിക്കുന്നു. അത് വളരെ പ്രോത്സാഹജനകമായ കാര്യം തന്നെയാണ്. പ്രധാനപ്പെട്ട വ്യക്തികള്‍, അതും ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവര്‍ യോഗയുടെ മഹത്വം മനസ്സിലാക്കുന്നു എന്നത് വലിയ കാര്യമാണ്. നമ്മുടെ ശ്രദ്ധ പുറത്തുനിന്ന് അകത്തേക്കു തിരിയുകതന്നെ വേണമെന്ന് അവരും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ഇപ്പോഴാണ് രാഷ്ട്രത്തലവന്മാര്‍ മനുഷ്യന്‍റെ ആന്തരിക സുസ്ഥിതിയെകുറിച്ച് വാചാലരാവുന്നത്. ഇതുവരെയായി അവര്‍ പറഞ്ഞിരുന്നതെല്ലാം സാമ്പത്തികവും, സൈനികവും, ഭരണപരവുമായ കാര്യങ്ങള്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര യോഗ ദിവസത്തിന്‍റെ പ്രഖ്യാപനത്തിനുശേഷമാണ് ഈ പ്രവണത കാണാനായിട്ടുള്ളത്.

മനുഷ്യമനസ്സിനെ ആത്മീയതയിലേക്കു തിരിക്കാനുള്ള ഈ പദ്ധതി എത്രയോ നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനിന്നു വരുന്നതാണ്. എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അഷ്ടാവക്രന്‍ ഈ വിദ്യ ജനക മഹാരാജാവിന് ഉപദേശിച്ചിരുന്നു. രാഷ്ട്രതന്ത്രത്തേയും ആത്മവിദ്യയേയും കൂട്ടിയിണക്കുക എന്നതായിരുന്നു ശ്രീകൃഷ്ണന്‍റെ ജീവിതദൗത്യം. അതിനായി കൃഷ്ണന്‍ രാജാക്കന്മാരോട് സംവദിക്കുക മാത്രമല്ല ചെയതത് ഇന്ത്യയിലെ ഉത്തര സമതലങ്ങളില്‍ പലയിടങ്ങളിലായി നിരവധി ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ആത്മവിദ്യയുടെ പ്രയോജനം സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ക്കു മാത്രമല്ല താഴേക്കിടയിലുള്ളവര്‍ക്കും ലഭ്യമാകണമെന്ന് കൃഷ്ണന്‍ ആഗ്രഹിച്ചു.

യോഗയിലുള്ള താല്‍പര്യം പുതിയ ഒരു പ്രവണതയായി കണക്കാക്കേണ്ടതില്ല. പത്ര മാധ്യമങ്ങളിലൂടെയും വാമൊഴിയുമായും ഉള്ള പ്രചാരം ജനങ്ങളെ യോഗയിലേയ്ക്കു കൂടുതല്‍ ആകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലായിടത്തും ജനങ്ങള്‍ പലവിധ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. പൊതുവെ സമൂഹം ഭയാശങ്കകളാല്‍ ആകുലമാണ്. മനസ്സിന്‍റെ സ്ഥസ്ഥതക്കുവേണ്ടി പലരും പലമാര്‍ഗങ്ങള്‍ അവലംബിക്കുന്നു. അതുകൊണ്ടൊന്നും ആര്‍ക്കും വേണ്ടത്ര ശാന്തി ലഭിക്കുന്നില്ല. ഒന്നിനും ഒരു പരിഹാരവും കാണാനാകാതെ ഉഴലുന്ന മനസ്സ് യോഗയുടെ നേരെ തിരിയുന്നത് തികച്ചും സ്വാഭാവികം.

ഈ വര്‍ഷം യോഗദിനത്തില്‍ യോഗയുടെ മഹത്തായ സന്ദേശം ലോകമെമ്പാടുമെത്തിക്കാന്‍ നാം ആഗ്രഹിക്കുന്നു. "സ്വന്തം സ്വാസ്ഥ്യം സ്വന്തം സൃഷ്ടി" ഇതാണ് യോഗയ്ക്കു ഓര്‍മ്മിപ്പിക്കാനുള്ളത്. എല്ലാവര്‍ക്കും സുഖമായി ജീവിക്കാം, അതിന് അവനവന്‍തന്നെ മുന്‍കൈ എടുക്കണം എന്നുമാത്രം. ഇനിയൊരാള്‍ കൈയ്യില്‍ കൊണ്ടുവന്നു തരും എന്നു കരുതി കാത്തിരിക്കരുത്. ഉപയോഗ അഭ്യാസങ്ങള്‍ വളരെ ലളിതമാണ്. അത് ഓണ്‍ലൈനിലും ഞങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു. അല്ലെങ്കില്‍ ലോകത്തില്‍ എവിടേയുമുള്ള ഈശ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. യോഗയെ സംബന്ധിച്ച് മൂന്നു മിനിറ്റു ദൈര്‍ഘ്യമുള്ള "നമസ്കാര്‍ യോഗ ഫോര്‍ ഓള്‍" എന്നൊരു വീഡിയോ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നമസ്കാരം – കൈത്തലങ്ങള്‍ രണ്ടും ചേര്‍ത്തു വെക്കുക ഏറ്റവും ലഘുവായ യോഗയാണിത്. അങ്ങനെ ചെയ്യുമ്പോള്‍ മറ്റേതെങ്കിലും വ്യക്തിയിലൊ വസ്തുവിലൊ നിങ്ങളുടെ നോട്ടം പതിഞ്ഞിരിക്കണം, സ്നേഹാദരപൂര്‍വമുള്ള നോട്ടം. അതുമതി നിങ്ങളുടെ മനസ്സ് ശാന്തമാകാന്‍. സംഘര്‍ഷങ്ങള്‍ നീക്കി മനസ്സിനെ ശാന്തമാക്കാനുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണ് നമസ്കാരം.

 
 
  0 Comments
 
 
Login / to join the conversation1