ആദി ശങ്കരൻ - മഹത്തായ ഒരു വ്യക്തിത്വത്തിന്‍റെ രൂപപ്പെടല്‍
ആദിശങ്കരനെ അദ്ദേഹം നേടിയ സ്ഥാനത്ത് എത്തിച്ച ഗുണങ്ങൾ ഏതെല്ലാമായിരുന്നു, അദ്ദേഹത്തിന്‍റെ ഉത്ഭവം ഈ രാജ്യത്തിന്‍റെ അസ്തിത്വത്തിന്‍റെയും, ശക്തിയുടെയും പ്രതീകമാകുന്നതെങ്ങിനെ, അദ്ദേഹത്തിന്‍റെ വിശ്വാസങ്ങൾ ഇന്നും ഈ ലോകത്തിൽ പ്രാധാന്യമേറിയതാകുന്നതെങ്ങിനെ എന്നീ കാര്യങ്ങളാണ് ഇവിടെ സദ്ഗുരു വിവരിക്കുന്നത്. ആദി ശങ്കരൻ ആയിരത്തി ഇരുനൂറിലധികം വര്‍ഷങ്ങള്‍ക്കു മുൻപ് പറഞ്ഞ കാര്യങ്ങളും ഇന്നത്തെ ശാസ്ത്ര തത്വങ്ങളും തമ്മിലുള്ള ഒരു താരതമ്യ പഠനവും സദ്ഗുരു ഇവിടെ നടത്തുന്നുണ്ട്.
 
 

ബുദ്ധിശക്തിയിൽ ശങ്കരൻ അമാനുഷനായിരുന്നു; ഭാഷാപാണ്ഡിത്യത്തിൽ പ്രതിഭാധനനായിരുന്നു. ഇതിനെല്ലാം പുറമെ അദ്ദേഹം ആത്മീയ വിഷയങ്ങളിൽ ഒരു മാർഗദീപമായിരുന്നു; ഇന്ത്യയുടെ അഭിമാനമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം പ്രദർശിപ്പിച്ച ബുദ്ധി ശക്തിയും അറിവും അദ്ദേഹത്തെ മാനവരാശിയുടെ തിളക്കമാർന്ന വെളിച്ചമാക്കി. ഇത്തരമൊരു ജീവനെ എങ്ങിനെയാണ് സൃഷ്ടിക്കുക? തന്‍റെ വളരെ ഹ്രസ്വമായ ജീവിതത്തിൽ അദ്ദേഹം ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും അദ്ദേഹം ഈ രാജ്യത്തിന്‍റെ ഹൃദയഭൂമിയിലേക്കും അവിടെ നിന്നും വടക്കോട്ടും, കിഴക്കോട്ടും, പടിഞ്ഞാറേക്കും സഞ്ചരിച്ചു. ഇത്രയും ഊർജവും, ആവേശവും, ബുദ്ധിയും എവിടെ നിന്നും ലഭിച്ചു? അദ്ദേഹത്തിന്‍റെ ജനനം കാലടിയിലാണെന്നത് വളരെ പ്രധാനപ്പെട്ടതും പ്രതീകാത്മകവുമാണ്. ഇന്ന് അത് ഒരു ചെറു പട്ടണമാണ്. കാലടി എന്ന വാക്കിന്‍റെ അർഥം "പാദത്തിന്‍റെ അടിയിൽ" എന്നാണ്. തെക്കേ ഇന്ത്യയിലുള്ള ഞങ്ങൾ ഭാരത മാതാവിന്‍റെ പാദങ്ങൾക്കടുത്താണ്; ഇത് ഞങ്ങൾക്ക് പലതരത്തിലുള്ള ഗുണങ്ങളും നൽകിയിട്ടുമുണ്ട്.

മഹാഭാരത്തിലെ ഈ സുന്ദരമായ കഥ നിങ്ങൾക്കെല്ലാവർക്കും അറിയുമായിരിക്കും. അർജുനനും ദുര്യോധനനും കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണന്‍റെ സഹായം തങ്ങൾക്കു ലഭിക്കുവാൻ വേണ്ടി അദ്ദേഹത്തെ കാണുവാൻ പോയി. അവരിൽ ഒരാൾ കൃഷ്ണന്‍റെ തലക്കലും, മറ്റെയാൾ കാൽക്കലും നിന്നു. അവർ നിന്ന സ്ഥലമാണ് കാര്യങ്ങളെല്ലാം നിശ്ചയിച്ചത്. അന്ന് ഉച്ചക്ക് അർജുനൻ കൃഷ്ണന്‍റെ കാൽക്കൽ നിന്നപ്പോൾ തന്നെ അദ്ദേഹം യഥാർത്ഥത്തിൽ ആ യുദ്ധം വിജയിച്ചു കഴിഞ്ഞിരുന്നു. ഇത് നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേക സ്വഭാവവും സംസ്കൃതിയുമാണ്. നാം എല്ലായ്‌പോഴും തല കുമ്പിടുന്നതു കൊണ്ട് നാം ഉയരുന്നു. മറ്റുള്ളവരെ മുട്ടുകൊണ്ട് തള്ളി മാറ്റി ഉയരുവാൻ സാധ്യമല്ല. ഉയരുവാൻ കുമ്പിടുക തന്നെ വേണം.

ദൈവീക ശക്തിയുടെ പാദത്തിൽ നിൽക്കാൻ പഠിച്ചവരാണ് ഭാരതീയർ. ഊതി വീർപ്പിച്ച പ്രതാപത്തിന്‍റെ സംസ്കാരമല്ല നമ്മളുടേത്; സ്വാഭാവികമായ ഭക്തിയുടെ സംസ്കാരമാണ് നമ്മൾക്കുള്ളത്.

ദൈവീക ശക്തിയുടെ പാദത്തിൽ നിൽക്കാൻ പഠിച്ചവരാണ് ഭാരതീയർ. ഊതി വീർപ്പിച്ച പ്രതാപത്തിന്‍റെ സംസ്കാരമല്ല നമ്മളുടേത്; മറിച്ച് സ്വാഭാവികമായ ഭക്തിയുടെ സംസ്കാരമാണ്. ഈശ്വരനാകട്ടെ, മനുഷ്യനാകട്ടെ, സ്ത്രീയാകട്ടെ, കുട്ടിയാകട്ടെ, മൃഗമാകട്ടെ, മരമാകട്ടെ, കല്ലാകട്ടെ - എല്ലാത്തിന്‍റെയും മുൻപിൽ തല കുനിക്കുവാൻ നമ്മൾ പഠിച്ചിട്ടുണ്ട്. ഈ ഒരു കാര്യം കൊണ്ട് മാത്രം നമുക്ക് വലിയ വ്യക്തികളെ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട് . ഈശ്വരന്‍റെ പാദത്തിൽ നിന്നു കൊണ്ട് നാം പഠിച്ചു, വളർന്നു, പുഷ്പിച്ചു, അങ്ങിനെ ഈ ലോകത്തിന്‍റെ മാർഗ ദീപങ്ങളായി വളരെ കാലം നിലനിന്നു.

ആയിരം വർഷങ്ങൾക്കു മുൻപ്, ശങ്കരന്‍റെ ജീവിത കാലത്തിന് വളരെ മുൻപ്, ആദിയോഗിയുടെ കാലം മുതൽ തന്നെ, അനേകം യോഗികളും, ആത്മജ്ഞാനികളും, മുനികളും, സന്യാസികളും ഈ കാര്യം പല തരത്തിൽ പറഞ്ഞിട്ടുണ്ട്. ഇവരിൽ നിന്നും ശങ്കരനെ വേർതിരിച്ചു നിർത്തുന്നത് അദ്ദേഹത്തിന്‍റെ വാക്കുകളിലെ ധിഷണാപരമായ സ്വച്ഛതയും, ഈ രാജ്യം മുഴുവൻ അത് പ്രചരിപ്പിക്കുവാൻ അദ്ദേഹം കാണിച്ച ഉത്സാഹവും, ഊർജവും എല്ലാമാണ്. ഇന്നത്തെ ലോകത്ത് അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സത്യം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നമുക്ക് കാണാം. അദ്ദേഹത്തിന്‍റെ അറിവും, ധിഷണയും എല്ലാം ഉത്ഭവിച്ചത് വിശ്വാസത്തിൽ നിന്നോ, ഭക്തിപ്രമാണത്തിൽ നിന്നോ ആയിരുന്നില്ല; സാക്ഷാത്കാരത്തിൽ നിന്നും മാത്രമായിരുന്നു. അടിസ്ഥാനപരമായ മനുഷ്യന്‍റെ ന്യായവാദങ്ങൾ, ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എന്നിവയുമായി ആത്മീയ വിശ്വാസങ്ങൾ യോജിച്ചു പോകുന്നില്ലെങ്കിൽ, മനുഷ്യരാരും അവയെ അംഗീകരിക്കുകയില്ല. ന്യായ വാദങ്ങൾക്ക് തൃപ്തിയായ ഉത്തരം നൽകാത്തതും, ശാസ്ത്രീയമായി കൃത്യതയില്ലാത്തതുമായ ഒരു കാര്യവും വരും തലമുറയിൽ പെട്ടവർ അംഗീകരിക്കുകയില്ല.

ഈ കാര്യത്തിൽ ശങ്കരൻ ഇന്നും പ്രാധാന്യം നിലനിർത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി ചില തെറ്റിധാരണകൾ ഉണ്ട്. അതിൽ ഒന്നെങ്കിലും തിരുത്തേണ്ടത് എന്‍റെ കടമയാണെന്ന് ഞാൻ കരുതുന്നു. അനേകം ആളുകൾ ചോദിക്കുന്ന ഒരു കാര്യമുണ്ട്, "എല്ലാം മായയാണ് " എന്ന് അദ്ദേഹം പറയുന്നത് എന്ത് വിഢിത്തമാണ്?" ഈ വാക്യത്തിനെ ഇന്ന് (തെറ്റായി) വ്യാഖ്യാനിക്കപ്പെടുന്നത് ഇപ്രകാരമാണ് - ' മായ എന്നാൽ ഇല്ലാത്തത്' ഇല്ലാത്തതിനെയല്ല മായ എന്ന് പറയുന്നത്. മായ എന്നാൽ ആരോപമാണ് ; അതായത് നിങ്ങൾ ഒരു വസ്തുവിനെ അതിന്‍റെ യഥാർത്ഥ രൂപത്തിലല്ല കാണുന്നത് എന്നർത്ഥം. നിങ്ങളോരോരുത്തരും സുദൃഢമായ ശരീരത്തോടു കൂടിയവരാണ്. എന്നാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും, കുടിക്കുന്ന ജലവും, ശ്വസിക്കുന്ന വായുവും എല്ലാം ചേർന്ന് നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ നിത്യേന മാറ്റിക്കൊണ്ടിരിക്കുകയാണ്. കോശങ്ങളുടെ തരമനുസരിച്ച്, നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശജാലങ്ങളും, അവയവങ്ങളും, ചില ദിവസങ്ങൾ കൊണ്ടോ, വർഷങ്ങൾ കൊണ്ടോ പൂർണമായി പുതുക്കപ്പെട്ടിരിക്കും. അതായത് കുറച്ചു വർഷങ്ങൾ കൊണ്ട് നിങ്ങൾക്ക് ഒരു പുതിയ ശരീരം ലഭിച്ചിട്ടുണ്ടായിരിക്കും. എന്നാൽ നിങ്ങളുടെ ദൃഷ്ടിയിൽ അത് പഴയതു തന്നെയാണ്.- അതാണ് മായ.

ഇതുപോലെ തന്നെ നിങ്ങൾ ഈ ജീവിതത്തെ അറിയുന്നത്, ഈ ലോകത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിയുന്നത് ശരിയായ രൂപത്തിലല്ല - അത് ആരോപമാണ്. അത് ഒരു മരീചിക പോലെയാണ്. നിങ്ങൾ ഒരു നീണ്ട ദേശീയപാതയിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ ചില നേരത്ത്, അങ്ങകലെ, വെള്ളമുള്ളതായി തോന്നും. എന്നാൽ അവിടെയെത്തുമ്പോൾ, തീർച്ചയായും അവിടെ വെള്ളമുണ്ടാകുകയില്ല. എന്നാൽ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നല്ല അതിനർത്ഥം. പ്രകാശരശ്മിയുടെ ദിശാഭ്രംശം മൂലം അവിടെ ഒരു മായക്കാഴ്ച സൃഷ്ടിക്കപ്പെട്ടു. ഒരു വസ്തു വേറെ ഒന്നായി കാണപ്പെട്ടു.

ഈ ആധ്യാത്മിക ജ്ഞാനം മലമുകളിൽ നിന്നും ഇറങ്ങി, നഗരങ്ങളിലും, പട്ടണങ്ങളിലും, ഗ്രാമങ്ങളിലും, അതിനെല്ലാം ഉപരിയായി, മനുഷ്യ മനസ്സുകളിൽ എത്തിച്ചേരണം.

'ഞാൻ 'എന്നു നിങ്ങൾ വിചാരിക്കുന്നത് വാസ്തവത്തിൽ എല്ലാമാണ് - അതാണ് മായ. ' മറ്റേത് ' എന്ന് നിങ്ങൾ വിചാരിക്കുന്നത് വാസ്തവത്തിൽ നിങ്ങളാണ്. എല്ലാമാണ് എന്ന് നിങ്ങൾ വിചാരിക്കുന്നത് ഒന്നുമല്ല എന്നുകൂടി മനസ്സിലാക്കണം. ഇതിനെയാണ് ശങ്കരൻ മായ എന്ന് പറയുന്നത്. ഈ മനുഷ്യ ശരീരത്തെ മനസ്സിലാക്കിയാൽ ഈ പ്രപഞ്ചത്തെ ആകമാനം മനസ്സിലാക്കാൻ കഴിയുമെന്നും ശങ്കരൻ പറഞ്ഞിട്ടുണ്ട്. ആധുനിക ഭൗതികശാസ്ത്രം പറയുന്നത് ഈ പ്രപഞ്ചമാകെ ഒരു ഊർജമാണെന്നാണ്. അതുപോലെ സൃഷ്ടിയും, സൃഷ്ടാവും ഒന്നാണെന്ന് ശങ്കരൻ പറഞ്ഞു. ഇന്ന്, എത്രയോ കാലം ഇഴഞ്ഞു നടന്നതിന് ശേഷം, ആധുനിക ശാസ്ത്രം ശങ്കരനും മറ്റു ഋഷിമാരും വളരെ വ്യക്തമായി മുൻപേ പറഞ്ഞു വെച്ചതിനടുത്തെത്തിയിരിക്കുന്നു.

ഈ ആധ്യാത്മിക ജ്ഞാനം മലമുകളിൽ നിന്നും ഇറങ്ങി, നഗരങ്ങളിലും, പട്ടണങ്ങളിലും, ഗ്രാമങ്ങളിലും, അതിനെല്ലാം ഉപരിയായി, മനുഷ്യ മനസ്സുകളിൽ എത്തിച്ചേരണം. ഈ ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ പ്രവൃത്തി, ഈ എളിമ - നമുക്ക് എത്രയോ ഗുണങ്ങൾ നേടി തന്നിട്ടുള്ള ഈ പ്രവൃത്തി - തലകുനിക്കുവാനുള്ള ഈ അറിവ്, നമ്മുടെ സംസ്കാരത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഇത് നമ്മുടെ ശക്തിയായിരുന്നു, നമ്മുടെ രീതിയായിരുന്നു, നമ്മുടെ പ്രക്രിയയായിരുന്നു, പുരോഗതിക്കും,സാക്ഷാത്കാരത്തിനും ഉള്ള നമ്മുടെ ക്രമമായിരുന്നു. ഇത് നമ്മുടെ ഏറ്റവും വിലപിടിച്ച നിധിയായിരിക്കും, ഇത് നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതായിരിക്കും. നാം ഈ ഒരു കാര്യം ചെയ്‌താൽ ഈ ലോകം മുഴുവനും നമ്മളിൽ നിന്നായിരിക്കും മാർഗോപദേശം തേടുന്നത്. ശങ്കരൻ കൊളുത്തിയ ആത്മീയത നമുക്ക് വീണ്ടും ജ്വലിപ്പിക്കാം - ഈ രാജ്യത്തും, ലോകത്താകമാനവും.

 
 
 
 
  0 Comments
 
 
Login / to join the conversation1