सद्गुरु

അദ്ധ്യാത്മികതയും കുടുബജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോവാം എന്ന് സദ്ഗുരു വിശദീകരിക്കുന്നു.

ചോദ്യം:- സദ്‌ഗുരോ, അദ്ധ്യാത്മിക പാതയില്‍ മുന്നോട്ടു പോകണമെങ്കില്‍ കുടുംബ ബന്ധങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടതുണ്ടോ?

സദ്‌ഗുരു:- വേണ്ട, അതിനുവേണ്ടി കുടുംബ ബന്ധങ്ങളൊന്നും വേണ്ടെന്നു വെക്കേണ്ടതില്ല. നിലവിലുള്ള സാഹചര്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കിയിരിക്കണം. അത് മറ്റൊരാള്‍ (നോക്കി) കാണുന്നത് പോലെയാവരുത്, സമൂഹത്തിന്‍റെ ദൃഷ്ടിയിലൂടെയുമാകരുത്. അവനവന്റെ ഉള്ളില്‍ യഥാര്‍ത്ഥമായി തോന്നുന്നത് എന്താണോ അതാണ്‌ പ്രധാനം. സങ്കടങ്ങളും, വേദനകളും പ്രയാസങ്ങളും അവനവന്‍റെതാണ്, അതുകൊണ്ട് ഓരോ വ്യക്തിയും അവയെ നേരിടേണ്ടത് അവനവന്‍റെതായ രീതിയിലാണ്.

അദ്ധ്യാത്മിക മാര്‍ഗം ലൌകിക ബന്ധങ്ങളുമായി ഇണങ്ങി പോകുമോ ഇല്ലയോ? അങ്ങിനെയൊരു ചോദ്യത്തിന് പ്രസക്തിയെ ഇല്ല, കാരണം രണ്ടും ജീവിതത്തിന്റെ രണ്ടു തലങ്ങളാണ്. എവിടെയും അവ കൂട്ടിമുട്ടുന്നില്ല. അദ്ധ്യാത്മികത എന്നാല്‍ തികച്ചും ആന്തരികമായ സാധനയാണ്‌. പുറത്തു നിങ്ങള്‍ എന്തുതന്നെ ചെയ്താലും, അത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും. "ഒറ്റയ്ക്ക് താമസിക്കണോ അതോ കുടുംബത്തോടൊപ്പം താമസിക്കണോ?നാട്ടില്‍ കഴിയണോ അതോ കാട്ടിലേക്ക് പോകണോ?” ഈ വക സംഗതികള്‍ പൂര്‍ണമായും വ്യക്തിയുടെ സ്വന്തം തീരുമാനമാണ്. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളുമാണ് അതിന്റെ പുറകിലുള്ളത്‌, അതിനും അദ്ധ്യാത്മികതക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല.


അദ്ധ്യാത്മികത എന്നാല്‍ തികച്ചും ആന്തരികമായ സാധനയാണ്‌. പുറത്തു നിങ്ങള്‍ എന്തുതന്നെ ചെയ്താലും, അത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും. "ഒറ്റയ്ക്ക് താമസിക്കണോ അതോ കുടുംബത്തോടൊപ്പം താമസിക്കണോ? നാട്ടില്‍ കഴിയണോ അതോ കാട്ടിലേക്ക് പോകണോ?” ഈ വക സംഗതികള്‍ പൂര്‍ണമായും വ്യക്തിയുടെ സ്വന്തം തീരുമാനമാണ്.

ആരോടു ഏതു തരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ പുലര്‍ത്തുന്നത്, അതും നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. അത് ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ താല്പര്യത്തെയാണ്‌, അല്ലാതെ നിങ്ങളോ മറ്റു വല്ലവരുമോ ചെയ്ത അദ്ധ്യാത്മിക പ്രവര്‍ത്തികളുടെ ഫലമല്ല. അദ്ധ്യാത്മികതയെയും കുടുംബ ബന്ധങ്ങളെയും ഒരു നിലക്കും കൂട്ടിക്കലര്‍ത്തേണ്ടതില്ല, അതിനു സാധിക്കുകയുമില്ല, കാരണം ഒന്ന് തികച്ചും ആന്തരികമാണ്, മറ്റേതു തീര്‍ത്തും ബാഹ്യവുമാണ്.

 
ആവശ്യങ്ങളും പ്രതീക്ഷകളും

അദ്ധ്യാത്മിക മാര്‍ഗത്തിലേക്ക് പ്രവേശിച്ചിട്ടുള്ള ഒട്ടു മുക്കാലും പേരും കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. അദ്ധ്യാത്മികത അങ്ങിനെയൊരു ത്യാഗം നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടല്ല അവര്‍ അങ്ങിനെ ചെയ്തത്, ബന്ധങ്ങളോട് നീതി പുലര്‍ത്താനും, അതിന്‍റെതായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാനും അവര്‍ക്ക് സാധിക്കാതെ വന്നു എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു സംഗതികളും ഒരു കാലത്തും പരസ്പര വിരുദ്ധമല്ല. ബാഹ്യമായി നിങ്ങള്‍ പുലര്‍ത്തുന്ന ബന്ധങ്ങളും ആന്തരികമായി നിങ്ങള്‍ ചെയ്യുന്ന സാധനയും തമ്മില്‍ ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിന്‍റെയും ആവശ്യമില്ല. തടസ്സവും, സംഘര്‍ഷവുമുണ്ടാകുന്നത് ബന്ധങ്ങള്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധം ചെലുത്താന്‍ തുടങ്ങുമ്പോഴാണ്. ഇങ്ങനെ സംഭവിക്കുന്നത്‌ നമ്മള്‍ പലപ്പോഴും കാണാറുമുണ്ട്.

ഒരാള്‍ ധ്യാനം പരിശീലിക്കാന്‍ തുടങ്ങുന്നു. തുടക്കത്തില്‍ ഭാര്യക്കും മക്കള്‍ക്കും ബഹുസന്തോഷം, കാരണം ഒരിടത്ത് അദ്ദേഹം ശാന്തമായി ഒതുങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല, എല്ലാ കാര്യങ്ങളും കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുന്നു. എന്നാല്‍ ഇദ്ദേഹം ധ്യാനത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ വീട്ടില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായി. കണ്ണുകളടച്ച്‌ ശാന്തനായി, സ്വസ്ഥനായി അയാള്‍ സന്തോഷവാനായി ഇരിക്കുന്നു. എന്തിന്‍റെയെങ്കിലും അല്ലെങ്കില്‍ ആരുടെയെങ്കിലും പുറകെ പായുന്ന ഭര്‍ത്താവിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഭാര്യക്കറിയാം, എന്നാല്‍ ഇവിടെ അയാള്‍ ആത്മബോധത്തില്‍ ഇരിക്കുകയാണ്. അതോടെ ഭാര്യക്ക് പേടിയും പരിഭ്രമവും അരക്ഷിത ബോധവുമായി. അവര്‍ ഇതിനെ ഒരപകടാവസ്ഥയായി കാണുന്നു. “മതി മതി ഇനി ഈ വീട്ടില്‍ ജപവും ധ്യാനവും ഒന്നും വേണ്ട.” “ആയിക്കോട്ടെ, ഞാന്‍ ഒരു മൂലയില്‍ ഇരിക്കുന്നതേയുള്ളൂ" ഭര്‍ത്താവ്‌ പറഞ്ഞു നോക്കുന്നു. “അത് നടപ്പില്ല" ഭാര്യയുടെ പിടിവാശി, “എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യണം അല്ലെങ്കില്‍ എന്നോടു സംസാരിക്കണം. കണ്ണടച്ചുള്ള ഈ ഇരിപ്പ് ഇനി വേണ്ട.”


ആയിരമായിരം ആളുകളുമായി എനിക്ക് ബന്ധമുണ്ട് - വളരെയേറെ തീവ്രവും അഗാധവുമായ ബന്ധം. ബന്ധങ്ങള്‍ പലതരത്തിലും തലത്തിലും ഉള്ളതാണ്. എന്റെ ബന്ധങ്ങളും എന്‍റെ അദ്ധ്യാത്മികതയും തമ്മില്‍ ഒരിക്കലും എറ്റുമുട്ടാറില്ല

ആര്‍ക്കും ഉപദ്രവമില്ലാത്ത ഈ വക നിസ്സാര സംഗതികള്‍, അതിന്മേലും വിലക്കുകളും നിയന്ത്രണങ്ങളും. നിങ്ങളുടെ മനസ്സിലും ഒരു ആശയകുഴപ്പം, അനിശ്ചിതത്വം. കുടുംബത്തില്‍ ഒരാള്‍ വിവേകമില്ലാതെ പെരുമാറുമ്പോള്‍ അവിടെ ബന്ധങ്ങളില്‍ പിളര്‍പ്പ് സംഭവിക്കുന്നു.

 
സ്വാര്‍ത്ഥ താല്പര്യങ്ങളില്‍ നിന്നും സ്നേഹത്തിലേക്ക്

ആയിരമായിരം ആളുകളുമായി എനിക്ക് ബന്ധമുണ്ട് - വളരെയേറെ തീവ്രവും അഗാധവുമായ ബന്ധം. ബന്ധങ്ങള്‍ പലതരത്തിലും തലത്തിലും ഉള്ളതാണ്. എന്റെ ബന്ധങ്ങളും എന്റെ അദ്ധ്യാത്മികതയും തമ്മില്‍ ഒരിക്കലും എറ്റുമുട്ടാറില്ല, കാരണം അവ രണ്ടും എന്‍റെ ജീവിതത്തിന്‍റെ രണ്ടു വ്യത്യസ്ത മേഖലകളാണ്. ബന്ധങ്ങള്‍ ബാഹ്യമായിട്ടുള്ളതാണ്, അത് പരമാവധി നന്നായി പുലര്‍ത്തിക്കൊണ്ടു വരികയും വേണം, എന്നാല്‍ നിങ്ങളുടെ അദ്ധ്യാത്മികത തീര്‍ത്തും ആന്തരികമായിട്ടുള്ളതാണ്. നിങ്ങളോ നിങ്ങളുടെ ജീവിത പങ്കാളിയോ അദ്ധ്യാത്മിക മാര്‍ഗം തിരഞ്ഞെടുത്തുവെന്നുവരാം. അതുകൊണ്ട് നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമായി പോകരുത്. അത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കരുത്. അദ്ധ്യാത്മികതയെ സംബന്ധിച്ചുള്ള അടിസ്ഥാനതത്വം ഇതാണ് - ആന്തരികമായ ആ ആനന്ദത്തിന്‍റെ രുചി ഒരിക്കല്‍ നുകരാനായാല്‍ പിന്നെ മനസ്സ് അതില്‍ നിന്നും വിട്ട് പോരാന്‍ മടിക്കും. അതാകും നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. എന്നാല്‍ ബന്ധങ്ങളെ സംബന്ധിച്ചുള്ള പ്രത്യേകത, പങ്കാളിയുടെ ശ്രദ്ധയും, താല്പര്യവും മുഴുവനായും തന്നില്‍ കേന്ദ്രീകരിക്കണം എന്ന പിടിവാശിയാണ്. അങ്ങിനെയുള്ള ചിന്ത സ്ത്രീയായാലും പുരുഷനായാലും സ്വാഭാവികമായി ഉണ്ടാവുന്നതാണ്. അതിനു പാളിച്ച സംഭവിക്കുമ്പോള്‍ ആര്‍ക്കായാലും, താന്‍ ഒഴിവാക്കപ്പെടുകയാണെന്ന തോന്നലുണ്ടാകും. ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥ ജീവിതത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങും. ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് സാമാന്യമായി എല്ലാവരും അവകാശപ്പെടാറുണ്ട്, അങ്ങിനെയാണെങ്കില്‍ ഈശ്വരനായിരിക്കേണ്ടേ നിങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രം? ഇവിടെ പ്രശ്നം ബന്ധത്തിന്‍റെതല്ല, അരക്ഷിതത്വത്തിന്‍റെതാണ്. ഏതു ബന്ധത്തിന്‍റെയും അടിത്തറ സ്നേഹമായിരിക്കണം, എങ്കില്‍ അവിടെ പ്രശ്നങ്ങളൊന്നും പൊട്ടി മുളക്കുകയില്ല. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മുകളിലാണ് ബന്ധങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ഇന്ന ആളില്‍ നിന്നും ഇന്നത്‌ കിട്ടുമെന്ന് നിശ്ചയമായും നിങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനായി നിങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോള്‍ നിങ്ങളുടെ ഭാവം മാറുന്നു, ബന്ധം തകരുന്നു.

നിസ്വാര്‍ത്ഥമായ സ്നേഹത്തില്‍ അധിഷ്ടിതമാണ് നിങ്ങളുടെ ബന്ധമെങ്കില്‍, പങ്കാളിയുടെ അദ്ധ്യാത്മികത ആ ബന്ധത്തിന് കൂടുതല്‍ പക്വതയും മാധുര്യവും പകര്‍ന്നു നല്‍കുമെന്ന് തീര്‍ച്ച. പങ്കാളിയെ കുറിച്ച് ബാലിശമായ ധാരണകളും പ്രതീക്ഷകളും നിങ്ങള്‍ പുലര്‍ത്തുകയില്ല. അദ്ദേഹത്തിന്‍റെ അല്ലെങ്കില്‍ അവരുടെ ജീവിതത്തെ കൂടുതല്‍ കരുതലോടും ആദരവോടും കൂടിയാകും നിങ്ങള്‍ സമീപിക്കുക. നമ്മള്‍ ഏറ്റവും ആദരിക്കേണ്ടത് ജീവിതത്തെയാണ്. ആ ആദരവ് എന്തുകൊണ്ട് മറ്റൊരു വ്യക്തിയുടെ ജീവിതത്തിനു നല്കിക്കൂടാ?