ആഗ്രഹമാണ് ജീവിതം
 
 

सद्गुरु

ആഗ്രഹങ്ങളെ കെട്ടഴിച്ചുവിടുക. പരിമിതമായവയില്‍ പരിമിതപ്പെടാതിരിക്കുക. ആഗ്രഹങ്ങളുടെ അതിരില്ലായ്മയാണ് നിങ്ങളുടെ ആത്യന്തികമായ പ്രകൃതം.

ആഗ്രഹങ്ങളെക്കുറിച്ചു വളരേയധികം വിവാദമുയരുന്നു. കാരണം നിങ്ങളോടു പറഞ്ഞുതന്നിട്ടുള്ളത് ആഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്നാണ്. നിങ്ങള്‍ക്ക് ആഗ്രഹങ്ങളെ ഉപേക്ഷിക്കണം. അതുതന്നെ ഒരു ആഗ്രഹമല്ലേ? എനിക്ക് ദൈവത്തെ സാക്ഷാത്കരിക്കണം എന്നു നിങ്ങള്‍ ആഗ്രഹിച്ചാല്‍ അതു വലിയ അത്യാഗ്രഹമല്ലേ? ആരെങ്കിലും സൃഷ്ടിയുടെ ഒരു ചെറിയ അംശത്തെ വേണമെന്ന് ആഗ്രഹിച്ചാല്‍ അത് അതിമോഹമാണെന്നുപറയും. സൃഷ്ടികര്‍ത്താവിനെത്തന്നെ മോഹിച്ചാലോ അതിനെ ഏറ്റവും വലിയ അത്യാഗ്രഹമെന്നല്ലാതെ എന്തുവിളിക്കും? മിക്ക ആളുകളും ചെറിയ ചെറിയ സൃഷ്ടികളെയാണ് തേടി നടക്കുന്നത്. ഒരാള്‍ സൃഷ്ടികര്‍ത്താവിനെത്തന്നെ തേടി നടക്കുന്നുവെങ്കില്‍ അതില്‍പരം വലിയ ആഗ്രഹം പിന്നെന്താണുള്ളത്?

നിങ്ങളുടെ ആഗ്രഹത്തെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുക തന്നെയാണ് ചെയ്യുന്നത്. ആഗ്രഹമില്ലാത്ത ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആഗ്രഹമില്ലാത്ത ആരെയെങ്കിലും കുറിച്ചു നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനാവുമോ? അവര്‍ക്കു നിങ്ങളുടേതുപോലെയല്ലാത്ത നിരവധി ആഗ്രഹങ്ങള്‍ ഉണ്ടാകും. അല്ലാതെ ആഗ്രഹങ്ങള്‍ ഒഴിഞ്ഞ ആരെങ്കിലും ഉണ്ടാകുമോ? അങ്ങനെയൊരു കാര്യമില്ല. നിങ്ങള്‍ ജീവന്‍ എന്നുപറയുന്ന ഊര്‍ജവും ആഗ്രഹം എന്നുപറയുന്ന ഊര്‍ജവും വ്യത്യസ്തമല്ല. ആഗ്രഹമൊന്നുമില്ല എന്നു പറഞ്ഞാല്‍ യഥാര്‍ഥത്തില്‍ ജീവനുണ്ടാകാനും യാതൊരു സാധ്യതയുമില്ല.

നിങ്ങളുടെ ആഗ്രഹത്തെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുക തന്നെയാണ് ചെയ്യുന്നത്.

പ്രായേഗികമല്ലാത്ത ശിക്ഷണങ്ങള്‍ ഒന്നും ശിക്ഷണങ്ങള്‍ ആണെന്നു പറയാനാവില്ല. അതിനെ വിവരക്കേടെന്നേ പറയാനാവൂ. എന്തെങ്കിലും പ്രായോഗികത ഉണ്ടെങ്കിലേ അതിനെ പാഠം എന്നു പറയാനാവൂ. വെറും വിവരക്കേടാണ് ഇക്കാലം വരെ പറഞ്ഞുവന്നിരുന്നത്. ഒരു പുസ്തകത്തില്‍ എന്തെങ്കിലും അച്ചടിച്ചു കണ്ടാലോ ആരെങ്കിലും വിശുദ്ധമെന്നു പറഞ്ഞാലോ അതു ശരിയായിക്കൊള്ളണമെന്നില്ല. യാഥാര്‍ത്ഥ്യവുമാകില്ല.

ജനങ്ങള്‍ അവര്‍ തെരഞ്ഞെടുത്ത ഒരു പ്രത്യേക ജീവിതരീതിമാത്രം അനുവര്‍ത്തിക്കുന്നതിനാലാണ് ആഗ്രഹങ്ങളില്‍നിന്നു മുക്തരാകാനും വിരക്തിയും നിസ്സംഗതയും ശീലിക്കാനുമുള്ള ശിക്ഷണം ആവശ്യമായി വന്നത്. ഈ ബോധനരീതി എല്ലാവരിലും വളരെ ചിന്താക്കുഴപ്പവും അമ്പരപ്പും ഉണ്ടാക്കി. ജനങ്ങള്‍ക്കുപലപ്പോഴും ലഭിക്കുന്ന ഉപദേശം ബന്ധങ്ങളെ ഉപേക്ഷിക്കുക, ബന്ധമുക്തരായി നിസ്സംഗരാകുക എന്നതാണ്.ജീവിതത്തോടു നിസ്സംഗത പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ജീവിതത്തെയും ജീവചൈതന്യത്തെയും അറിയാന്‍ കഴിയുക? ജീവിതത്തെയും ജീവചൈതന്യത്തെയും അറിയാനുള്ള ഏകമാര്‍ഗം അതില്‍ മുഴുകുകയാണ്,പൂര്‍ണമായ പങ്കാളിത്തമാണ്.

ജീവിതം കെട്ടുപിണഞ്ഞു സങ്കീര്‍ണമാകുമോ എന്ന ഭയമാണ് വിരക്തിയും നിസ്സംഗതയും പാലിക്കാനുള്ള ഉപദേശങ്ങളുടെയെല്ലാം അടിസ്ഥാനം. ജനസംഖ്യയുടെ ഭൂരിഭാഗവും ജീവിതത്തിന്‍റെ സങ്കീര്‍ണതകളില്‍പെട്ട് ഉഴലുകയാണ്. വേദനയും ദുരിതവും അതിന്‍റെ ഭാഗമാണ്. ഇതില്‍നിന്നൊക്കെ മോചനം നേടാന്‍ വിരക്തിക്കു കഴിയും എന്നത് ഏതോ മൂഢന്‍റെ ബുദ്ധിയില്‍ ഉദിച്ച ഉപായമാണ്. പലായനമാണ് ജീവിതത്തെ നേരിടാന്‍ അവരുപദേശിക്കുന്ന മാര്‍ഗം.

ജീവിതത്തില്‍ പൂര്‍ണമായും പങ്കാളിയാകാന്‍ നിങ്ങള്‍ ഭയക്കുന്നു. പൂര്‍ണമായി മുഴുകിയാല്‍ അതു ദു:ഖത്തിനും ദുരിതത്തിനും കാരണമായേക്കാം എന്നാണ് നിങ്ങളുടെ ഭീതി. ഇതു മിഥ്യാധാരണയാണ്. ജീവിതത്തില്‍ നിങ്ങള്‍ പൂര്‍ണമായി മുഴുകുകയാണെങ്കില്‍ നിങ്ങള്‍ക്കു വേദനയുണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ജീവിതരീതി അനുവര്‍ത്തിക്കുന്നതു സങ്കീര്‍ണതക്കും ആസക്തിക്കും വഴിയൊരുക്കും. ജീവിതത്തിന്‍റെ ഈ കെട്ടു പിണച്ചില്‍ വേദനയും ദുരിതവും ഉണ്ടാക്കും. ജനങ്ങള്‍ക്കു പൊതുവെ സങ്കീര്‍ണത അനുഭവിച്ചാണു ശീലം. പൂര്‍ണമായ പങ്കാളിത്തം അവര്‍ക്ക് അന്യമാണ്. ദുരിതത്തിനും ദു:ഖത്തിനും സാധ്യത ഉണ്ടെന്നു തോന്നിയാല്‍ ജനങ്ങള്‍ ജീവിതത്തില്‍ പൂര്‍ണമായി പങ്കുചേരാന്‍ വിസമ്മതിക്കും. എന്നാല്‍ കുരുങ്ങിപ്പോകുമെന്ന ഭയമില്ലെങ്കില്‍ നിങ്ങള്‍ എല്ലാറ്റിലേക്കും എടുത്തുചാടും.

എന്നാല്‍ പങ്കാളിത്തം ഇല്ലെങ്കില്‍ ജീവിതമില്ല. നിങ്ങള്‍ കഴിക്കുന്ന ആഹാരം, നിങ്ങള്‍ക്കു ചുറ്റുമുള്ള ആളുകള്‍, നിങ്ങള്‍ക്കു ചുറ്റുമുള്ള ജീവിതം, കല, സംഗീതം ഇങ്ങനെ എന്തായാലും അതില്‍ ഉള്‍പ്പെട്ടു മുഴുകാതെ എങ്ങനെ ജീവിതം അനുഭവിക്കുവാന്‍ കഴിയും? നിങ്ങള്‍ ജീവിതത്തെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അതിന്‍റെ അര്‍ത്ഥം മരണമെന്നാണ്. ജീവിച്ചിരിക്കുകയും മരണത്തെ കാംക്ഷിക്കുകയും എന്നാല്‍ മരിക്കാതിരിക്കുകയും ചെയ്യുന്നത് ഒരുതരം പീഡാനുഭവമാണ്. ഒരു തരം പകുതി ജീവിതം. ജീവിതമെന്ന പ്രക്രിയയില്‍സന്തോഷിക്കുകയോ ദുഃഖിക്കുകയോചെയ്യുന്നതിന്‍റെ അടിസ്ഥാന തത്വം ഇപ്രകാരമാണ് നിങ്ങള്‍ സ്വമേധയാ എന്തിലെങ്കിലും മുഴുകി ചെയ്യുകയാണെങ്കില്‍ അതു സ്വര്‍ഗമാണ്, മനസ്സില്ലാതെ ചെയ്യുകയാണെങ്കില്‍ അതു നിങ്ങള്‍ക്കു നരകമാകുന്നു.

സ്വമനസ്സാലെയല്ലാതെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പോലും അങ്ങേയറ്റം മോശപ്പെട്ടതായിത്തോന്നും. എനിക്കു വിട്ടുനില്‍ക്കണം എന്നു നിങ്ങള്‍ പറയുന്ന നിമിഷം നിങ്ങള്‍ ജീവിതത്തെ നേരിടാന്‍ വിസമ്മതിക്കുകയാണ്, തനിക്കു തന്നെ ഒരു നരകം സൃഷ്ടിക്കയും. സ്വയം നരകം സൃഷ്ടിക്കുന്ന ആളുകള്‍, ഈ ലോകവും ഒരു നരകമാക്കും- ചിലപ്പോള്‍ വളരെ നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ പോലും.

സ്വമനസ്സാലെയല്ലാതെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പോലും അങ്ങേയറ്റം മോശപ്പെട്ടതായിത്തോന്നും.

ഒരു ദേവിയോ ദേവനോ നശിപ്പിക്കാന്‍ ശ്രമിച്ചാലും അതിനുവഴങ്ങാതെ നിരന്തരം പെരുകാന്‍ കഴിവുള്ള രാക്ഷസന്മാരുടെ പുരാണകഥകള്‍ നിങ്ങള്‍ കേട്ടിരിക്കും. അവരുടെ ഓരോ തുള്ളി ചോരയും നിലത്തുവീണാല്‍ അതില്‍നിന്നും ആയിരക്കണക്കിനു രാക്ഷസന്മാര്‍ ഉണ്ടാകും. ഇവയൊന്നും സത്യമല്ല. ഉള്ളില്‍ നിന്നു നിങ്ങളെ നശിപ്പിക്കുന്ന രാക്ഷസന്മാരെ മറ്റൊരുവിധത്തില്‍ സൂചിപ്പിച്ചു എന്നേയുള്ളൂ. നിങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ ഇതുപോലെതന്നെയാണ്. നിങ്ങള്‍ അവയ്ക്കെതിരെ യുദ്ധം ചെയ്താല്‍ അവയുടെ കണ്ഠം ഛേദിച്ചാല്‍ അവ രക്തം ചിന്തും. അതിന്‍റെ ഓരോ തുള്ളിയില്‍ നിന്നും വീണ്ടും ഒരായിരം വീതം ഉണ്ടാകും. നിങ്ങള്‍ക്ക് ആഗ്രഹങ്ങളെ അതിജീവിക്കുവാന്‍ കഴിയില്ല. കാരണം ആഗ്രഹമെന്നത് ഒരു ശത്രുവല്ല. ആഗ്രഹങ്ങള്‍ നിങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനമാണ്. ആഗ്രഹങ്ങള്‍ ദുഃഖം ജനിപ്പിക്കുമ്പോള്‍ ആഗ്രഹമാണ് ശത്രുവെന്നു തെറ്റിദ്ധരിക്കുന്നു. അങ്ങനെയല്ല, ആഗ്രഹമാണ് നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്.
അതിനാല്‍ ആഗ്രഹങ്ങളെ എന്തു ചെയ്യണം?

അവയെ എതിര്‍ക്കുന്നതു നിഷ്ഫലം. ജീവിതത്തില്‍ ഏറ്റവും ഉയര്‍ന്നത് ആഗ്രഹിക്കുക നിങ്ങളുടെ എല്ലാത്തരം ആഗ്രഹങ്ങളും വികാരങ്ങളും ഏറ്റവും ഉയര്‍ന്ന സാധ്യതകളിലേക്ക് ലക്ഷ്യമാക്കുക. ശരിയായ ദിശയില്‍ മുന്നോട്ടുപോകുന്നതിന് ആഗ്രഹങ്ങളെ പഠിപ്പിക്കുക;അത്രയേ വേണ്ടൂ.

എല്ലാ പരിമിതികളെയും മറികടന്നു നിങ്ങളുടെ അനന്തമായ പ്രകൃതത്തിലേക്ക് നയിക്കുന്ന ഉപകരണമാണ് ആഗ്രഹം. അനന്തമായതിനെ ഘട്ടംഘട്ടമായി സമീപിക്കുവാന്‍ പറ്റില്ല. നിങ്ങളുടെ ആഗ്രഹങ്ങളുടെ പരിധിയില്ലായ്മ പ്രകടമാകുന്നത് ഘട്ടംഘട്ടമായിട്ടാണെങ്കില്‍ അത് സ്വയം തോല്പിക്കലാണ്. അവസാനമില്ലാത്ത പ്രയാണവും. കാരണം അനന്തതയില്‍ ഒരിക്കലും എത്തില്ല. നിങ്ങളുടെ ആഗ്രഹങ്ങളെ കെട്ടഴിച്ചുവിടുക. പരിമിതമായതില്‍ പരിമിതപ്പെടാതിരിക്കുക. ആഗ്രഹങ്ങളുടെ അതിരില്ലായ്മയാണ്, നിങ്ങളുടെ പരമമായ പ്രകൃതം.

 
 
  0 Comments
 
 
Login / to join the conversation1