ചോദ്യം: ഒരു ജീവശാസ്ത്ര അധ്യാപകനെന്ന നിലയില്‍ ജീവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. എന്‍റെ യോഗയെന്ന അനുഭവവും പരമ്പരാഗത ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഞാന്‍ പതുക്കെ ചുവടുകള്‍ വെച്ച് ആ ഒരു നിമിഷത്തിന്‍റെ പൂര്‍ണ്ണതയെക്കുറിച്ച് ആലോചിക്കുന്നു. ആ സമ്മര്‍ദ്ദത്തിന്‍റെ നിമിഷങ്ങളെക്കുറിച്ചും, ഒരു അധ്യാപകന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ ചിന്തകളെ രൂപപ്പെടുത്താനുള്ള കഴിവിനെക്കുറിച്ചും അങ്ങയുടെ ഉള്‍ക്കാഴ്ച്ച പങ്കുവെച്ചാല്‍ ഞാന്‍ കൃതജ്ഞനായി.

സദ്ഗുരു: മറ്റുള്ളവരുടെ ചിന്തകളെ നിങ്ങള്‍ രൂപപ്പെടുത്താന്‍ പാടില്ല, കാരണം നിങ്ങള്‍ വിജയകരമായി അങ്ങനെ ചെയ്യുകയാണെങ്കില്‍ - അധിക സമയവും നിങ്ങള്‍ക്കതിനു സാധിക്കില്ല – എന്നാലും മറ്റൊരാളുടെ ചിന്തകള്‍ രൂപപ്പെടുത്താന്‍ വിജയിക്കുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ തന്നെ ഒരു തനിപ്പകര്‍പ്പ്‌ ഉണ്ടാക്കിയെന്നാണര്‍ത്ഥം. ഇതല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം.

ജീവശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ക്കു ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യം എന്താണെന്നു വെച്ചാല്‍, നിങ്ങള്‍ എടുക്കുന്ന ഓരോ ക്ലാസ്സിലും “എനിക്കറിയില്ല” എന്നു മൂന്നു പ്രാവശ്യമെങ്കിലും പറയുന്നുവെന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം. കുട്ടികള്‍ അവര്‍ക്കറിയില്ല എന്നു മനസ്സിലാക്കട്ടെ, കാരണം അജ്ഞത അറിവിനേക്കാള്‍ വലിയ സാധ്യതയാണ്, എല്ലായ്പ്പോഴും അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും.

യോഗ സംസ്കാരത്തില്‍ അജ്ഞത കൊണ്ടു മനസ്സിലാക്കാനാണ് പരിശീലിപ്പിക്കുന്നത്, കാരണം അറിവ് വളരെ പരിമിതവും അജ്ഞത അനന്തമായ സാധ്യതയുമാണ്‌. കുട്ടികള്‍ അധ്യാപകനന്‍റേയോ, പുസ്തകങ്ങളുടെയോ പരിമിതികളില്‍ നില്‍ക്കാതെ അനന്തമായതിനെ സ്പര്‍ശിക്കാനിട വരട്ടെ.