ജീവിതം ജ്വലിക്കട്ടെ
ഡിസംബര്‍ 21ന് അവസാനിച്ച ദക്ഷിണായനത്തിന്‍റെ അവസാന ഘട്ടത്തില്‍ സദ്ഗുരു സാധകരോടു പറഞ്ഞത് ഈ ലേഖനത്തിലൂടെ സദ്ഗുരു നമുക്കൊരു മുന്നറിയിപ്പ് നല്‍കുകയാണ്. മനുഷ്യര്‍ ആഹാരത്തിലും, പാര്‍പ്പിടത്തിലും, സന്താനോല്പാദനത്തിലും മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുകയാണെങ്കില്‍ അതു പൊതുവെ സൃഷ്ടികര്‍മ്മത്തോടും, പരിണാമപ്രക്രിയയോടും ചെയ്യുന്ന വലിയൊരു കുറ്റമായിരിക്കും.
 
 

മറ്റു ജീവജാലങ്ങളെപോലെ ഈയൊരു വഴിയെ മാത്രം നടക്കാന്‍ വിധിക്കപ്പെട്ടവരല്ല മനുഷ്യര്‍. ''ജീവിതത്തിലെ ഓരോ നിമിഷവും ഉജ്ജ്വലമായിരിക്കണം. അതിന്‍റെ വീര്യം കെട്ടു പോയാല്‍, ആ നിമിഷം അതു നിശ്ചലമാകും.'' വസന്തകാലത്തേക്കുള്ള ഒരു മുന്നൊരുക്കം എന്ന നിലയില്‍ സസ്യങ്ങള്‍ ഹേമന്ത-ശിശിരങ്ങളില്‍ അവയുടെ വേരുകള്‍ക്ക് കരുത്തു കൂട്ടുന്നു. വര്‍ഷം തോറും സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണത്. അതുപോലെ നമ്മളും നമ്മുടെ ആന്തരികമായ അടിത്തറക്ക് ഉറപ്പും ബലവും കൂട്ടേണ്ടതാണെന്ന് സദ്ഗുരു ഓര്‍മ്മിപ്പിക്കുന്നു. സദ്ഗുരു പറയുന്നു, ''ദക്ഷിണായനത്തിന്‍റെ ഈ അവസാന മൂന്നുമാസങ്ങളില്‍ നിങ്ങളെല്ലാവരും പൂര്‍ണവീര്യത്തോടെ ജ്വലിച്ചുകൊണ്ടിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

നമ്മള്‍ ദക്ഷിണായനത്തിന്‍റെ രണ്ടാം പാദത്തിലെത്തിയിരിക്കുന്നു. ഇതു സാധനാ പാദമാണ്. അവനവനിലേക്കു മനസ്സു തിരിക്കാനും, ആന്തരികമായി ഉയര്‍ച്ച നേടാനും ഏറ്റവും അനുയോജ്യമായ സമയം. നമ്മുടെ ജീവിതത്തില്‍ പല സംഗതികളും നമ്മളറിയാതെ തന്നെ ആവര്‍ത്തിച്ചു സംഭവിക്കുന്നുണ്ട്. അതിനെ അതിന്‍റെ പാട്ടില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കണം. നിങ്ങളുടെ വൈകാരികമോ, ബുദ്ധിപരമായോ ഉള്ള ഇടപെടലുകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ ജീവിതത്തിന്‍റെ പല ഭാവങ്ങളേയും കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സ്വാഭാവികമായിത്തന്നെ സാധിക്കും. പ്രത്യേകിച്ചും ഈയൊരു ഋതുവില്‍. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നാനാസമൂഹങ്ങളില്‍ ഈയൊരു കാലയളവ് തങ്ങളുടെ മാനസികവും കായികവുമായ ക്ഷമത വര്‍ദ്ധിപ്പിക്കാനായി ആളുകള്‍ പ്രയോജനപ്പെടുത്തുന്നതായി കാണാം. വര്‍ഗവും, ഭാഷയും, സംസ്‌കാരവുമൊന്നും ഇതിനു ബാധകമല്ല. അവര്‍ക്കീ ഘട്ടം ആഘോഷവേളയാണ്. വിദൂര പൗരസ്ത്യദേശങ്ങളിലും അവര്‍ ''ചന്ദ്രോത്സവം'' ആഘോഷിക്കുന്നു. ഈജിപ്തുകാരുടെ പാരമ്പര്യ വിശ്വാസം ഡിസംബറില്‍ ഒരു പുതുസൂര്യന്‍ ഉദിക്കുന്നുവെന്നാണ്. പാശ്ചാത്യര്‍ക്കിടയിലും ഡിസംബര്‍-ജനുവരി സംഘടിതമായ വന്‍തോതിലുള്ള ആഘോഷങ്ങളുടെ കാലമാണ്. ക്രിസ്തുവിന്‍റെ പിറവിയോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകളും അവര്‍ ഈ ആഘോഷത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു. ഇന്ന് ആഘോഷങ്ങളെല്ലാം പ്രധാനമായും തീറ്റയും, കുടിയും, വിനോദപരിപാടികളും, ചില സഹായനിധി രൂപീകരണവുമായി മാറിയിരിക്കുന്നു. പക്ഷെ വാസ്തവത്തില്‍ ക്രിസ്മസ് കാലം സാധനകളനുഷ്ഠിക്കാനുള്ളതാണ്. ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ളതാണ്. ഒപ്പം തന്നെ ബാഹ്യവ്യാപാരങ്ങളില്‍ നിന്നും മനസ്സിനെ ഒന്നു വഴി മാറ്റി അദ്ധ്യാത്മിക ചിന്തകളില്‍ മുഴുകാനുള്ള സമയവും കണ്ടെത്തണം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഈ പ്രത്യേക ഋതുവില്‍ നമ്മുടെ ശരീരത്തില്‍ എന്തെല്ലാം വിശേഷിച്ചു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് യോഗശാസ്ത്രം ഗഹനമായ പഠനം നടത്തിയിട്ടുണ്ട്. നമ്മുടെ യോഗസാധനകളെ ഒരു പടി കൂടി ഊര്‍ജ്ജസ്വലമാക്കാം.

ഈ പ്രത്യേക ഋതുവില്‍ നമ്മുടെ ശരീരത്തില്‍ എന്തെല്ലാം വിശേഷിച്ചു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് യോഗശാസ്ത്രം ഗഹനമായ പഠനം നടത്തിയിട്ടുണ്ട്. നമ്മുടെ യോഗസാധനകളെ ഒരു പടി കൂടി ഊര്‍ജ്ജസ്വലമാക്കാം. അങ്ങനെ വസന്ത ഋതു വരുന്നതോടെ അതിനെ പുഷ്പ ഫല സമൃദ്ധമാക്കാം. വര്‍ഷസമൃദ്ധിയില്‍ നനഞ്ഞു കുതിര്‍ന്ന ഭൂമിയിലേക്ക് സസ്യജാലങ്ങള്‍ വേരുകള്‍ ആഴത്തിലേക്കും, കുറെകൂടി വിശാലമായ ചുറ്റുവട്ടത്തേക്കും തുറക്കുന്നു. ഭൂമിക്കു മുകളില്‍ ഇതൊന്നും ദൃശ്യമല്ല തന്നെ. എന്നാല്‍ മണ്ണിനു താഴെ തിരക്കിട്ട പണികള്‍ പലതും നടക്കുന്നുണ്ടായിരിക്കും. തങ്ങളുടെ ആരോഗ്യകരമായ നിലനില്‍പിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ശ്രമങ്ങളെല്ലാം. നല്ലവണ്ണം പ്രയത്‌നിച്ചാല്‍ വസന്തമെത്തുമ്പോള്‍ വേണ്ടത്ര പൂക്കളും പഴങ്ങളുമായി വിലസാനാകും എന്ന് അവയ്ക്കറിയാം. എന്നാല്‍ മനുഷ്യരുടെ സ്ഥിതിയോ? ചെടികളേയും മരങ്ങളെയും പോലെ നിന്നിടത്തു നില്‍ക്കേണ്ട അവസ്ഥയല്ല. ഇഷ്ടംപോലെ സഞ്ചരിക്കാനാവും. ആ ഒരു മിടുക്കിനെ മുതലെടുത്ത് മനുഷ്യന്‍ മണ്ണില്‍ നിന്നകന്നു മാറുകയാണ് ചെയ്യുന്നത്. മനുഷ്യനു വേരുകളില്ല. അതു കൊണ്ടു തന്നെ അവന്‍ മനസ്സിലാക്കുന്നുമില്ല താന്‍ ഈ പ്രകൃതിയുടെ ഒരംശമാണ് എന്ന്.

മനുഷ്യന് രണ്ടുകാലും നീട്ടിവെച്ച് നടു നിവര്‍ത്തി നടക്കാനാകും. പരിണാമ ദശയിലെ വലിയൊരു ഉയര്‍ച്ചയാണത് കാണിക്കുന്നത്. നിങ്ങളുടെ ഫോണില്‍ ഇടക്കിടെ ഓരോരോ പുതിയ ഏര്‍പ്പാടുകള്‍ കൂട്ടിച്ചേര്‍ക്കുന്നതു പോലെ. അത് അതിന്‍റെ പാട്ടിന് സംഭവിക്കുന്നു. നിങ്ങള്‍ പ്രത്യേകിച്ച് അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതുപോലെയാണ് പരിണാമയാത്രയിലും സംഭവിക്കുന്നത്... ഭൂമിയില്‍ കാലുറപ്പിച്ചു നടക്കാനാവുക... അതു വലിയൊരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ പലരും അതു തങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്നില്ല. ഭൂമിയേക്കാള്‍ സുഖം മറ്റു ഗ്രഹങ്ങളിലാണ് എന്ന ചിന്തയാണ് ഇപ്പോള്‍ പലര്‍ക്കുമുള്ളത്. ബഹിരാകാശത്തിലേക്കാണ് അവരുടെ ദൃഷ്ടി നീളുന്നത്.

ഭൂമിയുടെ ചാക്രിക ഗതിയും, തന്മൂലം മാറിമാറി വരുന്ന ഋതുക്കളും മനുഷ്യജീവിതത്തെ പലവിധത്തില്‍ സ്വാധീനിക്കുന്നുണ്ട്. അതെല്ലാം നമ്മള്‍ യഥാക്രമം പ്രയോജനപ്പെടുത്തേണ്ടതാണ്. അതു കൂടാതേയും ജീവിക്കാം... കുഴപ്പമില്ല. എന്നാല്‍ ലക്ഷ്യത്തിലെത്തിച്ചേരുകയാണ് യാത്രയുടെ ഉദ്ദേശ്യമെങ്കില്‍ അതു നേര്‍വഴിക്കാകാമല്ലോ.... തലതിരിഞ്ഞ വഴി തിരഞ്ഞെടുക്കേണ്ടതുണ്ടോ?

ഇതു വളരെ നല്ല സമയമാണ്. ഈ വര്‍ഷം വിശേഷിച്ചും പല കാരണങ്ങള്‍ കൊണ്ടും നല്ലതുമാണ്. ഓരോ നിമിഷവും ജീവിതം പൂര്‍ണ്ണ പ്രഭയോടെ തെളിഞ്ഞു കാണട്ടെ. ഉത്സാഹമില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ല എന്നു തീര്‍ച്ച. പലവിധ വികാരങ്ങളും, ആഗ്രഹങ്ങളും, ആവശ്യങ്ങളും, താല്‍പര്യങ്ങളുമാണ് മനുഷ്യനെ മുന്നോട്ടു കുതിപ്പിക്കുന്നത്. ഇതെല്ലാമാണ് സാധാരണയായി അവന്‍റെ മനസ്സിലെ വെളിച്ചത്തെ കെടാതെ സൂക്ഷിക്കുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ അവന്‍റെ ഉള്‍വെളിച്ചം നിറശോഭയോടെ സദാ ജ്വലിച്ചു നില്ക്കുക. ആ അവസ്ഥയാണ് നിര്‍വാണം... ഒന്നിനുമല്ലാതെയുള്ള കത്തിനില്‍ക്കല്‍. എവിടേയും എത്തണമെന്ന ഉദ്ദേശ്യമില്ല. എന്തെങ്കിലും നേടണമെന്ന ആഗ്രഹവുമില്ല...വെറുതെ ജ്വലിച്ചുകൊണ്ടിരിക്കുക. ജീവിതത്തിന്‍റെ ലക്ഷ്യം ജീവിതം തന്നെയാണ്. ജീവിത ചൈതന്യം അതിന്‍റെ പാരമ്യത്തില്‍ നിലനില്‍ക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രാണോര്‍ജ്ജം നിങ്ങളില്‍ എപ്പോഴും നിറഞ്ഞു തെളിഞ്ഞു നില്‍ക്കണം. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഇനിയൊരാള്‍ക്കു രക്ഷിക്കാന്‍ സാദ്ധ്യമല്ല. ജീവിതത്തെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നവരെ ഇനിയൊരാള്‍ക്ക് രക്ഷിക്കാനാവില്ല. ജീവിതം ജീവിക്കാനുള്ളതാണ്. ജീവിതം ഒരു പ്രവൃത്തിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. വാസ്തവത്തില്‍ അതൊരു പ്രതിഭാസമാണ്; അതു സംഭവിക്കുന്നത് നമ്മുടെ അന്തരംഗത്തിലാണ്.

''എന്‍റെ ജീവിതം'' എന്നു സാധാരണ എല്ലാവരും പറയാറുണ്ട്. അവര്‍ ഉദ്ദേശിക്കുന്നത്. അവരുടെ കുടുംബവും ഉദ്യോഗവും മോഹിച്ച കാറു വാങ്ങാന്‍ കൈയ്യില്‍ പണമില്ലാത്തതും, ജീവിതം മുഴുവന്‍ പണയപ്പെടുത്തി കെട്ടിയുണ്ടാക്കിയ വീടും ഒക്കെയാണ്. സ്വന്തം ജീവനൊഴിച്ച് മറ്റേല്ലാ കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ''ജീവിതം'' എന്നു പറയുമ്പോള്‍ ആഹാരം, വസ്ത്രം, ഉദ്യോഗം, കുടുംബം തുടങ്ങിയതിനെയൊന്നും അര്‍ത്ഥമാക്കരുത്. ജീവിതം എന്നാല്‍, ഇതാ ഈ നിമിഷം നിങ്ങളുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരിക്കുന്ന പ്രാണനാണ് എന്ന ബോധം വേണം. അതിനെ അതിന്‍റെ പൂര്‍ണ്ണതയില്‍ നിലനിര്‍ത്തുക.... അതാണ് ജീവിതം. അതു മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. അതാതു നിമിഷങ്ങളിലെ ആവശ്യങ്ങളില്‍ നിന്നുണ്ടാകുന്നതാണ് ഓരോ പ്രവൃത്തിയും. എന്താണോ ആവശ്യം അതിനനുസരിച്ച് നമ്മള്‍ പ്രവര്‍ത്തിക്കുന്നു. എന്തു ചെയ്യുമ്പോഴും അവശ്യം ഓര്‍മ്മവെക്കേണ്ടത് ഉള്ളിലെ അഗ്നിയെ ജ്വലിപ്പിച്ചു നിര്‍ത്തുക എന്നതാണ്. ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ തന്നെ ജീവിക്കണം. അതിനെ പിടിച്ചു നിര്‍ത്താനോ വലിച്ചു നീട്ടാനോ ആര്‍ക്കുമാവില്ല. പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍.... ജീവിക്കുന്നില്ല എന്നതാണ് സത്യം.

ജീവിതത്തെ പൂര്‍ണ്ണതയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപാധികള്‍ പലതുണ്ട്. അതിനുള്ളതാണ് യോഗസാധനകള്‍. അവയെ വേണ്ടവിധത്തില്‍ ഊര്‍ജ്ജ്വസ്വലമാക്കണം.

ജീവിതത്തെ പൂര്‍ണ്ണതയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപാധികള്‍ പലതുണ്ട്. അതിനുള്ളതാണ് യോഗസാധനകള്‍. അവയെ വേണ്ടവിധത്തില്‍ ഊര്‍ജ്ജ്വസ്വലമാക്കണം. ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ ശോഭിക്കുമ്പോള്‍ മറ്റുള്ളവര്‍ അയാളെ അതിമാനുഷന്‍ എന്നു ധരിക്കും. കാരണം ജീവിതത്തിന്‍റെ പൂര്‍ണ്ണത അനുഭവിച്ചറിയാത്തവരാണ് അവര്‍. പലവിധ വിചാര വികാരങ്ങളുടേയും, ആശയങ്ങളുടേയും, അഭിപ്രായങ്ങളുടേയും ആദര്‍ശങ്ങളുടേയും, മുന്‍ ധാരണകളുടേയുമൊക്കെ വേറും ഭാണ്ഡകെട്ടുകളാണ് സാധാരണ മനുഷ്യരെല്ലാവരും. അവരിലാരിലും ജീവിതത്തിന്‍റെ പൂര്‍ണ്ണത കാണാനാവില്ല. പ്രാണചൈതന്യം നിറഞ്ഞുകത്തുന്നവരോടൊപ്പം പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ശക്തിയും എപ്പോഴും ഒപ്പമുണ്ടാവും. യോഗികളുടെ പാരമ്പര്യത്തില്‍ അല്‍പം നര്‍മ്മം കലര്‍ത്തി പലപ്പോഴും പറയുന്ന ഒരു പ്രസ്താവനയുണ്ട്! ''മനുഷ്യര്‍ അവന്‍റെ പൂര്‍ണ്ണതയുടെ മുഴുവന്‍ മാനങ്ങളും ആഴങ്ങളും സ്വന്തമായി കഴിഞ്ഞാല്‍ പിന്നെ ദൈവം അവന്‍റെ അടിമയാകും'' അതാണ് നമുക്കു കിട്ടിയിട്ടുള്ള ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവം......... പക്ഷെ അതിന് ഓരോ വ്യക്തിയും സ്വയം ആരാണ് എന്ന് വ്യക്തമായി അറിയേണ്ടതുണ്ട്. മനുഷ്യന്‍ മറ്റു ജീവികളെപോലെയല്ല......... യാതൊരു ചങ്ങലകെട്ടുകളും നമ്മളെ ബന്ധിച്ചുനിര്‍ത്തുന്നില്ല. സ്വയം കണ്ടെത്താനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട് വൃക്ഷങ്ങള്‍ മനോഹരമാണ്. പറവകളും നയനാനന്ദകരമാണ്. അവക്കെവിടേയും പറന്നെത്താം. അതു നിങ്ങള്‍ക്കാവില്ല. എന്നാല്‍ തീറ്റയും പ്രത്യൂല്പാദനവും മാത്രമേ അവയുടെ ചിന്തയിലുള്ളൂ മരണം.... അതെന്തായാലും സംഭവിക്കുന്നതാണ്, ഇവയാണ് അവയുടെ സഹജവാസനകള്‍. ഇതില്‍ കൂടുതലായി ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ അവയെ അനുവദിക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ വഴിയില്‍ പ്രകൃതി തടസ്സങ്ങളൊന്നും വെച്ചിട്ടില്ല. എന്നാലും ഒരു ശീലമെന്നോണം ചില തടസ്സങ്ങളില്‍ നിങ്ങള്‍ മുറുകെ പിടിക്കുന്നു. അതിനെയൊക്കെ നിങ്ങള്‍ മറികടിന്നിരിക്കുന്നു.... പരിണാമദശയില്‍ പലപടി ഉയര്‍ത്തിരിക്കുന്നു എന്നൊന്നും നിങ്ങള്‍ മനസ്സിലാകുന്നില്ല. മുന്‍ജന്മസ്മൃതികള്‍- മരങ്ങളോ, പക്ഷികളോ ആയിരുന്ന കാലത്തെ- നിങ്ങളെ ഇപ്പോഴും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മുതിര്‍ന്നാലും ജീവിതത്തെ പലപ്പോഴും സ്വാധീനിക്കാറുണ്ടല്ലോ.... അതുപോലെ വിട്ടുകൊടുക്കാന്‍ അവ കയറി ഭരിക്കും.... നിങ്ങള്‍ കാക്കയെ പോലെയോ കുറുനരിയെ പോലെയോ കുരങ്ങനെപോലെയൊ പെരുമാറിയെന്നു വരാം.

പരിണാമഫലമായി കൈവന്ന ഈ മഹാനുഗ്രഹത്തെ യഥാവിധി മനസ്സിലാക്കാന്‍ കുറച്ചൊന്നു പ്രയത്‌നിക്കണം. അല്ലെങ്കില്‍ അതു നമ്മള്‍ തിരിച്ചറിയാതെ പോകും. മറ്റുള്ള ജീവികളെപോലെയാണ് നമ്മളും എന്നു കരുതി അത്യാവശ്യമായി ക്ലേശങ്ങള്‍ സഹിച്ച് കഷ്ടപ്പെടും.... അതില്‍ നിന്നൊരു മോചനമുണ്ടാവില്ല. ലോകത്തിലെ തൊണ്ണൂറുശതമാനം ആളുകളും ചിന്തിക്കുന്നത് ആഹാരത്തേയും നിലനില്‍പ്പിനേയും കുറിച്ചുമാത്രമാണ്. മറ്റു ജീവികളില്‍ നിന്നും തങ്ങള്‍ പരിണാമദശകള്‍ താണ്ടി ഉയര്‍ന്നു വന്നിരിക്കുന്നു എന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. നമ്മുടെ മനസ്സും, ബുദ്ധിയും ബോധവും ഇത്രകണ്ട് വളര്‍ന്നിട്ടുണ്ട് എങ്കില്‍ കേവലമായ നിലനില്‍പ്പ് എന്ന കടമ്പയും നമ്മള്‍ മാറി കടന്നിരിക്കുന്നു എന്നാണ് അര്‍ത്ഥം.

എങ്ങനെ ജീവിക്കാനാവശ്യമായ വരുമാനം നേടാം അതിനെ കേന്ദ്രീകരിച്ചാണ് ജീവിതം രൂപപ്പെടുന്നത് അതോടൊപ്പം നല്ലൊരു പാര്‍പ്പിടം വേണം..... സന്താനോല്പാദനം സന്താനോല്‍പാദനം നടത്തണം. പരിണാമ പ്രക്രിയയിലൂടെ മണ്ണിലിഴയുന്ന പുഴുവില്‍ നിന്നും എന്തും ചെയ്യാന്‍ കഴിയുന്ന മനുഷ്യനായി നമ്മള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആ സ്വാതന്ത്ര്യത്തിന്‍റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കുന്നില്ല. അതിനെ പ്രതിയുള്ള നമ്മുടെ അജ്ഞതയും അനാദരവും സൃഷ്ടികര്‍മ്മത്തോടു തന്നെ ചെയ്യുന്ന വലിയൊരപരാധമാണ്. കോടിക്കണക്കിനു കൊല്ലങ്ങളെടുത്തിട്ടാണ് പ്രകൃതി നമ്മെ ഈ മട്ടില്‍ വാര്‍ത്തെടുത്തിരിക്കുന്നത്. എന്നിട്ടും ആ വസ്തുത മറന്ന് പിന്നേയും ആ മട്ടില്‍ പെരുമാറുകയോ?

യോഗശാസ്ത്രത്തിന്‍റെ പരമമായ ലക്ഷ്യം യുഗാന്തരങ്ങളായി നമ്മില്‍ സംഭവിച്ചിട്ടുള്ള പരിണാമത്തെ തിരിച്ചറിയുകയും അതിനെ പരമാവധി ശാക്തീകരിക്കുകയുമാണ്. ഇപ്പോള്‍ പരിണാമം സംഭവിക്കുന്നില്ല. അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതു സ്വയം മനസ്സിലാക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. പരിണാമത്തിന്‍റെ നിറുകയിലാണ് നമ്മള്‍ നില്‍ക്കേണ്ടത്. അതിന്‍റെ കാല്‍ചുവട്ടിലല്ല.

നിലനില്‍പിനെ കേന്ദ്രമാക്കികൊണ്ടാണ് എല്ലാവിധ തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. അതാണ് ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം എന്ന തെറ്റായ ധാരണ. സുഖമായി ആദ്യം മുതലേ ജീവിച്ചു വരുന്ന ഏതൊരാളും ഒരു ഘട്ടം വരുമ്പോള്‍ ആലോചിക്കാതിരിക്കില്ല, എന്താണീ നിലനില്‍പിന്‍റെ ഉദ്ദേശ്യം എന്ന്? എന്തിനുവേണ്ടിയാണ് താന്‍ നിലനില്‍ക്കുന്നത്? അപ്പോഴാണ് പതിവിനു വിപരീതമായി അവര്‍ പല കാര്യങ്ങളും ചെയ്യാന്‍ തുടങ്ങുന്നത്. സാമ്പത്തിക ഭദ്രതയുള്ള പല സമൂഹങ്ങളും ആത്മ നാശത്തിന്‍റെ വഴിയിലേക്കു തിരിയുന്നു. വിചിത്രമായ ശീലങ്ങളും ആചാരങ്ങളും പിന്‍തുടരുന്നു. കാരണം, ജീവിതംകൊണ്ട് സാധിക്കേണ്ടതെന്താണെന്ന് അവര്‍ക്കും തന്നെ മനസ്സിലാക്കാനാവുന്നില്ല. നിലനില്‍പിന്‍റെ ചോദ്യം മുന്നിലുയരുമ്പോള്‍ പലരും കരുതുന്നത് ഈശ്വരന്‍റെ ഏതോ ഒരു നിയോഗം അവര്‍ക്കു പൂര്‍ത്തീകരിക്കാനുണ്ട് എന്നാണ്. ഈ ജോലി ചെയ്യണം. ഈ വിദ്യാഭ്യാസം നേടണം. ഇത്രയും പണം സമ്പാദിക്കണം. ഈ മാതിരി ഒരു വീടുപണിയണം. ആവശ്യമുള്ളതെല്ലാം ജനിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കു കിട്ടുന്നുവെങ്കില്‍ എപ്പോഴെങ്കിലും ഒരു ഘട്ടത്തില്‍ ആത്മദ്രോഹപരമായി നിങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്നു തീര്‍ച്ച. കാരണം ഇതെല്ലാമുണ്ടായിട്ടും താന്‍ എവിടേയും എത്തുന്നില്ല എന്നൊരു തോന്നല്‍ നിശ്ചയമായും നിങ്ങളെ അലട്ടും.

ദക്ഷിണായനത്തിന്‍റെ അവസാനത്തെ ഈ മൂന്നുമാസങ്ങള്‍ നിങ്ങളെല്ലാവരും പൂര്‍ണ്ണായും ജ്വലിക്കണമെന്നാണെന്‍റെ ആഗ്രഹം നിങ്ങള്‍ എന്തുചെയ്യുന്നു എന്നതു വിഷയമല്ല. നിങ്ങളുടെ ഉള്ളിലുള്ള ചൈതന്യം പൂര്‍ണ്ണശോഭയാര്‍ജിക്കണം. ''അതിനിടയില്‍ ഞാന്‍ മരിച്ചാലോ? '' അതിനാണല്ലോ നമ്മള്‍ ജീവിക്കുന്നത്. ''എന്നായാലും ഒരു നാള്‍ മരിക്കുമെന്ന് തീര്‍ച്ച. എന്നാല്‍ മരിക്കുന്നതിനു മുമ്പ് പൂര്‍ണ്ണമായും ജ്വലിച്ചു നില്‍ക്കാന്‍ സാധിച്ചാല്‍! നമ്മള്‍ നമ്മളെ കുറിച്ച് വലുതായെന്തോ നിരൂപീച്ചുകൂട്ടിയിരിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രശ്‌നം. ഈ വഴി കടന്നുപോകുന്ന ഒരു തലമുറ മാത്രമാണ് നമ്മള്‍ എന്ന് നാം മനസ്സിലാക്കുന്നില്ല. എത്രയോ കോടി മനുഷ്യര്‍ ഇവിടെ ജീവിച്ചിട്ടുണ്ട്....മണ്‍ മറഞ്ഞു പോയിട്ടുണ്ട്.. എന്നാല്‍ നമ്മുടെ വിചാരം എല്ലാം നമ്മളാണ് എന്നാണ്. പ്രാണോര്‍ജം അതിന്‍റെ പൂര്‍ണതയോടെ തെളിയുമ്പോള്‍ ജീവിതം എന്ന പ്രതിഭാസം എന്താണെന്ന് നമുക്ക് വ്യക്തമായി കാണാനാകും. അല്ലെങ്കിലും വിളക്കു തെളിഞ്ഞു കത്തുമ്പോഴല്ലേ കാഴ്ചകളെല്ലാം വ്യക്തമായി കാണാനാവൂ. അല്ലാത്തപക്ഷം നിങ്ങളുടെ ചിന്തകളും സങ്കല്‍പങ്ങളും പ്രവൃത്തികളുമൊക്കെ ചേര്‍ന്ന് നിങ്ങളുടെ കാഴ്ച എപ്പോഴും വികലമായിരിക്കും. പല തിരക്കില്‍ പെട്ട് കാണേണ്ടത് കാണാനും നിങ്ങള്‍ മറന്നുപോകും.

ചെറുപ്പക്കാര്‍ പ്രത്യേകിച്ചും ഇതറിഞ്ഞിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതം മുഴുവന്‍ എന്തു ഭക്ഷണം കഴിക്കണം, എവിടെ ജോലിചെയ്യണം. ആരെ വിവാഹം കഴിക്കണം എന്നൊക്കെ ആലോചിച്ച് ജീവിതം പാഴാക്കരുത്. ആരെത്തന്നെ വിവാഹം കഴിച്ചാലും, കുറച്ചു നാള്‍ കഴിഞ്ഞാല്‍ നിങ്ങളതിനെ കുഴപ്പത്തിലാക്കും. നിങ്ങളുടെ ഇണയ്ക്ക് എന്തെങ്കിലും തകരാറുണ്ട് എന്നല്ല അതിനര്‍ത്ഥം. അല്ലാതെ തന്നെ ദാമ്പത്യത്തിന്‍റെ പാളം തെറ്റും. സ്‌നേഹം കൊണ്ടു മാത്രം ഒരു ബന്ധവും മുന്നോട്ടുപോകാനാവില്ല. അതിന് വിവേകവും കാര്യപ്രാപ്തിയും കൂടിവേണം. ''എനിക്കെന്തു സംഭവിച്ചും? എന്‍റെ കാര്യം എന്നാകും? ഡിസംബര്‍ ഇരുപത്തി രണ്ടാം തിയ്യതി വരെ ഇങ്ങനെയുള്ള ചിന്തകളിലും ആധികളിലും നിങ്ങളിലൊരാളും മുഴുക്കരുത്. ആ വക ചിന്തകളെ പടിക്കു പുറത്ത് നിര്‍ത്തുക. അവസാനം നിങ്ങള്‍ മരിക്കും. ആ കാര്യം സുനിശ്ചിതമാണ്. അതിനെ കുറിച്ച് സന്ദേഹം വേണ്ട. അതുകൊണ്ട് ഈ നിമിഷം നിങ്ങള്‍ ചെയ്യേണ്ടത് ഇതുമാത്രമാണ്..... സ്വന്തം പ്രാണശക്തിയെ ജ്വലിപ്പിച്ചു നിര്‍ത്തുക. എനിക്കെന്തു പറ്റും എന്നു നിരന്തരമായ വേവലാതിക്കിടയില്‍ ജീവിതം തീര്‍ന്നു പോകുകയാണ്, ഒന്നും തന്നെ സംഭവിക്കുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കണമെങ്കില്‍ നിങ്ങളുടെ മനസ്സുണരണം, വര്‍ദ്ധിച്ച വീര്യത്തോടെ അതിനുവേണ്ട പോഷകം നമ്മള്‍ തന്നെ നല്‍കണം. അതു പുറത്തുനിന്നു ലഭിക്കുമെന്നു കരുതേണ്ട. അവനവന്‍ തന്നെ ശ്രദ്ധയോടെ ഉത്സാഹിക്കണം.

കരുത്തോടെ ജീവിക്കുക. അസ്ഥികളുടേയും പേശികളുടേയും കരുത്തല്ല ഉദ്ദേശിക്കുന്നത്. ജീവിതത്തിന്‍റെ കരുത്താണ്. എന്തിനെയെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും തള്ളി മാറ്റാന്‍ എത്രത്തോളം കഴിവുണ്ട്, എന്നതല്ല ഇവിടെ ശക്തിയുടെ മാനദണ്ഡം മനസ്സിന്‍റേയും ശരീരത്തിന്‍റേയും കരുത്തിനപ്പുറമുള്ള ജീവശ്ശക്തിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതു ഓരോരുത്തരുടേയും ഉള്ളില്‍ സഹജമായി വര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ ഉള്ളിലുള്ള ആ ശക്തി പൂര്‍ണ്ണവീര്യത്തോടെ തെളിഞ്ഞു നില്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ ലോകത്തില്‍ എന്തു തന്നെ ചെയ്താലും അതിന് അതിശയകരമായ ഫലമുണ്ടാകും. അഥവാ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യം ലോകത്തിന് അനുഗ്രഹകരമായിരിക്കും.

 
 
 
 
  0 Comments
 
 
Login / to join the conversation1