അനശ്വരമായ കാശി

പ്രപഞ്ചത്തിന്റെ രഹസ്യമെന്താണെന്ന് കണ്ടെത്തിയ യോഗികള്‍ക്ക് ഒരുള്‍പ്രേരണ - തങ്ങള്‍ക്കും ഇതുപോലെ ഒരു പ്രപഞ്ചം സൃഷ്ടിക്കണം. അവര്‍ വിശേഷപ്പെട്ട ഒരു ഉപകരണം സ്ഥാപിച്ചു, ഒരു മനുഷ്യന്‍റെ ആകാരത്തില്‍, ഒരു നഗരത്തിന്‍റെ ആകാരത്തില്‍ - അതാണു കാശി
 
 

सद्गुरु

നഗരം നിര്‍മ്മിച്ചിരിക്കുന്നത് ഊക്കനൊരു മനുഷ്യശരീരത്തിന്റെ മാതൃകയിലാണ്; അതി ബൃഹത്തായ പ്രപഞ്ചതത്വവുമായി കൂട്ടിയിണക്കുംവിധം. അങ്ങിനെയാണ് "കാശിയില്‍ ചെന്നാല്‍ എല്ലാമായി" എന്ന വിശ്വാസം വേരുറച്ചത്.

സദ്‌ഗുരു: ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കാശിയിലേക്ക് ജനങ്ങള്‍ വന്നെത്താറുണ്ട്. ആയിരമായിരം കൊല്ലങ്ങളായി ഈ പതിവ് തുടങ്ങിയിട്ട്. ഗൌതമ ബുദ്ധന്‍ തന്റെ ആദ്യത്തെ ധര്‍മ്മപ്രഭാഷണം നടത്തിയത് ഇവിടെയാണ്. ബുദ്ധനുശേഷം നിരവധി ചൈനക്കാര്‍ കാശിയിലെത്തി. കാശിയില്‍ നിന്നും പൊഴിഞ്ഞുവീണ ജ്ഞാനത്തിന്റെ ചെറിയൊരു തുള്ളിയാണ് നളന്ദ സര്‍വകലാശാല - ലോകത്തിലെ ഏറ്റവും ആദ്യത്തെ സര്‍വകലാശാല. വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാസ്ഥാപനം. അതി പ്രശസ്തരായ പല ശാസ്ത്രജ്ഞന്മാരും - ആര്യഭട്ടനെപ്പോലെയുള്ളവര്‍ - ഈ പ്രദേശങ്ങളില്‍ ജനിച്ചുവളര്‍ന്നവരാണ്. അവര്‍ക്കെല്ലാം ജന്മം നല്‍കിയത് കാശിയാണ്, ഒരിക്കലും ക്ഷയിക്കാത്ത അവിടത്തെ സംസ്കാരമാണ്.

കാശിയില്‍ നിന്നും പൊഴിഞ്ഞുവീണ ജ്ഞാനത്തിന്റെ ചെറിയൊരു തുള്ളിയാണ് നളന്ദ സര്‍വകലാശാല - ലോകത്തിലെ ഏറ്റവും ആദ്യത്തെ സര്‍വകലാശാല

പ്രപഞ്ചത്തിന്റെ രഹസ്യമെന്താണെന്ന് യോഗികള്‍ കണ്ടെത്തി, അതിന്റെ ശക്തിയായ പ്രകൃതം അവര്‍ മനസ്സിലാക്കി. അത് സ്വയം പരിണമിക്കുന്നു, വളര്‍ന്നു വരുന്നു. അതിന്റെ പരിണാമ സാദ്ധ്യതകള്‍ അനന്തമാണ്‌. ഇതെല്ലാം മനസ്സിലാക്കിയ പൂര്‍വ്വികരില്‍ ഒരുള്‍പ്രേരണ - തങ്ങള്‍ക്കും ഇതുപോലെ ഒരു പ്രപഞ്ചം സൃഷ്ടിക്കണം. കാശിയില്‍ അവര്‍ വിശേഷപ്പെട്ട ഒരു ഉപകരണം സ്ഥാപിച്ചു, ഒരു മനുഷ്യന്‍റെ ആകാരത്തില്‍, ഒരു നഗരത്തിന്‍റെ ആകാരത്തില്‍. വൃഷ്ടിയും സമഷ്ടിയുമായി യോജിപ്പിക്കാനുള്ള കഴിവ് അതിനുണ്ടായിരുന്നു.

പ്രപഞ്ച സത്യവുമായി ഒന്നു ചേരാനുള്ള അതിശയകരമായ കഴിവ് ഏതൊരു മനുഷ്യനിലും ഉണ്ട്. വിശ്വപ്രകൃതിയുമായി ലയനം പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും നിര്‍വൃതിയും സൗന്ദര്യവും ആ ജീവന് അറിയാനാകുമായിരുന്നു. സമഷ്ടിയും വൃഷ്ടിയും തമ്മില്‍ എങ്ങനെ ഒന്നുചേരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാശി; ക്ഷേത്ര ഗണിതമനുസരിച്ച്. ഇങ്ങനെയുള്ള ധാരാളം ഉപകരണങ്ങള്‍ ഈ നാട്ടിലുണ്ട്. എങ്കിലും അത്തരത്തിലുള്ള ഒരുപകരണമായി കാശി പോലെയുള്ള ഒരു നഗരം തന്നെ സൃഷ്ടിക്കുക - ഒരു ഭ്രാന്തന്‍ മോഹം തന്നെ, എന്നിട്ടും അവരത് ചെയ്തു, ആയിരമായിരം ആണ്ടുകള്‍ക്ക് മുമ്പ്. മനുഷ്യ ശരീരത്തില്‍ 72,000 നാഡികള്‍ ഉണ്ട്, കാശിയില്‍ 72,000 ക്ഷേത്രങ്ങളും.

നഗരം നിര്‍മ്മിച്ചിരിക്കുന്നത് ഊക്കനൊരു മനുഷ്യശരീരത്തിന്റെ മാതൃകയിലാണ്; അതി ബൃഹത്തായ പ്രപഞ്ചതത്വവുമായി കൂട്ടിയിണക്കുംവിധം. അങ്ങിനെയാണ് "കാശിയില്‍ ചെന്നാല്‍ എല്ലാമായി" എന്ന വിശ്വാസം വേരുറച്ചത്. കാശിയില്‍ ചെന്നാല്‍ ആര്‍ക്കും വിട്ടുപോകാന്‍ തോന്നില്ല, കാരണം അവിടെ നിങ്ങള്‍ ബന്ധപ്പെടുന്നത് വിശ്വപ്രകൃതിയുമായാണ്. അങ്ങനെയുള്ള ഒരു സ്ഥലം വിട്ടുപോകാന്‍ ആര്‍ക്കാണാവുക?

ശിവന്റെ വാസസ്ഥാനമായിരുന്നു കാശി എന്നു പുരാണകഥ. ഭഗവാന്റെ ശീതകാല വസതിയായിരുന്നു കാശി. കഥയില്‍ പറയുന്നത് ശിവന്‍ ഒരുപാടു പേരെ കാശിയിലേക്ക് അയച്ചു എന്നാണ്. പക്ഷെ ആരും മടങ്ങി വന്നില്ലപോലും. അത്രയ്ക്കും ആശ്ചര്യകരമായിരുന്നു ആ നഗരം. ഒരുപക്ഷെ യാഥാര്‍ത്ഥ്യം, കാശി നഗരം നിര്‍മിക്കാന്‍ ശിവന്‍ ഒട്ടനവധി ആള്‍ക്കാരെ അങ്ങോട്ടയച്ചു എന്നാകാം. നഗരം പൂര്‍ത്തിയാക്കാന്‍ അവര്‍ വളരെയധികം കാലം എടുത്തിട്ടുണ്ടാകാം. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ശിവന്‍ നേരിട്ടുചെന്ന് കണ്ടു. അദ്ദേഹത്തിനു ആ പുതിയ നഗരം തികച്ചും ബോധിച്ചു, അവിടെ താമസമാക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍ മൂന്നു തവണയായി കാശി ആക്രമിക്കപ്പെട്ടു, ആകെ തകര്‍ന്നു തരിപ്പണമായി. പുരാതന നഗരത്തിന്റെ എത്രത്തോളം ഭാഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്? അത് വലിയൊരു ചോദ്യമാണ്. ഏതായാലും പൂര്‍ണമായി നഷ്ടപ്പെട്ടു എന്നു പറയാന്‍ വയ്യ. കുറച്ച് എന്തൊക്കയോ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. കാശിയുടെ സുവര്‍ണകാലഘട്ടത്തില്‍ ആ അപൂര്‍വ പ്രഭാവം കാണാന്‍ നമ്മളാരും ഉണ്ടായിരുന്നില്ലല്ലോ, നമ്മുടെ ഭാഗ്യദോഷം! ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നും ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു ആ മഹാനഗരം. എന്തായിരിക്കണം ആ കാലത്തെ അതിന്റെ സ്ഥിതി... സങ്കല്പിക്കാന്‍ പോലും ആവില്ല.

ലോകത്തിനാവശ്യം സിദ്ധാന്തങ്ങളോ, തത്വ ശാസ്ത്രങ്ങളോ, വിസ്വാസപ്രമാണങ്ങളോ അല്ല. അതിനാവശ്യം നമ്മള്‍ ഇപ്പോള്‍ പറയുന്ന 'അതിനപ്പുറത്തുള്ളത്' കാണുവാനുള്ള കഴിവാണ്

ആ കാലം നമ്മള്‍ കടന്നു വന്നിരിക്കുന്നു. ഇനിയത്തെ ചോദ്യം ഇതുപോലെ ഭാവിയേയും നമ്മള്‍ അതിജീവിക്കുമോ എന്നാണ്. നമ്മള്‍ എന്ന്‍ ഞാന്‍ പറയുന്നത് പ്രത്യേകിച്ച് ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടല്ല, ഞാന്‍ ഉദ്ദേശിക്കുന്നത് ഈ ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും ആണ്. ജീവിതത്തെ അതിന്‍റെ മട്ടില്‍ സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍, അവനവന്‍റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാത്തവര്‍. ലോകത്തിനാവശ്യം സിദ്ധാന്തങ്ങളോ, തത്വ ശാസ്ത്രങ്ങളോ, വിസ്വാസപ്രമാണങ്ങളോ അല്ല. അതിനാവശ്യം നമ്മള്‍ ഇപ്പോള്‍ പറയുന്ന 'അതിനപ്പുറത്തുള്ളത്' കാണുവാനുള്ള കഴിവാണ്. അതുകൊണ്ട് മാത്രമേ മനുഷ്യന് മനസ്സിലാക്കാനാവൂ, അങ്ങനെ മാത്രമേ മനുഷ്യന്റെ ബോധം വികസിക്കൂ. മനുഷ്യ സമൂഹത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ഇടുങ്ങിയ വിഭജനങ്ങള്‍ക്കപ്പുറത്തേക്ക് കടന്ന്‍ അവന്റെ ബോധം കൂടുതല്‍ വികാസം പ്രാപിക്കണമെങ്കില്‍ അവന്റെ മുന്നിലുള്ളത് ഇങ്ങനെയൊരു വഴി മാത്രമാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1