ഒരു കൃഷിക്കാരന്‍ തന്‍റെ ഫലഭൂയിഷ്ടമായ കൃഷിഭൂമി തന്‍റെ രണ്ടു മക്കളെ ഏല്‍പിച്ചു സ്വസ്ഥമായി മരിച്ചു. കാലം കടന്നു പോകെ മൂത്തവന്‍ വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായി. ഇളയവന്‍ വിവാഹം കഴിച്ചതേ ഇല്ല.

അച്ഛന്‍റെ ആഗ്രഹപ്രകാരം കൃഷിയിടത്തിലെ വിളവ് രണ്ടുപേരും തുല്യമായി പങ്കിട്ടെടുത്തു. പ്രായമായപ്പോള്‍ മൂത്തവന്‍റെയുള്ളില്‍ ഒരു ചിന്ത ഉദിച്ചു."എനിക്കു വാര്‍ദ്ധക്യമാവുമ്പോള്‍ എന്നെ നോക്കാന്‍ അഞ്ചു മക്കളുണ്ട്.എന്നാല്‍ അനിയന് ആരുമില്ലല്ലോ.അതുകൊണ്ട് അവനുവേണ്ടി കൂടുതല്‍ കരുതി വയ്ക്കണം. ഈ വിചാരം വന്നപ്പോള്‍ മുതല്‍ ഓരോ മാസവും അയാള്‍ തന്‍റെ ധാന്യപ്പുരയില്‍ നിന്നും ഒരു ചാക്ക് ധാന്യം അനിയന്‍റെ ധാന്യപ്പുരയില്‍ രഹസ്യമായി കൊണ്ടുവയ്ക്കാന്‍ തുടങ്ങി.

അനിയന്‍ മറ്റൊരു വിധത്തിലാണ് ചിന്തിച്ചത്. ചേട്ടന്‍ പ്രാരബ്ധക്കാരനാണ്. ഞാന്‍ ഒറ്റയാനും. അതുകൊണ്ട് കൂടുതല്‍ പങ്ക് ചേട്ടന്‍റെ കുടുംബത്തിനു കിട്ടണം. തന്‍റെ പങ്കില്‍ നിന്നും ഒരു ചാക്കു ധാന്യം അയാള്‍ ചേട്ടനറിയാതെ അദ്ദേഹത്തിന്‍റെ ധാന്യപ്പുരയില്‍കൊണ്ടു വയ്ക്കാന്‍ ആരംഭിച്ചു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒരു ദിവസം ചാക്കുകെട്ടും ചുമന്നു വരുന്ന ആ സഹോദരന്മാര്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടി. രണ്ടുപേര്‍ക്കും ധര്‍മ്മ സങ്കടമായി. എങ്കിലും അതിനെപ്പറ്റി സംസാരിക്കാതെ പതിവുപോലെ ധാന്യം ഇറക്കി വച്ചിട്ട് അവര്‍ തിരിച്ചുപോയി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. ആ ദേശത്ത് ഒരു ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം തേടി നടന്നവര്‍ക്ക് ആ സഹോദരന്മാര്‍ കണ്ടുമുട്ടിയ സ്ഥലമാണ് ഏറ്റവും വിശുദ്ധ ഭൂമി എന്നു മനസ്സിലായി. അവിടെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു.

ഇങ്ങനെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ നാമെങ്ങനെയാണ് ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത്? എത്ര അടുപ്പമുള്ളവരായാലും ഒരു അതിര്‍ത്തി രേഖവരച്ച് നാം അതിനപ്പുറത്ത് നിറുത്തുന്നു. അതു കടന്ന് വരുന്നവരോട് പോരാടാന്‍ തുടങ്ങുന്നു. ഇരുവരില്‍ ഒരാള്‍ അല്പം വിട്ടുവീഴ്ചയോടെ പിന്‍മാറിയാല്‍ മാത്രമെ അപരന് ജീവിക്കാനാവൂ.

ബന്ധുക്കളാവട്ടെ, സഹപ്രവര്‍ത്തകരാവട്ടെ, കൂട്ടുകാരാവട്ടെ, അടുത്തരാജ്യക്കാരാവട്ടെ ആരായിരുന്നാലും ശരി, അവരില്‍ എല്ലാം നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗുണവും ഇഷ്ടപ്പെടാത്ത ഗുണവും കാണും. ഇവ ഇട കലര്‍ന്നേ കാണപ്പെടുകയുള്ളു. ഈ രണ്ടു സ്വഭാവങ്ങളേയും ഒരേ രീതിയില്‍ സ്വീകരിക്കാനാവുമെങ്കില്‍, അതിനുള്ള മാനസിക പക്വത കൈവന്നുവെങ്കില്‍, അതോടെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നിരിക്കും.

കളിയാവട്ടെ, വ്യാപാരമാവട്ടെ, ഓഫീസാവട്ടെ അവിടെയെല്ലാം പലര്‍ ഒത്തൊരുമിച്ച് ജോലിചെയ്യേണ്ടിവരുന്നു. വ്യത്യസ്ഥതലങ്ങളില്‍ നിന്നു വന്നവര്‍ ഒന്നിച്ചു ചേരുമ്പോള്‍ ഒരാളിന്‍റെ ഇഷ്ടപ്രകാരം മാത്രം എല്ലാ കാര്യങ്ങളും നടക്കുകയില്ല. എല്ലാവരുടെ വിചാരവികാരങ്ങളും ഒരേരീതിയിലാവുന്നത് അപൂര്‍വ്വ സംഭവമാണ്. ഇതേപോലെ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ മറ്റൊരാളിനെ അവജ്ഞയോടെ കാണുന്ന പ്രവണത ആദ്യമേ വെടിയണം.

വ്യത്യസ്ത അനുഭവതലങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ജീവിതത്തിന്‍റെ സ്വാരസ്യം അനുഭവവേദ്യമാകുന്നത്. സ്വന്തം പ്രതീക്ഷകള്‍ക്കനുസരിച്ച് അന്യനെ വളയ്ക്കാന്‍ ശ്രമിക്കരുത്. അതിനുപകരം അയാളെ അയാളായിത്തന്നെ അംഗീകരിക്കുക.

"എന്നെപ്പോലെയല്ല അയാള്‍" എന്നുള്ളതുകൊണ്ട് അയാളെ കുറ്റം പറയരുത്. കൂടെയുള്ളവര്‍ എല്ലാവരും മഹത്തുക്കള്‍ തന്നെ. വല്ലപ്പോഴും അവര്‍ മന്ദബുദ്ധികളെപ്പോലെ പെരുമാറിയേക്കാം. ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നു പോലും പലസന്ദര്‍ഭങ്ങളിലും നിരാശജനകമായ അനുഭവം നിങ്ങള്‍ക്കുണ്ടായെന്നു വരാം. പക്ഷെ അതൊന്നും പെരുപ്പിച്ചു കാണരുത്.

വ്യത്യസ്ത അനുഭവതലങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ജീവിതത്തിന്‍റെ സ്വാരസ്യം അനുഭവവേദ്യമാകുന്നത്. സ്വന്തം പ്രതീക്ഷകള്‍ക്കനുസരിച്ച് അന്യനെ വളയ്ക്കാന്‍ ശ്രമിക്കരുത്. അതിനുപകരം അയാളെ അയാളായിത്തന്നെ അംഗീകരിക്കുക.

ഈ രീതി പിന്‍തുടരുമ്പോള്‍ സ്വന്തം ഇച്ഛക്കനുസരിച്ചുള്ളവരെ ഒപ്പം കൂട്ടാന്‍ കിട്ടിയെന്നു വരില്ല. എന്നാലും ജീവിതം നിങ്ങള്‍ ആഗ്രഹിച്ചതുപോലെ ജീവിക്കാനാവും.

കൊടുക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം വാങ്ങുമ്പോള്‍ കിട്ടുകയില്ല.

"വിശന്നിരിക്കുന്ന ഒരുവന് നിന്‍റെ ഭക്ഷണം കൊടുക്കുമ്പോള്‍ വിശപ്പുകൊണ്ട് നീബലഹീനനാവുകയില്ല. മറിച്ച് ഊര്‍ജ്ജസ്വലനാവുകയേയുള്ളു എന്ന് ശ്രീബുദ്ധന്‍ എത്ര ഭംഗിയായി ഈ തത്വം പറഞ്ഞിരിക്കുന്നു. ഭക്ഷണം മാത്രമല്ല സ്നേഹവും ഇപ്രകാരമാണ്. അളവില്ലാത്ത സ്നേഹം നല്‍കുമ്പോള്‍ കിട്ടുന്ന ആനന്ദത്തിനു പകരം മറ്റൊന്നുമില്ല തന്നെ. വെറും വാക്കായി കാണാതെ ഇതു പ്രാവര്‍ത്തികമാക്കു. അപ്പോള്‍ ആ യഥാര്‍ത്ഥമായ ആനന്ദം നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാനാവും.