सद्गुरु

ശേഖര്‍ ഗുപ്തയുമായുള്ള “ഓഫ് ദി കഫ്” എന്ന പരിപാടിക്കിടെ സദസ്സിലുള്ളവരില്‍ നിന്നും സാമൂഹികപ്രശ്നങ്ങള്‍ മുതല്‍ ആത്മീയതയെക്കുറിച്ച് വരെയുള്ള ചോദ്യങ്ങള്‍ക്ക് സദ്ഗുരു ഉത്തരം പറയുന്നു. ഈ ശകലത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ടോ എന്ന് ഒരാള്‍ സദ്ഗുരുവിനോട് ചോദിക്കുന്നു.

ചോദ്യം: സദ്ഗുരു, നമസ്കാരം. ഞാന്‍ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഒരു പ്രൊഫസര്‍ ആണ്. എന്‍റെ ചോദ്യം അങ്ങ് ദൈവത്തെ അനുഭവിച്ചിട്ടുണ്ടോ എന്നാണ്?

സദ്ഗുരു: ഒരുപാടാളുകള്‍ ചിന്തിക്കുന്നത് സദ്ഗുരു എന്നത് ഒരു പദവിയാണെന്നാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു വിവരണമാണ്. നിങ്ങള്‍ ഒരാളെ “സദ്ഗുരു” എന്നു വിളിക്കുമ്പോള്‍, അതിനര്‍ത്ഥം നിങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തു പോകുന്നത് വിശുദ്ധഗ്രന്ഥങ്ങളെക്കുറിച്ചു മനസ്സിലാക്കാനല്ല – അദ്ദേഹം അവയൊന്നും വായിച്ചിട്ടില്ല. നിങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തു പോകുന്നത് സ്വര്‍ഗത്തില്‍ പോകാനല്ല – അദ്ദേഹം അവിടെ പോയിട്ടില്ല, പോകാന്‍ ആഗ്രഹിക്കുന്നുമില്ല. സദ്ഗുരു എന്നതിന്‍റെ അക്ഷരാര്‍ത്ഥം “ഉള്ളില്‍ നിന്നും വരുന്നയാള്‍” എന്നാണ്. എനിക്ക് ജീവന്‍റെ ഈയൊരു കഷ്ണത്തെ പരിപൂര്‍ണമായി അറിയാം – അതിന്‍റെ ഉത്പത്തി മുതല്‍ പാരമ്യം വരെ. അതു മാത്രമേ എനിക്ക് അറിയൂ.

യോഗ ശാസ്ത്രത്തില്‍ ഇക്കാര്യം എല്ലായ്പ്പോഴും പറഞ്ഞിരുന്നു. അണ്ഡവും പിണ്ഡവും ഒന്നു തന്നെയാണ്.

പ്രപഞ്ചത്തിന്‍റെ രൂപകല്‍പനയെക്കുറിച്ച് കണ്‍സ്ട്രക്ഷണല്‍ തിയറി (constructional law) എന്നൊരു ശാസ്ത്രസിദ്ധാന്തമുണ്ട്. പരമാണു സൃഷ്ടിച്ചിരിക്കുന്നത്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട അതേ രീതിയിലാണെന്നാണ് ഈ സിദ്ധാന്തം തെളിയിക്കാന്‍ ശ്രമിക്കുന്നത്. ഒരു കോശം സൃഷ്ടിക്കപ്പെട്ട അതേ രീതിയിലാണ്‌ എല്ലാ ജീവനും സൃഷ്ടിക്കപ്പെട്ടത്. ഒരു അമീബ എങ്ങനെയാണോ ഉണ്ടാക്കപ്പെട്ടത്, അതുപോലെ തന്നെയാണ് ഒരു മനുഷ്യനും ഉണ്ടാക്കപ്പെട്ടത്. സങ്കീര്‍ണ്ണതയും ഗഹനതയും അധികമാകുന്നുവെന്നു മാത്രം.

യോഗ ശാസ്ത്രത്തില്‍ ഇക്കാര്യം എല്ലായ്പ്പോഴും പറഞ്ഞിരുന്നു. അണ്ഡവും പിണ്ഡവും ഒന്നു തന്നെയാണ്. അടിസ്ഥാനപരമായ രൂപകല്‍പനയില്‍ ഏറ്റവും ചെറിയ സൃഷ്ടിയും പരമമായ സൃഷ്ടിയും ഒരുപോലെയാണ് – സങ്കീര്‍ണ്ണതയിലും ഗഹനതയിലും മാത്രമേ വ്യത്യാസമുള്ളൂ.

ഈയൊരു ജീവന്‍റെ കഷ്ണത്തെക്കുറിച്ചുള്ള പരിപൂര്‍ണ്ണമായ അറിവ് മാത്രമാണ് എനിക്കുള്ളത്. ഭാഗ്യവശാല്‍ നിങ്ങളും എന്നെപ്പോലെ ജീവന്‍റെ ഒരു കഷ്ണമായതു കൊണ്ട്, ഞാന്‍ എന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളെക്കുറിച്ച് സംസാരിക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. ഞാന്‍ എന്നെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഈ പ്രപഞ്ചത്തെക്കുറിച്ച് സംസാരിക്കുയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. ഞാന്‍ എന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദൈവത്തെക്കുറിച്ച് സംസാരിക്കുകയാണെന്ന് ചിലര്‍ക്ക് തോന്നുന്നു. ഇതെല്ലം അവരുടെ വ്യാഖ്യാനങ്ങളാണ്. ഞാന്‍ എന്നെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. .