സദ്ഗുരു, ഈശാ ഫൗണ്ടേഷൻ

ആയിരക്കണക്കിനു വർഷങ്ങളായി, ലോകത്തിലെ എല്ലാ സമൂഹങ്ങളിലും, ആളുകൾ പലതരം സാഹചര്യങ്ങളിലായിട്ടാണ് ജീവിച്ചിക്കുന്നതെങ്കിലും, മിക്കവാറും എല്ലാ സമൂഹങ്ങളും വിവാഹം എന്ന ഒരു സമ്പ്രദായം തുടർന്നു പോന്നു. 

അത്, ഒരു ഭാര്യ-ഒരു ഭർത്താവ് അല്ലെങ്കിൽ നിരവധി ഭാര്യമാർ, അതുമല്ലെങ്കിൽ നിരവധി ഭർത്താക്കന്മാർ എന്നൊക്കെയുള്ള വ്യവസ്ഥകളിൽ ആയിരിക്കാം. പല സമൂഹങ്ങൾ വ്യത്യസ്ത വഴികൾ സ്വീകരിച്ചെങ്കിലും ഒരു നിശ്ചിത പ്രതിബദ്ധത സൂക്ഷിക്കുന്ന രീതി അവർ തുടർന്നു പോന്നു. കാരണം, രണ്ട് പേർ തമ്മിൽ ശാരീരികമായ അടുപ്പം പങ്കിടുമ്പോൾ അത് പ്രതിബദ്ധതയുള്ള ഒരു അന്തരീക്ഷത്തിൽ മാത്രമെ സംഭവിക്കാൻ പാടുള്ളൂ .

മനുഷ്യർക്കുള്ളിൽ വേണ്ടത്ര പ്രതിബദ്ധതയില്ലാതെ തമ്മിൽ അടുപ്പം സംഭവിക്കുകയാണെങ്കിൽ, അത് ആ വ്യക്തികളുടെയും തുടർന്ന് സമൂഹത്തിന്റെയും ക്രമക്കേടിന് വഴിവെക്കുമെന്ന് ഓരോ സമൂഹവും മനസ്സിലാക്കിയിരുന്നു.

ഒരു കുട്ടി എട്ട് വയസ്സ് വരെ തന്റെ മാതാപിതാക്കൾ ആരാണെന്നു  അറിയാതെ വളരുകയാണെങ്കിൽ, അങ്ങിനെയുള്ള ആശയക്കുഴപ്പങ്ങൾ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ  ആ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടെങ്കിൽ, ആ കുട്ടിക്ക് തന്റെ മുഴുവൻ സാധ്യതകളെയും പര്യവേക്ഷണം ചെയ്യാൻ കഴിയില്ല.

ഇത് ഒരു മുൻവിധിയായി പറയുന്നതല്ല,ഒരു കുട്ടിക്ക് വേണ്ടത്ര സ്ഥിരതയും സന്തുലനവും ഉണ്ടെങ്കിൽ ആ കുഞ്ഞു വളർന്നു ഒരു നല്ല ജീവിതം നയിക്കും. എന്നാൽ, സാധാരണയായി, മിക്ക കുട്ടികളും ഈ ആശയക്കുഴപ്പത്തോട് കൂടിയായിരിയ്ക്കും  ജീവിതകാലം മുഴുവനും കഴിയുക .

അതിനാൽ , പ്രതിബദ്ധതയോട് കൂടി മാത്രമേ ശരീരികമായ ഒരു ബന്ധത്തിൽ ഏർപ്പെടാൻ പാടൂ എന്ന് ഓരോ സമൂഹവും മനസിലാക്കിയിരുന്നു.

എല്ലാറ്റിനുമുപരിയായി, ഈ ഭൗതിക ശരീരത്തിന് അതിന്റേതായ ഓർമ്മയുണ്ട്. യോഗയിൽ ഇതിനെ ഞങ്ങൾ 'രൂണാനു ബന്ദ' എന്ന് വിളിക്കുന്നു. 'രൂണാനു ബന്ദ' എന്നാൽ ശരീരത്തിന്റെ ഭൗതികമായ ഓർമ്മ എന്നാണ് അർത്ഥമാക്കുന്നത്. കഴിക്കുന്ന ഭക്ഷണം, ചുറ്റുമുള്ള അന്തരീക്ഷം, എന്നിങ്ങനെ അതിനോട് സമ്പർക്കത്തിലെത്തുന്ന എല്ലാ വിഷയങ്ങളും ശരീരത്തിന്റെ ഓർമ്മയിൽ പതിക്കുന്നു.

അത് കൊണ്ടാണ്, ഭാരത സംസ്കാരത്തിൽ ചില കാര്യങ്ങൾക്ക് പരമ്പരാഗതമായി വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്. ഒരാൾ തന്റെ ദിവസം എങ്ങനെ ആരംഭിക്കണം, താമസിക്കുന്ന വീട് എങ്ങനെ ഒരുക്കണം എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ.

ശരിയായ അവസ്ഥയിലേക്കെത്താനുള്ള ധാരണ നിങ്ങൾക്കില്ലെങ്കിലും കൂടി, ശരീരം ശരിയായ തരത്തിലുള്ള മുദ്രകളെ ആഗിരണം ചെയ്യുകയും നിങ്ങളെ അതിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ,ജീവിതത്തിന്റെ നാനാവിധ വശങ്ങളിലും അവർ അതിയായ ശ്രദ്ധ പതിപ്പിച്ചിരുന്നു.

ശാരീരിക സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഈ രൂണാനു ബന്ദ പ്രത്യേകിച്ചും വളരെ ശക്തമായിരിക്കും. നിങ്ങൾ ഒരു വ്യക്തിയെ സ്പർശിച്ചാൽ പോലും, അത് ഒരു നിശ്ചിത തലത്തിലുള്ള മുദ്രയായി മാറുന്നു. അതുകൊണ്ടാണ്, നിങ്ങൾ പരസ്പരം പ്രതിജ്ഞാബദ്ധരല്ലെങ്കിൽ, ശാരീരിക അടുപ്പത്തിലേർപ്പെടരുത് എന്ന എല്ലാ സമൂഹത്തിലും അടിയുറച്ച ഒരു വ്യവസ്ഥ നിലവിൽ വന്നത്.

ഇന്ന്, ആധുനികതയുടെ പേരിൽ നമ്മൾ ഇതിന് അൽപ്പം അയവു കൊടുക്കുന്നു. ഇതിന് വലിയ ഒരു വില നാം നൽകേണ്ടിവരും.അതിനൊരു ഉദാഹരണമാണ് അമേരിക്ക.അവിടെ ഇന്നത്തെ തലമുറ കുറച്ചനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഭാവിയിൽ, ഇത് വളരെ വലിയതാവും.

ആ സമൂഹം, പരിഹാര മാർഗമൊന്നും കണ്ടെത്തിയില്ലെങ്കിൽ, അടുത്ത ഒന്നോ രണ്ടോ തലമുറകളിൽ അവിടെയുള്ളവരുടെ മാനസിക അസന്തുലിതാവസ്ഥ ആളിക്കത്തും. ഞാൻ ഇത് ധാർമ്മിക കാഴ്ചപ്പാടിൽ നിന്നല്ല പറയുന്നത്. എനിക്കുള്ളിൽ ധാർമ്മികതയില്ല,  എനിക്കുള്ളിൽ ജീവൻ മാത്രമേയുള്ളൂ. എന്താണ് നല്ല ഫലം നൽന്നത്, എന്താണ് നല്ല ഫലം നൽകാത്തത്,എന്നതിനെ കുറിച്ച് മാത്രമേ എനിക്ക് താൽപ്പര്യമുള്ളൂ. എന്താണോ നല്ല ഫലം നൽകുന്നത്, അത് നമ്മൾ ചെയ്യണം.

നിങ്ങളുടെ ബന്ധം ഒരു പരിധിയിൽ കൂടുതൽ മോശമായി പോയിട്ടുണ്ടെങ്കിൽ - രണ്ടു പേർക്കും രണ്ടു വ്യത്യസ്ത ചിന്താഗതികളാണ്, അല്ലെങ്കിൽ, ബന്ധം അക്രമാസക്തമോ അധിക്ഷേപകരമോ ആയെങ്കിൽ - അതിൽ നിന്ന് പുറത്തുവരാൻ ഒരു വ്യക്തിക്ക് എല്ലാ അവകാശവുമുണ്ട്. എന്നാൽ നമ്മളിന്ന് കാണുന്നത്, പ്രത്യേകിച്ചും അമേരിക്കയിൽ, ആളുകൾ ശനിയാഴ്ച ഒരു ബന്ധം അവസാനിപ്പിക്കുന്നു, പക്ഷെ, തിങ്കളാഴ്ചയോടെ അവർ പുതിയ ഒരു പങ്കാളിയുടെ കൂടെയാണുള്ളത്.

ഇത് നിങ്ങളുടെ സ്വന്തം ക്ഷേമത്തിന് തന്നെ നിരുത്തരവാദപരമാണ്. ഒരു ബന്ധത്തിൽ നിന്ന് പുറത്തുവരുകയാണെങ്കിൽ, ഗണ്യമായ സമയം നിങ്ങൾ സ്വയം ചെലവഴിക്കണം. കാരണം, പഴയ ബന്ധത്തിൽ എന്ത് തെറ്റാണോ സംഭവിച്ചിട്ടുള്ളത്,അതിൽ നിങ്ങൾക്കും 50% സംഭാവനയുണ്ടായിരുന്നു. ആ 50% പരിഹരിക്കാൻ ഈ സമയം നിങ്ങൾ ഉപയോഗിക്കണം.

പാശ്ചാത്യ രാജ്യങ്ങളിൽ മിക്ക ആളുകളിലും വളരെ ആഴത്തിലുള്ള വേദന ഞാൻ കാണുന്നു. കുറച്ച് ആളുകൾ മാത്രമേ വിശ്വാസത്തോടെയുള്ള ബന്ധങ്ങൾ ആസ്വദിക്കുന്നുള്ളൂ. മറ്റെല്ലാവരും എല്ലായ്‌പ്പോഴും ഏതോ ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയിലാണ്. ഇത് സ്വാതന്ത്ര്യമല്ല. വൈകാരികമായി സുരക്ഷിതമല്ലാത്തത് ഭയങ്കരമായ അടിമത്തമാണ്.

നിങ്ങൾ വൈകാരികമായി സുരക്ഷിതമല്ലാത്തപ്പോൾ, യഥാർത്ഥത്തിൽ നിങ്ങൾക്ക് ഒന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനും, ഫലപ്രദമാകാനും കഴിയില്ല. എന്നാൽ, നിങ്ങളുടെ വീട്ടിലെ അവസ്ഥ സുസ്ഥിരമാവുമ്പോൾ, ഒരു വ്യക്തിക്ക് വളരെയധികം സ്ഥിരതയും വ്യക്തതയും ഉണ്ടാകും.

നിങ്ങൾ ബന്ധങ്ങൾക്ക് അതീതനാണെങ്കിൽ, അതായത്, യാതൊരു തരത്തിലുള്ള ബന്ധങ്ങളും ആവശ്യമില്ലെങ്കിൽ, അത് വേറെ കാര്യം. അല്ലാത്തപക്ഷം, ഓരോ മനുഷ്യനും, മൂല്യവത്തായ എന്തെങ്കിലും ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സ്ഥിരത ആവശ്യമാണ്.