ആഗ്രഹങ്ങളെ ഒഴിവാക്കരുത്‌
 
 

सद्गुरु

ആശയാണ് ദു:ഖത്തിനു കാരണം എന്നു പറഞ്ഞവര്‍ മറ്റൊന്നു പറയുന്നു, "ആരോടും ഒന്നിനോടും ആഗ്രഹം കാണിക്കരുത്. ആശയും സ്നേഹവുമാണ് മുന്നേറ്റത്തിനു തടസ്സമാകുന്നത്" എന്നു ഭീഷണിപ്പെടുത്തും. ആഗ്രഹങ്ങളോടെ ജീവിച്ചു ശീലിച്ച നിങ്ങള്‍ ഇതുപോലുള്ള സിദ്ധാന്തങ്ങള്‍ കേട്ട് അസ്വസ്ഥനാകും.

മാതാപിതാക്കളേയും മക്കളേയും സംരക്ഷിക്കുവാന്‍ താല്‍പ്പര്യമില്ലാതിരിക്കുമ്പോള്‍, ഒന്നിനോടും താല്‍പ്പര്യം കാണിക്കരുത്, നിസ്സംഗനായിരിക്കൂ എന്നു പറയുന്നത് നിങ്ങള്‍ നിങ്ങളുടെ സൗകര്യത്തിന് മനസ്സിലാക്കുന്നു. ആര്‍ക്ക് എന്തു സംഭവിച്ചാലെന്താണ്, എന്ന അലക്ഷ്യ മനോഭാവത്തോടെ ജീവിക്കുന്നത് നിസ്സംഗതയാണെന്നു കരുതി നിങ്ങള്‍ സ്വയം വഞ്ചിക്കുന്നു.

എല്ലാറ്റിനോടും വിരക്തി തോന്നിയില്ലെങ്കില്‍ മുന്നേറ്റം ഇല്ല എന്ന് ആരാണു പറഞ്ഞത്? ഭൂമിയോടുള്ള താല്‍പര്യം കൊണ്ട് വൃക്ഷം തന്‍റെ വേരുകളാഴ്ത്തി നില്‍ക്കുമ്പോഴാണ് സമൃദ്ധിയായി വളരുന്നത്. പല പക്ഷികള്‍ക്കും വസിക്കാന്‍ സ്ഥലം തരുന്നത്. വായുവില്‍ ജീവവായു കലര്‍ത്തുന്നത്. കായ്കനികള്‍ നല്‍കുന്നത്. ഭൂമിയില്‍നിന്നും വൃക്ഷത്തെ പറിച്ചു മാറ്റിയാല്‍ വൃക്ഷം നശിച്ചു പോകുന്നു.


നിങ്ങളുടെ അടിസ്ഥാന സ്വഭാവം എല്ലാറ്റിനോടും താല്‍പ്പര്യം കാണിക്കുക എന്നതാണെങ്കില്‍ നിങ്ങള്‍ ആ സ്വഭാവം മാറ്റാന്‍ ശ്രമിക്കാതിരിക്കുക.

അതുപോലെതന്നെ നിങ്ങളും ആരോ പറഞ്ഞു എന്നു കരുതി വിരക്തിയോടെ ഇരുന്നാല്‍ നിങ്ങള്‍ക്കു കടുത്ത മുറിവ് ഉണ്ടാകും. നിങ്ങളുടെ അടിസ്ഥാന സ്വഭാവം എല്ലാറ്റിനോടും താല്‍പ്പര്യം കാണിക്കുക എന്നതാണെങ്കില്‍ നിങ്ങള്‍ ആ സ്വഭാവം മാറ്റാന്‍ ശ്രമിക്കാതിരിക്കുക.

ഒരാള്‍ തവളയെ ഉപയോഗിച്ചു പരീക്ഷണം നടത്തുകയായിരുന്നു. 'ചാട്' എന്നു പറഞ്ഞാല്‍, തവള ചാടുന്ന രീതിയില്‍ അതിനെ പരിശീലിപ്പിച്ചു വച്ചിരുന്നു. പരീക്ഷണത്തിന്‍റെ ഭാഗമായി അതിന്‍റെ കാലുകളില്‍ ഒന്നു മുറിച്ചു കളഞ്ഞിട്ട് 'ചാട്' എന്ന് ആജ്ഞാപിച്ചു. മൂന്നുകാലുകള്‍ ഉപയോഗിച്ച് തവള കഷ്ടപ്പെട്ടു ചാടി. വീണ്ടുമൊരു കാല്‍കൂടി മുറിച്ചിട്ട് ചാടാന്‍ പറഞ്ഞപ്പോള്‍ വളരെ കഷ്ടപ്പെട്ട് എങ്ങനെയോ ചാടി. അവസാനം അവശേഷിച്ച ഒരു കാലും മുറിച്ചു കളഞ്ഞിട്ട് തവളയോടു ചാടാന്‍ പറഞ്ഞപ്പോള്‍ തവള അനക്കമറ്റു കിടന്നു. പരീക്ഷണഫലം അയാള്‍ ഇപ്രകാരം എഴുതി 'നാലു കാലുകളും മുറിച്ചുകളഞ്ഞാല്‍ തവളയ്ക്ക് ചെവി കേള്‍ക്കില്ല.'

ഇങ്ങനെയാണ് ചിലര്‍, എന്തെങ്കിലും സംഭവിച്ചാല്‍ എന്തെങ്കിലും സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നു. ദു:ഖത്തിന്‍റെ അടിസ്ഥാനകാരണം എന്താണെന്ന് ശരിക്കും മനസ്സിലാക്കാതെ, ആശിച്ചാല്‍ ദു:ഖിക്കും എന്നു പറഞ്ഞു കളയുന്നു. ആശിച്ചാല്‍ ദു:ഖം എങ്ങനെയുണ്ടാകും?

നിങ്ങളുടെ കുഞ്ഞിനെ സ്കൂളില്‍നിന്നും കൊണ്ടുവരുന്ന റിക്ഷാ കണ്‍മുന്നില്‍ വച്ചു മറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും? റിക്ഷയുടെ അരികിലേക്ക് ഓടും. താഴെ വീണു കിടക്കുന്ന കുഞ്ഞുങ്ങളില്‍ നിങ്ങളുടെ കുഞ്ഞിനെ ആദ്യം എടുക്കും. കുഞ്ഞുങ്ങളോടു പൊതുവേയുള്ള താല്‍പ്പര്യമാണെങ്കില്‍ ഏതു കുഞ്ഞിനെയും നിങ്ങള്‍ എടുക്കുമായിരുന്നു, പക്ഷേ അവിടെ പൊതുവില്‍ കുഞ്ഞുങ്ങളോടുള്ള താല്‍പര്യമല്ല, പകരം നിങ്ങളുടെ സ്വന്തം എന്നു നിങ്ങള്‍ കരുതുന്ന വികാരമാണ് നിങ്ങളെ പ്രേരിപ്പിക്കുന്നത്. 'ഞാന്‍, എന്‍റെ' എന്ന തരത്തിലുള്ള ചിന്തകളാണ് മുന്നില്‍ നില്‍ക്കുന്നത്.

ഏതു ബന്ധത്തിലും നിങ്ങളെ ഒഴിവാക്കി അയാള്‍ക്കുവേണ്ടി താല്‍പ്പര്യം കാണിക്കുന്നില്ല. നിങ്ങള്‍ക്കുവേണ്ടി തന്നെയാണു നിങ്ങള്‍ താല്‍പര്യം കാണിക്കുന്നത്. സത്യത്തില്‍ ഒരു വ്യക്തിയോടുള്ള താല്‍പര്യമല്ല നിങ്ങള്‍ കാണിക്കുന്നത്, അയാള്‍ 'നിങ്ങളുടെ' സ്നേഹിതന്‍ എന്നതുകൊണ്ടു മാത്രമാണ് നിങ്ങള്‍ താല്‍പര്യം കാണിക്കുന്നത്. അങ്ങനെ ഒരു ചുരുങ്ങിയ വൃത്തത്തിനകത്തു നിങ്ങളെ അടയ്ക്കുമ്പോള്‍ താല്‍പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നം തന്നെയാണ്.

ഇവിടെ യോഗ അഭ്യസിക്കാന്‍ വരുന്നവരില്‍ ചിലര്‍ ചില അഭ്യാസങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നു പറയാറുണ്ട്. അവരുടെ കൈയ്യില്‍ ഒരു കടലാസ് കൊടുത്തിട്ട് "ശരി, നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ലിസ്റ്റിടൂ" എന്നു ഞാന്‍ പറയും. ഒരുപാട് സമയം ആലോചിച്ചിട്ട് എഴുതി തിരിച്ചു തരുന്ന കടലാസില്‍ ആറു കാര്യങ്ങള്‍ എഴുതിയിട്ടുണ്ടാകും. "ഇത്രയും ബൃഹത്തായ പ്രപഞ്ചത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടതായി ആറേഴു കാര്യങ്ങള്‍ മാത്രമേ ഉള്ളോ?" എന്നു ചോദിച്ചാല്‍ ഉത്തരമില്ലാതെ അവര്‍ നില്‍ക്കും.


എല്ലാറ്റില്‍നിന്നും വിരക്തിയോടെ, തനിച്ച് അകന്നുനില്‍ക്കുന്നത് സ്വാതന്ത്ര്യമല്ല, വളര്‍ച്ചയുമല്ല. എല്ലാ കാര്യങ്ങളേയും തന്‍റെയുള്ളില്‍ സ്വീകരിച്ചു ശരിയായ സ്വരൂപം കാണിക്കുന്നതാണ് യഥാര്‍ത്ഥ വളര്‍ച്ച.

ഇഷ്ടങ്ങള്‍, ഇഷ്ടമില്ലായ്മ എന്നു വീക്ഷണം ചുരുങ്ങുമ്പോള്‍ എത്രയോ അപൂര്‍വ്വങ്ങളായ വിഷയങ്ങള്‍ നിങ്ങളുടെ ലിസ്റ്റില്‍നിന്നും പുറത്തുപോകുന്നു. നിങ്ങള്‍ക്ക് പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണതയെ മനസ്സിലാക്കാന്‍ കഴിയാതെയും പോകുന്നു. എല്ലാറ്റില്‍നിന്നും വിരക്തിയോടെ, തനിച്ച് അകന്നുനില്‍ക്കുന്നത് സ്വാതന്ത്ര്യമല്ല, വളര്‍ച്ചയുമല്ല. എല്ലാ കാര്യങ്ങളേയും തന്‍റെയുള്ളില്‍ സ്വീകരിച്ചു വിശ്വരൂപം കാണിക്കുന്നതാണ് യഥാര്‍ത്ഥ വളര്‍ച്ച.

കാറ്റും സുഗന്ധവും ഒന്നിനോടൊന്നു കലര്‍ന്നു വരുമ്പോള്‍ അവയെ നമുക്ക് വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. നിങ്ങള്‍ മറ്റൊരാളിന്‍റെ മേല്‍ വച്ചിട്ടുള്ള താല്‍പ്പര്യവും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ ആഴമുള്ളതായിരിക്കണം. നിങ്ങള്‍ വേറെ, അയാള്‍ വേറെ എന്ന് അറിയാന്‍ കഴിയാത്ത തരത്തില്‍ അയാളുമായി പൂര്‍ണ്ണമായും യോജിച്ച് ഒന്നായിത്തീരണം. പിന്നീട്, മറ്റൊന്ന് എന്ന അടയാളം ഏതാണ്? ഒന്നിച്ചിരിക്കണോ, അകന്നിരിക്കണോ എന്ന ചോദ്യം എന്തിനാണ്? സ്നേഹം കാണിക്കണോ, വേണ്ടയോ എന്ന ചോദ്യം എന്തിനാണ്? അതുകാരണം ഉണ്ടാകാന്‍ പോകുന്ന വേദനകള്‍ എന്തിനാണ്?

ഈ ജീവിതത്തില്‍ മറ്റൊരു ജീവനെ സ്വന്തം ജീവന്‍പോലെ കരുതി ഒന്നിക്കുന്നതിനു സമാനമായ മഹത്വം വേറെന്താണ്? 'നിങ്ങളുടേത്' എന്ന കാര്യം ഒഴിവാക്കിയിട്ട്, നിങ്ങള്‍ പ്രപഞ്ചത്തോട് അല്‍പാല്‍പമായി താല്‍പര്യം കാണിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം പൂര്‍ണ്ണമാകും.

കുടുംബം ഉപേക്ഷിച്ചിട്ട് ആത്മീയ പാതയില്‍ പൊകുന്നത് കുടംബത്തോടു കാണിക്കുന്ന ദ്രോഹമല്ലേ?

നിങ്ങള്‍ ആത്മീയ പാതയില്‍ പോകുവാനായി മറ്റൊന്നില്‍നിന്നും അകന്നു വരേണ്ട കാര്യമില്ല. എന്നാല്‍ കുടുംബം എന്നത് വംശവര്‍ദ്ധനവിനും, തമ്മില്‍ തമ്മില്‍ കുഴപ്പമേറിയ വലക്കണ്ണികളില്‍ കുരുങ്ങിക്കിടക്കാനും വേണ്ടിയുള്ള ഒരു സ്ഥലമായിത്തീര്‍ന്നാല്‍ അവിടെ എപ്പോള്‍ വേണമെങ്കിലും പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെടാവുന്നതാണ്. മറ്റുള്ളവരെ അവരുടെ സ്വഭാവവിശേഷതകളോടെ സ്വീകരിക്കാതെ എങ്ങനെയെങ്കിലും സഹിച്ചുകൊണ്ടു പോവുക എന്ന രീതിയില്‍ ആയാല്‍ അത്തരം ബന്ധങ്ങളില്‍ താനേ വിള്ളലുകള്‍ ഉണ്ടാകും. അതിനു കാരണം പക്വതയില്ലാത്ത മനുഷ്യരാണ്, എന്നല്ലാതെ തീര്‍ച്ചയായും ആത്മീയപാതയല്ല.

 
 
  0 Comments
 
 
Login / to join the conversation1