सद्गुरु

സദ്‌ഗുരു എന്നാല്‍ മറ്റാരും അഭ്യസിപ്പിക്കാതെതന്നെ അന്തരംഗത്തില്‍ എല്ലാം അടങ്ങിയിട്ടുള്ളവന്‍ എന്നര്‍ത്ഥം. അതിന്‍റെയര്‍ത്ഥം വ്യവസ്ഥാപിത സമ്പ്രദായങ്ങളിലൂടെയല്ലാതെ 'സ്വയംഭൂ' എന്നപോലെ പൊന്തി വരുന്നവര്‍, ഒരു പരമ്പരയിലും പെടുന്നില്ല

അമ്പേഷി: 'സദ്‌ഗുരു' എന്ന വാക്കിന്‍റെ അര്‍ത്ഥമെന്താണ്?

സദ്‌ഗുരു: 'സദ്‌ഗുരു' എന്നാല്‍ വിദ്യാഭ്യാസം ഇല്ലാത്ത ഗുരു. ഔപചാരികമായ ആദ്ധ്യാത്മിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആള്‍ എന്നര്‍ത്ഥം. അദ്ദേഹത്തിന് ആകെയുള്ളത് ആന്തരിക അനുഭവങ്ങള്‍ മാത്രം, ആദ്ധ്യാത്മിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വേദങ്ങള്‍, ഗീത, ഉപനിഷത്തുക്കള്‍ ഇവയൊന്നും പഠിച്ചു മനസ്സിലാക്കുകയോ കേട്ടു മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. എന്നെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും എനിക്കറിയില്ല. എന്നാല്‍ ഈ പ്രപഞ്ചനിലനില്‍പ്പില്‍ മറ്റൊന്നും അറിയേണ്ടതില്ല. അതറിഞ്ഞാല്‍ അറിയേണ്ടതായിട്ടുള്ളതെല്ലാം നിങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കും. അതുകൊണ്ട് 'സദ്ഗുരു' എന്നാല്‍ മറ്റാരും അഭ്യസിപ്പിക്കാതെതന്നെ അന്തരംഗത്തില്‍ എല്ലാം അടങ്ങിയിട്ടുള്ളവന്‍ എന്നര്‍ത്ഥം. അതിന്‍റെയര്‍ത്ഥം വ്യവസ്ഥാപിത സമ്പ്രദായങ്ങളിലൂടെയല്ലാതെ 'സ്വയംഭൂ' എന്നപോലെ പൊന്തി വരുന്നവര്‍, ഒരു പരമ്പരയിലും പെടുന്നില്ല. പാരമ്പര്യമില്ലാത്തതിനാലാണ് ലോകത്ത് അവര്‍ക്ക് അംഗീകാരം ലഭിക്കാന്‍ വൈകുന്നത്.

ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ അത്തരത്തിലുള്ള അറിവ് പകര്‍ന്നു തരത്തക്ക ഒരു പുസ്തകവും ഇതുവരെ ഞാന്‍ കണ്ടെത്തിയിട്ടില്ല.

അമ്പേഷി: അപ്പോള്‍ ഈ മാര്‍ഗത്തില്‍ പുസ്തകങ്ങള്‍ ഒരു അനാവശ്യമല്ലേ?

സദ്‌ഗുരു: എനിക്കറിവുള്ള ആദ്ധ്യാത്മികത, വേദങ്ങളും ഉപനിഷത്തുക്കളും പഠിച്ചതുകൊണ്ടോ, ആരെങ്കിലും പറഞ്ഞു തന്നതുകൊണ്ടോ ഉണ്ടായതല്ല. അവിടെയും ഇവിടെയും അല്‍പസ്വല്‍പം വായിച്ചിട്ടുണ്ടെന്നല്ലാതെ, ഗീതപോലും ഞാന്‍ വായിച്ചു മനസ്സിലാക്കിയിട്ടില്ല. ഒരു വാക്ക് കേള്‍ക്കുന്ന നിമിഷംതന്നെ അതെന്താണെന്ന് എനിക്കറിയാം. എനിക്ക് സാഹിത്യമിഷ്ടമാണ്, 'ആസ്റ്റെറിക്സ്' 'ഡെനിസ് ദി മെനേസ്' തുടങ്ങിയ കോമിക്കുകളും ഇഷ്ടമാണ്. അവയിലെല്ലാം, ധീഷണയുടെയും, അനുഭവജ്ഞാനത്തിന്‍റെയും അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ അത്തരത്തിലുള്ള അറിവ് പകര്‍ന്നു തരത്തക്ക ഒരു പുസ്തകവും ഇതുവരെ ഞാന്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ അത്തരം പുസ്തകങ്ങള്‍ വായിക്കാറില്ല. ഏതെങ്കിലും ഒരു പുസ്തകം തുറന്നാല്‍ അതിന്‍റെ മധ്യത്തിലെ ഒരു വാചകം വായിക്കുമ്പോള്‍ത്തന്നെ അത് രചിച്ച മനസ്സിനെക്കുറിച്ചും ആ പുസ്തകത്തിന്‍റെ സാധ്യതകളെക്കുറിച്ചും എനിക്ക് അറിവുണ്ടാകുന്നു. ഒരു പുസ്തകത്തിലെ നാനൂറ് പേജുകളും വായിക്കേണ്ടതായിട്ടില്ല.

അമ്പേഷി: ആത്മസാക്ഷാത്കാരം ലഭിച്ച ഒരു മഹാത്മാവ് പുനര്‍ജനിക്കാന്‍ തീരുമാനിച്ചാല്‍, അദ്ദേഹം ആത്മജ്ഞാനത്തോടെ തന്നെയാവുമോ പുനര്‍ജനിക്കുന്നത്? അങ്ങയുടെ കാര്യത്തില്‍ അത് എങ്ങിനെയായിരുന്നു?

സദ്‌ഗുരു: ആ ചോദ്യം ഞാന്‍ ചെറുതായി ഒന്ന് തിരുത്തുന്നു. ഒരു 'വ്യക്തി' ആത്മജ്ഞാനിയാവുകയില്ല. വ്യക്തി, വ്യക്തിത്വം ഇതെല്ലാം അബോധ മനസ്സിന്‍റെ സൃഷ്ടികളാണ്. വ്യക്തിത്വത്തിനപ്പുറം കടന്നാല്‍ മാത്രമേ ബോധോദയത്തിന് സാധ്യതയുള്ളു. അപ്പോള്‍ ചോദ്യം ഇതാണ്, ബോധോദയം ലഭിച്ചയാള്‍ വ്യക്തിയല്ലാതാവുമോ? അദ്ദേഹത്തിനുള്ള വ്യക്തിത്വം പൂര്‍ണ ബോധത്തോടെയുള്ളതാണ്. സാക്ഷാത്കാരം ലഭിച്ച യോഗിയുടെ പുനര്‍ജ്ജന്മത്തിലേക്ക് കടക്കുന്നതിന് മുന്‍പ് നാം മനസ്സിലാക്കേണ്ട കാര്യം, കൂടുതല്‍ സന്ദര്‍ഭങ്ങളിലും സാക്ഷാത്കാരവും ജീവന്‍റെ വേര്‍പാടും ഒരേ നിമിഷത്തില്‍ സംഭവിക്കുന്നു എന്നതാണ്. അവരുടെ ഊര്‍ജസ്ഥിതി ഒരു തലത്തിലെത്തുമ്പോള്‍ ദേഹി ദേഹത്തോട് വിട പറയുന്നു. ജീവന്‍ വേര്‍പെടുന്ന നിമിഷം ആത്മസാക്ഷാത്കാരവും സംഭവിക്കുന്നു. അതുകൊണ്ട് തിരിച്ചു വരുന്ന പ്രശ്നം ഉദിക്കുന്നില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, ശരീര ശാസ്ത്രത്തെക്കുറിച്ച് അവഗാഹമുള്ള യോഗികള്‍ ചില പ്രത്യേക പ്രവൃത്തികള്‍ ചെയ്യാന്‍ വേണ്ടി തങ്ങളുടെ ശരീരം നിലനിര്‍ത്തുന്നു. മോചനം മാത്രമേ ലക്ഷ്യമുള്ളു എങ്കില്‍ മരണവും സാക്ഷാതകാരവും ഒരുമിച്ച് സംഭവിക്കുന്നു.

എന്നാല്‍ പുതിയതായി ലഭിച്ച ഈ ആന്തരിക സ്വാതന്ത്ര്യത്തിലൂടെ നിങ്ങള്‍ മറ്റു പലതും കൂടി ചെയ്യുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിനായി വേറെ ചില കാര്യങ്ങള്‍കൂടി ചെയ്യേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ജയിലില്‍ കിടക്കുന്ന ഒരു തടവുകാരനെ സങ്കല്‍പ്പിക്കുക. അയാളെ നിങ്ങള്‍ പുറത്തു വിടുമ്പോള്‍ അയാള്‍ മോചിതനാവുന്നു. പുറത്തുവരുന്ന അയാള്‍ ഒരിക്കലും ജയിലിലേക്ക് മടങ്ങിപ്പോകുവാന്‍ ആഗ്രഹിക്കുകയില്ല. എന്നാല്‍ ജയില്‍മോചിതനായ ഒരാള്‍ തന്‍റെ വിഡ്ഢിത്തം കൊണ്ട് ജയില്‍ നടത്തിപ്പുകാരനാവാന്‍ ആഗ്രഹിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഇങ്ങിനെ ഒരവസ്ഥയില്‍പ്പെടുമ്പോള്‍ മാത്രമേ നിങ്ങള്‍ ശരീരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയുള്ളു. അല്ലാത്തപ്പോള്‍ എങ്ങിനെയെങ്കിലും ജയിലില്‍ നിന്ന് പുറത്തുകടക്കുവാനാണ് ഒരു തടവുകാരന്‍ ആഗ്രഹിക്കുക. ലോകത്ത് മറ്റെവിടെപ്പോയാലും ജയിലിലേക്ക് തിരിച്ചുപോകുവാന്‍ അയാള്‍ ആഗ്രഹിക്കുകയില്ല.

തടവുകാരനായിരുന്ന ആള്‍ ജയിലിന്‍റെ അധികാരിയായിരിക്കുമ്പോള്‍, മറ്റു തടവുകാരുടെ മോചനത്തിനു വേണ്ടി ജയിലില്‍ ശ്രമം തുടരുന്നു

അതുകൊണ്ട് സാക്ഷാത്കാരം ലഭിച്ചശേഷം ഈ ലോകത്ത് വ്യക്തിജീവിതം നയിക്കേണ്ടി വരുന്ന ഒരു യോഗി ഇത്തരത്തിലുള്ള പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. ഈ ജയിലില്‍ അദ്ദേഹത്തിന് ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. മോചനത്തിനുശേഷവും അത് ചെയ്യേണ്ടതായിട്ടിരിക്കുന്നു. തടവുകാരനായിരുന്ന ആള്‍ ജയിലിന്‍റെ അധികാരിയായിരിക്കുമ്പോള്‍, മറ്റു തടവുകാരുടെ മോചനത്തിനു വേണ്ടി ജയിലില്‍ ശ്രമം തുടരുന്നു. സാധാരണ ഒരു തടവുകാരന്‍ തന്‍റെ മോചനം മാത്രമേ ലക്ഷ്യമാക്കൂ, ജയിലില്‍ എന്ത് സംഭവിക്കുന്നു എന്നത് പ്രശ്നമല്ല, എന്നാല്‍ മറ്റു ചിലര്‍ തങ്ങള്‍ക്ക് മോചനം ലഭിച്ചതിനുശേഷവും, ശേഷിക്കുന്നവരുടെ മോചനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ട് അവിടെ കഴിയാന്‍ ആഗ്രഹിക്കുന്നു. 'വീണ്ടും ഒരു ശരീരം സ്വീകരിക്കുക' എന്ന പ്രശ്നമുദിക്കുന്നത് അത്തരം സന്ദര്‍ഭത്തിലാണ്.

നിങ്ങള്‍ ചോദിച്ച അടിസ്ഥാനമായ പ്രധാന ചോദ്യം "സാക്ഷാത്കാരം ലഭിച്ച യോഗി പുനര്‍ജ്ജനിച്ചാല്‍ അത് സാക്ഷാത്കാരത്തോടു കൂടിയാവുമോ?" മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ "ജീവിതത്തില്‍ ഏതെങ്കിലുമൊരവസരത്തില്‍മാത്രമേ ബോധോദയം ഉണ്ടാവുകയുള്ളോ? അത് എന്തുകൊണ്ടാണ്?" ഞാനത് മനസ്സിലാക്കിത്തരാം. ഉദാഹരണത്തിന് ഇവിടെ മാവുകള്‍ ഉണ്ട്, അവയെല്ലാം മാവിന്‍റെ എല്ലാ ഗുണങ്ങളും ഉള്ളവയാണ്. അവയിലെല്ലാം മാങ്ങ ഉണ്ടാവുന്നു. എന്നാല്‍ മാവിന്‍റെ ഒരു തൈ മുളച്ചുവരുമ്പോഴേ അതില്‍ മാങ്ങയുണ്ടായാല്‍ എന്ത് സംഭവിക്കും, മാവ് തന്നെ നശിച്ചുപോവും. മാവിന്‍റെ തൈയില്‍ വലിയ മാങ്ങയുണ്ടായാല്‍, താനേ നശിച്ചുപോവും. അതുകൊണ്ട് പ്രകൃതി അതിന് വളര്‍ന്നു വലുതാവാനും ശക്തിപ്രാപിച്ച് മണ്ണില്‍ ഉറച്ചു നില്‍ക്കുവാനും പൂത്തുതളിര്‍ത്ത് കായ്ഫലമുണ്ടാവാനും എല്ലാമുള്ള സമയം നല്‍കുന്നു. അപ്പോള്‍ മാത്രമേ അത് പൂത്ത് ഫലങ്ങള്‍ ഉണ്ടാവുന്നുള്ളൂ. അതുപോലെ ആത്മജ്ഞാനം സിദ്ധിച്ച യോഗിക്കും അദ്ദേഹത്തിന് നല്‍കപ്പെട്ട ദിവ്യജ്ഞാനം തിരിച്ചെടുക്കാനാവാത്തതാണ്. അദ്ദേഹവും മറ്റെല്ലാവരേയും പോലെ ജന്മമെടുക്കും. ഗുണങ്ങള്‍ എല്ലാം അദ്ദേത്തില്‍ ജന്മനാ അടങ്ങിയിട്ടുണ്ട്, എന്നാല്‍ അത് തക്ക സമയത്തും സന്ദര്‍ഭത്തിലും മാത്രമേ പുറത്തുവരൂ. അതുവരെ അത് കാത്തിരിക്കും. അതാണ് പ്രകൃതിയുടെ വൈഭവം. എപ്പോള്‍ പൂത്താല്‍ ഏറ്റവും അധികം ഫലങ്ങള്‍ കിട്ടുമെന്ന് അതിനറിയാം. നേരത്തേ പൂത്താല്‍ അതിന്‍റെ മുഴുവന്‍ സാധ്യതകളും പുറത്തു വരില്ല. അദ്ദേഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തിയുടെ രീതിക്കനുസരിച്ച് അത് കാത്തിരിക്കും.

എപ്പോള്‍ പൂത്താല്‍ ഏറ്റവും അധികം ഫലങ്ങള്‍ കിട്ടുമെന്ന് അതിനറിയാം. നേരത്തേ പൂത്താല്‍ അതിന്‍റെ മുഴുവന്‍ സാധ്യതകളും പുറത്തു വരില്ല.

ആറാമത്തേയോ, ഏഴാമത്തേയോ വയസ്സില്‍ ആത്മജ്ഞാനം ലഭിച്ച ബാലയോഗികളെ പലരേയും നമുക്കറിയാം. അവരില്‍ കൂടുതല്‍പേരും ഇരുപത്തിയഞ്ച്, മുപ്പതു വയസ്സ് തികയ്ക്കാറില്ല. ബാല്യകാലത്ത് ബോധോദയം ലഭിച്ച്, മുപ്പതു വയസ്സുവരെ ജീവിച്ചിരിക്കാത്ത യോഗിമാര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നത് നമുക്കറിയാം. അതിന് മുന്‍പ് അവര്‍ക്ക് ദേഹവിയോഗം സംഭവിക്കും, എന്തെന്നാല്‍ തീവ്രത കാരണം ശരീരം നിലനിര്‍ത്താനാവില്ല. അനുഭവശക്തികളുടെ ഉന്നതതലങ്ങള്‍ അവരില്‍ സജീവമാവുന്നതിന് മുന്‍പ് മനസ്സ്, ശരീരം, വികാരങ്ങള്‍ ഇവ വികസിച്ച് പക്വതയാര്‍ജിക്കാന്‍ വേണ്ട സമയം നല്‍കേണ്ടതായിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ശക്തമായി ശരീരത്തില്‍ പിടിച്ചു നില്‍ക്കാനാവും. എന്നേക്കൂടി ഉദ്ദേശിച്ചാണ് ഈ ചോദ്യമെങ്കില്‍ രണ്ട് പൂര്‍വജന്മങ്ങളിലെ അനുഭവസമ്പത്ത് എനിക്കുണ്ട്. ഒരു ആത്മജ്ഞാനിയുടെ ജീവിതം നയിക്കാന്‍ എന്തുകൊണ്ട് എനിക്ക് ഇരുപത്തിയഞ്ചു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു? അതിന് കാരണം ധ്യാനലിംഗ പ്രതിഷ്ഠ തന്നെയാണ്. അതിന് ആത്മജ്ഞാനം മാത്രമല്ല, പൂര്‍ണ്ണതയിലെത്തിയ ഒരു ശരീരവും ആവശ്യമായിരുന്നു. പൂര്‍ണ്ണതയിലെത്തിയ ശരീരം എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് കായികശേഷിയല്ല, മറിച്ച് ഊര്‍ജത്തെ കൈകാര്യം ചെയ്യാനും, വേണ്ടവിധത്തില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിവുള്ള ശരീരം എന്നാണ്.

ഒരു കുട്ടിയെക്കൊണ്ട് അത് സാധ്യമാവുകയില്ല. ആ ഇരുപത്തിയഞ്ച് കൊല്ലത്തെ ജീവിതത്തില്‍ എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ എന്നിലേക്ക് വരുന്നതെന്ന് എനിക്ക് അറിവില്ലായിരുന്നു. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരോന്നും എത്ര കൃത്യതയോടെയാണ് സംഭവിച്ചിരുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാവുന്നു. എന്‍റെ ശരീരത്തിന്‍റേയും മനസ്സിന്‍റേയും വികാരങ്ങളുടേയും വളര്‍ച്ചയ്ക്കും ദൃഢതയ്ക്കും വേണ്ടിയുള്ള എല്ലാ കാര്യങ്ങളും എന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും അതിനുശേഷവും, ജീവിതത്തിന്‍റെ ഭാഗമായിത്തന്നെ, സ്വാഭാവികമായി സംഭവിച്ചു.

https://www.publicdomainpictures.net