“അഹംഭാവം," അതു നശിപ്പിക്കാനുള്ളതല്ല
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്റെ ആദ്യത്തെ തുടിപ്പായി നിങ്ങള്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ അഹം എന്ന ഭാവം നിങ്ങളോടൊപ്പമുണ്ട്. രണ്ടും പിറവിയെടുത്തത് ഒരേ നിമിഷം.
 
 

सद्गुरु

ചോദ്യം:- നമസ്കാരം സദഗുരോ. "ഈഗോ"എന്നാല്‍ എന്താണ്? അത് തീര്‍ത്തും നശിപ്പിച്ചു കളയേണ്ട ഒന്നാണോ? ഏതുവിധത്തിലാണ് അതിനെ ഇല്ലാതാക്കേണ്ടത്?

സദ്‌ഗുരു: നിങ്ങളുടെ എന്തെങ്കിലും ഒരു പ്രവൃത്തിയുടെ ഫലമായി നിങ്ങള്‍ നേടിയെടുത്ത ഒന്നല്ല "ഈഗോ" (അഹംഭാവം - ഞാനെന്ന ഭാവം). നിങ്ങളുടെ സ്വത്തുമായോ, സൌന്ദര്യവുമായോ, സ്ഥാനവലിപ്പവുമായോ അതിന് ഒരു ബന്ധവുമില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്റെ ആദ്യത്തെ തുടിപ്പായി നിങ്ങള്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ അതും നിങ്ങളോടൊപ്പമുണ്ട്. രണ്ടും പിറവിയെടുത്തത് ഒരേ നിമിഷം. “ഞാന്‍ ഈ ശരീരമാണ്” എന്ന ബോധം എപ്പോഴുണ്ടായോ, അപ്പോള്‍ മുതല്‍ ഞാനെന്ന ഭാവവും ഉണ്ടായി. അതാണ്‌ ആദ്യത്തെ തെറ്റ്!

വാസ്തവത്തില്‍ അഹംബോധം സ്വരക്ഷക്കുള്ള ഒരു ഉപാധിയാണ്. ഈ ചെറിയ ശരീരമാണ് ഞാന്‍ എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു. ഈ വിശാലമായ ലോകത്തില്‍ ഈ ചെറിയ "ഞാന്‍" എന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിക്ക് കഴിഞ്ഞു കൂടേണ്ടതുണ്ട്. ഈ ലോകം തുടങ്ങിയതെവിടെനിന്നാണ് എന്നറിഞ്ഞുകൂടാ, അവസാനിക്കുന്നത് എവിടെയാണെന്നും രൂപമില്ല. നിലനില്‍പ്പിന് വേണ്ടിമാത്രം താന്‍ വലിയ എന്തോ ഒരു സംഗതി ആണെന്ന് ഓരോ ജീവനും നടിക്കേണ്ടതുണ്ട്. അങ്ങിനെയാണ് "ഈഗോ" രൂപം കൊണ്ടിട്ടുള്ളത്, അത് യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല. ഈ ലോകത്തില്‍ ജീവിച്ചുപോരാനായി നിങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തിട്ടുള്ളതാണ് അത്.

ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ അഹംബോധം ഒരു നിഴലാണ്. ശരീരമുണ്ടെങ്കില്‍ തീര്‍ച്ചയായും നിഴലുണ്ടാകും. ആ നിഴലിനെ നല്ലതെന്നോ ചീത്തയെന്നോ വിശേഷിപ്പിക്കാനാവില്ല. സൂര്യന്റെ ഗതിക്കനുസരിച്ച് അത് വലുതാവുന്നു, ചെറുതാവുന്നു. ബാഹ്യമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നിഴലിന്റെ വലിപ്പം കൂടുന്നതും കുറയുന്നതും. നിങ്ങളുടെ ഈഗോയും (അഹംഭാവവും) ഇതുപോലെയായിരിക്കുന്നു. ചിലപ്പോള്‍ അതിന് ഒരു മൈല്‍ നീളമുണ്ടാകും.

വൈരാഗ്യം

എല്ലാവര്‍ക്കും നല്ല കേട്ടുപരിചയമുള്ള ഒരു വാക്കാണ്‌ "വൈരാഗ്യം." രാഗം എന്നാല്‍ നിറം എന്നാണര്‍ത്ഥം. വൈരാഗ്യം എന്നാല്‍ നിറങ്ങള്‍ ബാധിക്കാത്തത്‌ എന്നാണ്, അതായത് എല്ലാ നിറങ്ങള്‍ക്കും അപ്പുറത്തുള്ളത്. തികച്ചും സുതാര്യമായി(transparent) തീരണം - അങ്ങിനെയാണെങ്കില്‍ പുറകില്‍ ചുകന്ന നിറമുണ്ടെങ്കില്‍ നിങ്ങളുടെ നിറവും ചുവപ്പാകും, അതുപോലെ പുറകില്‍ നീലയോ മഞ്ഞയോ ആണെങ്കില്‍ അതിനനുസരിച്ച് നിങ്ങളുടെ നിറവും മാറും. നിങ്ങള്‍ക്ക് മുന്‍വിധികളില്ല, നിങ്ങള്‍ ഈ നിമിഷം എവിടെയാണോ അതിന്റെ ഒരു ഭാഗമായി നിങ്ങളും മാറുന്നു. അതേ സമയം ഒന്നും തന്നെ നിങ്ങളില്‍ പറ്റിപ്പിടിക്കുന്നില്ല. ഈ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ വൈരാഗ്യ മനോഭാവത്തോടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ചെന്നെത്താന്‍ മനസ്സിന്‌ ധൈര്യമുണ്ടാകൂ.

മനസ്സിന് അയവാണ് വേണ്ടത്, കടുംപിടിത്തമല്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാന്‍ കഴിയണം

ജീവിതത്തില്‍ പലതരത്തിലുള്ള സാഹചര്യങ്ങള്‍ മാറിമാറി വന്നും പോയും ഇരിക്കും. ഓരോന്നും നേരിടാന്‍ വ്യതസ്തമായ മനോഭാവം ആവശ്യമാണ്‌. മനസ്സിന് അയവാണ് വേണ്ടത്, കടുംപിടിത്തമല്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാന്‍ കഴിയണം, എങ്കില്‍ മാത്രമേ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ നുകരാനാവുകയുള്ളു, അതേ സമയം ദോഷഫലങ്ങള്‍ ഒന്നും ബാധിക്കുകയുമില്ല. നിങ്ങള്‍ ദൃഢതയോടെ വിശ്വസിക്കുന്നത് 'ഞാന്‍' എന്ന് പറയുന്നത് ഈ കാണുന്ന ശരീരമാണ് എന്നാണ്. അതിനര്‍ത്ഥം നിങ്ങള്‍ നിഴലിനോടാണ്‌ ഒട്ടിനില്‍ക്കുന്നത് എന്നാണ്. അതു നിങ്ങള്‍ മനസ്സിലാക്കുന്നില്ല. "നിഴലാണ് ഞാന്‍" എന്ന തോന്നലുറച്ചുകഴിഞ്ഞാല്‍, മണ്ണില്‍ ഇഴയുകയല്ലാതെ വേറെ വഴിയില്ല. മണ്ണില്‍ ഇഴയുന്ന ഒരാളുടെ ജീവിതം ഏതു വിധത്തിലായിരിക്കും? ഇഴഞ്ഞു പോകുന്ന പാതയില്‍ പരവതാനി വിരിച്ചിട്ടുണ്ടെങ്കില്‍ സന്തോഷമുണ്ടാവില്ലെങ്കിലും, കഷ്ടപ്പാടുണ്ടാവുകയില്ല. എന്നാല്‍ വഴി നിറയെ കല്ലും മുള്ളുമാണെങ്കിലോ, ഇപ്പോള്‍ നിങ്ങളുടെ ജീവിതം ഈ അവസ്ഥയിലാണ്.

ഇപ്പോഴുള്ള നിങ്ങളുടെ അനുഭവങ്ങളെല്ലാം ശരീരത്തിന്റെ തലത്തിലുള്ളതാണ്. അഞ്ച് ജ്ഞാനേന്ത്രിയങ്ങളില്‍ കൂടി നമ്മളിലെത്തുന്ന ഓരോ അനുഭവവും ഭൌതികമായിട്ടുള്ളതാണ്. ശരീരത്തിന് അതിന്റേതായ ഒരു ലക്ഷ്യമില്ല, അതൊരു ആവരണം മാത്രമാണ് - പുറംതൊലി. അകത്തുള്ള ഫലത്തെ സംരക്ഷിക്കുന്നതാണ് പുറത്തുള്ള തൊലി. ശരീരത്തിന് പ്രാധാന്യം ലഭിക്കുന്നതിനുള്ള കാരണം, അതിനകത്ത് മാധുര്യമായ ഫലം സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. ആ ഫലം എന്താണെന്ന് നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടില്ല. നാളെ രാവിലെ ആ ഫലം നിങ്ങളെ വിട്ടുപോയി എന്ന് കരുതുക, പിന്നീടാരും ഈ ശരീരം തൊടാന്‍ മുന്നോട്ട് വരികയില്ല, കാരണം അത് ശവമായിക്കഴിഞ്ഞു. ഇന്ന് നമ്മുടെ ഉള്ളില്‍ ആ ഫലം ഉണ്ട്, അതുകൊണ്ട് ഈ ശരീരത്തെ നമ്മള്‍ വേണ്ടത് പോലെ സംരക്ഷിക്കുന്നു.

ഭൌതികമായ അതിര്‍വരമ്പുകള്‍ നമുക്ക് കടക്കേണ്ടതുണ്ട്, ഭൌതികമായ ഈ നിലനില്‍പ്പിനപ്പുറത്തേക്കു നമുക്കുയരേണ്ടതുണ്ട്

നമ്മുടെ "സ്വഭാവത്തിന്" വൈകൃതം സംഭവിക്കുമ്പോഴാണ് നമ്മള്‍ അതിനെ "ഈഗോ - അഹംഭാവം" എന്നുപറയുന്നത്. വാസ്തവത്തില്‍ ഇത്, മറ്റൊരാളില്‍ കുറ്റമാരോപിക്കുന്നതിന് തുല്യമാണ്. ഭൌതികമായ അതിര്‍വരമ്പുകള്‍ നമുക്ക് കടക്കേണ്ടതുണ്ട്, ഭൌതികമായ ഈ നിലനില്‍പ്പിനപ്പുറത്തേക്കു നമുക്കുയരേണ്ടതുണ്ട്. അതിനു സാധിച്ചില്ല എങ്കില്‍ ജീവിതം എന്നും കണ്ണീരും കഷ്ടപ്പാടും ആയിരിക്കും. സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും നല്ല ആത്മവിശ്വാസമാണ്, എന്നാല്‍ എവിടെയെങ്കിലും താളപ്പിഴ സംഭവിച്ചാല്‍, സ്ഥിതി ആകെ മാറുന്നതായികാണാം. ജീവിതം എപ്പോഴും ഒരുപോലെയല്ല എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. ഏതുനിമിഷവും അതിന്റെ താളം തെറ്റാം, അതിനു കാരണം നമ്മളായിക്കൊള്ളണമെന്നില്ല. തീരെ വിചാരിക്കാത്ത സമയത്തും, തീരെ വിചാരിക്കാത്ത രീതിയിലുമായിരിക്കും ചിലപ്പോള്‍ ജീവിതത്തിന്റെ ഗതി മാറുക.

സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുമ്പോള്‍, ജീവിതം തന്നെ വലിയൊരു പ്രതിസന്ധിയാകുമ്പോള്‍ - അപ്പോഴും അതൊന്നും തന്നെ ബാധിക്കാത്ത വിധത്തില്‍ സമാധാനത്തോടെ സന്തോഷത്തോടെ നിങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമോ? അവനവന്റെ മനസ്സില്‍ സുഖവും സ്വാസ്ഥ്യവും കണ്ടെത്താന്‍ കഴിയുമോ? എങ്കില്‍ നിങ്ങള്‍ ജീവിതത്തെ തൊട്ടറിഞ്ഞിട്ടുണ്ട് എന്ന് പറയാം, അല്ലാത്ത പക്ഷം നിങ്ങള്‍ ജീവിതത്തിന്റെ വെറും അടിമ മാത്രമാണ്.

“അഹംഭാവം" നശിപ്പിക്കാനുള്ളതല്ല

"ഈഗോ തീര്‍ത്തും നശിപ്പിക്കേണ്ട ഒന്നാണ്" - പരക്കെ പറഞ്ഞുകേള്‍ക്കുന്ന ഒരഭിപ്രായമാണിത്. ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത ഒരു പ്രയോഗമാണ് ഈ പദപ്രയോഗം. 'സ്വ-ഭാവം' വികലമാകുമ്പോഴാണ് അത് അഹംഭാവമായി മാറുന്നത് - തന്റെ തെറ്റിന് ഇനിയൊരാളെ ഉത്തരവാദിയാക്കുന്നത് പോലെ. സ്വന്തം വ്യക്തിത്വത്തിന് വൈകല്യം സംഭവിക്കുമ്പോള്‍ അതിന് ഞാന്‍ തന്നെയാണ് കാരണക്കാരന്‍ എന്ന ബോധമുണ്ടാകണം. ആ അറിവ് ഉണരുമ്പോള്‍, ആ തെറ്റ് പരിഹരിക്കാനുള്ള മാര്‍ഗവും താന്‍ തന്നെ കണ്ടെത്തും. തെറ്റുകാരനാവുക ആര്‍ക്കും താല്പര്യമുള്ള കാര്യമല്ലല്ലോ.

'സ്വ-ഭാവം' വികലമാകുമ്പോഴാണ് അത് അഹംഭാവമായി മാറുന്നത് - തന്റെ തെറ്റിന് ഇനിയൊരാളെ ഉത്തരവാദിയാക്കുന്നത് പോലെ.

എന്നാല്‍ നമ്മള്‍ ആ ചുമതല ഒഴിവാക്കാന്‍ പല ഉപായങ്ങളും കണ്ടുപിടിച്ചിരിക്കുന്നു. നിങ്ങള്‍ സുന്ദരനോ വിരൂപനോ ആകാം. എന്തായാലും അത് നിങ്ങളാണ്. ഇല്ലാത്ത ഒന്നിനെ അവിടെ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. ഈഗോ, ആത്മന്‍ അങ്ങിനെയൊന്നും അവിടെ ആവശ്യമില്ല. “സുന്ദരമായിട്ടുള്ളത് എന്റെ ആത്മന്‍ ആണ്, വിരൂപമായിട്ടുള്ളത് എന്റെ ഈഗോ ആണ്" ഇത്തരം സങ്കല്‍പ്പങ്ങളൊക്കെ തികച്ചും അനാവശ്യമാണ്. അതേ സമയം "എന്നിലെ എല്ലാ ഗുണങ്ങളും ദോഷങ്ങളും ഞാന്‍ തന്നെയാണ്" എന്ന് സങ്കല്‍പ്പിച്ച് ശീലിക്കൂ, പതുക്കെ പതുക്കെ നിങ്ങളറിയാതെ നിങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കും.

ഇന്നത്തെ ലോകത്തില്‍ നമുക്കാവശ്യം ജീവിതത്തെ കുറിച്ചുള്ള സരളമായ അവബോധമാണ്. പക്ഷെ ആളുകളില്‍ അധികവും കണ്ടുവരുന്നത്‌ "അവനവന്‍" (സ്വത്വ) ബോധമാണ്. ജീവിതത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം അവര്‍ സ്വത്വത്തിന് നല്‍കുന്നു. അതിന്റെ ഫലമോ, ജീവിതമെന്നാല്‍ താന്‍ മാത്രം, മറ്റുള്ളതെല്ലാം അന്യം എന്നുള്ള മനോഭാവം, ആരെയും എന്തിനെയും യഥേഷ്ടം തനിക്ക് ചവിട്ടിമെതിക്കാമെന്ന ധാര്‍ഷ്ട്യം. എന്നാല്‍ ജീവിതത്തെ പ്രതി ശരിയായ ധാരണയുള്ള ഒരാള്‍, കൂടുതല്‍ വിവേകപൂര്‍വമാണ് പെരുമാറുക. അയാള്‍ക്ക്‌ കൂടുതല്‍ സംവേദനക്ഷമതയുണ്ടാകും. തനിക്കു ചുറ്റുമുള്ളതിനെ എല്ലാം അതര്‍ഹിക്കുന്ന ആദരവോടെ സമീപിക്കാന്‍ സാധിക്കും. എല്ലാം സ്വന്തം അനുഭവമായി കാണാന്‍ കഴിയും. ജീവിതത്തെ മനസിലാക്കാന്‍ സാധിച്ചുകഴിഞ്ഞാല്‍, “ഈഗോ" ഒരിക്കലും ഒരു പ്രശ്നമാവുകയില്ല

 
 
  0 Comments
 
 
Login / to join the conversation1