ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരുതരം 'ആത്മീയ' സംഘമെന്നു പറയാവുന്ന ഒരു കൂട്ടം ജനങ്ങള്‍ എന്നോടു ചോദിച്ചു, 'സദ്ഗുരു, ആത്മീയപാതയില്‍ പുരോഗമിക്കുന്നതിന് എന്താണ് ആവശ്യമായിട്ടുള്ളത്?' ഞാന്‍ പറഞ്ഞു, 'നിങ്ങള്‍ക്ക് അഭിനിവേശം ഉണ്ടാകണം.' നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം അഭിനിവേശമാണ്. ജീവിതത്തിനുവേണ്ടിയുള്ള, ആഴത്തിലുള്ള ജീവിതത്തിനു വേണ്ടിയുള്ള, അഭിനിവേശം. അവര്‍ക്ക് അതില്‍ വളരെയധികം പരിഭവം തോന്നി, കാരണം അഭിനിവേശവും ആത്മീയതയും ഒത്തുപോകുകയില്ല. പക്ഷേ, അഭിനിവേശമില്ലാതെ ഒരു ആത്മീയതയും ഉണ്ടാകുകയുമില്ല.

നിങ്ങള്‍ക്ക് ഒരു പ്രതിവിധിയും ഇല്ലാത്ത കാര്യത്തിനുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെയാണ് 'അഭിനിവേശം' എന്നുപറയുന്നത്, അല്ലേ? അത് വെറുമൊരു മോഹമാണെങ്കില്‍, ഇല്ലാതാക്കുന്നതിനുള്ള വഴികളുണ്ട്. അത് വെറുമൊരു ജിജ്ഞാസ മാത്രമാണെങ്കില്‍, തൃപ്തിപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ അഭിനിവേശത്തെ ലക്ഷ്യം കണ്ടെത്തുകയെന്നതല്ലാതെ മറ്റെന്തെങ്കിലുംകൊണ്ടു തൃപ്തിപ്പെടുത്താനാവില്ല. പ്രതിവിധിയില്ലാത്ത ഒരു അഭിലാഷമാണ് അഭിനിവേശം. നിങ്ങള്‍ അതുമായി ഒന്നായി മാറണം, അല്ലാതെ അതിനു വേറെ ഉത്തരമില്ല. അതിനാല്‍ അഭിനിവേശമില്ലാതെ ഒരു ആത്മീയതയുമില്ല. 'അഭിനിവേശം' എന്നു നിങ്ങള്‍ പറയുമ്പോള്‍, ആളുകള്‍ ശാരീരികമായ അഭിനിവേശത്തെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത് എന്നതാണു പ്രശ്‌നം. മറ്റെന്തിനെക്കാളും വലിയ തോതില്‍ ഒരു മനുഷ്യജീവിയില്‍ നിലനില്‍ക്കുന്ന അഗാധമായ അഭിനിവേശത്തെ അവര്‍ തിരിച്ചറിയുന്നില്ല.

നിയന്ത്രണാതീതമായ മോഹമാണ് അഭിനിവേശം. അതു ജന്മനാ ഉള്ളതാണ്. ജന്മനാ ഉള്ളതായതുകൊണ്ട് അതിന് വളരെ തീവ്രവും ശക്തവുമായ സ്വാധീനമാണുള്ളത്. ആത്മീയ അഭിനിവേശവും ജന്മനാ ഉള്ളതുതന്നെ, എന്നാല്‍ അമിതമായ ശിക്ഷണം കൊണ്ട്, അതു പുറത്തുനിന്നു വരുന്നതാണെന്ന് ആളുകള്‍ കരുതുന്നു. ശരീരത്തിന്‍റെ തൃഷ്ണകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ, ആത്മാവിന്‍റെ തൃഷ്ണകളും വിട്ടുമാറാതെ പ്രവര്‍ത്തിക്കുന്നു. എല്ലാ മനുഷ്യജീവികളും പ്രകൃത്യാതന്നെ ആത്മീയതയുള്ളവരാണ്. തല്‍ക്കാലത്തേക്ക് ഭൗതികതയുമായി ഇടപഴകുന്ന ഒരു ആത്മീയ അസ്തിത്വമാണ് നിങ്ങള്‍, പക്ഷേ തിരിച്ചാണെന്നു നിങ്ങള്‍ കരുതുന്നു.

പരിമിതികള്‍ ഉപയോഗിച്ച് അപരിമേയമായതിനെ അഥവാ അനന്തമായതിനെ എത്തിപ്പിടിക്കാന്‍ കഴിയുകയില്ല. അത്രയും കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍, നിങ്ങളുടെ മനസ്സു പറയുന്ന കാര്യങ്ങള്‍ക്ക് അത്ര വളരെ പ്രാധാന്യം നിങ്ങള്‍ നല്‍കുകയില്ല.

മനുഷ്യപ്രകൃതത്തിനു രണ്ടു വശങ്ങളുണ്ട്. എല്ലാ മനുഷ്യജീവിക്കും ഒരേ സമയം തന്നെ സ്വയം ഒതുങ്ങാനും വികസിക്കാനും, സ്വയം സംരക്ഷിക്കാനും നിസ്സീമമാകാനുമുള്ള ആവശ്യകതയുണ്ട്. ഭൗതികമായ പ്രകൃതം സ്വയം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, ആത്മീയമായ പ്രകൃതം വികസിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ശരീരത്തിനു മാത്രമാണ് സംരക്ഷണം ആവശ്യം. അതിനുമപ്പുറം സംരക്ഷിക്കാനുള്ള ഉള്‍പ്രേരണ തടവറയിലിടുന്നതു പോലെയാണ്. ഈ രണ്ടു തലങ്ങളെയും മനസ്സിലാക്കാതെ, മനുഷ്യജീവികളിലെ ഈ രണ്ട് അഭിലാഷങ്ങളെയും ജനങ്ങള്‍ വിഭജിച്ചിരിക്കുന്നു. അവ വിരുദ്ധങ്ങളായി തോന്നുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. നിങ്ങള്‍ ശരീരത്തിന്‍റെ പരിധികളുടെ സമഗ്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പക്ഷേ അതിനുമപ്പുറം പരിധികള്‍ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് എപ്പോഴും നിങ്ങളുടെ ഉള്ളില്‍ അവശേഷിക്കും.

നിങ്ങളുടെ പരിമിതികളെയാണോ, അതോ സ്വതന്ത്രമാകാനുള്ള അഭിലാഷത്തെയാണോ നിങ്ങള്‍ ശക്തിപ്പെടുത്തുന്നത്? അതാണു ചോദ്യം. നിങ്ങളുടെ കണ്ണുകള്‍ തുറന്നു പിടിച്ചുകൊണ്ടാണോ, അതോ അടച്ചു പിടിച്ചുകൊണ്ടാണോ നിങ്ങള്‍ നടക്കുന്നത്? അതാണു ചോദ്യം. നിങ്ങള്‍ ആത്മീയമാകുന്നത് ബോധപൂര്‍വ്വമാണോ ബോധരഹിതമായാണോ? അതാണു ചോദ്യം.