सद्गुरु

അനസ്‌തേഷ്യയുടെ ഫലത്തെക്കുറിച്ചാണ് ഒരു പ്രമുഖ അനെസ്തേഷ്യോളജിസ്റ്റ് സദ്ഗുരുവിനോട് ചോദിച്ചത്. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് ' ബോധം നശിക്കുക' എന്നത് വാസ്തവത്തിൽ നടക്കുന്നുണ്ടോ എന്നാണ്. അതിനു മറുപടിയായി സദ്ഗുരു വിവരിക്കുന്നത് , ഏതു മരുന്ന് ഉപയോഗിച്ചാലും വേദനയും ഓർമയും മാത്രമേ ഇല്ലാതാകുന്നുള്ളു. എന്നാണ്. മരവിപ്പുണ്ടാക്കുന്നത് യോഗയുടെ വിപരീത ഫലമാണ് സൃഷ്ടിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.

ചോദ്യകർത്താവ് : നമസ്കാരം. ഞാൻ ഒരു അനെസ്തേഷ്യോളജിസ്റ്റാണ്. ഇരുനൂറു കൊല്ലം കഴിഞ്ഞിട്ടും നാം രോഗികളെ എങ്ങിനെയാണ് ബോധരഹിതരാക്കുന്നത് എന്നത് ഇത് വരെ മനസ്സിലാക്കിയിട്ടില്ല. പല സിദ്ധാന്തങ്ങളുമുണ്ട്. നമ്മെ വിസ്മയിപ്പിക്കുന്ന പ്രശ്‍നം ചില രോഗികൾ ശസ്ത്രക്രിയയെക്കുറിച്ച്, അത് നടക്കുന്ന സമയത് തീർത്തും ബോധവാന്മാരാണ് എന്നതാണ്. അത് എങ്ങിനെ സംഭവിക്കുന്നു എന്ന് നമുക്ക് അറിഞ്ഞു കൂടാ. അങ്ങ് ബോധത്തിന്‍റെ ഏഴു അടരുകളെക്കുറിച്ച് സംസാരിക്കുന്നതു കേട്ടു. മരുന്നുകൾ കൊണ്ട് എത്രത്തോളം ബോധമാണ് ഇല്ലാതാക്കുവാൻ സാധിക്കുന്നത്? യോഗ അഭ്യസിക്കുന്നവർക്ക് ഈ അബോധാവസ്ഥയിലും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിക്കുമോ?

സദ്ഗുരു : നിങ്ങൾ ഏതു തരത്തിലുള്ള അനസ്‌തെറ്റിക് ഉപയോഗിച്ചാലും അവബോധത്തിന്‍റെ ഒരു കണിക പോലും ഇല്ലാതാക്കുവാൻ നിങ്ങൾക്കു സാധിക്കുകയില്ല. വേദനയും ഓർമയും ഇല്ലാതാക്കുവാൻ സാധിക്കും, അല്ലെങ്കിൽ നടന്നതിനെ ഓര്‍മ്മിച്ചെടുക്കുവാനുള്ള കഴിവ് ഇല്ലാതാക്കുവാൻ കഴിയും. ഒരു ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആൾ അനസ്‌തേഷ്യ മൂലം നടന്നതൊന്നും തന്നെ ഉണരുമ്പോൾ ഓർമ്മിക്കുന്നുണ്ടാവില്ല. എന്നാൽ ഇരുപത്തഞ്ചു കൊല്ലത്തിനു ശേഷം പെട്ടന്ന് ശസ്ത്രക്രിയയുടെ സമയത് നടന്നതെല്ലാം ഓർമ്മയിൽ വരും. ഇങ്ങിനെ സംഭവിച്ച സന്ദർഭങ്ങൾ ഉണ്ടോ എന്ന് എനിക്ക് തീർച്ചയില്ല. എന്നാൽ ഇപ്രകാരം സംഭവിക്കുവാൻ എല്ലാ സാധ്യതയും ഉണ്ട്. എന്തുകൊണ്ടെന്നാൽ നിങ്ങൾ തടയുന്നത് ഓര്‍മ്മിക്കുവാനുള്ള കഴിവിനെ മാത്രമാണ്. എത്ര മരുന്ന് നൽകിയാലും അവബോധം ഇല്ലാതാക്കുവാൻ നിങ്ങൾക്ക് സാധ്യമല്ല.

ശങ്കരപ്പിള്ള ഒരു ദിവസം ഒരു ദന്ത ഡോക്ടറുടെ അടുത്തു ചെന്നു"എനിക്ക് ഒരു പല്ലു പറിക്കണം. അതിനു എന്താവും ചെലവ്?" അദ്ദേഹം ചോദിച്ചു. ഡെന്‍റിസ്റ്റ് പറഞ്ഞു " അഞ്ഞൂറ് ഡോളറാകും." "ഓ , അത് വളരെ കൂടുതലാണ്" ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. "അതാണ് എന്‍റെ ഫീസ് " ഡെന്‍റിസ്റ്റ് മറുപടി പറഞ്ഞു.

ശങ്കരപ്പിള്ള വീണ്ടും പറഞ്ഞു, "ഞാൻ മനസ്സിലാക്കുന്നത് ഇതിൽ അമ്പതു ശതമാനം അനെസ്തേഷ്യയുടെ ചിലവാണ് എന്നാണു. താങ്കൾ അനസ്‌തേഷ്യ ഒന്നും ഉപയോഗിച്ചില്ലെങ്കിൽ എന്ത് ചെലവ് വരും?" "അങ്ങിനെയാണെങ്കിൽ കഠിനമായ വേദന ഉണ്ടാകും , എന്നാൽ ചെലവ് ഇരുനൂറ്റിഅന്‍പതു ഡോളറേ ആകുകയുള്ളു ." ഡെന്‍റിസ്റ്റ് പറഞ്ഞു.

ശങ്കരപ്പിള്ള വീണ്ടും ചോദിച്ചു, "താങ്കൾ പല്ലു പറിക്കുന്നതിനു പകരം താങ്കളുടെ വിദ്യാർത്ഥികളിൽ ഒരാൾ , ഡെന്‍റിസ്റ്റാകാൻ പരിശീലിക്കുന്നവരിൽ ഒരാൾ, ആണ് പല്ലു പറിക്കുന്നത് എന്ന് വെച്ചാൽ എന്ത് ചിലവാകും?" " ഞാൻ ചെയ്യുമ്പോഴുള്ള വൈദഗ്ധ്യവും മറ്റും ലഭിക്കുകയില്ല എന്നാൽ ചെലവ് നൂറു ഡോളർ ആയിരിക്കും."

ശങ്കരപ്പിള്ള വീണ്ടും ചോദിച്ചു, " നിങ്ങളുടെ വിദ്യാർത്ഥികളിൽ, ഡെന്‍റിസ്റ്റാകുവാൻ പരിശീലിക്കുന്നവരിൽ ഒരാൾ, എന്‍റെ പല്ലു പറിക്കുകയും വേറെ പത്തു പേര് അത് കണ്ടു നിൽക്കുകയും ചെയ്തു എന്ന് വിചാരിക്കുക, അതായത് ഇത് ഒരു പഠിപ്പിക്കുവാനുള്ള അവസരമാണെന്നു വിചാരിക്കും. അപ്പോൾ എന്ത് ചിലവാകും? " ഡെന്റിസ്റ് പറഞ്ഞു, " വേദന നല്ലതുപോലെ ഉണ്ടായിരിക്കും, പത്തു പേര് നിങ്ങളുടെ വായിൽ നോക്കി നില്‍ക്കുന്നത് വിഷമമുണ്ടാക്കും. പക്ഷെ ഞാൻ നിങ്ങൾക്ക് ഇരുനൂറ്റി അമ്പതു ഡോളർ തരും ." ശങ്കരപ്പിള്ള സന്തോഷത്തോടെ പറഞ്ഞു, "അതാണ് കാര്യം. എനിക്ക് നാളത്തേക്ക് തന്നെ ഒരു സമയം തന്നേക്കു. എന്‍റെ അമ്മായി അമ്മയുടെ പല്ലു പറിക്കുവാനാണ്" വേദനയും ഓർമയും തടയുന്നു എന്നതുകൊണ്ട് അനസ്‌തേഷ്യ ഒരു അനുഗ്രഹം തന്നെയാണ്. എന്നാൽ അത് ഒരു തരത്തിലും അവബോധത്തെ ഇല്ലാതാക്കുന്നില്ല. നിങ്ങളിലെ ആ അവസ്ഥയെ അത് സ്പർശിക്കുന്നതേയില്ല. അനസ്‌തേഷ്യ കൂടുതലായതു കൊണ്ട് ആരെങ്കിലും മരിക്കുകയാണെങ്കിൽ പോലും - അങ്ങിനെ ഒന്നും സംഭവിക്കുന്നില്ലെന്നു നമുക്ക് ആശ്വസിക്കാം - നിങ്ങൾ അയാളുടെ അവബോധത്തെ സ്പർശിക്കുന്നില്ല. ശരീരത്തെ വീണ്ടും ഉണരുവാൻ പറ്റാത്ത വിധത്തിൽ മരവിപ്പിക്കുകയാണ് ചെയ്യുന്നത്.. നിങ്ങൾ അയാളുടെ അവബോധത്തെ തൊട്ടിട്ടില്ല; അങ്ങിനെ ചെയ്യുവാൻ നിങ്ങള്‍ക്കു സാധിക്കുകയുമില്ല. ഇതിനാലാണ് ആത്മീയ ചര്യകൾ ഇത്രയും പ്രാധാന്യം നേടുന്നത്. അതായത് ആ ചര്യകൾ വഴി നിങ്ങൾ എത്തിച്ചേരുന്നത് വേറെ ഒന്നിനും എത്തുവാൻ സാധിക്കാത്ത ഒരു ഇടമാണ്. അതിനാലാണ് ഗുരുവിനെ ഒരുവന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി കരുതുന്നത്. അദ്ദേഹം സ്പർശിക്കുന്നത് വേറെ ആർക്കും അടുക്കുവാൻ പറ്റാത്ത ഒരു ഇടമാണ്.

ചോദ്യകർത്താവ്: അങ്ങ് പറഞ്ഞത് അനസ്‌തേഷ്യ ഓര്‍മ്മിച്ചെടുക്കുവാനുള്ള കഴിവിനെ മാത്രമേ സ്പര്‍ശിക്കുന്നുള്ളു എന്നാണ്. യോഗ പരിശീലിക്കുന്നവരിലും ഇത് നഷ്ടപ്പെടുമോ?

യോഗയുടെ ഉദ്ദേശം നിങ്ങളെ മരവിപ്പിക്കലല്ല. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതിൽ കൂടുതലായി ജീവിതം മനസ്സിലാക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം.

സദ്ഗുരു : യോഗ പരിശീലിക്കുന്നവർക്കു മറ്റുള്ളവരെക്കാൾ കൂടുതൽ കാര്യങ്ങൾ ഓർമ്മയിൽ നിന്നും എടുക്കുവാൻ പറ്റുന്നതാണ്. എന്‍റെ ജീവിതത്തിൽ, ഞാൻ ചെറിയ കുഞ്ഞായിരുന്നപ്പോൾ, ഏതാണ്ട് രണ്ടോ മൂന്നോ മാസം പ്രായമുണ്ടായിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ എനിക്ക് ഓർമയുണ്ട്. മിക്ക ആളുകൾക്കും നാലു വയസ്സിനു മുൻപ് സംഭവിച്ച കാര്യങ്ങൾ ഓര്‍മ്മയുണ്ടാകില്ല. വാസ്തവത്തിൽ ഇതിലും കൂടുതൽ സംഭവിക്കാം - പല ജീവിതങ്ങളിലുണ്ടായ കാര്യങ്ങൾ നിങ്ങള്‍ക്ക് ഓര്‍മ്മയിൽ വെക്കാം.

യോഗയുടെ ഉദ്ദേശം നിങ്ങളെ മരവിപ്പിക്കലല്ല. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതിൽ കൂടുതലായി ജീവിതം മനസ്സിലാക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. മരവിപ്പിക്കുക അഥവാ മറച്ചു വെക്കുക എന്നത് യോഗയുടെ കാര്യമല്ല. വാസ്തവീകമായതിനെ നേരിടുക, നിങ്ങളെ വിഷമിപ്പിക്കുന്ന , നിങ്ങൾ വാസ്തവമാണെന്നു കരുതുന്ന പലേ ചെറിയ കാര്യങ്ങളെയും അപ്രത്യക്ഷ്യമാക്കുകയും , വലിയ ഒരു സത്യത്തെ കാണിച്ചു തരുകയും ചെയ്യുകയാണ് യോഗയുടെ ലക്ഷ്യം. ഇവയെല്ലാം അപ്രത്യക്ഷമാകും, എന്നാൽ അവ പോയതുകൊണ്ടല്ല, അവയുടെ പ്രാധാന്യം നഷ്ടപെട്ടതുകൊണ്ടാണ്.

യോഗകൊണ്ട് വേദനയെ മരവിപ്പിക്കുക സാധ്യമല്ല. യോഗയുടെ മാർഗം ഇങ്ങിനെയാണ്‌ - നിങ്ങള്‍ക്ക് ഒരു ചെറിയ പ്രശനം ഉണ്ടെങ്കിൽ ഞങ്ങൾ അതിലും വലിയ ഒരു പ്രശ്നത്തെ നിങ്ങൾക്കു മുൻപിൽ കൊണ്ടുവരും. ആ വലിയ പ്രശ്നം നേരിടുമ്പോൾ, നിങ്ങളുടെ ചെറിയ പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമാകും. നിങ്ങളുടെ മനസ്സിൽ ഒരു പ്രശനം മാത്രമേ നിൽകുകയുള്ളൂ. ആ പ്രശ്നം അത്രയും തീവ്രതയോടെ നിങ്ങളുടെ മനസ്സിൽ നിൽക്കുമ്പോൾ നിങ്ങള്‍ക്ക് അതിനു ഒരു പരിഹാരം കാണാതെ ജീവിക്കുവാൻ പറ്റുകയില്ല. നിങ്ങളുടെ ലയനം മാത്രമാണ് ഇതിനുള്ള പരിഹാരം.

അതിനാൽ അനസ്തേഷ്യ യോഗയുടെ നേരെ എതിരാണ്. എന്തെന്നാൽ അത് അവിടെ ഉള്ള ഒരു വസ്തുവിനെ മരവിപ്പിക്കുവാൻ ആണ് ശ്രമിക്കുന്നത്. യോഗയിൽ ഞാൻ യാതൊന്നും മരവിപ്പിക്കുവാൻ ശ്രമിക്കുന്നില്ല. നിങ്ങളുടെ പ്രശ്നങ്ങളെ അനന്തമായി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ പ്രശ്നം ഒരു പരിധിയില്ലാത്ത പ്രശ്നമായി മാറുന്നുണ്ട്. ഇത് നിങ്ങൾ മനസ്സിലാക്കിയാൽ മറ്റൊരു പ്രശ്നങ്ങളും പ്രാധാന്യമുള്ളവയല്ല എന്ന് മനസ്സിലാകും. അവ ഇല്ലാതാകുന്നില്ല. പക്ഷെ നിങ്ങൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തിന് മുൻപിൽ മറ്റുള്ളതെല്ലാം പ്രാധാന്യമില്ലാത്തവയായി തീരും.

ചോദ്യകർത്താവ് : അങ്ങ് സൂചിപ്പിച്ച അവബോധ തലത്തിന്‍റെ ഏഴു അടരുകൾ ഏതെല്ലാമാണ്?

സദ്ഗുരു : അവബോധത്തിന് അത്തരത്തിൽ ഏഴു അടരുകളോ തലങ്ങളോ ഒന്നുമില്ല. അവബോധം ഒന്നു മാത്രമേ ഉള്ളു. ഒരു വ്യക്തിയുടെ പരിണാമത്തിൽ അഥവാ കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള കഴിവിൽ വളർച്ചയുടെ ഏഴു പടികൾ ഉണ്ടായിരിക്കാം. ഏഴു പടികളിലൂടെ വളരുമ്പോൾ ആ വ്യക്തി അതിനെ ഏഴു വിഭാഗങ്ങളായിട്ടാണ് കാണുന്നത്. . അല്ലെങ്കിൽ എളുപ്പത്തിൽ മനസ്സിലാക്കുവാൻ വേണ്ടി അതിനെ ഏഴു ഭാഗങ്ങളായി കാണാം.

നമ്മൾ ഇപ്പോൾ വെള്ളിയാംഗിരി കുന്നുകളിൽ ആണെന്നും അതിൽ ഏഴു കുന്നുകൾ ഉണ്ടെന്നും നമ്മൾ പറയുന്നു. വാസ്തവത്തിൽ ഏഴു കുന്നുകളല്ല ഉള്ളത് ; ഒരു വലിയ പർവ്വതമാണ്. നമ്മൾ ഈ മല കയറുമ്പോൾ കുറച്ചു കയറ്റം കഴിഞ്ഞു ഒരു ഇറക്കമുണ്ടായിരിക്കും. ഇങ്ങിനെ ഏഴു തവണ ഉണ്ടാകും. അതുകൊണ്ട് നമ്മുടെ പര്‍വതാരോഹണത്തിന്‍റെ അനുഭവം വെച്ചു നോക്കുമ്പോൾ നമ്മൾ തിരഞ്ഞെടുത്ത വഴിയിൽ ഏഴു തവണ കയറ്റവും ഇറക്കവും ഉണ്ടായിരുന്നു. അതുകൊണ്ട് ഏഴു കുന്നുകളാണ് അവ എന്ന് നാം തീരുമാനിക്കുന്നു. ഇതേ മല മറുവശത്തുകൂടി കയറുകയാണെങ്കിൽ അവിടെ ഏഴു കുന്നുകൾ ഇല്ല; ഒരു പർവതം മാത്രമേ ഉള്ളൂ.

അവബോധം ഒന്നു മാത്രമാണ്. പക്ഷെ മനുഷ്യർ ഒരു പ്രത്യേക പാത തിരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ ഏഴു തലങ്ങൾ ഉണ്ടെന്നു കാണാം. പക്ഷെ നിങ്ങൾ സ്വയം എനിക്കു വിട്ടുതരികയാണെങ്കിൽ ഞാൻ അതിനെ ഒരു പടി മാത്രമാക്കാം, ഏഴു തലങ്ങൾ ഇല്ലാതാക്കാം. മലയുടെ ഏതു ഭാഗത്തുകൂടിയാണ് സമീപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഓരോരുത്തരുടെയും അനുഭവങ്ങളും