सद्गुरु

നിങ്ങളുടെ യുക്തിബോധം അപക്വമായിരിക്കുമ്പോള്‍ എല്ലാത്തിനെയും കുറിച്ച് സംശയങ്ങള്‍ തോന്നും. എന്നാല്‍ പക്വമാണ് യുക്തിബോധമെങ്കില്‍ എല്ലാറ്റിനെയും കാണുക ഒരു പുതിയ വെളിച്ചത്തിലായിരിക്കും.

സദ്‌ഗുരു :- ആദ്ധ്യാത്മികത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശേഷിച്ച് ഏതെങ്കിലും ഒരു സാധനയെയല്ല. അത് മനസ്സിന്റെ ഒരവസ്ഥയാണ്. അവിടേക്കെത്തണമെങ്കില്‍ വഴികള്‍ ചിലത് താണ്ടേണ്ടിയിരിക്കുന്നു. നിങ്ങളുടെ വീട്ടുമുറ്റത്തുള്ള പൂന്തോട്ടം പോലെയാണത്. മണ്ണും വെള്ളവും വെളിച്ചവും വേണ്ടതുപോലെ ലഭിക്കുന്നില്ലെങ്കില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയുമില്ല. അതിനാവശ്യമായ പരിചരണം നിങ്ങള്‍ നല്‍കുക തന്നെ വേണം. അതുപോലെ സ്വന്തം ശരീരത്തെയും ബുദ്ധിയേയും മനസ്സിനെയും വേണ്ടരീതിയില്‍ വളര്‍ത്തികൊണ്ടു വരികയാണെങ്കില്‍, നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ അപൂര്‍വ കുസുമങ്ങള്‍ വിരിയും. അതുതന്നെയാണ് അദ്ധ്യാത്മികത. നിങ്ങളുടെ യുക്തിബോധം അപക്വമായിരിക്കുമ്പോള്‍ എല്ലാത്തിനെയും കുറിച്ച് സംശയങ്ങള്‍ തോന്നും. എന്നാല്‍ പക്വമാണ് യുക്തിബോധമെങ്കില്‍ എല്ലാറ്റിനെയും കാണുക ഒരു പുതിയ വെളിച്ചത്തിലായിരിക്കും.

സ്വന്തം ശരീരത്തെയും ബുദ്ധിയേയും മനസ്സിനെയും വേണ്ടരീതിയില്‍ വളര്‍ത്തികൊണ്ടു വരികയാണെങ്കില്‍, നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ അപൂര്‍വ കുസുമങ്ങള്‍ വിരിയും

അത്ഭുതകരവും അപ്രതീക്ഷിതവുമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ "ഈശ്വര ലീലയായി" നമ്മള്‍ അതിനെ കാണുന്നു. നമ്മുടെ ഈശര സങ്കല്പം അതിലൊതുങ്ങുന്നു. അവനവനെക്കാള്‍ വലുതായ ഒന്ന്, അത് ഒരു വ്യക്തിയോ, അനുഭവമോ, പ്രകൃതിയിലെ ഒരു പ്രതിഭാസമോ ആകാം. എന്നാല്‍ അതാണോ അദ്ധ്യാത്മികത? അല്ലേ അല്ല, അത് ജീവിതം മാത്രമാണ് - ജീവിതം മാത്രം എന്ന് ഞാന്‍ പറയുന്നത് അതിനെ നിസ്സാരമാക്കികൊണ്ടല്ല. തീര്‍ച്ചയായും ജീവിതം മഹത്തായ ഒരു പ്രതിഭാസം തന്നെയാണ്. ജീവിതം സ്വന്തം സങ്കല്പത്തേക്കാള്‍ അതിശയകരവും, പ്രബലവും, ആനന്ദ നിര്‍ഭരവുമാകുമ്പോള്‍, നിങ്ങള്‍ സ്വാഭാവികമായും അവിദിതമായതിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു, "ആരായിരിക്കും ഇതെല്ലാം സൃഷ്ടിച്ചിരിക്കുക?”

സൃഷ്ടിയുടെ മൂലം എവിടെ എന്ന അന്വേഷണം നിങ്ങളെ നയിക്കുക നിങ്ങളിലേക്ക് തന്നെയാണ്, കാരണം നിങ്ങള്‍ ഏറ്റവും അടുത്തറിയുന്ന സൃഷ്ടി സ്വന്തം ശരീരമാണല്ലോ. അവിടെ - നിങ്ങളുടെ ഉള്ളില്‍ ഒരു സ്രഷ്ടാവ് തടവുകാരനായി കഴിയുന്നുണ്ട്. അവനെ നിങ്ങള്‍ കാണാതെ പോകുരുത്. അതിന് നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍ - സൃഷ്ടിയുടെ സ്രോതസ്സ് അവനവന്റെ ഉള്ളില്‍ കണ്ടെത്താനായെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ അദ്ധ്യാത്മികതയിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു എന്നാണ്.

ഈശ്വര വിശ്വാസമാണോ അദ്ധ്യാത്മികത ?

ഒരു നിരീശ്വരവാദിക്ക് ആത്മീയ ചിന്ത സാധ്യമല്ല. അതുപോലെ ഒരു ഈശ്വരവിശ്വാസി ആത്മീയവാദിയായിക്കൊള്ളണമെന്നുമില്ല. ഒരു നാസ്തികനും ഒരു ദൈവവിശ്വാസിയും വിഭിന്നരല്ല. ഒരാള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു, അപരന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവനവന് അറിയാത്ത ഒരു വിഷയത്തിലാണ്‌ രണ്ടുപേരും ദൃഡമായി വിശ്വസിക്കുന്നത്. കാര്യം അറിയില്ല എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം രണ്ടുപേര്‍ക്കുമില്ല, അതാണ്‌ അവരുടെ പ്രശ്നം. തങ്ങള്‍ വ്യത്യസ്തരാണെന്ന് കാണിക്കാന്‍ രണ്ടു പേരും ഒരഭിനയം നടത്തുന്നു. ഒരു ആത്മീയാന്വേഷകന്‍ നിരീശ്വരവാദിയല്ല, ഈശ്വരവാദിയുമല്ല. തനിക്ക് സത്യമറിയില്ല എന്ന് അയാള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നു.

ഒരു നാസ്തികനും ഒരു ദൈവവിശ്വാസിയും വിഭിന്നരല്ല. ഒരാള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു, അപരന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവനവന് അറിയാത്ത ഒരു വിഷയത്തിലാണ്‌ രണ്ടുപേരും ദൃഡമായി വിശ്വസിക്കുന്നത്

എന്തിലെങ്കിലും ദൃഡമായി വിശ്വസിക്കുവാന്‍ തുടങ്ങുന്ന നിമിഷം മറ്റുള്ളതെല്ലാം തന്നെ നിങ്ങളുടെ കാഴ്ചയില്‍ നിന്നും മറയുന്നു. ഈ ഭൂമിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം നന്മ തിന്മകള്‍ തമ്മിലുള്ള മത്സരമല്ല, അത് വെറുതെ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്. വാസ്തവത്തിലുള്ള പോരാട്ടം രണ്ടു വ്യക്തികളുടെ അല്ലെങ്കില്‍ സമൂഹങ്ങളുടെ വിശ്വാസങ്ങള്‍ തമ്മിലാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു വിശ്വാസം ഓരോ വ്യക്തിക്കും വേണമെന്നുള്ളത് അയാളുടെ വൈകാരികമായ ആവശ്യമാണ്‌, അദ്ധ്യാത്മീകമായിട്ടുള്ളതല്ല. എന്തിലെങ്കിലും ബലമായി പിടിച്ചുനില്‍ക്കാന്‍ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നു. എല്ലാം അറിയാമെന്ന ഒരു തോന്നല്‍, താന്‍ സുരക്ഷിതനാണെന്ന് ഒരുറപ്പ്, ഇതെല്ലാമാണ് വിശ്വാസത്തിന്റെ ഫലമായി കിട്ടുന്നത്. അത് അപക്വമായ ഒരു മനസ്സിന്റെ സങ്കല്പമാണ്. ഈ പ്രപഞ്ചത്തെ കുറിച്ച് - ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് യാതൊന്നും തന്നെ അറിഞ്ഞുകൂട. ഒന്നും അറിയില്ല എന്ന സത്യം മനസ്സിലാക്കിയാല്‍, അറിയാന്‍ ഒരു ശ്രമമെങ്കിലും നടത്താം. അങ്ങനെ മനസ്സിനെ സുന്ദരവും സന്തുഷ്ടവുമാക്കാന്‍ പ്രയത്നിക്കാം. പക്ഷെ അത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം.

അദ്ധ്യാത്മീകമായ അനുഭവം എന്നാല്‍ എന്താണ്?

ഒരു സമുദ്രത്തിന്റെ സമീപത്തുനിന്ന് അതിന്റെ ഗാംഭീര്യം ആസ്വദിക്കുക, ഒരു പര്‍വതത്തിന്റെ അരികെ നിന്ന് അതിന്റെ ഔന്നത്യം കണ്ട് ആശ്ചര്യപ്പെടുക, ഇതെല്ലാം വളരെ നല്ല അനുഭവങ്ങള്‍ തന്നെ. ലോകത്തിനെ അതിന്റെ മട്ടില്‍ കണ്ട് ആസ്വദിക്കാന്‍ നമ്മള്‍ ശീലിക്കണം. ഒരു കാര്യം നാം മനസ്സിലാക്കണം, സമുദ്രം ഒരു ആദ്ധ്യാത്മീക അനുഭവമായി അതിലുള്ള മത്സ്യത്തിന് തോന്നുന്നില്ല, മലയാടുകളെ സംബന്ധിച്ചിടത്തോളം ആ മലകളും ഒരു ആദ്ധ്യാത്മീക അനുഭവമല്ല. കാരണം അവര്‍ക്കത് ഒരത്ഭുതമല്ല. അവ സദാ കഴിയുന്നത്‌ അവിടെയാണ്. മീനുകളെയും മലയാടുകളെയും നഗരത്തില്‍ കൊണ്ടുവന്നാല്‍ അതവര്‍ക്ക് ഒരു ആദ്ധ്യാത്മീക അനുഭവമാകും, കാരണം നഗരം അവയെ സംബന്ധിച്ചിടത്തോളം അഞ്ജാതവും അതിശയകരവുമാണ്.
യഥാര്‍ത്ഥ അദ്ധ്യാത്മീക അനുഭവം എന്ന് പറഞ്ഞാല്‍ - അവിടെ മനസ്സിന്റെ അകത്തുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. നിങ്ങള്‍ ചെറിയൊരു തോടിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ ആ തോട് പൊട്ടിച്ച്, കൂടുതല്‍ വലിയ ഒരു തോടിനുള്ളിലായിരിക്കുന്നു. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ചെറുതായാലും വലുതായാലും ഒരു തോടിനുള്ളില്‍ നിങ്ങള്‍ കുടുങ്ങി കിടക്കുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ്.

സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ട് അതിശയിച്ചപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതിനിടയില്‍, എപ്പോഴോ ഏതാനും നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ - നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്

നിങ്ങള്‍ എല്ലാ അതിര്‍വരമ്പുകളേയും മറികടക്കാന്‍ ആഗ്രഹിക്കുന്നു. തികച്ചും ഭൌതികമായ രീതിയില്‍ ഘട്ടം ഘട്ടമായി നിങ്ങള്‍ അതിന് ശ്രമിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലെണ്ണി അനന്തതയില്‍ എത്തിച്ചേരാമെന്നു കരുതുന്നുണ്ടോ? അത് ഒരിക്കലും തീരാത്ത ഒരെണ്ണല്‍ മാത്രമായി തുടര്‍ന്നുപോകും. അതല്ല ശരിയായ രീതി. ഭൌതീക വഴികളിലൂടെ ഒരിക്കലും അനന്ത പ്രകൃതി അനുഭവിക്കാനാവില്ല. ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് അനന്തതയില്‍ എത്തിച്ചേരാനാണ്. ഒരു മനുഷ്യന് മൂന്നു ദിവസം അവനിഷ്ടമുള്ളതെല്ലാം കൊടുത്തുനോക്കൂ. അവന് സന്തോഷമാകും. എന്നാല്‍ നാലാം ദിവസം കാണാം, പുതിയതായ ഒന്നിന് വേണ്ടി അവന്‍ വെമ്പുന്നത്. ചിലര്‍ അതിനെ അത്യാഗ്രഹമെന്ന് വിശേഷിപ്പിക്കും, എന്നാല്‍ ഞാന്‍ പറയുക, അത് ജീവിതത്തിന്റെ തെറ്റായ ദിശയിലേക്കുള്ള നീക്കമാണ് എന്നാണ്. അനന്ത പ്രകൃതിയെ തൊട്ടറിയാനാണ് നിങ്ങളുടെ ശ്രമം എങ്കില്‍, നിങ്ങള്‍ ആദ്യം അറിയേണ്ടത് ഭൌതികതയ്ക്ക് അപ്പുറത്തുള്ള ഒന്നിനെയാണ്. അത് ജീവിതത്തില്‍ പലപ്പോഴായി നിങ്ങള്‍ അറിഞ്ഞിട്ടുണ്ട് - സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ട് അതിശയിച്ചപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതിനിടയില്‍, എപ്പോഴോ ഏതാനും നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ - നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്. ആ അനുഭവം തെളിവാര്‍ന്ന ബോധമായി മാറ്റണം, അത് മനസ്സില്‍ മങ്ങാതെ നിലനില്‍ക്കണം.

സര്‍വതിനെയും ഭേദചിന്തയില്ലാതെ കാണുക, ഉള്‍ക്കൊള്ളുക. പ്രകൃതിയില്‍ ഒന്ന് നല്ലത്, വേറൊന്നു ചീത്ത എന്നില്ല. മരമായാലും മേഘമായാലും മനുഷ്യനായാലും പ്രകൃതിയില്‍ വകഭേദമില്ല. സ്വന്തം ശരീരത്തെ , ശ്വാസത്തെ എങ്ങനെ സമീപിക്കുന്നുവോ അതേ മനസ്ഥിതിയോടെ എല്ലാറ്റിനെയും സമീപിക്കുക. ജീവിതത്തിലെ സമസ്ത ഭാവങ്ങളെയും, പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഭേദചിന്തയില്ലാതെ കാണാനാവുക. അത് തന്നെയാണ് അദ്ധ്യത്മീകത. അത് ഒരാള്‍ ഇനിയോരാള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതല്ല. ഓരോരുത്തരും സ്വയം അനുഭവിച്ചറിയേണ്ടതാണ്.

https://i.ytimg.com/vi/PPfgj8O_Hxw/maxresdefault.jpg