ആത്മീയപാതയിലെ ഭയാശങ്കകളും അരക്ഷിതാവസ്ഥയും
ആത്മീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ അരക്ഷിതാവസ്ഥയും ഭയാശങ്കയും അനുഭവപ്പെടുന്നു. മനസ്സെന്തിനവയെ സൃഷ്‌ടിക്കുന്നു, ഈ കടമ്പ എങ്ങിനെ മറികടക്കാം?
 
 

First Para with Sadhguru's photo

सद्गुरु

ഒരന്വേഷി..... എവിടെ നിന്ന്‍ വരുന്നുവെന്നോ എവിടേയ്ക്ക്‌ പോകുന്നുവെന്നോ അറിയാന്‍ കഴിയാത്ത, തികച്ചും ദയനീയമായ അവസ്ഥയാണവന്റേത്.

യോഗിവര്യന്മാരോതും
വചനപ്പൊരുളറിയാതെ നീ
മായതന്‍ മിന്നലാട്ടത്തെ
സത്യമെന്ന്‍ ധരിച്ചിടും.
അജ്ഞതമറയ്ക്കും നിന്‍
മിഴിയില്‍ മായ സത്യമാം
ഉള്‍ക്കണ്ണു തുറന്നീടാതെ
സത്യം തേടുക വ്യര്‍ത്ഥമാം.

– സദ്‌ഗുരു

എവിടെ നിന്ന്‍ വരുന്നുവെന്നോ എവിടേയ്ക്ക്‌ പോകുന്നുവെന്നോ അറിയാന്‍ കഴിയാത്ത, തികച്ചും ദയനീയമായ അവസ്ഥയാണ്‌ അന്വേഷിയുടേത്‌. അജ്ഞാനത്തിന്റെ അസംഖ്യം പാളികളാല്‍ സിമന്റിട്ടതുപോലെ മൂടപ്പെട്ട അന്വേഷിയുടെ വേദന; അത്‌ അനുഭവിച്ചവര്‍ക്കുമാത്രമേ മനസ്സിലാവുകയുള്ളു.. ജീവിതം അയാള്‍ക്കു നല്‍കിയ ഉണര്‍വും അന്വേഷണ തൃഷ്‌ണയുമായി, പരിണാമത്തിന്‍റെ ഏതോ അറിയപ്പെടാത്ത കോണില്‍ നിന്ന്‍ തുടങ്ങുന്ന ഈ യാത്രയില്‍, അന്വേഷിക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്നത്‌ അനിശ്ചിതത്വവും തിരഞ്ഞെടുക്കാനുള്ളവയുടെ ബാഹുല്യവുമാണ്‌. അവശ്യം വേണ്ട മാര്‍ഗദര്‍ശനവും കൃപാകടാക്ഷവുമില്ലാതെ, ചുക്കാനില്ലാത്ത തോണിയിലെന്ന പോലെ, ചക്രവാളത്തിലെ വെളിച്ചത്തിന്‍റെ പൊട്ടിനെ ലക്ഷ്യമാക്കിയും, തന്‍റെ മൌഢ്യത്താലുളവാകുന്ന വിള്ളലുകള്‍ അടച്ചുകൊണ്ടും, കരകാണാനാവാത്ത സാഗരത്തില്‍ അയാള്‍ അനന്തമായി കറങ്ങിക്കൊണ്ടിരിക്കും.

അന്വേഷി: : സദ്‌ഗുരോ, ഈ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ എന്നില്‍തന്നെയുള്ള ഭയാശങ്കകളെയും അരക്ഷിതാവസ്ഥയേയും കുറിച്ച്‌ ഞാന്‍ ബോധവാനാകുന്നു. ഇതെല്ലാം മറികടന്ന് എനിക്കെങ്ങനെ മുന്നോട്ട് നീങ്ങാന്‍ കഴിയും?

സദ്‌ഗുരു : നിങ്ങളുടേതായ ഭയാശങ്കകളും അരക്ഷിതാവസ്ഥയും ഉപേക്ഷിക്കേണ്ടതില്ല, കാരണം അവ യഥാര്‍ത്ഥത്തില്‍ ഉള്ളവയല്ല, അബോധമായി നിങ്ങള്‍തന്നെ അവയെ സൃഷ്‌ടിക്കുകയാണ്‌. അവയെ ബോധപുര്‍വ്വം സൃഷ്‌ടിക്കാതിരിക്കാന്‍ ശ്രമിക്കൂ. മനസ്സെന്തിനവയെ സൃഷ്‌ടിക്കുന്നു, ഇത്തരം സൃഷ്‌ടിയെ എങ്ങനെ അവസാനിപ്പിക്കാം? അതാണ്‌ വാസ്തവത്തില്‍ നിങ്ങളുടെ ചോദ്യം.

ഒരു വ്യക്തി സ്വന്തം ഭൌതിക ശരീരത്തിന്‍റെയും മനസ്സിന്‍റെയും പരിമിതികളെ അതിജീവിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ആ വ്യക്തിക്ക്‌ ഭയാശങ്കകളില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നും മോചിതനാകാന്‍ കഴിയൂ.

ഒരുവനില്‍ ഭയം ഉടലെടുക്കുവാനുള്ള അടിസ്ഥാന കാരണം ഈ വിശാലമായ ലോകത്തിന്‍റെ തുടക്കത്തെക്കുറിച്ചോ, ഒടുക്കത്തെക്കുറിച്ചോ അവനറിയില്ല എന്നതാണ്. നിങ്ങള്‍ കേവലം ഒരു ചെറിയ മനുഷ്യജീവി മാത്രമാണ്‌. വെറും നിസ്സാരന്‍ എന്ന ചിന്ത ഉണ്ടാകുന്നതോടെ സ്വാഭാവികമായും ഭയം രൂപം കൊള്ളുന്നു. എന്ത്‌ സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഭയവും അരക്ഷിതാവസ്ഥയും നിങ്ങളെ പൂര്‍ണമായും കീഴ്‌പ്പെടുത്തുന്നു. ഒരു ഭൌതിക ദേഹമാണ് നിങ്ങളെന്ന തിരിച്ചറിയല്‍ തുടരുവോളം, ജീവിതാനുഭവങ്ങള്‍ ശാരീരികവും മാനസികവുമായ ചിന്താശക്തിയുടെ പരിമിതിയില്‍ ഒതുങ്ങുവോളം, ഭയവും അരക്ഷിതാവസ്ഥയും ഒഴിവാക്കാനാവില്ല; ഭയവും അരക്ഷിതത്വബോധവും വ്യത്യസ്‌ത മനുഷ്യരില്‍ വ്യത്യസ്‌ത തലത്തിലായിരിക്കും എന്നു മാത്രം.

ഇന്ന്‍ ജീവിതത്തില്‍ നല്ലത്‌ സംഭവിച്ചാല്‍ നിങ്ങള്‍ അരക്ഷിതാവസ്ഥ തന്നെ വിസ്‌മരിക്കും. എന്നാല്‍ നാളെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞാല്‍ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നു, അതു സദാ നിങ്ങളില്‍തന്നെ അന്തര്‍ലീനമായി ഉള്ളതു കൊണ്ടാണങ്ങനെ സംഭവിക്കുന്നത്‌. ഒരു വ്യക്തി സ്വന്തം ഭൌതിക ശരീരത്തിന്‍റെയും മനസ്സിന്‍റെയും പരിമിതികളെ അതിജീവിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ആ വ്യക്തിക്ക്‌ ഭയാശങ്കകളില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നും മോചിതനാകാന്‍ കഴിയൂ.

ഭൌതികാതീതമായ നിങ്ങളുടെ അനുഭവത്തെയാണ്‌ ആദ്ധ്യാത്മികതയായി വിവക്ഷിക്കുന്നത്‌. ആദ്ധ്യാത്മികത എന്ന്‍ ഞാന്‍ പറയുമ്പോള്‍ അത്‌ ക്ഷേത്രത്തില്‍ പോകുന്നതിനെക്കുറിച്ചാണെന്ന്‍ തെറ്റിദ്ധരിക്കരുത്‌, എന്തെങ്കിലും നേടാനുള്ള പ്രാര്‍ത്ഥനയായും കരുതേണ്ട. ലോകത്തിലെ തൊണ്ണൂറ്‌ ശതമാനം പ്രാര്‍ത്ഥനകളും, സ്വന്തം പരിരക്ഷയ്ക്കുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിക്കലാണ്‌, അതല്ലെങ്കില്‍ കാത്തു രക്ഷിക്കണമേ എന്ന അപേക്ഷ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒന്ന്‍ പരിശോധിച്ചുനോക്കൂ. ഇതില്‍ ആത്മീയമായി ഒന്നുമില്ല. അടിസ്ഥാനപരമായ നിലനില്‍പ്പ്‌ മാത്രമാണ്‌ ലക്ഷ്യം. മിക്ക ജനങ്ങളുടെയും പ്രാര്‍ത്ഥന അവരുടെ ഭയത്തിലും അരക്ഷിതാവസ്ഥയിലും അധിഷ്‌ഠിതമാണ്‌. ഒരു നിര്‍ദ്ദിഷ്‌ട വസ്തുവിനോടോ, ഉദ്ദേശത്തിനോടോ അപാരമായ ആദരവ്‌ പ്രകടിപ്പിക്കുകയും മറ്റ്‌ എല്ലാത്തിനോടും നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്നു. പ്രാര്‍ത്ഥന ഒരു കൃത്യനിര്‍വ്വഹണം മാത്രമായി മാറുന്നത്‌ അധഃപതനമാണ്‌.

അതേ സമയം, പ്രാര്‍ത്ഥനയ്ക്ക് പൂര്‍ണത കൈവരിച്ചാല്‍, അത് മഹനീയമാകും. ഏതൊരു കൃത്യവും നിങ്ങളെ പ്രാര്‍ത്ഥനാനിര്‍ഭരനാക്കുന്നുവെങ്കില്‍, അത്‌ പൂര്‍ണതയിലേക്ക്‌ ഉയര്‍ത്തുകയാണ്‌. എന്നാല്‍ സ്വന്തം നിലനില്‍പ്പിനായി സ്വര്‍ഗത്തിലേയ്ക്ക്‌ നോക്കുകയാണെങ്കില്‍ അത്‌ മണ്ടത്തരമാണ്‌. വിരകള്‍ക്കും കീടങ്ങള്‍ക്കും പോലും സ്വന്തം നിലനില്‍പ്പിനെ സംരക്ഷിക്കുവാന്‍ കഴിവുണ്ട്‌. അതിനാല്‍ ഞാന്‍ ആത്മീയം എന്ന്‍ പറയുമ്പോള്‍, ഭൌതികമല്ലാത്ത അനുഭവത്തിന്‍റെ സാധുതയെക്കുറിച്ചാണ്‌ സംസാരിക്കുന്നതെന്ന്‍ ഓര്‍ക്കണം. ഒരിക്കല്‍ ഈ ആത്മീയ അനുഭവം സിദ്ധിക്കുകയും, ഭൌതികവും മാനസികവുമായ പരിമിതികളില്‍നിന്നും മുക്തമാവുകയും ചെയ്‌താല്‍, പിന്നെ അവിടെ ഭയം എന്നൊന്നില്ലാതാകുന്നു. ഭയം, ഉപരിപ്‌ളവവും നിയന്ത്രണം വിട്ടതുമായ ഒരു മനസ്സിന്‍റെ ഉത്‌പന്നമാണ്‌.

കാര്യങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് നീങ്ങാത്തപ്പോഴാണ്‌ നിങ്ങളുടെ കഴിവ്‌ തെളിയിക്കേണ്ടത്‌.

അന്വേഷി : പക്ഷെ, കാര്യങ്ങള്‍ നാം വിചാരിച്ചതുപോലെ നടന്നില്ലെങ്കില്‍ ഉത്‌കണ്‌ഠാകുലരാകുന്നത്‌ തികച്ചും മാനുഷികവും സ്വാഭാവികവുമല്ലേ ?

സദ്‌ഗുരു : നിങ്ങളുടെ എല്ലാ കഴിവുകേടുകളെയും, സ്വാഭാവികവും മാനുഷികവുമാക്കി മാറ്റുന്നതെന്തിന്‌? എന്‍റെ ജീവിതത്തില്‍ ഏതാനും കാര്യങ്ങള്‍ സുഗമമായല്ല മുന്നോട്ടു നീങ്ങുന്നതെന്നും എനിക്കതില്‍ ഉത്‌ക്കണ്‌ഠയില്ലെന്നും കരുതുക. ഞാന്‍ എന്‍റെ മനസ്സിന്‍റെ സമനില വീണ്ടെടുത്ത്‌, ചെയ്യേണ്ട കാര്യങ്ങള്‍ തുടര്‍ന്നും ചെയ്‌തുകൊണ്ടിരുന്നാല്‍, നിങ്ങള്‍ എന്നെ മനുഷ്യത്വമില്ലാത്തവന്‍, ക്രൂരന്‍ എന്നെല്ലാം വിളിക്കുമോ? കാര്യങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് നീങ്ങാത്തപ്പോഴാണ്‌ നിങ്ങളുടെ കഴിവ്‌ തെളിയിക്കേണ്ടത്‌. ഉത്‌ക്കണ്‌ഠാകുലരാകുമ്പോള്‍ നിങ്ങളുടെ കാര്യശേഷി കൂടുമോ, അതോ കുറയുമോ? കുറയും എന്നതല്ലേ സത്യം? കഴിവ്‌ ഏറ്റവുമധികം ഉപയോഗിക്കേണ്ട സമയത്ത്‌ നിങ്ങള്‍ അതിനെ കൈവിടുന്നു. ഇത്‌ ബുദ്ധിപൂര്‍വമായ ഒരു സമീപനമാണോ? ബുദ്ധിശൂന്യമായി ജീവിക്കുന്നതാണ്‌ മാനുഷികം എന്നതിനെ നിങ്ങള്‍ ന്യായീകരിക്കുകയാണോ? ഇത്‌ തികച്ചും തെറ്റായ ഒരാശയമാണ്‌. ബുദ്ധിപൂര്‍വം ജീവിക്കുമ്പോഴാണ്‌ മനുഷ്യന്‍ മനുഷ്യനാകുന്നത്‌.

 
 
 
 
Login / to join the conversation1
 
 
ഒരു മാസം സമയം മുമ്പ്

എവിടെ നിന്ന്‍ വരുന്നുവെന്നോ എവിടേയ്ക്ക്‌ പോകുന്നുവെന്നോ അറിയാന്‍ കഴിയാത്ത, തികച്ചും ദയനീയമായ അവസ്ഥയാണ്‌ മനുഷ്യന്റേതു. അല്ലെങ്കില്‍ തന്നെ ഈ ജീവിതം തന്നെ ഒരു യാത്രയാണ്. കാലങ്ങളായുള്ള മനുഷ്യന്റെ യാത്ര. അവസാനം കാണാന്‍ കഴിയാത്ത, അവസാനം എന്തെന്ന് അറിയാത്ത മനുഷ്യന്റെ യാത്ര. ജീവിതം തന്നെ അവസാനം അറിയാത്ത ഒരു യാത്ര ആയിമാരുമ്പോള്‍ എവിടേക്ക് പോകുന്നു എന്നാ ചോദ്യത്തിന് പ്രസക്തി ഇല്ല.